sections
MORE

ഇന്ന് ജയ ഏകാദശി ; ഈ സവിശേഷ സമയം വിഷ്ണുഭജനത്തിന് അത്യുത്തമം

HIGHLIGHTS
  • ഫെബ്രുവരി 23 രാവിലെ 11.53 മുതൽ രാത്രി 12.06 വരെ ഹരിവാസരം
Lord-Vishnu-Ekadashi-1200
SHARE

ഇഹലോകത്ത് സർവൈശ്വര്യവും പരലോകത്ത് വിഷ്ണുസായുജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. ജീവിതത്തിരക്കിനിടയിൽ വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ വിഷ്ണുപ്രീതികരമായ മന്ത്ര ജപങ്ങൾ നടത്തുന്നതും നാരായണീയം , ഭാഗവതം തുടങ്ങിയവ പാരായണം ചെയ്യുന്നതും അതിവിശിഷ്ടമാണ്. 2021 ഫെബ്രുവരി 23ന് ചൊവ്വാഴ്ച (ഇന്ന്)  മാഘ മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ  ജയ ഏകാദശി വരുന്നു. ഈ ദിവസത്തെ വിഷ്ണുഭജനം ഒരു വ്യക്തിയുടെ സകല  ദുരിതങ്ങളും നീക്കും എന്നാണ് വിശ്വാസം.

ഏകാദശിവ്രതം അവസാനിക്കുന്നതിനു മുൻപായി ആരംഭിക്കുന്ന ഹരിവാസരസമയം മഹാവിഷ്ണുപ്രീതി നേടാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. ഭഗവാൻ ഏറെ പ്രസന്നനായി ഇരിക്കുന്ന സമയമാണെന്നാണു വിശ്വാസം.ഈ സമയത്ത് വിഷ്ണുസഹസ്രനാമം ജപിക്കുന്നത് അത്യുത്തമം . ഹരിവാസരസമയം മുഴുവൻ അഖണ്ഡനാമജപം (നിശ്ചിത സമയത്ത് മുടങ്ങാതെ നടത്തുന്ന ഈശ്വരനാമജപം) ചെയ്യുന്നത് ഏറ്റവും ഗുണകരമണ്.

ഏകാദശിവ്രതത്തിന്റെ അവസാനത്തെ കാൽ ഭാഗവും (ഏകദേശം 15 നാഴിക) ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശി തിഥിയുടെ ആദ്യത്തെ കാൽഭാഗവും ചേരുന്ന സമയത്തെയാണ് ഹരിവാസരം എന്നു പറയുന്നത്. ഫെബ്രുവരി 23  രാവിലെ 11.53 മുതൽ രാത്രി 12.06 വരെ ഹരിവാസരം . ഈ സമയത്ത് വ്രതമനുഷ്ഠിക്കുകയും വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തുകയും വിഷ്ണുവിനെ ആരാധിക്കുകയും ചെയ്യുന്നത് കുടുംബത്തിൽ ഐശ്വര്യമുണ്ടാകാൻ സഹായിക്കും എന്നാണു വിശ്വാസം.

വിഷ്ണു സ്തോത്രം

ഭഗവൽ സ്വരൂപത്തെ പ്രകീർത്തിക്കുന്ന വിഷ്ണു സ്തോത്രം ജപിക്കുന്നത് അത്യുത്തമം. ഭഗവൽ രൂപം മനസ്സിൽ സങ്കൽപ്പിച്ചു അർഥം മനസ്സിലാക്കി വേണം ഈ സ്തോത്രം ജപിക്കാൻ.  നെയ് വിളക്കിനു മുന്നിലിരുന്നുള്ള ജപം ഇരട്ടി ഫലദായകമാണ് .

'ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം 

വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം 

ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം 

വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം' 

അർഥം  - ശാന്തമായ ആകാരത്തോടുകൂടിയവനും സർപ്പത്തിന്റെ പുറത്തു ശയിക്കുന്നവനും നാഭിയിൽ താമരപ്പൂ ഉള്ളവനും ദേവന്മാരുടെ ഈശ്വരനും ലോകത്തിനു ആധാരമായിരിക്കുന്നവനും ആകാശത്തിനു തുല്യനും മേഘവർണമുള്ളവനും ശുഭമായ  അവയവങ്ങളോടു കൂടിയവനും ലക്ഷ്മീ ദേവിയുടെ ഭർത്താവായവനും താമരയിതള്‍പോലെയുള്ള  കണ്ണുകളുള്ളവനും യോഗിവര്യന്മാരുടെ ഹൃദയത്തിൽ ധ്യാനത്താൽ ഗമിക്കുന്നവനും അഹങ്കാരത്തെയും ഭയത്തെയും ഇല്ലാതാക്കുന്നവനും സർവലോകത്തിനും നാഥനുമായ ഭഗവാൻ  മഹാവിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.

ഭഗവാന്റെ മഹാമന്ത്രം

കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമമാണിത് . ഭക്തന്റെ സകലപാപങ്ങളെയും കഴുകിക്കളഞ്ഞ് മുക്തി പ്രദാനം ചെയ്യുന്ന മന്ത്രവുമാണ്.

'ഹരേ രാമ ഹരേ രാമ

രാമരാമ ഹരേ ഹരേ,

ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ'

വിഷ്ണുമൂലമന്ത്രം

ഭഗവാന്റെ മൂലമന്ത്രങ്ങളാണ് അഷ്‌ടാക്ഷരമന്ത്രം, ദ്വാദശാക്ഷരമന്ത്രം എന്നിവ. ഫലസിദ്ധിക്കായി ഇവ 108 പ്രാവശ്യം ജപിക്കണം.

അഷ്‌ടാക്ഷരമന്ത്രം - 'ഓം നമോ നാരായണായ '

ദ്വാദശാക്ഷരമന്ത്രം - 'ഓം നമോ ഭഗവതേ വാസുദേവായ' 

English Summary : Importance and Significance of Jaya Ekadashi 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA