sections
MORE

നിങ്ങളുടെ ജന്മദിനം ഇതാണോ? എങ്കിൽ ഈ സ്വഭാവക്കാർ ആയിരിക്കും

HIGHLIGHTS
  • ജന്മദിനം നിങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കുമോ?
Birthday-Photo-Credit-Nuntarat-Eksawetanant
Photo Credit : Nuntarat Eksawetanant / Shutterstock.com
SHARE

ജനിച്ച ദിവസത്തിന് നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കാൻ കഴിയുമോ?. ജനനസമയത്തിനും നക്ഷത്രത്തിനും മാത്രമല്ല, ആഴ്ചയിൽ ഏതു ദിവസം ജനിക്കുന്നു എന്നതിലും  കാര്യം ഉണ്ടെന്നാണ് പറയപ്പെടുന്നത്.  ആഴ്ചയിലെ ഓരോ ദിനത്തിൽ ജനിച്ചാലുള്ള  സവിശേഷതകൾ ചുവടെ:

ഞായർ

ഞായർ ദിനത്തിന്റെ അധിപതി സൂര്യദേവനാണ്. ഞായറാഴ്ച ജനിക്കുന്നവർ സർഗാത്മകമായ കഴിവുകൾ കൊണ്ടു സമ്പന്നരായിരിക്കും. ധൈര്യവും ബുദ്ധിശക്തിയുമുള്ള ഇവർ സ്വന്തം കഴിവുകളിൽ അഭിമാനിക്കുന്നവരാണ്. ജീവിതവിജയം കൈവരിക്കുന്നവരും ജീവിതപങ്കാളിയോടു സ്നേഹമുള്ളവരുമായിരിക്കും. സ്വന്തം കാര്യങ്ങളിൽ ഒതുങ്ങിക്കൂടുന്ന ഇവർക്കു പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല.

തിങ്കൾ

പേരു സൂചിപ്പിക്കുന്നതു പോലെ ചന്ദ്രനാണു ദിനത്തിന്റെ അധിപൻ. ഈ ദിനത്തിൽ ജനിച്ചവർ വളരെ ദയാലുക്കളും ചോദിക്കാതെ  തന്നെ മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ മനസ്സുള്ളവരുമായിരിക്കും. എന്നാൽ തങ്ങളുടെ നേട്ടങ്ങൾ മറ്റുള്ളവർക്കു മുന്നിൽ പ്രദർശിക്കപ്പെടാൻ തിങ്കളാഴ്ച ദിവസം ജനിച്ചവർ ആഗ്രഹിക്കാറില്ല. മനോബലം കുറവുള്ളരായിരിക്കും ഇക്കൂട്ടർ. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാമായി ദൃഢമായ മാനസികബന്ധം സൂക്ഷിക്കുന്നതും ഈ ദിനക്കാരുടെ പ്രത്യേകതയാണ്.

ചൊവ്വ

നേതൃപാടവമാണു ചൊവ്വാഴ്ച ജനിച്ചവരുടെ പ്രധാന സവിശേഷത. സമർഥരും ധൈര്യശാലികളും ബുദ്ധിശാലികളുമായിരിക്കും ഇക്കൂട്ടർ.  തങ്ങൾക്കു ഭയമുള്ളതും ഉറപ്പില്ലാത്തതുമായ കാര്യങ്ങളെ പോലും സധൈര്യം കൈകാര്യം ചെയ്യാനുള്ള മനസ്സാന്നിധ്യമാണു മറ്റൊരു പ്രത്യേകത. എന്നാൽ പെട്ടെന്നു ക്ഷോഭിക്കുന്നവരും ക്ഷമാശീലമില്ലാത്തവരുമായിരിക്കും. ഇവരെ മനസ്സിലാക്കുക പ്രയാസമാണ്.

ബുധൻ

യുക്തിബോധമാണു ബുധനാഴ്ച ദിവസം ജനിച്ചവരെ നയിക്കുന്ന ശക്തി. കാവ്യാത്കമായ കഴിവുകൾ പൊതുവെ ഈ ദിവസം ജനിച്ചവരിൽ  ഉണ്ടാകാറില്ല എങ്കിലും  കണക്ക്, ശാസ്ത്രം എന്നിവയിൽ അറിവുള്ളവരായിരിക്കും. സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാൻ ഒരു മടിയും ഇക്കൂട്ടർ കാണിക്കില്ല. അശ്രദ്ധയും അമിതമായ സംസാരപ്രിയവും ഇവരുടെ കൂടപ്പിറപ്പാണ്. 

വ്യാഴം

എന്തിലും ഏതിലും സന്തോഷം കണ്ടെത്താൻ കഴിയുമെന്നതാണു വ്യാഴാഴ്ച ദിവസം ജനിച്ചവരുടെ പ്രത്യേകത. പ്രതികൂല സാഹചര്യങ്ങളെയും ശുഭാപ്തിവിശ്വാസത്തോടെ നേരിടാൻ ശ്രമിക്കുന്നവരാണ് ഈ ദിനത്തിൽ ജനിച്ചവർ. തത്വചിന്തകളിൽ തത്പരരായ ഇവർ സ്വപക്ഷാന്ധന്മാരുമായിരിക്കും. വിമർശനാത്മകമായി സംസാരിക്കാനുള്ള കഴിവ്‌ ഇക്കൂട്ടരുടെ പ്രത്യേകതയാണ്.

വെള്ളി

മറ്റുള്ളവരോടു സ്നേഹവും കരുണയും കാത്തുസൂക്ഷിക്കുന്നവരാണു വെള്ളിയാഴ്ച ദിവസം ജനിച്ചവർ.  സാമൂഹികമായി ഇടപെടാൻ‌ കഴിവുള്ള ഇക്കൂട്ടർ കലാപരമായ കഴിവുകൾ കൊണ്ടു വേറിട്ടുനിൽക്കും. മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ യാതൊരു മടിയും ഈ ദിനം ജനിച്ചവർ കാണിക്കാറില്ല. എന്നാൽ അലസത ഇവരുടെ കൂടപ്പിറപ്പാണ്. മറ്റുള്ളവരുടെ പ്രോത്സാഹനം ലഭിച്ചാൽ മാത്രമേ ഇവർക്കു ക്രിയാത്മകമായ കഴിവുകൾ പ്രകടമാക്കാൻ സാധിക്കൂ.

ശനി

ശനിയാഴ്ച ദിവസം ജനിച്ചവർ പൊതുവെ വിവേകമതികളായിരിക്കും. ആത്മാർ‌ഥതയും പ്രായോഗികമായി ചിന്തിക്കാനുള്ള കഴിവുമാണ് ഈ ദിവസത്തിൽ ജനിച്ചവരുടെ പ്രത്യേകത. ചെയ്യുന്ന തൊഴിലിൽ ശോഭിക്കാൻ ഇക്കൂട്ടർക്കു സാധിക്കും. എന്തിനെയും സംശയബുദ്ധിയോടു കൂടി ആയിരിക്കും ഇവർ സമീപിക്കുക. ധൈര്യസമേതം കാര്യങ്ങളെ നേരിടാൻ സാധിക്കാത്തവരും പരാതി പറയുന്ന സ്വഭാവത്തോടു കൂടിയവരുമായിരിക്കും ഇവർ.

English Summary: Birthday Tells Your Character

        

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA