ADVERTISEMENT

ഭസ്മധാരണം മഹേശ്വരപ്രീതികരമാണ് . ഭസ്മധാരണത്തോടുള്ള ശിവക്ഷേത്ര ദർശനം അതീവ ഫലദായകവുമാണ്.  നിത്യേനയുള്ള ഭസ്മധാരണം സർവ പാപശമനത്തിനും ശിവകടാക്ഷത്തിനും കാരണമാകും എന്നാണ് വിശ്വാസം . ഭഗവാനെ അഭിഷേകം ചെയ്ത ഭസ്മം ധരിക്കുന്നത് അത്യുത്തമം. 

 

 

എല്ലാ ഭൗതികവസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണു ഭസ്മം. ഭസ്മത്തോടൊപ്പം കുങ്കുമം തൊടുന്നത് ശിവശക്തി പ്രതീകമാണ് .സന്ധ്യക്ക്‌ വിളക്ക് തെളിയിച്ചുകഴിയുമ്പോൾ ഭസ്മധാരണ ശേഷം ഭക്തിയോടെ നാമം ജപിക്കാൻ പ്രായമായവർ ഉപദേശിക്കാറുണ്ട് .ഇതിനു പിന്നിലൊരു ശാസ്ത്രീയ വശം ഉണ്ട് . സായം സന്ധ്യയിൽ അന്തരീക്ഷം വിഷാണുക്കൾ നിറഞ്ഞിരിക്കും .ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. 

 

ഭസ്മം ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും ധരിക്കുന്നതിനു ഓരോ ഫലങ്ങളാണ്. നെറ്റിത്തടം, കഴുത്ത്‌, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്‌, വയര്‍ഭാഗം, കണങ്കാലുകള്‍ എന്നീ ഭാഗങ്ങളിലാണു സാധാരണയായി ഭസ്മധാരണം നടത്തുന്നത്. ശരീരത്തിന്റെ പ്രധാന ഭാഗവും ജ്ഞാനത്തിന്റെ കേന്ദ്രസ്ഥാനവുമായ നെറ്റിത്തടത്തിൽ ഭസ്മക്കുറി തൊടുന്നത് ഈശ്വരചൈതന്യം വർധിപ്പിക്കുന്നു. ഉച്ചിയിലും നെറ്റിയിലും തൊട്ടാൽ ആലസ്യമകലും. കൈകളിലും കഴുത്തിലും  നെഞ്ചിലും ധരിച്ചാൽ സകല പാപങ്ങളും നീങ്ങും. ആർത്തവം, പുല, വാലായ്മ എന്നീ കാലങ്ങളിൽ ഭസ്മക്കുറി തൊടുന്നത്‌ ഒഴിവാക്കണം.

 

രാവിലെ കുളി കഴിഞ്ഞ ശേഷം ഭസ്മം നനച്ചും സന്ധ്യാ നേരങ്ങളിൽ നനയ്ക്കാതെയും വേണം ഭസ്മം തൊടാൻ. നനഞ്ഞ  ഭസ്മത്തിന് ശരീരത്തിൽ അമിതമായുള്ള ഈർപ്പത്തെ വലിച്ചെടുക്കാനും നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനും ഉള്ള കഴിവുണ്ട്. ചുരുക്കത്തിൽ പവിത്രമായ ഭസ്മത്തിന് ഔഷധഗുണവുമുണ്ട്‌. പ്രഭാതസ്നാനത്തിനു ശേഷം മാത്രമേ ഭസ്മം നനച്ചു തൊടാവുള്ളു. പുരുഷൻമാർ രാവിലെ നനച്ചും വൈകിട്ട് നനയ്ക്കാതെയും വേണം ഭസ്മം തൊടാൻ . എന്നാൽ, സ്ത്രീകൾ ഭസ്മം നനച്ചു തൊടാൻപാടില്ല .

ശരിയായവണ്ണം നിർദിഷ്ട ശരീരഭാഗങ്ങളിൽ  ഭസ്മം ധരിക്കുന്നതു ശരീരത്തിനും മനസ്സിനും ബുദ്ധിക്കുണർവിനും ഉത്തമമത്രേ. ചൂണ്ടുവിരല്‍ ഉപയോഗിച്ച് തൊടാൻ പാടില്ല. നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചാണു ഭസ്മം തൊടേണ്ടത്. ഒറ്റ ഭസ്മക്കുറി എല്ലാവര്‍ക്കുമണിയാം. സന്യാസിമാര്‍ മാത്രമേ മൂന്നു ഭസ്മക്കുറി അണിയാന്‍ പാടുള്ളൂ. ഓരോ ഭസ്മരേഖയും തനിക്കു കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ഗൃഹസ്ഥാശ്രമങ്ങളുടെ സൂചനയാണ്‌. 

 

 

ഭസ്മധാരണ ശ്ലോകം

 

ശ്രീകരം ച പവിത്രം ച ശോക നിവാരണം

ലോകേ വശീകരം പുംസാം ഭസ്മം ത്രൈലോക്യ പാവനം

English Summary : Importance of Wearing Holy Ash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com