sections
MORE

'കണ്ടു ഞാൻ സീതയെ...' രാമമന്ത്ര മുഖരിതമായി കളത്തിൽ ശ്രീരാമക്ഷേത്രം

HIGHLIGHTS
  • കത്തിയമർന്ന് ചരിത്രത്തിന്റെ ഭാഗമായ ക്ഷേത്രം
kalathil-rama-temple-main
SHARE

കർക്കടകം പിറന്നതോടെ ഹൈന്ദവഗൃഹങ്ങളിൽ നിന്നും രാമ മന്ത്രങ്ങൾ ഉയർന്നു തുടങ്ങി. പൊതുവെ അലസതയും അസ്വസ്ഥതയും സൃഷ്ടിക്കുന്ന കര്‍ക്കടക മാസത്തിൽ ശ്രീരാമ ക്ഷേത്ര ദർശനം, ശ്രീരാമമന്ത്ര ജപം എന്നിവ ഈ മാസത്തിലെ എല്ലാവിധ ദുർഘടങ്ങളെയും ഇല്ലാതാക്കും എന്നാണ് പറയപ്പെടുന്നത്. കോവിഡ് പോലുള്ള മഹാമാരികൾ ജീവിതത്തെ കടന്നാക്രമിക്കുന്ന ഈ കാലത്ത് രാമമന്ത്ര മുഖരിതമായ അന്തരീക്ഷത്തിലൂടെ ഓരോ ഭക്തന്റെയും ഉള്ളിലെ നെഗറ്റിവിറ്റി പുറന്തള്ളി , നന്മയുടെ അംശം നിറയ്ക്കുകയാണ് കളത്തിൽ ശ്രീരാമ സ്വാമി ക്ഷേത്രം. 

kalathil-rama-temple-01

വലുപ്പത്തിൽ ചെറുതെങ്കിലും പ്രതിഷ്ഠാചൈതന്യം കൊണ്ട് ഏറെ വേറിട്ട് നിൽക്കുന്ന ക്ഷേത്രമാണ് കളത്തിൽ ശ്രീരാമസ്വാമി ക്ഷേത്രം. പരശുരാമ നിർമിതമായ കേരളത്തിലെ അപൂർവം ചില ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.  നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം എറണാകുളം ജില്ലയിലെ പൂക്കാട്ടുപടിയിൽ ചെയ്യുന്നു. ഇടപ്പള്ളിയിൽ നിന്നും 12  കിലോ മീറ്റർ നീങ്ങി പെരുമ്പാവൂർ റൂട്ടിൽ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാനാകും. ഭക്തജനപ്രിയനും ലോകസൗഖ്യദായകനും പ്രസന്നവദനനുമായ ശ്രീരാമ സ്വാമിയുടെ പ്രതിഷ്ഠ ക്ഷേത്രത്തെയും ക്ഷേത്രത്തോടനുബന്ധിച്ചുള്ള പ്രദേശത്തെയും സർവ ഐശ്വ്യര്യങ്ങളോടും കൂടി സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം.  നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം പുതുക്കി പണിത് പുനപ്രതിഷ്ഠ നടത്തിയത് 1999  ലാണ് . 

 'കണ്ടു ഞാൻ സീതയെ' 

ഓരോ ക്ഷേത്ര പ്രതിഷ്ഠയ്ക്കും ഓരോ ഭാവം ഉണ്ടായിരിക്കും. ഇവിടെയും ആ പ്രതിഷ്ഠാ ഭാവം തന്നെയാണ് വിശിഷ്ടം. കേരളത്തിലെ മുപ്പതോളം വരുന്ന രാമ ക്ഷേത്രങ്ങളിൽ നിന്നും കളത്തിൽ ശ്രീരാമ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് 'കണ്ടു ഞാൻ സീതയെ' എന്ന രൂപത്തിലും ചൈതന്യത്തിലും നില കൊള്ളുന്ന ശ്രീരാമ പ്രതിഷ്ഠയാണ്. രാവണൻ തടവിലാക്കിയ സീതയെ ശക്തമായ യുദ്ധത്തിന് ശേഷം അശോകവനിയിൽ കണ്ടെത്തുന്ന സന്തുഷ്ടനായ രാമനെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശത്രുനിഗ്രഹം കഴിഞ്ഞ്, തന്റെ പ്രിയതമയോട് ചേരുന്ന അതീവ സന്തുഷ്ടനും പ്രസന്നവദനനുമായ പ്രതിഷ്ഠാഭവമായതിനാൽ  സർവാഭീഷ്ടപ്രിയനും ക്ഷിപ്ര പ്രസാദിയുമായി ഭഗവാൻ നിലകൊള്ളുന്നു. അതിനാൽ തന്നെ പ്രാർഥിക്കുന്ന കാര്യങ്ങൾ ഫലം കാണും എന്നാണ് വിശ്വാസം.  ശത്രു ദോഷ പരിഹാരങ്ങൾക്കും ധന ധാന്യ സമൃദ്ധിക്കും കുടുംബസൗഖ്യത്തിനും  ഇഷ്ടജന പ്രീതിക്കുമായി ക്ഷേത്രത്തിൽ ഭക്തജനങ്ങൾ ദർശനം നടത്തി വരുന്നു.

kalathil-rama-temple-02

കത്തിയമർന്ന് ചരിത്രത്തിന്റെ ഭാഗമായ ക്ഷേത്രം 

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത് കൊച്ചി രാജാക്കന്മാരുടെ കാലത്താണ് അക്കാലത്തെ നാടുവാഴികളുമായിരുന്ന കളത്തിൽ കുടുംബത്തിന്റെ പരദേവതാ ക്ഷേത്രമാണ് കളത്തിൽ ശ്രീരാമ സ്വാമി ക്ഷേത്രം.  ആലുവ, പൂക്കാട്ടുപടി , പെരുമ്പാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപിച്ചു കിടന്നിരുന്ന കളത്തിൽ കുടുംബത്തിന് കീഴിൽ നിരവധി ക്ഷേത്രങ്ങളുണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ആലുവയിലെ പവർ ഹൗസിനോട് ചേർന്നുള്ള ത്രിക്കണ്ണൂരപ്പന്റെ പ്രതിഷ്ഠ. ശ്രീരാമ പ്രതിഷ്ഠയായിരുന്നു ത്രിക്കണ്ണൂരപ്പൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. എന്നാൽ പതിറ്റാണ്ടുകൾക്കുമുമ്പുണ്ടായ ഒരു തീപിടുത്തത്തിൽ ആ ക്ഷേത്രം പൂർണമായും കത്തിനശിച്ചു. ഇപ്പോഴും ക്ഷേത്രത്തിൻറെ അവശേഷിപ്പുകൾ അവിടെ കാണാൻ  കഴിയും.

പിന്നീട്, നടത്തിയ അഷ്ടമംഗല്യപ്രശ്നത്തിൽ ഉചിതമായൊരു സ്ഥാനം കണ്ട് ക്ഷേത്രം നിർമിക്കാനും പുനഃപ്രതിഷ്ഠ നടത്താനും തീരുമാനമായി. ആ  ഉത്തരവാദിത്വം അക്കാലത്തെ അന്തരാവാകാശിയായ അമ്മിണി കുഞ്ഞമ്മയിൽ നിക്ഷിപ്തമായി. അമ്മിണികുഞ്ഞമ്മ ആ ദൗത്യം ഇരുകൈകളും നീട്ടി ഏറ്റെടുത്തു. ആലുവയിൽ നിന്നും മാറി മറ്റൊരു ദേശത്ത് രാമപ്രതിഷ്ഠ നടത്താനായിരുന്നു നിയോഗം.  അങ്ങനെ 1999  ൽ പൂക്കാട്ടുപടിയുടെ ഭാഗമായി  കളത്തിൽ ശ്രീരാമക്ഷേത്രം ക്ഷേത്രവിധിപ്രകാരം പണികഴിപ്പിക്കുകയും രാമ പ്രതിഷ്ഠ നടത്തുകയും ചെയ്തു. നിലവിൽ അമ്മിണിക്കുഞ്ഞമ്മയുടെ മകളായ വിജയാംബിക കുഞ്ഞമ്മയും കുടുംബവുമാണ് ക്ഷേത്രകാര്യങ്ങൾ നോക്കി നടത്തുന്നത്.

Temple

അര ഏക്കറിൽ മതിൽകെട്ടും നാലമ്പലവും ക്ഷേത്രക്കിണറും തിടപ്പള്ളിയും എല്ലാം ചേർത്താണ് ക്ഷേത്ര നിർമാണം പൂർത്തിയാക്കിയത്. ഔഷധസസ്യങ്ങൾ, മറ്റ് പുഷ്പലതാദികൾ എന്നിവയെക്കൊണ്ട് സമ്പന്നമാണ് ക്ഷേത്ര പരിസരം. ശാസ്താവ്, ഭുവനേശ്വരി, ഹനുമാൻ, നാഗങ്ങൾ, ബ്രഹ്മ രക്ഷസ് എന്നീ ഉപപ്രതിഷ്ഠകളും ക്ഷേത്രത്തെ ധന്യമാക്കുന്നു. ക്ഷേത്രാങ്കണത്തിൽ പടർന്നു നിൽക്കുന്ന ആൽവൃക്ഷച്ചോട്ടിലാണ് ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠ.

അഭീഷ്ടഫലസിദ്ധിക്ക് പാൽപായസം

ഗണപതിഹോമത്തോടെയാണ് ക്ഷേത്രത്തിലെ ദിവസപൂജകൾക്ക് തുടക്കം കുറിക്കുന്നത്. സർവവിഘ്ന ശമനതതിനായി ഗണപതിഹോമത്തിന്റെ ഭാഗമാകാൻ അതിരാവിലെ തന്നെ ഭക്തർ ക്ഷേത്രത്തിലേക്ക് എത്തുന്നു. അഭീഷ്ടഫലസിദ്ധിക്കായി പാൽപ്പായസമാണ് ശ്രീരാമ സ്വാമിയുടെ ഇഷ്ട വഴിപാട്. ദിവസപൂജ, വെണ്ണ,  അവൽ നിവേദ്യം, പുരുഷസൂക്‌തം നാഗങ്ങൾക്ക് മംഗളാഭിഷേകം എന്നിവയാണ് ക്ഷേത്രത്തിലെ മറ്റു പ്രധാന വഴിപാടുകൾ.  ശ്രീരാമ സ്വാമിയുടെ ജന്മ നക്ഷത്രമായ പുണർതം നാളിൽ എല്ലാ മാസവും  വിശേഷാൽ പൂജകൾ നടത്തിവരുന്നു. പുണർതം നാളിൽ ശ്രീരാമനെ തൊഴുന്നതിലൂടെ കുടുംബത്തിൽ എല്ലാവിധ സൗഖ്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം. എല്ലാവർഷവും മെയ് 12 ന് ആചാരവിധിപ്രകാരം ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആചരിക്കുന്നു.മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ഇവിടെ രാവിലെ മാത്രമാണ് പൂജയുള്ളത്. 

കർക്കടകമാസത്തിലെ പുണർതം നക്ഷത്രം ഇവിടെ വളരെ പ്രധാനമാണ്.  കർക്കടകത്തിലെ ദുരിതങ്ങളെ ഇല്ലാതാക്കാനും ഐശ്വര്യം കൊണ്ടുവരാനുമായി രാമായണ പാരായണം ചെയ്യുന്ന ഭക്തർക്ക് അതിനുള്ള സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കി നൽകിയിരിക്കുന്നു. രാമായണമാസത്തിലെ ശ്രീരാമക്ഷേത്ര ദർശനം രാമായണ പാരായണത്തിന് തുല്യമായി കണക്കാക്കപ്പെടുന്നു.   കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാൻ കളത്തിൽ ശ്രീരാമ സ്വാമിയുടെ ചൈതന്യത്തിനു കഴിയുന്നു എന്നതിന്റെ പ്രതിഫലനമാണ് കർക്കടകത്തിലെ ഭക്തജനത്തിരക്ക്. 

English Summary : Significance of  Kalathil Sreerama Temple

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA