ADVERTISEMENT

നവഗ്രഹങ്ങളിൽ ഏറ്റവും ശക്തിയേറിയ ഗ്രഹമായിട്ട് പറയപ്പെടുന്നത് ശനിയാണ്. ശനിയുടെ പിടിയിൽ അമരുന്നത് മനുഷ്യർ മാത്രമല്ല, ചുരുക്കം ചില ദേവന്മാർ ഒഴികെ മറ്റെല്ലാ ദേവന്മാരെയും ശനിദോഷം ബാധിച്ചിട്ടുണ്ടെന്നാണ് പുരാണത്തിൽ പറയുന്നത്. രക്ഷപ്പെട്ട ദേവന്മാരിൽ ഗണേശൻ ബുദ്ധിശക്തി കൊണ്ടും ഹനൂമാൻ കായികശക്തികൊണ്ടുമാണ്.

 

ഒരു ദിവസം ശനിദേവൻ ബ്രാഹ്മണവേഷത്തിൽ കാലചക്രത്തിൽ പ്രവേശിക്കാനായി ഹനൂമാന്റെ സമീപത്തെത്തിയത്രേ. തന്റെ കാലചക്രത്തെ തകിടം മറിക്കാൻ വന്നതാണെന്നറിഞ്ഞ ഹനൂമാൻ സ്വയം തകിടം മറിയാതെ നോക്കാൻ ശനിദേവനോട് ഉപദേശിച്ചു. കോപം പൂണ്ട ശനിദേവൻ ഹനൂമാനെ പിടികൂടാൻ ശ്രമിക്കുമ്പോൾ ഹനൂമാൻ സ്വയം വളർന്ന് ശനിയുടെ കുടുമ പിടിച്ച് വായുവിൽ ആട്ടാൻ തുടങ്ങി. വേഗത കൂട്ടാനായി ഹനൂമാൻ തന്റെ വായിൽ വായു നിറച്ച് ശനിദേവന്റെ ശരീരത്തിലേക്ക് ഊതി. കൊടുങ്കാറ്റിൽ വിറയ്ക്കുന്ന ആലില പോലെ ശനിദേവൻ വായുവിൽ കിടന്നാടാൻ തുടങ്ങി. രക്ഷിക്കാൻ അപേക്ഷിച്ചെങ്കിലും ഹനൂമാൻ കേൾക്കാൻ തയാറായില്ല. 

 

ശനിദേവൻ ഗണപതിയെ വിളിച്ചു കരയുന്ന കണ്ട ഹനൂമാന് മനസ്സലിഞ്ഞ് ചില വ്യവസ്ഥകളിൽ ശനിദേവനെ വിടാൻ തയാറായി. ഗണേശനെയും തന്നെയും ശനി ബാധിക്കരുതെന്ന് മാത്രമല്ല തങ്ങളെ ആരാധിക്കുന്നവരെയും ഉപദ്രവിക്കരുതെന്ന് ആവശ്യം ഉന്നയിച്ചു. ജീവൻ തിരിച്ചു കിട്ടാനുള്ള വ്യഗ്രതയിൽ ശനിദേവൻ വ്യവസ്ഥകൾ എല്ലാം തന്നെ അംഗീകരിച്ചു. ഇതോടുകൂടി ശനിദേവൻ മോചിതനായി. അങ്ങനെ ഹനൂമാനും ഗണേശനും അവരുടെ ഭക്തന്മാരും ശനിദോഷത്തിൽ നിന്നു മുക്തരായി.  

 

ശ്രീഹനൂമാനെ നിഷ്ഠയോടെ ആരാധിക്കുന്ന ഭക്തരെ ഏഴരശനി ബാധിക്കുകയില്ലത്രേ. ശനി അഷ്ടമസ്ഥാനത്തു വന്നാൽ പോലും ആഞ്ജനേയ ഭക്തർക്ക് ഗ്രഹപ്പിഴയോ മരണമോ സംഭവിക്കില്ല എന്നാണു വിശ്വാസം.

 

ശനിദോഷമുള്ള ഭക്തർ ശനിയാഴ്ചകളിൽ ഹനൂമാൻ സ്വാമിക്കു വെണ്ണയും കദളിപ്പഴവും അവിലും നിവേദിക്കുന്നത്  ഉത്തമ വഴിപാടായി പറയപ്പെടുന്നു.

 

ശനിദോഷ നിവാരണത്തിനായി ഹനൂമാൻ സന്നിധിയിൽ ശനിയാഴ്ചകളിൽ പ്രധാനമാണെങ്കിലും ഹനൂമാൻ ജനിച്ച ദിവസമായ ചൊവ്വാഴ്‌ചയും ശ്രീരാമന് പ്രാധാന്യമുള്ള ബുധനും വ്യാഴവും ഹനൂമാന്റെ ഗുരുവായ സൂര്യദേവനെ ദിവസമായ ഞായറാഴ്ചയും ഹനൂമാന്റെ നാളായ ചോതിയും പ്രധാനപ്പെട്ട ദിവസങ്ങളാണ്.  

 

 

 

ലേഖകൻ

സുനിൽ

9447415140

English Summary : Significance of Hanuman Worship to avoid Shani Dosha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com