sections
MORE

മീനപ്പൂരം ; മാഹാത്മ്യം അറിഞ്ഞ് അനുഷ്ഠിച്ചാൽ ആഗ്രഹസാഫല്യം

HIGHLIGHTS
  • 2021 മാർച്ച് 27 ശനിയാഴ്ചയാണ് മീനപ്പൂരം വരുന്നത്
  • വ്രതം അനുഷ്ഠിക്കുന്നത് ദാമ്പത്യസൗഖ്യത്തിനും ഉദ്ദിഷ്ടകാര്യലബ്ധിക്കും കാരണമാകും
shiva-parvathy-photo-credit-ninassarts-com
Photo Credit : ninassarts.com / Shutterstock.com
SHARE

പാർവതീദേവിക്ക് പ്രാധാന്യമുള്ള ദിവസമാണു മീനമാസത്തിലെ പൂരം നാൾ. അതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട് . മഹാദേവനെ വരനായി ലഭിക്കാൻ പാർവതീദേവി കഠിന തപസ്സുകൾ അനുഷ്ഠിച്ചു പോന്നിരുന്നു. എന്നാൽ സതീവിയോഗത്താൽ ദുഃഖിതനായിരുന്ന ഭഗവാൻ ദേവിയുടെ പ്രാർഥന സ്വീകരിച്ചിരുന്നില്ല. ഇതേ സമയം ദേവന്മാർ ശൂരപത്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരെക്കൊണ്ടു വലയുകയായിരുന്നു.   തങ്ങളെ വധിക്കാൻ  ശിവപുത്രനു മാത്രമേ കഴിയൂ എന്നു വരം നേടിയ ഈ അസുരന്മാർ ത്രിലോകങ്ങളും അടക്കി ഭരിച്ചു.

ഭഗവാൻ പാർവതീദേവിയിൽ അനുരക്തനാവാൻ ദേവന്മാരുടെ നിർദേശപ്രകാരം കാമദേവൻ മഹാദേവനു നേരെ പുഷ്പബാണം അയച്ചു. കോപിഷ്ഠനായ ഭഗവാൻ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി. എന്നാൽ പുഷ്പബാണശക്തിയാൽ പാർവതീദേവിയോട് പ്രണയം തോന്നുകയും വിവാഹം കഴിക്കുകയും ചെയ്തു. രതീദേവിയുടെ വിരഹദുഃഖം അകറ്റാനും പ്രപഞ്ചത്തിൽ പ്രണയം നിലനിർത്താനും ശാന്തനായ ഭഗവാനോട് കാമദേവനെ പുനർ ജീവിപ്പിക്കാൻ ദേവി ആവശ്യപ്പെട്ടു. ഭഗവാന്‍ അപ്രകാരം ചെയ്തു. ഇങ്ങനെ ശിവപാർവതീ പരിണയവും കാമദേവന്റെ പുനര്‍ജനനവും നടന്ന ദിവസമാണു മീനപ്പൂരം എന്നാണ് ഐതിഹ്യം.

ഈ ദിനത്തിൽ വ്രതാനുഷ്ഠാനത്തോടെ പാർവതീദേവിയെ പ്രാർഥിക്കുന്നത്  ദാമ്പത്യ സൗഖ്യത്തിനും ഉദ്ദിഷ്ടവിവാഹലബ്ധിക്കും കാരണമാകും എന്നാണു വിശ്വാസം.

പൂർണ ഉപവാസം പാടില്ല. തലേന്നു മുതൽ ശരീരശുദ്ധി, ഒരിക്കൽ എന്നിവ അനുഷ്ഠിക്കണം. പൂര ദിനത്തിൽ സൂര്യോദയത്തിനു മുൻപു കുളിച്ചു ശരീരശുദ്ധി വരുത്തി നെയ്‌വിളക്കിനു മുന്നിൽ ഇരുന്നു ലളിതാസഹസ്രനാമം ജപിക്കുന്നത് ഇരട്ടിഫലദായകമാണ്.

വെളുത്ത വസ്ത്രം ധരിക്കുക. ശിവശക്തിപ്രീതിക്കായി ഭസ്മവും കുങ്കുമവും ചേർത്തു തൊടുക. ക്ഷേത്രദർശനം സാധ്യമെങ്കിൽ ദമ്പതിമാരുടെ പേരിലും നാളിലും ഐകമത്യസൂക്ത അർച്ചന സമർപ്പിക്കുക. മീനമാസത്തിലെ പൂരം നാൾ മുതൽ അടുപ്പിച്ച് ഏഴു  മാസം പൂരം നാൾ ദിനത്തിൽ വ്രതമനുഷ്ഠിച്ചു പ്രാർഥിച്ചാൽ ആഗ്രഹസാഫല്യമുണ്ടാകും എന്നാണു വിശ്വാസം.

English Summary : Importance of Meena Pooram in 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA