ADVERTISEMENT

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കൊക്കെയാണു വിജയസാധ്യത എന്നു ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണിവിടെ. ഏതെല്ലാം സ്ഥാനാർഥികൾ ജയിക്കും എന്നതല്ല, മറിച്ച് ഏതെല്ലാം കൂറുകാർക്കാണു വിജയസാധ്യത എന്നാണു നോക്കുന്നത്. തിരഞ്ഞെടുപ്പു ഫലം വരുന്നത് 2021 മേയ് 2 നാണല്ലോ.  ഓരോ സ്ഥാനാർഥിയുടെയും ജനനസമയവും വയസ്സും ദശാകാലവും മറ്റു കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഏതായാലും ഓരോ കൂറുകാരുടെയും സാമാന്യമായ വിജയസാധ്യത മാത്രമാണ് ഇവിടെ വിലയിരുത്തുന്നത്.

 

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽ ഭാഗം):

മേടക്കൂറുകാർക്ക് കണ്ടകശ്ശനി തുടരുന്ന കാലമാണെങ്കിലും വ്യാഴം 10ൽ നിന്ന് സർവാഭീഷ്ടസ്ഥാനമായ 11-ലേക്കു മാറിയത് തികച്ചും നല്ല സൂചനയാണ്. ഏപ്രിൽ 6 മുതൽ എല്ലാ രംഗത്തും വിജയസാധ്യതയാണ് ഇവർക്കുള്ളത്. അതുകൊണ്ട് തിരഞ്ഞെടുപ്പിലും വിജയം പ്രതീക്ഷിക്കാം.

 

ഇടവക്കൂറ് (കാർത്തിക മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി):

ഇടവക്കൂറുകാർക്ക് ശനി അനുകൂലമായ ഭാവത്തിലാണ്. വ്യാഴം 10-ലേക്കു മാറിയത് അത്ര നല്ലതല്ല. കാര്യസാധ്യസ്ഥാനമായ ഏഴാം ഭാവത്തിൽ കേതു നിൽക്കുന്നതും ചെറിയ തടസ്സമാണ്. എങ്കിലും പ്രതീക്ഷ കൈവിടേണ്ടതില്ല. പ്രാർഥനകളിലൂടെ കാര്യവിജയം നേടിയെടുക്കാവുന്ന ദിവസങ്ങളാണിത്.

 

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം):

മിഥുനക്കൂറുകാർക്ക് അഷ്ടമവ്യാഴം എന്ന തടസ്സം മാറിയിട്ടുണ്ട്. എന്നാൽ അഷ്ടമശ്ശനി എന്ന തടസ്സം തുടരുകയാണ്. ഏഴാംഭാവ ശുദ്ധിയുണ്ട്. വ്യാഴം 9-ലേക്കു മാറിയതിനാൽ ദൈവാനുഗ്രഹത്താൽ അപമാനഭാരമില്ലാതെ കഴിഞ്ഞുകൂടാം.

 

കർക്കടകക്കൂറ് (പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം):

കർക്കടകക്കൂറുകാർക്കു കണ്ടകശ്ശനി തുടരുകയാണ്. വ്യാഴം 8-ലേക്കു കടന്നതും നല്ലതല്ല. അതുകൊണ്ട് വിജയസാധ്യത ഉറപ്പിക്കാനാകില്ല.

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം):

ചിങ്ങക്കൂറുകാർക്ക് ഗ്രഹങ്ങൾ പൊതുവേ അനുകൂലത്തിലാണ്. വ്യാഴം 7-ൽ നിൽക്കുന്നതു ദൈവാനുഗ്രഹപ്രദവുമാണ്. അതുകൊണ്ട് വിജയസാധ്യതയുണ്ട്.

 

കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി):

കന്നിക്കൂറുകാർക്ക് വ്യാഴം തടസ്സസ്ഥാനത്താണ്. ശനി അനുകൂലത്തിലാണെങ്കിലും സൂര്യൻ 8-ൽ നിൽക്കുന്നതു നല്ലതല്ല.

 

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം):

തുലാക്കൂറുകാർക്ക് കണ്ടകശ്ശനി തുടരുന്നുണ്ടെങ്കിലും വ്യാഴം ത്രികോണഭാവത്തിലേക്കു മാറിയത് ഗുണം ചെയ്യും. വിജയസാധ്യതയുണ്ട്.

 

വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട):

ശനി അനുകൂലത്തിലാണ്. വ്യാഴം നാലാംഭാവത്തിലാണെങ്കിലും വലിയ പ്രതിസന്ധിയില്ല. ഇടപെടുന്ന കാര്യങ്ങളിൽ വിജയം പ്രതീക്ഷിക്കാം.

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം):

ധനുക്കൂറുകാർക്ക് ചൊവ്വയുടെയും വ്യാഴത്തിന്റെയും സ്ഥിതി വളരെ അനുകൂലമല്ല. ഏഴരശ്ശനി കാലവുമാണ്. അതുകൊണ്ട് കാര്യങ്ങൾ നേടിയെടുക്കാൻ അത്യധ്വാനം ആവശ്യമായ കാലമാണ്.

 

മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി):

മകരക്കൂറുകാർക്ക് ജന്മശ്ശനി കാലമാണെങ്കിലും വ്യാഴം രക്ഷാഭാവത്തിലേക്കു മാറിയതു പ്രതീക്ഷ നൽകുന്നു. മറ്റു ഗ്രഹങ്ങളും തടസ്സമുണ്ടാക്കുന്നില്ല. അതുകൊണ്ട് നേരിയ സാധ്യത പ്രതീക്ഷിക്കാം.

 

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം):

കുംഭക്കൂറുകാർക്ക് ഏഴരശ്ശനി കാലം തുടരുകയാണ്. വ്യാഴം 12-ൽ നിന്നു മാറി എങ്കിലും ജന്മവ്യാഴം അത്ര നല്ലതല്ല. അതുകൊണ്ട് ഇടപെടുന്ന കാര്യങ്ങളിൽ നേരിയ വിജയസാധ്യത മാത്രമേയുള്ളൂ.

 

മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി):

മീനക്കൂറുകാർക്ക് അനുകൂലമായ കാലമായിരുന്നെങ്കിലും വ്യാഴം 12-ലേക്കു മാറിയതോടെ സ്ഥിതി മാറി. നിലവിലുള്ള വിജയപ്രതീക്ഷ സാർഥകമായിക്കൊള്ളണമെന്നില്ല.

ഏതു കൂറിൽ ജനിച്ചവരായാലും വ്യക്തിയുടെ ജന്മനക്ഷത്രം, വയസ്സ്, ദശാപഹാരകാലം തുടങ്ങി മറ്റ് ഒട്ടേറെ കാര്യങ്ങൾ കൂടി ഫലത്തെ സ്വാധീനിക്കും.

English Summary : Election Prediction 2021 By Raveendran Kalarikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com