ADVERTISEMENT

മനോഹരമായ ഒരുപാട് ഓർമകളുടെ കൂടിച്ചേരലാണു നടി ശരണ്യാ മോഹന് വിഷു. വിശ്വാസത്തിന്റെ കരുത്തും ഒത്തുചേരലിന്റെ സന്തോഷവും ഓരോ വിഷുക്കാലവും ശരണ്യയ്ക്കു നൽകിയിട്ടുണ്ട്. വിഷു ദിനത്തിൽ ആ ഓർമകൾ പ്രിയതാരം മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

 

മധുരിക്കുന്ന ഓർമകൾ നിറഞ്ഞ വിഷുക്കാലം 

Actress-Saranya-Mohan-02

 

അച്ഛനും അമ്മയും മുത്തശ്ശിയും മാമന്മാരും ചിറ്റപ്പനും അടങ്ങുന്ന നീണ്ട നിര തന്നെയുണ്ടായിരുന്നു വിഷുക്കൈ നീട്ടം തരാൻ . വിഷുദിനത്തിൽ വൈകുന്നേരമാകുമ്പോഴേക്കും ഞാനും അനിയത്തിയും വിഷുക്കൈനീട്ടം എണ്ണി തിട്ടപ്പെടുത്തുന്നതിന്റെ തത്രപ്പാടിലായിരിക്കും. ചില സമയത്ത് ആയിരം രൂപയിലേറെ കൈനീട്ടം ലഭിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഞങ്ങൾക്ക് പറഞ്ഞറിയിക്കാൻ ആകുമായിരുന്നില്ല. ഇപ്പോൾ വിഷുക്കൈനീട്ടം ലഭിക്കുന്നതിനേക്കാൾ കൊടുക്കുന്നതാണ് സന്തോഷം. എന്റെ ജന്മനാട് തൃശൂരാണ്. പക്ഷേ വളർന്നതും പഠിച്ചതുമൊക്കെ അച്ഛന്റെ നാടായ ആലപ്പുഴ കൊറ്റൻ കുളങ്ങരയിലാണ്. കുട്ടിക്കാലത്തു രാവിലെ കണികണ്ടുകഴിഞ്ഞു കുടുംബസമേതം അടുത്തുള്ള മഹാവിഷ്ണു ക്ഷേത്രദർശനം പതിവുണ്ടായിരുന്നു. അന്ന് ഉണ്ണിക്കന്റെ ചിത്രവും ഒറ്റരൂപാ നാണയവും തിരുമേനിയുടെ കയ്യിൽനിന്ന് കൈനീട്ടമായി ലഭിക്കും. ചില അവസരങ്ങളിൽ തൃശൂരിൽ ഉള്ള അമ്മവീട്ടിൽ വിഷു ആഘോഷിക്കാറുണ്ട് . അമ്മയുടെ  ആറ് സഹോദരങ്ങളും കുടുംബവുമൊക്കെയായി ഒരു കൊച്ചു പൂരത്തിനുള്ള ആളുണ്ടാവും തൃശൂരെ വിഷു ആഘോഷത്തിൽ. ചിലപ്പോൾ വിഷുസമയത്തു അമ്മാവന്റെ വീടായ കൊല്ലത്തും പോവാറുണ്ട്. അക്കാലത്തു ഞങ്ങൾ കുട്ടികൾ എല്ലാവരും ഹാളിൽ പായ വിരിച്ചാകും കിടക്കുക. രാവിലെ അമ്മായി ഒരു കുഞ്ഞ് ഓട്ടുരുളിയിൽ കണിയുമായി വന്നു വിളിച്ചുണർത്തുന്നത് ഇന്നും മധുരിക്കുന്ന ഓർമയാണ്. പിന്നെ കുട്ടിപ്പട്ടാളങ്ങൾ ഒന്നിച്ചിരുന്നു ടിവിയിൽ വരുന്ന വിഷു സിനിമകൾ ആസ്വദിച്ചു കാണുന്ന പതിവും ഉണ്ടായിരുന്നു.

Actress-Saranya-Mohan
നടി ശരണ്യാ മോഹൻ കുടുംബവുമൊത്ത്

 

എവിടെയായാലും ആഘോഷം മുടക്കില്ല

Actress-Saranya-Mohan-05
നടി ശരണ്യാ മോഹൻ ശ്രീ അനന്തപത്മനാഭ ക്ഷേത്രനടയിൽ

കഴിവതും വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം വിഷു ആഘോഷിക്കുവാൻ ശ്രമിക്കാറുണ്ട്. ഷൂട്ടിങ് തിരക്കുകൾ ഉള്ളപ്പോൾ പോലും ആഘോഷദിനങ്ങൾ ഒഴിവാക്കി തീയതി കൊടുക്കുവാൻ ശ്രദ്ധിക്കുമായിരുന്നു. ഇങ്ങനെയുള്ള അവസരങ്ങളിൽ മാത്രമാണല്ലോ ബന്ധുമിത്രാദികൾ ഒന്നിച്ചുകൂടുന്ന സന്തോഷം അനുഭവിക്കാൻ സാധിക്കുക. വിവാഹശേഷം കുഞ്ഞുങ്ങൾക്കായി കണിയൊരുക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാനും കുടുംബവും. ഭർത്താവിന്റെ വീടിന്റെ മുന്നിൽതന്നെ കണിക്കൊന്നയുണ്ട്. തലേന്നുതന്നെ കൊന്നപ്പൂക്കൾ പറിച്ചു കൃഷ്ണനെ അലങ്കരിച്ച്‌ ഉരുളിയും നിലവിളക്കും ചക്കയും മാങ്ങയും ഉൾപ്പെടെയുള്ളവ ഒരുക്കി വയ്ക്കും. സമൃദ്ധിയുടെ ഒരു പ്രതിരൂപമാണല്ലോ കണിയിൽ, അതിനാൽ വീട്ടിൽ തന്നെയുള്ളവയെല്ലാം കഴിവതും കണിയിൽ ഉൾപ്പെടുത്തും. കുഞ്ഞിക്കുറുമ്പുകൾക്കിടയിൽ വിഷുസദ്യ ഒരുക്കുവാൻ അമ്മയെ സഹായിക്കാൻ സാധിച്ചാൽ ഭാഗ്യം എന്ന് കരുതുന്നു.

 

നിയോഗമായി പത്മനാഭന്റെ മണ്ണിലേക്ക് ...

എല്ലാ ദേവീദേവന്മാരെയും പ്രാർഥിക്കാറുണ്ട്. എങ്കിലും ഒരൽപം ഇഷ്ടക്കൂടുതൽ കൃഷ്ണനോടുണ്ട്, പ്രത്യേകിച്ചും ഭഗവാന്റെ 'നാരായണ' ഭാവത്തെ. അനന്തപത്മനാഭ ഭക്തയാണ് ഞാൻ. വിവാഹത്തിനു മുമ്പ് മൂന്നു തവണ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴാനായി വണ്ടിയൊക്കെ ബുക്ക് ചെയ്തു കാത്തിരുന്നതാണ്. മൂന്നു തവണയും ഓരോ കാരണങ്ങളാൽ മുടങ്ങി. പിന്നീടൊരിക്കൽ ഭഗവാന്റെ സന്നിധിയിൽ വരെ എത്തിയതാണ് പക്ഷേ നടയടച്ചതിനാൽ തൊഴാൻ സാധിക്കാതെ ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വച്ച് തിരികെ പോരേണ്ടി വന്നു. അന്നുണ്ടായ വിഷമം പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഇപ്പോൾ വിവാഹശേഷം മാസത്തിൽ ഒരു തവണയെങ്കിലും ഭഗവാനെ ദർശിച്ചു തൊഴാൻ സാധിക്കാറുണ്ട്. വിശ്വാസമില്ലാത്തവർക്ക്‌ ഇത് തമാശയായി തോന്നുമെങ്കിലും എല്ലാം പത്മനാഭസ്വാമിയുടെ അനുഗ്രഹമായി കാണാനാണ് ഇഷ്ടം. അതിനാൽ മക്കൾക്ക് അനന്ത പത്മനാഭൻ എന്നും അന്നപൂർണ എന്നുമാണ് പേര് നൽകിയത്. വീട്ടിൽ പദുവും പൂർണിയും. എന്തും ഏതും തുറന്നു പറയാവുന്ന ഒരു സുഹൃത്തായാണ്  ഭഗവാനെ ഞാൻ കാണുന്നത്. 

Actress-Saranya-Mohan-04
Photo: Arun Anayadi. Costume: Zidra Boutique. Ornaments: Aeindra Jewellery. Makeup: Richu Vivek

 

വിശ്വാസങ്ങളിലൂടെ...

ക്ഷേത്രദർശനങ്ങൾ മുടക്കാറില്ല. തിരക്കുള്ള സമയങ്ങളിൽ ക്ഷേത്രദർശനം ഒഴിവാക്കുകയാണ് പതിവ്. വിശേഷ ദിവസങ്ങളിൽ ഭഗവാനെ കൺനിറയെ തൊഴാൻ സാധിക്കുകയില്ല. അതിനാൽ തിരക്ക് കുറവുള്ളപ്പോൾ ആണ് പത്മനാഭസ്വാമിക്ഷേത്രത്തിലും ഗുരുവായൂരിലുമൊക്കെ ദർശനം നടത്തുക. വിശേഷ ദിവസങ്ങളിൽ വീടിനടുത്തുള്ള കുടുംബക്ഷേത്രത്തിലും മറ്റും ദർശനം നടത്തും. വിവാഹത്തിന് മുൻപും ശേഷവും മുടങ്ങാതെ തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ചു പോന്നിരുന്നു. പ്രസവകാലങ്ങളിൽ മാത്രമാണ് വ്രതം അനുഷ്ഠിക്കാതിരുന്നിട്ടുള്ളത് . 

 

കൊച്ചു കൊച്ച് ആഗ്രഹങ്ങൾ

വെറുതെ ഇരിക്കാൻ ആഗ്രഹിക്കാറില്ല. ഉള്ള സമയം ഫലപ്രദമായി വിനിയോഗിക്കണം എന്നാണ് ആഗ്രഹം. ഭഗവാൻ അറിഞ്ഞനുഗ്രഹിച്ച കല മറ്റുള്ളവർക്ക് പകർന്നു നൽകാനായി ഇപ്പോൾ നാട്യ ഭാരതി എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുന്നു. എല്ലാത്തിനും കുടുംബത്തിന്റെ പിന്തുണയുണ്ട്.

കുഞ്ഞിലേ മുതൽ കൃഷ്ണ വേഷം കെട്ടാനും രാധയായി ഒരുങ്ങാനും ഒരു പ്രത്യേക ഇഷ്ടമായിരുന്നു . മുതിർന്നപ്പോളും അങ്ങനെയൊരു വേഷം ലഭിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് . ആ ആഗ്രഹപൂർത്തീകരണത്തിന്റെ ഭാഗമാണ് ഈ വിഷു ചിത്രങ്ങൾ

English Summary : Vishu Memories by Actress Saranya Mohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com