ADVERTISEMENT

ഭഗവാൻ  ശ്രീ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ പ്രധാനമാണ് നരസിംഹാവതാരം. പേര് സൂചിപ്പിക്കുന്നപോലെ  സിംഹത്തിന്റെ ശിരസ്സും  മനുഷ്യന്റെ ഉടലുമാണ് ഈ അവതാരത്തിന്റെ പ്രത്യേകത. കൃതായുഗത്തിലെ ഭഗവാന്റെ നാല് അവതാരങ്ങളിൽ ഏറ്റവും അവസാനത്തേതാണ് നരസിംഹാവതാരം. ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് ഭഗവാൻ.  പ്രഹ്ലാദന്റെ വിളികേട്ട നിമിഷം തന്നെ തൂണ് പിളർന്നു നരസിംഹമൂർത്തി പ്രത്യക്ഷനായി ഭക്തനെ കാത്തു രക്ഷിച്ചു എന്നാണല്ലോ ഐതീഹ്യം.

 

Aymanam-Temple-02

കേരളത്തിലെ  നരസിംഹമൂർത്തീ ക്ഷേത്രങ്ങളിൽ പ്രസിദ്ധമാണ് കോട്ടയത്തിന്റെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന  അയ്മനം ശ്രീ നരസിംഹസ്വാമീ ക്ഷേത്രം. മധ്യ തിരുവിതാംകൂറിലെ  ക്ഷേത്ര ഉത്സവങ്ങൾക്ക് തുടക്കം കുറിക്കുന്നത് അയ്മനം നരസിംഹ സ്വാമീ  ക്ഷേത്രത്തിൽ കൊടിയേറുന്നതോടെയാണെന്ന പ്രത്യേകതയും ഉണ്ട് . ചിങ്ങത്തിലെ തിരുവോണം ആറാട്ടായിവരുന്ന രീതിയിലാണ് ഈ ക്ഷേത്രത്തിലെ ഉത്സവം.

Aymanam-Temple-03

 

Aymanam-temple-01

പൊതുവെ  നരസിംഹ ക്ഷേത്രങ്ങളിൽ ചതുർബാഹു പ്രതിഷ്ഠയാണ് ഉള്ളത് . എന്നാൽ അയ്മനം ക്ഷേത്രത്തിൽ വട്ടശ്രീകോവിലിലായി  ഭഗവാന്റെ നരസിംഹാവതാര  പ്രതിഷ്ഠയാണുള്ളത് . പ്രതിഷ്ഠക്കടുത്തായി ലക്ഷ്മീ ഭാവത്തിൽ ശ്രീചക്രം ഉണ്ട് . അതിനാൽ ഇവിടെ ലക്ഷ്മീ നരസിംഹഭാവത്തിലാണ് ഭഗവാൻ കുടികൊള്ളുന്നത്. ശ്രീകോവിലിനു മുന്നിലെ മണ്ഡപത്തിൽ ഭഗവാന്റെ വാഹനമായ ഗരുഡ പ്രതിഷ്ഠയുണ്ട് . നാലമ്പലത്തിനുള്ളിൽ തന്നെ ശാസ്താ പ്രതിഷ്ഠയും ഗണപതി പ്രതിഷ്ഠയും ഉണ്ട് . നാലമ്പലത്തിനു പുറത്തായി മഹാദേവനും കുടികൊള്ളുന്നു  

 

പ്രധാനമായും നരത്തല , ചതുശതം , പാനകം എന്നീ വഴിപാടുകളാണ് ഭഗവാന് സമർപ്പിക്കുന്നത് . രോഗദുരിത ശാന്തിക്കായി നടത്തിവരുന്ന വഴിപാട്  ആണ് നരത്തല. ആസ്മാ പോലുള്ള  അസുഖങ്ങൾക്ക് പ്രധാനമാണിത് . ശത്രുദോഷം നീങ്ങാനുള്ള വഴിപാട് ആണ്  പാനകം.  സന്താനലബ്ധിക്കായി തിരുവോണം തോറും പാൽപ്പായസം വഴിപാടു സമർപ്പിച്ചു ഭഗവാനെ പ്രാർഥിക്കുന്നത് ഉത്തമമാണ്. ഏകദേശം  6 എണ്ണം ആക്കുമ്പോഴത്തേക്കും  ഫലസിദ്ധി ലഭിക്കാറുണ്ട് എന്ന് അനുഭവ സാക്ഷ്യങ്ങൾ. സാമ്പത്തിക ഭദ്രതയ്ക്കും തൊഴിൽ തടസ്സങ്ങൾ നീങ്ങാനും ഇവിടെ ലക്ഷ്മീ നാരായണ പൂജയും അർച്ചനയും വിശേഷമാണ് .

 

നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാൽ ഈ  സമയത്ത്‌ ക്ഷേത്ര ദർശനം നടത്തി ദീപാരാധനയിൽ പങ്കെടുക്കുന്നത്  ഇരട്ടിഫലം നൽകുമെന്നാണ് വിശ്വാസം. നെയ്‌വിളക്ക് , തുളസിമാല  , ഭാഗ്യസൂക്ത അർച്ചന എന്നിവ വഴിപാടായി സമർപ്പിക്കുന്നത് ഉത്തമം . ക്ഷേത്ര  നിവേദ്യം പാൽ പായസമാണ്‌. പഞ്ചഭൂതങ്ങളിൽ വായുദേവന്റെ നാളായ ചോതിനക്ഷത്ര ദിനത്തിൽ ഭഗവാനെ തൊഴുതു പ്രാർഥിച്ചാൽ ആപത്തുകളിൽ നിന്ന് രക്ഷനേടാം. കടബാധ്യത നീക്കി കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കാൻ പതിവായി ചോതിനക്ഷത്ര ദിവസം നരസിംഹ ക്ഷേത്ര ദർശനം നടത്താവുന്നതാണ് . ദർശന ത്തിലുടനീളം നരസിംഹമൂർത്തി മന്ത്രം ജപിക്കണം 

 

'ഉഗ്രവീരം മഹാവിഷ്ണും 

ജ്വലന്തം സർവ്വതോ മുഖം

നൃസിംഹം ഭീഷണം ഭദ്രം

മൃത്യു മൃത്യും നമാമ്യഹം.'

 

English Summary : Significance of  Aymanam Sree Narasimha Swamy Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com