ADVERTISEMENT

സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്നവരെ ഏറ്റവും ഭയപ്പെടുത്തുന്ന സംഖ്യയാണ് 8 . ഇംഗ്ലിഷ് കലണ്ടർ പ്രകാരം ഏതു മാസത്തിലെയും  8, 17, 26 എന്നീ തീയതികളിൽ ജനിച്ചവരുടെ ഭാഗ്യസംഖ്യയാണ് 8. 

വളരെ അധികം മനഃശക്തിയും, ഉൾക്കരുത്തും ശക്തമായ വ്യക്തിത്വവും ഉള്ളവരാണ് 8  നമ്പരുകാർ. വളരെയധികം തെറ്റിദ്ധാരണകൾ ഇവരെക്കുറിച്ച് സമൂഹവും സുഹൃത്തുക്കളും ബന്ധുക്കളും വച്ചു പുലർത്തും. സംഖ്യാശാസ്ത്രത്തിൽ ഈ സംഖ്യയുടെ അധിപൻ ശനിയാണ്. ഓഗസ്റ്റ്  എട്ടാം മാസമാണ്. ഈ മാസത്തിൽ ജനിച്ച 8  നമ്പരുകാരിൽ ശനിയുടെ ശക്തി വിശിഷ്യ കൂടുതലായി കാണാം. സ്വന്തം വിശ്വാസങ്ങളിലും, ആദർശങ്ങളിലും ഉറച്ചു നിൽക്കും. എത്ര എതിർപ്പുകൾ ഉണ്ടായാലും തനിക്ക് വിശ്വാസമുള്ള മൂല്യങ്ങളിൽ ഉറച്ചു നിൽക്കും. ഏകാന്തത ഇഷ്ടപ്പെടുന്നവരാണ് 8  നമ്പരുകാർ. 

 

ഒരേ സമയം ഭൗതികവും, ആത്മീയവുമായി വിഷയങ്ങളിൽ തല്പരരാകും. ഒരേ സമയം പോരാളിയായും, സന്യാസിയായും അറിയപ്പെടുന്നു. ഏത് രഹസ്യവും എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാൻ സാധിക്കും. ശത്രുക്കളുടെ എണ്ണം കൂടുന്തോറും പ്രശസ്‌തിയും കർമ്മശേഷിയും വർധിക്കും. എതിർക്കുന്നവർ ദുർബലരാവും.

 

ശനിക്ക് ശക്തിയുള്ള ഡിസംബർ 23 മുതൽ ഫെബ്രുവരി 19 വരെ ജനിച്ചവരിൽ 8 -ന്റെ പ്രഭാവം കൂടുതൽ ആയിരിക്കും. മകരം, കുംഭം, രാശികൾ ആയി ജനിച്ചവർക്കും ശനിയുടെ ശക്തി കൂടുതലായി ലഭിക്കും.

ശനിയുടെ ജന്മനക്ഷത്രങ്ങൾ ആയ പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രങ്ങളോടും ഒപ്പം 8, 17, 26 എന്നീ കലണ്ടർ തീയതികളിൽ ഏതെങ്കിലും ചേർന്ന് വരികയും, മകരം, കുംഭം എന്നീ ലഗ്നങ്ങളിൽ ജനിക്കുകയും ചെയ്‌താൽ ശനിയുടെ പ്രഭാവം 8 എന്ന ജന്മസംഖ്യയുള്ളവരിൽ വർധിക്കും.

 

8  നമ്പരുകാർ പൊതുവേ വൈകാരിക കാര്യങ്ങളിൽ താല്പര്യമുള്ളവരല്ല. ലൗകിക ജീവിത താല്പര്യം കുറവാണ്. സുഖലോലുപതകൾ പുറമേ പ്രകടിപ്പിക്കുന്നത് ഇഷ്ടപ്പെടുന്നില്ല.

കലഹം, വിപ്ലവം, കലാപം, അരാജകത്വം എന്നിവയിലൂടെ തന്റേതായ സാമ്രാജ്യം സ്ഥാപിക്കുവാൻ 8  നമ്പരുകാർക്ക് സാധിക്കുന്നു. തന്റെ പിൻതുടർച്ചക്കാരെയും സൃഷ്ടിക്കുന്നു. ശത്രുക്കളെ നേരിടും മുൻപ് അവരെക്കുറിച്ച് വ്യക്തമായിട്ട് പഠിച്ചശേഷം ആകും ആക്രമണം നടത്തുക. ശത്രുവിന്റെ പോരായ്‌മകൾ മനസ്സിലാക്കാൻ ഉള്ള അസാമാന്യമായ കഴിവുള്ളവരാണ് 8  നമ്പരുകാർ.

 

8, 17, 26 എന്നീ ശനിയുടെ സംഖ്യകളിൽ ജനിച്ചവർ ഇടവം, മിഥുനം, കന്നി, തുലാം, മകരം, കുംഭം രാശികൾ ലഗ്നമായി ജനിച്ചാൽ അവർക്ക് ഇന്ദ്രനീലം, വൈഡൂര്യം, കറുത്ത രത്നങ്ങൾ (ബ്ലാക്ക് സ്റ്റാർ, ഗൺമെറ്റൽ, കരിനീലം) എന്നിവ ഗുണം നൽകും. 8  നമ്പരുകാർക്ക്  ശനിയാഴ്ചയും ശനിയുടെ നക്ഷത്രങ്ങളായ ഉത്തൃട്ടാതി, പൂയം, അനിഴം എന്നിവയും നല്ലതാണ്.

 

രാഷ്ട്രീയക്കാരുടെയും രാഷ്ട്രങ്ങളുടെയും വിധി നിർണയിക്കുന്ന സംഖ്യയാണ് 8. വളരെയധികം രാഷ്ട്രത്തലവന്മാർ  8 എന്ന സംഖ്യയുമായി ബന്ധപ്പെട്ടവരാണ്. 8  നമ്പരുകാരൻ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളും, പ്രസ്ഥാനങ്ങളും, ചിന്താധാരകളും സമൂഹത്തിന് വഴികാട്ടിയായി നിലനിൽക്കുന്ന കാണാം. 8  നമ്പരിൽ ജനിച്ചവർ തങ്ങളുടെ പേരിനൊപ്പം പി.എഫ് (PF ) എന്നീ ശനിയുടെ നാമാക്ഷരങ്ങൾ ചേർക്കുന്നത് ഗുണപ്രദമാണ്.

 

8  നമ്പരുകാരനുമായി ഈ നമ്പരുകാർ അല്ലാത്തവർ വാദപ്രതിവാദത്തിനോ യുദ്ധത്തിനോ പുറപ്പെട്ടാൽ, പുറപ്പെട്ടവന്റെ 'അന്ത്യം' ഉറപ്പ്. ശത്രുവിനോട് ഏറ്റുമുട്ടും മുൻപ് അയാളുടെ ശരിയായ ജനനത്തീയതിയും കൂടി ഒന്ന് മനസ്സിലാക്കുന്നത് ഉത്തമം.

 

8  നമ്പരുകാർ ഒരിക്കലും തങ്ങളുടെ വിശ്വസ്‌തരെയും പിൻതുടർച്ചക്കാരേയും ചതിക്കുകയില്ല. കഷ്ടപ്പെടുന്നവരെ സഹായിക്കുകയും, അവരെ തുടർ ചൂഷണങ്ങളിൽ  എക്കാലവും രക്ഷിക്കാൻ ആവശ്യമായ പദ്ധതികൾ നടപ്പാക്കുകയും ചെയ്യും. ഒരേ സമയം ആത്മീയവും ഭൗതികവാദവും ഒരുമിപ്പിച്ച് തന്റെ അനുയായികളെ സംരക്ഷിക്കും. വ്യക്തിജീവിതത്തിൽ പോരായ്മകൾ ഉണ്ടായാലും പൊതുജീവിതത്തിൽ വൻ  വിജയം നേടും.

 

കബാല എന്ന നിഗൂഢശാസ്ത്രത്തിൽ 8 എന്ന സംഖ്യയുടെ വിവരണം നോക്കാം. ഇടത് കയ്യിൽ തുലാസും, വലത് കയ്യിൽ മുകളിലേയ്ക്ക് ഉയർത്തിപ്പിടിച്ച് നിൽക്കുന്ന വാളുമായി നിൽക്കുന്ന ന്യായാധിപന്റേതാണ് 8 -ന്റെ ഇരട്ട സംഖ്യയായ 17 -ന്റെ ചിഹ്നം.

 

അതിശക്തമായ ദിവ്യത്വമുള്ള ജന്മസംഖ്യയാണ് 17 സമാധാനത്തിന്റെയും ശാന്തിയുടെയും, സ്നേഹത്തിന്റെ അടയാളമായ 8 കോണുകൾ ഉള്ള ഒരു തിളങ്ങുന്ന നക്ഷത്രമാണ് 17 -ന്റെ ചിഹ്നം. ശുക്രനക്ഷത്രമായി അറിയപ്പെടുന്നു. 17 -ആം നമ്പരിൽ ജനിച്ചവർ ബാല്യത്തിലും യൗവ്വനത്തിലും ജീവിത പ്രതിസന്ധികൾ അതിജീവിച്ച് മുന്നേറി മധ്യവയസ്സിൽ തങ്ങളുടെ സാമ്രാജ്യം സ്ഥാപിക്കും. ശേഷം ആത്മീയമായി തിളങ്ങും. 

 

 

8 ന്റെ ഇരട്ട സംഖ്യയായ 26 -ന്റെ ഗുണ-ദോഷ വിവരണം.

 

ദുരിതത്തിന്റെയും, ഭാഗ്യഹീനതയുടെയും സംഖ്യയായി 26 - നെ വ്യാഖ്യാനിക്കുന്നു, അത്യന്തം ആശാകുലമായ ജീവിതം, ഊഹക്കച്ചവടം, പാർട്ർനഷിപ്, കൂട്ടുകുടുംബം, സുഹൃത്തുക്കൾ എന്നിവ മൂലം ജീവിതം കൈവിട്ട് പോകും. കൂട്ട്  പ്രവർത്തനങ്ങൾ പരാജയപ്പെടും. സഹപ്രവർത്തകർ കുഴപ്പത്തിൽ ചാടിക്കും. സ്വന്തമായി തീരുമാനം എടുത്ത് ഓരോ കാര്യവും സൂക്ഷ്‌മമായി പഠിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുക.

 

8 എന്ന ഭാഗ്യസംഖ്യയിൽ ജനിച്ചവർക്കും 8 എന്ന സംഖ്യ ദോഷം ചെയ്യില്ല. മറ്റ് സംഖ്യകളിൽ ജനിച്ചവർക്ക് 8 എന്ന സംഖ്യ നല്ലതല്ല. 8 -ആം നമ്പരുകാരോട് (8-17-26 ) മത്സരത്തിനും യുദ്ധത്തിനും ഇറങ്ങും മുൻപ് നല്ലതുപോലെ ആലോചിക്കുക. 8 -ആം നമ്പരുകാരോട് ഏറ്റുമുട്ടിയാൽ ഏറ്റ് മുട്ടുന്നവന്റെ ശക്തികൂടിയും 8 -ആം നമ്പരുകാരന് ലഭിക്കും. ഒരുതരം 'ബാലി' ഇഫക്ട്.

 

ഒരു 8  നമ്പരുകാരനായ ഭരണാധികാരിയുമായി ഏറ്റുമുട്ടി പ്രതിപക്ഷ പാർട്ടികൾ അതീവ ദുർബലമായ ഒരു കാലത്ത്  കൂടിയാണ് നമ്മുടെ രാഷ്ട്രീയ  ജീവിതവും ഇപ്പോൾ കടന്ന് പോകുന്നത്.

 

മൊത്തമായി അടച്ച് പൂട്ടിയ നമ്പർ ആണ് 8. 8 -ൽ കുടുങ്ങിപ്പോയാൽ  ഒരു വഴിയിൽ കൂടിയും പുറത്ത് വരാൻ ആകാത്ത അവസ്ഥ സംജാതമാകും. ഒക്കെയും 8 എന്ന ശനിയുടെ സംഖ്യയുടെ വിളയാട്ടം. 8 നമ്പരുകാരോട് അനാവശ്യമായി മത്സരിക്കാൻ പുറപ്പെട്ടാൽ 8 - ന്റെ പണി ഉറപ്പ്.

ലേഖകൻ 

ആർ. സഞ്ജീവ്കുമാർ PGA

ജ്യോതിസ് അസ്‌ട്രോളജിക്കൽ റിസർച്ച് സെന്റർ

ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി. ഒ .

തിരുവനന്തപുരം 695014

ഫോൺ : 8078908087, 9526480571

E-mail:jyothisgems@gmail.com

 

English Summary :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com