sections
MORE

ജന്മരാശിപ്രകാരം നിങ്ങൾ ഈ സ്വഭാവക്കാരായിരിക്കും

HIGHLIGHTS
  • ജന്മരാശി ഓരോ വ്യക്തിയുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നു
birth-number-Photo-credit-Brian-A-Jackson
Photo Credit : Brian A Jackson / Shutterstock.com
SHARE

ഓരോ വ്യക്തിയ്ക്കും അവരുടേതായ ശക്തിയും ദൗർബല്യവുമുണ്ട്. വ്യക്തിത്വത്തിലധിഷ്ഠിതമായ സ്വഭാവ സവിശേഷതകളും ഓരോ വ്യക്തിയ്ക്കുമുണ്ടാകും. സൗഹൃദങ്ങളെ കാത്തു സൂക്ഷിക്കാനും തമാശകൾ ആസ്വദിക്കാനുമെല്ലാം എല്ലാവർക്കും ഒരു പോലെ സാധിച്ചെന്നു വരുകയില്ല. ഈ പ്രത്യേകതകളാണ് ഓരോ വ്യക്തിയേയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. ഒരാളുടെ വ്യക്തിത്വവും സ്വഭാവവുമെല്ലാം പല കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. ഒരാളുടെ സ്വഭാവത്തെക്കുറിച്ച് അറിയാൻ ജ്യോതിശാസ്ത്രത്തെ കൂടി പരിഗണിക്കുന്നത് നല്ലതാണ്. രാശിയും നക്ഷത്രവുമെല്ലാം ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെയും സ്വാധീനിക്കുന്നുണ്ട്. ഒരാളുടെ സ്വഭാവമെന്തെന്ന് വ്യക്തമായി അറിയാൻ സൂര്യരാശി വളരെയധികം സഹായകരമാണ്.

ഏരീസ് (മാർച്ച് 21–ഏപ്രിൽ 19)

നിശ്ചയ ദാർഢ്യമുള്ളവരാണിവർ. നേതൃത്വം വഹിക്കാനും കാര്യങ്ങളിൽ ഉചിതമായ തീരുമാനമെടുക്കാനും അതിലുറച്ചു നിൽക്കാനും എല്ലായ്പോഴും ഇവർ ശ്രമിക്കുന്നതാണ്. നേതൃപാടവം പ്രകടിപ്പിക്കുന്ന ഏരീസുകാർ തങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങൾ നേടിയെടുക്കുന്നതിൽ സമർത്ഥരാണ്. ഏറ്റവും നല്ലതിനുവേണ്ടി മാത്രം ആഗ്രഹിക്കുന്ന ഇവർ ലഭിച്ചതിൽ തൃപ്തിപ്പെട്ട് ഒതുങ്ങിയിരിക്കാറില്ല.

ടോറസ് (ഏപ്രിൽ 20–മെയ് 20)

ശുദ്ധമനസ്കരും കളങ്കമില്ലാത്തവരുമാണ് ടോറസുകാർ. ഇവരുടെ വാക്കും പ്രവൃത്തിയും എല്ലായ്പോഴും ഒന്നു തന്നെയായിരിക്കും. തെറ്റായി ഒന്നും ചെയ്യാൻ താല്പര്യപ്പെടാത്ത ഇവർ, തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നവരാണ്. മറ്റുള്ളവരിൽ പ്രീതി ജനിപ്പിക്കുന്നതിനായി അവർക്കനുകൂലമായി പ്രവർത്തിക്കാനോ സംസാരിക്കാനോ ഇവർ തയാറാകുകയില്ല. നൂറു ശതമാനവും സത്യസന്ധരും വിശ്വസ്തരുമായിരിക്കും ടോറസ് രാശിക്കാർ.

ജെമിനി (മെയ് 21– ജൂൺ 20)

തികഞ്ഞ നർമ്മബോധമുള്ള ജെമിനിക്കാർ, എല്ലാക്കാര്യങ്ങളും നർമ്മത്തിന്റെ മേമ്പൊടിയാൽ ആസ്വദിക്കാനിഷ്ടപ്പെടുന്ന വരാണ്. എല്ലായ്പ്പോഴും പ്രസന്നരും ആഹ്ലാദചിത്തരുമായ ഇവർ കൂടെയുള്ളവരെയും സന്തോഷിപ്പിക്കുന്നതിൽ മിടുക്ക രായിരിക്കും. നല്ലതുപോലെ തമാശകൾ പറയാനും ആസ്വദിക്കാനും ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്.

കാൻസർ (ജൂൺ 21– ജൂലൈ 22)

സൗഹൃദങ്ങളെയും ബന്ധങ്ങളെയും മാനിക്കുന്ന ഇവർ തികഞ്ഞ വിശ്വസ്തരും സത്യസന്ധരുമായിരിക്കും. വിശ്വാസ വഞ്ചന കാണിക്കാൻ തികച്ചും താൽപര്യമില്ലാത്ത ഇക്കൂട്ടർ വിശ്വാസ വഞ്ചകരെയിഷ്ടപ്പെടുകയുമില്ല മൂല്യങ്ങളിലും മര്യാദകളിലുമെല്ലാം വിശ്വസിക്കുന്ന ഇവർ ഒന്നിനുവേണ്ടിയും വിട്ടു വീഴ്ചകൾക്ക് തയാറാകില്ല.

ലിയോ (ജൂലൈ 23–ആഗസ്റ്റ് 22)

സഹായമനസ്കരായ ഇവർ, വിശാലമായ ഹൃദയത്തിനുടമകളുമാണ്. സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഇവർ ഒട്ടും പിശുക്ക് കാണിക്കാറില്ല. മറ്റുള്ളവരെ സഹായിക്കുന്നതിന് മടിയില്ലാത്ത ഇക്കൂട്ടർ അവരെ പരിചരിക്കുന്നതിലും ശ്രദ്ധാലുക്കളായിരിക്കും.

വിർഗോ (ആഗസ്റ്റ് 23–സെപ്റ്റംബർ 22)

വളരെ ലളിതമായി ജീവിക്കുന്നതിനിഷ്ടപ്പെടുന്നവരാണ് വിർഗോ രാശിക്കാർ. ഒത്തിരിയൊന്നും ആഗ്രഹിക്കുന്നതിൽ ഇവർക്ക് താല്പര്യമുണ്ടാകുകയില്ല. അത്യാവശ്യങ്ങൾ മാത്രം നടപ്പിലാക്കി ജീവിക്കുന്ന ഇവർ തനിക്കാവശ്യമുള്ളതിൽ കൂടുതലൊന്നും കൈയിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരല്ല.

ലിബ്ര (സെപ്റ്റംബർ 23–ഒക്ടോബർ 22)

സമാധാനകാംക്ഷികളായ ഇവർ വാഗ്വാദങ്ങളും തർക്കങ്ങളും തീർത്തും പ്രോത്സാഹിപ്പിക്കാത്തവരാണ്. സന്തോഷത്തിനും സമാധാനത്തിനും വേണ്ടി എന്തു വിട്ടു വീഴ്ചകൾക്കും ഇവർ തയാറാകും. പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ അത് എപ്ര കാരമെങ്കിലും ഒത്തു തീർപ്പാക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഇവർ അതിനുവേണ്ടി എന്തു സാഹസത്തിനും തയാറാകും.

സ്കോർപിയോ (ഒക്ടോബർ 23– നവംബർ 21)

ബന്ധങ്ങൾക്ക് വലിയ വില കൽപിക്കുന്നവരാണ് സ്കോർപിയോ രാശിക്കാർ തിരിച്ചു ലഭിച്ചില്ലെങ്കിലും മറ്റുള്ളവരെ സ്നേഹിക്കുന്നതിൽ ഇവർ തെല്ലും പിശുക്ക് കാണിക്കാറില്ല. മറ്റുള്ളവരെ സ്നേഹിക്കുന്നതിനും സംരക്ഷിക്കുന്നതിനും പരിചരിക്കുന്നതിനും ഏറെയിഷ്ടപ്പെടുന്നവരാണിവര്‍.

സാജിറ്റേറിയസ് (നവംബർ 22–ഡിസംബർ 21)

സ്വതന്ത്രകാംക്ഷികളായ സാജിറ്റേറിയൻസ് രാശിക്കാർ എപ്പോഴും പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിന് താൽപര്യ മുള്ളവരാണ്. പറന്നു നടക്കുന്നതിന് ഇഷ്ടപ്പെടുന്നയിവർ എല്ലാക്കാര്യങ്ങളിലും വിനോദം കണ്ടെത്തുന്നതിൽ മിടുക്കരാണ്. ഭയരഹിതരായി പ്രവർത്തിക്കും. രസകരങ്ങളായ നിരവധി അനുഭവങ്ങളുടെ ഉടമകളായിരിക്കും.

കാപ്രിക്കോൺ (ഡിസംബർ 22– ജനുവരി 19)

ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഇഷ്ടപ്പെടാത്ത ഇക്കൂട്ടർ ഏൽപ്പിച്ച കാര്യങ്ങൾ ഭംഗിയായി നിർവഹിക്കുന്ന തിൽ മിടുക്കരാണ്. പക്വതയാർന്ന പെരുമാറ്റത്തിനുടമകളായിരിക്കും. എല്ലാക്കാര്യങ്ങളും സമയോചിതമായി പൂർത്തിയാക്കുന്നതിൽ ഇവർ ജാഗരൂകരായിരിക്കും. ചെയ്യുന്ന കാര്യങ്ങളിൽ പൂർണമായും ശ്രദ്ധകേന്ദ്രീകരിച്ച് ഉത്തരവാദിത്വത്തോടെ, ഭംഗിയായി ചെയ്തുകൊടുക്കുന്നതിൽ ഇവർക്ക് പ്രത്യേകകഴിവുണ്ട്.

അക്വാറിയസ് (ജനുവരി 20– ഫെബ്രുവരി 18)

പുരോഗമനവാദിയും സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്നവർ. സ്വന്തം പാതയിലൂടെ മാത്രം സഞ്ചരിക്കുന്നതിഷ്ടപ്പെടുന്നവരാണ്. വെട്ടിത്തുറന്ന് സംസാരിക്കുന്നതിന് ഭയപ്പെടാത്ത ഇക്കൂട്ടർ മറ്റുള്ളവരുടെ വിശ്വാസങ്ങളെപ്പോലും എതിർക്കുന്നവരാണ്. മൂല്യങ്ങൾക്കും മര്യാദകൾക്കുമൊന്നും വലിയ വിലയൊന്നും കൽപിക്കാൻ ഇവർ തയ്യാറാകില്ല.

പിസസ് (ഫെബ്രുവരി 19–മാർച്ച് 20)

സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറാകും. മറ്റുള്ളവർക്ക് തന്റെ ജീവിതത്തിൽ വളരെയധികം പ്രാധാന്യം നൽകുന്നവരാണ്. സൗഹൃദത്തിനും കുടുംബത്തിനും ജീവിതത്തിൽ മറ്റെന്തിനേക്കാളും വില കല്പിക്കുന്നവരാണിവർ. കൂടെയുള്ളവർക്ക് ശ്രദ്ധയും സ്നേഹവും പരിചരണവും നൽകാൻ ഇവരോളം മിടുക്കരുണ്ടാകില്ല. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അത്രയധികം ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടർ.

English Summary : Charcter as per Zodiac Sign

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA