sections
MORE

തിരഞ്ഞെടുപ്പിൽ ശബരിമല വിഷയവും ചർച്ചയാകും: സ്വാമി അധ്യാത്മാനന്ദ

Swami-Adhyatmananda
SHARE

ശബരിമല വിഷയം നിയമസഭാ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് സംബോധ് ഫൗണ്ടേഷൻ പരമാചാര്യൻ സ്വാമി അധ്യാത്മാനന്ദ. മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സ്വാമി ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലം ജില്ലയിൽ പനയം പഞ്ചായത്തിൽ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ആശ്രമത്തിൽ ഇരുന്നായിരുന്നു സ്വാമിയുമായുള്ള സംഭാഷണം. ശബരിമല വിഷയം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ കൈക്കൊള്ളുന്ന നിലപാടുകളെ വിലയിരുത്താനും അതുസംബന്ധിച്ചു പ്രതികരിക്കാനുമില്ല. എന്നാൽ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുടെ പരമാധികാരി തന്ത്രിയാണ്. ഒരു മതേതര സർക്കാർ ഒരു മത വിഭാഗത്തിന്റെ മാത്രം ആചാരാനുഷ്ഠാനങ്ങളിൽ മനഃപൂർവം ഇടപെടുന്നു എന്ന തോന്നൽ ഉണ്ടാകുന്നത് ആശാസ്യമല്ല. അത്തരം ഇടപെടലുകൾ ഉണ്ടാകുന്ന പക്ഷം അതു മതങ്ങളെ സംബന്ധിക്കുന്നതും സമഗ്രവുമാകണം. പക്ഷപാതപര സമീപനം അപലപനീയം തന്നെയാണ്.  

ശബരിമല വിഷയത്തിൽ സ്വാമി ഇങ്ങനെ തുറന്ന് അഭിപ്രായം പറയുന്നത് ആദ്യമാണല്ലോ?

ശബരിമല വിഷയത്തിൽ അന്നും ഇന്നും ഒരേ അഭിപ്രായമാണ് പറയുന്നത്. സന്യാസി സമൂഹത്തിനു വേണ്ടി സ്വാമി ചിദാനന്ദപുരി സംസാരിച്ചിരുന്നതിനാൽ‌ ഇക്കാര്യത്തിൽ തുറന്ന് അഭിപ്രായ പ്രകടനം നടത്തിയില്ലെന്നു മാത്രം. സന്യാസി സമൂഹത്തിന്റെ ശബ്ദമായിരുന്നു സ്വാമി ചിദാനന്ദപുരിയുടേത്. 

സംബോധ് ഫൗണ്ടേഷന്റെ ആസ്ഥാനം കൊല്ലത്തൊരുങ്ങുകയാണല്ലോ?

ഒട്ടേറെ സേവന, ആത്മീയ പ്രവർത്തനം നടത്തുന്ന ഫൗണ്ടേഷന് കൊല്ലം ജില്ലയിലെ പനയം പഞ്ചായത്തിൽ വിശാലമായ ഒരിടം വരുന്നു. ഇതിനായി ഇവിടെ സ്ഥലം വാങ്ങി നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടു കഴിഞ്ഞു. ക്ഷേമപ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഫൗണ്ടേഷന്റെ ആസ്ഥാനം ഇവിടെ വരുന്നതോടെ പനയത്തും സമീപ പഞ്ചായത്തിലുമുള്ളവരുടെ ക്ഷേമത്തിനായും പദ്ധതി തയാറാക്കുന്നുണ്ട്. 

കൊല്ലത്ത് ഏതുതരത്തിലുള്ള പ്രവർത്തനമായിരിക്കും നടക്കുക? 

വിശപ്പ് രഹിത കേരളം എന്ന സങ്കൽപത്തിൽ അന്നദാനം അടക്കം ഒട്ടേറെ സഹായ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടത്തി വരുന്നുണ്ട്. കൂടാതെ വിദ്യാഭ്യാസ ധനസഹായ വിതരണം, വൊളന്റിയർമാരുടെ സന്നദ്ധസേവനം, പാലിയേറ്റിവ് കെയർ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി വരുന്നു. മുതിർന്ന പൗരന്മാർക്കു താമസിക്കാൻ തൃശൂരിൽ റിട്രീറ്റ് സെന്റർ നിർമിച്ചിട്ടുണ്ട്. പ്രളയ നാളുകളിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനു പുറമേ കിടപ്പാടം നഷ്ടപ്പെട്ടവരിലെ പാവങ്ങൾക്കു വീട് നിർ‌മിച്ചു നൽകുകയും ജീവനോപാധി നഷ്ടമായവർക്ക് അത് ലഭ്യമാക്കുകയും ചെയ്തു. ഫൗണ്ടേഷന്റെ സേവന, ആധ്യാത്മിക പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമാണ് അഷ്ടമുടിക്കായലിന്റെ തീരത്ത് കേന്ദ്രം ഒരുങ്ങുന്നത്. ഡോ. കെ. ഉണ്ണികൃഷ്ണപിള്ള, അഡ്വ. കല്ലൂർ കൈലാസ് നാഥ്, ആർ. അനന്തശങ്കരൻ എന്നിവവരുടെ നേതൃത്വത്തിലാണ് കൊല്ലത്ത് പ്രവർത്തനം പുരോഗമിക്കുന്നത്. 

പരിസ്ഥിതി പ്രവർത്തനങ്ങൾക്കു കൂടി പേരുകേട്ടതാണല്ലോ ഫൗണ്ടേഷൻ?

പരിസ്ഥിതി ബോധവൽക്കരണത്തിന്റെ ഭാഗമായി 2018ൽ കാസർകോട്നിന്നു തിരുവനന്തപുരം വരെ യാത്ര നടത്തി. ഈ യാത്രയുടെ ഭാഗമായി 51 നക്ഷത്രവനങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് നിർമാർജനം, മഴക്കുഴി നിർമാണം, ജലസംഭരണി ഒരുക്കൽ എന്നിവ സംബന്ധിച്ചു ബോധവൽക്കരണം നൽകി. ഇതിന്റെ വിശദമായ തുടർപ്രവർത്തനമാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ഓൺലൈൻ ഗീതാജ്ഞാനയജ്ഞവും, ഓൺലൈൻ  വാത്മീകി രാമായണ യജ്ഞവും ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  ഉപനിഷത്ത് ക്ലാസ്സുകൾ തുടങ്ങുന്നതിന്റെ ഭാഗമായി മാണ്ഡൂക്യ ഉപനിഷത്ത് ക്ലാസ്സുകൾ ഏപ്രിലിൽ  തുടങ്ങുന്നുണ്ട്. സംബോധാരണ്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ഒന്നിച്ചു കൂടുന്നതിനും ധ്യാനം, ചർച്ച യോഗ എന്നിവകളിലേർപ്പെടുന്നതിനും സൗകര്യമുണ്ട്. 

കായൽ തീരത്ത് കണ്ടൽ കാടുകൾ വച്ചു പിടിപ്പിക്കുന്നതിനും കരയിൽ വിവിധ സസ്യ വൃക്ഷജാലങ്ങളാൽ സമ്പന്നമായ കാവും കൂടാതെ കുളവും നിർമിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഒരു പാട് തിരക്കുകളിൽനിന്നും കുറച്ചു ദിവസങ്ങളെങ്കിലും ഓരോരുത്തർക്കും ഒരുമിച്ചു കൂടാനും അതിലൂടെ ഒരാശ്വാസമാകാനും സംബോധാരണ്യം വഴിയൊരുക്കും. അഞ്ചു മുതൽ 10 വയസ്സു വരെയുള്ള കുട്ടികൾക്ക് പൂന്തേനരുവി എന്ന പേരിലും യുവാക്കൾക്ക് സൗരപഥം എന്ന പേരിലും കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു. ഗർഭിണികൾക്കു വേണ്ടി പ്രഹ്ളാദീയം, മുതിർന്നവർക്കായി ശ്രീനാരദീയം, സ്ത്രീകൾക്കായി സ്ത്രീശക്തി ചിന്തനം , മാതാപിതാക്കൾക്കായി പ്രേമാദരശിക്ഷണം എന്ന പേരിൽ പേരന്റിങ് ക്ലാസ്സുകളും നടന്നു വരുന്നുണ്ട്. 

English Summary: Interview With Swami Adhyatmananda

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA