ADVERTISEMENT

എന്തു പഠിക്കണം,  ഏതു ജോലിയിൽ പ്രവേശിക്കണം എന്നതിനെക്കുറിച്ചെല്ലാം ഇപ്പോൾ ആലോചിച്ചുകൊണ്ടിരിക്കുകയായിരിക്കും വിദ്യാർഥികളും രക്ഷിതാക്കളും. ചിലർ എല്ലാറ്റിനും തുടക്കം കുറിക്കും. പക്ഷേ പൂർത്തിയാക്കാൻ സാധിച്ചെന്നു വരില്ല. ഈ സന്ദർഭത്തിൽ ജാതകം നല്ലൊരു വഴികാട്ടിയാണ്. ഒരാൾ ഏതു പഠനവിഷയം തിരഞ്ഞെടുക്കണമെന്നും ഏതു ജോലിയിൽ പ്രവേശിക്കണമെന്നും അതിനുള്ള കഴിവും കാലവും ആ വ്യക്തിക്ക് അനുകൂലമാണോ എന്നും മറ്റുമുള്ള കാര്യങ്ങൾ ജാതകം കൂടി നോക്കി തീരുമാനിക്കുകയാണെങ്കിൽ അയാൾക്കു തടസ്സങ്ങളൊന്നുമില്ലാതെ ലക്ഷ്യത്തിലെത്താൻ സാധിക്കും.

'ഭാവേഷ്വേഷു ഹി മുഖ്യതു തു വപുഷോ

ധർമാത്മജൗ തത്സമൗ...... '

'അത്ര പ്രഥമം ലഗ്നഗുണദോഷാഃ ചിന്ത്യാഃ ലഗ്നസ്യ ദേഹത്വാദ്. ആത്മനിരൂപണാനന്തരം പുത്രസ്ഥാനം ധർമസ്ഥാനം വാ നിരൂപണീയം.'

ജ്യോതിഷ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള വളരെ പ്രധാനപ്പെട്ട നിയമമാണിത്. ഏതു കാര്യത്തെക്കുറിച്ചു തീരുമാനിക്കുമ്പോഴും ഒരാളുടെ കഴിവുകളെക്കുറിച്ചു വിലയിരുത്തുമ്പോഴും ജാതകത്തിൽ ആദ്യം ലഗ്നഭാവവും അതിനുശേഷം അഞ്ചാം ഭാവവും പിന്നീട് ഒൻപതാം ഭാവവും ചിന്തിക്കണമെന്നാണു നിയമം.

അതായത്, മറ്റു ഭാവങ്ങൾക്കും നിയമങ്ങൾക്കും പുറമേ ലഗ്നത്തിന്റെയും അഞ്ചാം ഭാവത്തിന്റെയും ഒൻപതാം ഭാവത്തിന്റെയും ഗുണദോഷങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ് എന്നർഥം. കാരണം ലഗ്നഭാവം കൊണ്ട് ഒരാളുടെ വ്യക്തിത്വത്തെയും അഞ്ചാം ഭാവം കൊണ്ട് ബുദ്ധിശക്തിയെയും ഒൻപതാം ഭാവം കൊണ്ട് ഭാഗ്യപുഷ്ടിയെയും ചിന്തിക്കണം. വ്യക്തിത്വം, ബുദ്ധി, ഭാഗ്യം ഈ മൂന്നു കാര്യങ്ങളും ഒരാളിൽ നല്ല പോലെ ഉണ്ടാകുമ്പോൾ ഭാവി നന്നായി വരുന്നു.

ഓരോ ഭാവത്തിന്റെയും പ്രത്യേകത നോക്കാം.

 

ലഗ്നം

 

ജാതകത്തിൽ ഏറ്റവും പ്രധാനമായി ചിന്തിക്കേണ്ട ഭാവമാണ് ലഗ്നം. ലഗ്നം കൊണ്ട് വ്യക്തിത്വം, ആരോഗ്യം, സ്ഥാനവിശേഷം, ശ്രേയസ്സ്, സുഖം, കാര്യങ്ങളുടെ ജയപരാജയങ്ങൾ എന്നീ കാര്യങ്ങളെല്ലാം ചിന്തിക്കണം. ഒരാൾക്ക് എന്തെല്ലാം യോഗ്യതകൾ ഉണ്ടെങ്കിലും നല്ലൊരു വ്യക്തിത്വവും കൂടി ഉണ്ടായിരിക്കണം (pleasing magnetic and integrated personality). 

ഒരാളിൽ വ്യക്തിത്വം രൂപപ്പെടുന്നതിന് ലഗ്ന ഭാവത്തിനു വളരെയേറെ സ്ഥാനമാണുള്ളത്. അതുപോലെ ലഗ്നം കൊണ്ടാണ് ആത്മശക്തി (power of spirit) യെയും ചിന്തിക്കുന്നത്. ആത്മശക്തി മറ്റു ശക്തികളെ അപേക്ഷിച്ച് പ്രധാനപ്പെട്ടതുമാണ്.

എല്ലാ കാര്യങ്ങളുടെയും പൂർത്തീകരണത്തിന് ആത്മശക്തിയും വ്യക്തിത്വവും പ്രധാന ഘടകങ്ങളായതിനാൽ ലഗ്നത്തിന്റെയും ലഗ്നാധിപന്റെയും ബലവും ലഗ്നഭാവത്തിന്റെ കാരക ഗ്രഹമായ സൂര്യന്റെ ബലവും ഇഷ്ടഭാവസ്ഥിതിയും ജാതകത്തിൽ ഒന്നാമതായി ചിന്തിക്കണം.

 

അഞ്ചാം ഭാവം

 

ലഗ്നം കഴിഞ്ഞാൽ പിന്നെ പ്രധാനപ്പെട്ട ഭാവമാണ് അഞ്ച്. അഞ്ചാം ഭാവം കൊണ്ട് ചിന്തിക്കുന്നത് പ്രജ്ഞാ, പ്രതിഭാ, മേധാ എന്നീ ബുദ്ധികളെയും കൂടാതെ വിവേകം, പുരാതനമായിട്ടുള്ള പുണ്യം, കാര്യാലോചനയ്ക്കുള്ള ശക്തി, സന്താനം, സത്കർമങ്ങളിലുള്ള താൽപര്യം, മനഃസന്തോഷം എന്നീ കാര്യങ്ങളെയുമാണ്. കുട്ടികളെക്കുറിച്ചു ചിന്തിക്കേണ്ടത് ഈ ഭാവം കൊണ്ടാണ്. അതുകൊണ്ട് രണ്ടാമത് ഈ ഭാവത്തിനു പ്രാധാന്യം വന്നു. കുടുംബമായി ജീവിക്കുന്ന ഒരാൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ മക്കൾ.

ഈ ഭാവം കൊണ്ട് പ്രധാനമായി ചിന്തിക്കേണ്ട മറ്റൊന്നാണ് ബുദ്ധിശക്തി. ബുദ്ധി മൂന്നു തരത്തിലുണ്ട്- പ്രജ്ഞ, പ്രതിഭ, മേധ എന്നിങ്ങനെ. ഇതിൽ പ്രജ്ഞ എന്ന ബുദ്ധി തൽക്കാലകാര്യങ്ങൾ (intellect) മനസ്സിലാക്കുന്നതിനെ പറയുന്നു.

'പ്രതിഭ' എന്നത് അവസരത്തിനനുസരിച്ച് ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള കഴിവ് (Ability to reach decisions quickly and stand by them firmly) ആണ്. മൂന്നാമതായി പറയുന്ന ബുദ്ധി 'മേധയാണ്'. ഇത് ഓർമശക്തി (Memory power) ഉണ്ടാക്കുന്നു. ഈ മൂന്നു ബുദ്ധികൾക്കും  പുറമേ 'വിവേകം' എന്നതിനെക്കുറിച്ചും പ്രത്യേകം പറഞ്ഞിരിക്കുന്നു. 'വിവേകോ ഗുണദോഷയോർ കർത്തവ്യാകർത്തവ്യയോർ വിവച്യ ജ്ഞാനം' എന്നു സംസ്‌കൃതത്തിൽ. അതായത് ഓരോ കാര്യവും വേണ്ടപോലെ തിരിച്ചറിയാനുള്ള കഴിവ് (power of discrimination). ഇത്തരം കാര്യങ്ങളെല്ലാം ഒരാളുടെ ജീവിത ഗതിയെ നിയന്ത്രിക്കുന്നു. 

ജാതകത്തിൽ ഭാവത്തിന്റെയും ഭാവാധിപന്റെയും കാരക ഗ്രഹമായ വ്യാഴത്തിന്റെയും ബലത്തിനനുസരിച്ച് ഈ വക  കാര്യങ്ങൾ വിലയിരുത്താം.

 

ഒൻപതാം ഭാവം

 

ലഗ്നവും അഞ്ചും ഭാവങ്ങൾ കഴിഞ്ഞാൽ അടുത്തത് ഒൻപതാം ഭാവമാണ്. ഈ ഭാവം കൊണ്ടു ചിന്തിക്കേണ്ടതു ഭാഗ്യം, ധർമകാര്യങ്ങൾ, ദയ, ഉപാസന, സദാചാരം, ഗുരുക്കന്മാർ എന്നീ കാര്യങ്ങളാണ്. ഒരാളുടെ ഭാഗ്യത്തെക്കുറിച്ച്  ആലോചിക്കുന്നത് ഈ ഭാവം കൊണ്ടാണ്. അതുകൊണ്ടാണ് ഈ ഭാവത്തിനും പ്രാധാന്യം വന്നത്. വ്യക്തിയുടെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നാണ് 'ഭാഗ്യം'. എല്ലാ കഴിവുകളുണ്ടെങ്കിലും അതതു സ്ഥാനത്ത് എത്തണമെങ്കിൽ ഭാഗ്യം തന്നെ വേണം.

ഭാഗ്യത്തിന് മറ്റൊരു നിർവചനവും പറയുന്നുണ്ട്.

'ആരോഗ്യമഖിലാഭീഷ്ട-

കാര്യസിദ്ധിർധനാഗമ:

ദാരാത്മജാദിഹർഷം 

ച  ഭാഗ്യമിത്യുച്യതേ ബുധൈ:'

ആരോഗ്യം ഉദ്ദേശിക്കുന്ന സന്ദർഭത്തിൽ എല്ലാ കാര്യങ്ങളും സാധിക്കുക. പണത്തിനു ബുദ്ധിമുട്ട് ഇല്ലാതെ വരുക, ഭാര്യയോടും കുട്ടികളോടും കൂടിയിട്ടുള്ള സന്തോഷമായിട്ടുള്ള കുടുംബ ജീവിതം എന്നീ ഗുണങ്ങളെല്ലാം കൂടി ചേർന്നതിനെ ഭാഗ്യമെന്നു പറയുന്നു. ജാതകത്തിൽ ഒൻപതാം ഭാവത്തിന്റെയും ഭാവാധിപന്റെയും ഭാവകാരക ഗ്രഹങ്ങളായ സൂര്യൻ, ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങളുടെയും ബലം, ഇഷ്ടഭാവ സ്ഥിതി  മുതലായവ നോക്കി വ്യക്തിയുടെ ഭാഗ്യത്തെക്കുറിച്ചും  ഉള്ള ഭാഗ്യം അനുഭവത്തിൽ വരുമോ എന്നതിനെക്കുറിച്ചും മനസ്സിലാക്കാം. ലഗ്നം, അഞ്ച്, ഒൻപത് എന്നീ ഭാവങ്ങൾ പ്രധാനമായി ചിന്തിക്കണമെന്നു പറയുന്നത് ഇത്തരം കാര്യങ്ങളെയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ്.  

ജാതകത്തിലെ അതതു ദശാകാലവും അപഹാരകാലവും പരിശോധിച്ച് അതിനനുസരിച്ചുള്ള ഈശ്വരാരാധന നടത്തുകയും മേൽപറഞ്ഞ നിയമങ്ങളെല്ലാം പരിശോധിച്ച് മുന്നോട്ട് പോവുകയും ചെയ്‌താൽ ഓരോ വ്യക്തിക്കും ജീവിതത്തിന്റെ ഓരോ മേഖലയിലും മുന്നേറുവാൻ സാധിക്കും.

 

ലേഖകന്റെ വിലാസം:

 

എ.എസ്. രമേഷ് പണിക്കർ

കളരിക്കൽ ഹൗസ്

ചിറ്റഞ്ഞൂർ പി.ഒ.

കുന്നംകുളം, തൃശൂർ ജില്ല.

mob : 9847966177

Resi: 0485 220886

Email- remeshpanicker17@gmail.com

English Summary : Horoscope Tells Your Future 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com