sections
MORE

ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുന്നവരാണ് പൂയം നാളുകാർ

HIGHLIGHTS
  • പൂയം നക്ഷത്രക്കാരുടെ പൊതുസ്വഭാവം
Pooyam
SHARE

പൂയം നക്ഷത്രജാതർ വിദ്യയും ധനവും ഉളളവര‍ും എപ്പോഴും പ്രസന്നമായ മുഖവും കർമ്മകുശലത്വവും ഇവരുടെ വിശേഷങ്ങൾ തന്നെ. ധാർമ്മിക കാര്യങ്ങളിലും അദ്ധ്യാത്മിക കാര്യങ്ങളിലും ശാസ്ത്രവിഷയങ്ങളിലും ഇവർക്കു താല്പര്യം ഉണ്ടായിരിക്കും ഉയർന്ന വിദ്യാഭ്യാസമുളളവരെക്കാൾ പൊതുവിജ്ഞാനം ഈ നക്ഷത്രക്കാരിൽ കാണാം. ഇവർ ഏകാന്ത പ്രിയരും പ്രകൃതിസൗന്ദര്യത്തിൽ തല്പരരും ആണ്. ഗൃഹതുരത്വം ഇവരുടെ പ്രത്യേകതയാണ്. സ്വഗൃഹത്തിൽ നിന്നും മാറി നില്ക്കാൻ ഇവർ ഇഷ്ടപ്പെടുന്നില്ല. ഗൃഹം മാത്രമല്ല തന്റെ അമ്മയോടും തന്റേതായ എല്ലാ വസ്തുക്കളോടും പ്രത്യേക മമത കാണിക്കും. പൂയം നക്ഷത്രത്തിന്റെ രാശ്യാധിപൻ ചന്ദ്രൻ ആകയാലും കർക്കിടകം ജലരാശി ആയതിനാലും അഞ്ചാംഭാവത്തിൽ ചന്ദ്രന് നീചം ഭവിക്കുന്നതിനാലും ചഞ്ചലസ്വഭാവക്കാരായിരിക്കും.

ഇവർ പൊതുവേ സഞ്ചാര പ്രിയരായിരിക്കും. പരാജയങ്ങൾ ഇവരെ തളർത്താറില്ല. പ്രതിബന്ധങ്ങളെ തളളി നീക്കി ലക്ഷ്യപ്രാപ്തിയിലെത്തും. സ്നേഹിതർക്കുവേണ്ടി നന്മകൾ ചെയ്യും. ചെറിയ കാര്യത്തിനും അസ്വസ്ഥമാകുന്ന മനസാണ് ഇവർക്കുളളത്. ചെറുതായി വഴക്കിടുന്ന സ്വഭാവവും ഇവരിൽ കാണാം. നക്ഷത്രാധിപൻ ശനിയുടെ  സ്വഭാവമാണിത്. ദേവപൂജയിലും, അശരണരെ  രക്ഷിക്കുന്നതിലും താല്പര്യം പ്രകടിപ്പിക്കും. സഹോ‍ദരഗുണവും ഭൂമിയിൽ നിന്നുളള ഗുണവും ഇവർക്കു കുറഞ്ഞിരിക്കും. രോഗപ്രതിരോധ ശക്തി കുറവായിരിക്കും. ഭക്ഷണപ്രിയരാകയാൽ ദഹനക്കേട് കൂടെക്കൂടെ ഉണ്ടാവും. നല്ല സംഭാഷണ ചാതുര്യവും ലക്ഷ്യപ്രാപ്തിയിലെത്താനുളള കഴിവും ഇവർക്കുണ്ട്. കർക്കിടകം രാശിയുടെ പ്രതീകം ഞണ്ടാണ്. ഈ ജീവിയുടെ സ്വഭാവം പോലെ ഇവർ ലക്ഷ്യത്തെ മുറുകെപ്പിടിക്കും. കാലത്തിനനുകൂലമല്ലാത്ത സമ്പ്രദായത്തെ മാറ്റി പരിഷ്കരിക്കാൻ ശ്രമിക്കും. ശത്രുക്കളിൽ നിന്നും വഴുതി രക്ഷപ്പെടും. എതിർപ്പുകളെ മാനമായി തന്നെ പ്രകടിപ്പിക്കും.

കഴിഞ്ഞ കാര്യങ്ങളെ വളരെക്കാലം ഓർമ്മയിൽ സൂക്ഷിക്കും. പ്രവർത്തനത്തിലും സ്വന്തം ലാഭനഷ്ടം കണക്കാക്കി  മാത്രമേ പ്രവർത്തിക്കുകയുളളൂ. ഏർപ്പെടുന്ന എല്ലാ കാര്യത്തിലും ഇവർ  ഉത്തരവാദിത്വം മനസ്സിലാക്കി പ്രവർത്തിക്കും. ബഹളമില്ലായ്മ, കുലീനത്വം, സത്ഗുണം, ആഭിജാത്യം, ധർമ്മബുദ്ധി ഇവയെല്ലാം ഈ നക്ഷത്രക്കാരിൽ കാണാം. പൂയം നക്ഷ‌ത്രത്തിൽ ജനിച്ച സ്ത്രീകൾ മൃദുലസ്വഭാവികളും, ഭർത്തൃഭക്തിയും, അച്ചടക്കവും, ബഹുമാനവും, സത്യസന്ധതയും ഉളളവരായിരിക്കും. ദാമ്പത്യ ജീവിതം പൊതുവേ ദുരിതമായി കാണുന്നു. സ്ത്രീകൾക്ക് 38 വയസ്സിനു ശേഷം ശ്വാസകോശരോഗങ്ങളും രക്തദൂഷ്യങ്ങൾക്കും ഇടയുണ്ട്. ഈ നക്ഷത്രക്കാർക്ക് ശാസ്ത്രസാങ്കേതിക വിഷയങ്ങൾ, ആരോഗ്യമേഖല, പ്രഭാഷണം ഇവയിൽ ശോഭിക്കാൻ കഴിയും.

പൂയം നക്ഷത്രജാതരുടെ വിവാഹജീവിതം പൊതുവേ സന്തോഷകരമായിരിക്കും. മനസിനിണങ്ങിയ പങ്കാളിയെ ലഭിക്കും. ജീവിത പങ്കാളിയോട് അമിതമായ സ്നേഹവും വിധേയത്വവും ഉണ്ടായിരിക്കും. സന്താനങ്ങളോട് പ്രത്യേക താല്പര്യം കാണിക്കും. ജീവിതപങ്കാളിയെ സംശയിക്കുന്ന സ്വഭാവം ഉണ്ടായിരിക്കും. തന്മൂലം കലഹത്തിനിടയുണ്ട്.

ഇവർക്ക് ബാല്യം 12 വയസ്സു വരെ ജീവിതം  ബുദ്ധിമുട്ടുളളതായിരിക്കും. ഈ കാലത്ത് ആരോഗ്യക്കുറവ്, മനക്ലേശം, അപകടങ്ങൾ, മുറിവു ചതവ് ഇവക്കു സാദ്ധ്യതയുണ്ട്. 12 മുതൽ 29 വയസ്സുവരെ വിദ്യാഭ്യാസം മെച്ചമായിരിക്കും. ആരോഗ്യവും അഭിവൃദ്ധിപ്പെടും. കുടുംബാഭിവൃദ്ധിക്കുവേണ്ടി അദ്ധ്വാനിക്കും, ജോലിയും വരുമാനവും ഇക്കാലത്തുണ്ടാകും. 29 മുതൽ 36 വരെ കാലം ഗുണദോഷസമ്മിശ്രം. സാമ്പത്തികം  മെച്ചമായിരിക്കുമെങ്കിലും പെട്ടെന്നുളള രോഗപീ‍‍ഡ അപകടം ഇവയ്ക്കു സാദ്ധ്യതയുണ്ട്. അടുത്ത ബന്ധുക്കളുടെ വേർപാടും അതു മൂലമുളള മനഃക്ലേശത്തിനും സാദ്ധ്യതയുണ്ട്. ശേഷം 56 വരെ എല്ലാവിധ അഭിവൃദ്ധിയും ഉണ്ടാകും. ജനിച്ച വീട്ടിൽ നിന്നു മാറുവാനും സൗഭാഗ്യപൂർണ്ണമായ ജീവിതത്തിനും ഇക്കാലത്ത് യോഗമുണ്ട്.

English Summary : Pooyam Birth Star Characteristics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA