sections
MORE

ആചാരപ്പെരുമയിൽ ഓണം , അറിയണം ഇക്കാര്യങ്ങൾ

HIGHLIGHTS
  • വാമനനാണ് യഥാർഥത്തിൽ തൃക്കാക്കരയപ്പൻ
thumba-flower
ചിത്രം: ഹരിലാൽ ∙മനോരമ
SHARE

നടുമുറ്റത്തു പൂക്കളമൊരുങ്ങി. ഓണമിങ്ങെത്തി. തലേന്നുണ്ടൊരു ഉത്രാടപ്പാച്ചിൽ. ആകെയൊരു വെപ്രാളമാണ്. എല്ലാമുണ്ടെങ്കിലും ഒന്നും ഒരുക്കിയിട്ടുണ്ടാകില്ല.  എന്തെല്ലാം കാര്യങ്ങളാണ് ഒരുക്കാനുള്ളത്! ആ ഉത്രാടപ്പാച്ചിലിന്റെ വെപ്രാളത്തിനുമുണ്ടൊരു മലയാളിത്തം. ഏതു കാര്യമായാലും മലയാളിക്ക് ഇരുപത്തിനാലാം മണിക്കൂറിലൊരു പാച്ചിലുണ്ട്. അതിന്റെ അനുഭൂതിയൊന്നു വേറെ! ഓണസദ്യ ഒരുക്കാനും ഓണക്കോടി എടുത്തുവയ്ക്കാനും ഓണക്കളികൾക്ക് അരങ്ങൊരുക്കാനും മാത്രം പോരാ ഉത്രാടപ്പാച്ചിൽ. ഓണവുമായി ബന്ധപ്പെട്ടു ചില ആചാരങ്ങളും പഴമക്കാർ മുറ തെറ്റാതെ അനുഷ്ഠിച്ചിരുന്നു. മുറ്റത്തു പൂക്കളമൊരുക്കുന്നതും പൂമുഖത്തു തൃക്കാക്കരയപ്പനെ പൂജിക്കുന്നതും മച്ചിനകത്തു കാരണവന്മാർക്കു വച്ചുകൊടുക്കുന്നതും ഇളമുറകൾക്കു കോടി കൊടുക്കുന്നതുമൊക്കെ  ഓണത്തിനു പണ്ടുള്ളവർ ചെയ്തുവന്നിരുന്ന ആചാരങ്ങളാണ്. കേരളത്തിൽ പലയിടത്തും ആചാരങ്ങൾ അനുഷ്ഠിക്കുന്ന രീതിയിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും തത്ത്വം ഒന്നുതന്നെ.

ഓണത്തിന്റെ ഐതിഹ്യത്തിൽ രണ്ടു പ്രധാന വ്യക്തികളാണല്ലോ ഉള്ളത്- മാവേലിയും വാമനനും. രണ്ടു പേരും മലയാളിക്ക് ആരാധ്യരാണ്- മാവേലിയെ വരവേൽക്കണം, വാമനനെ പൂജിക്കണം. നാടു വാണിരുന്ന മഹാബലിത്തമ്പുരാനെ വരവേൽക്കാനാണു മുറ്റത്തു പൂക്കളമിടുന്നത്. എന്നാൽ ഇപ്പോൾ മുറ്റത്തു പൂക്കളമിടാതെ പൂക്കളമത്സരങ്ങളിൽ പങ്കെടുക്കാൻ പോകുന്ന തിരക്കിലാണു നാം. ഓണത്തിന്റെ പ്രധാന ആചാരം തൃക്കാക്കരയപ്പനെ പൂജിക്കലാണ്. ഓണത്തിന് ഉണ്ടാക്കുന്ന തൃക്കാക്കരയപ്പൻ മാവേലിയാണ് എന്നാണു പലരുടെയും ധാരണ. എന്നാൽ മാവേലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി എന്ന് ഐതിഹ്യത്തിൽ പറയുന്ന വാമനനാണ് യഥാർഥത്തിൽ തൃക്കാക്കരയപ്പൻ. തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയും വാമനമൂർത്തിയാണല്ലോ.

തൃക്കാക്കരയപ്പനെ പൂജിക്കുന്നതിലൂടെ മഹാവിഷ്ണുവിന്റെ വാമനമൂർത്തിയെയാണു നാം ആരാധിക്കുന്നത്. ഓണത്തിനു ദിവസങ്ങൾക്കു മുൻപു തന്നെ മണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കും. ഓണത്തലേന്ന്, അതായത് ഉത്രാടദിവസം സന്ധ്യയ്ക്കു മുൻപ് ഈ തൃക്കാക്കരയപ്പനെ പൂമുഖത്തു വയ്ക്കും. പിന്നെ മൂന്നു ദിവസം ഈ തൃക്കാക്കരയപ്പനെ ഗൃഹനാഥൻ തന്നെ രാവിലെയും വൈകുന്നേരവും പൂജിക്കും. പൂജയ്ക്കൊടുവിൽ വീട്ടിലുള്ളവരെല്ലാവരും ചേർന്നു തൃക്കാക്കരയപ്പനെ നമസ്കരിക്കും. ഓണം കഴിഞ്ഞാൽ, മണ്ണു കൊണ്ടുള്ള ഈ തൃക്കാക്കരയപ്പന്റെ രൂപം ജലാശയത്തിൽ നിമജ്ജനം ചെയ്യുന്ന രീതിയാണു പലയിടത്തുമുണ്ടായിരുന്നത്. എന്നാൽ കാലം മാറി, തടി കൊണ്ടും കോൺക്രീറ്റ് കൊണ്ടു പോലുമുള്ള തൃക്കാക്കരയപ്പൻ ഇന്നു വിപണിയിൽ തയാർ!

ഓണദിവസം അനുഷ്ഠിച്ചിരുന്ന മറ്റൊരു ആചാരമാണു ‘കാരണവന്മാർക്കു കൊടുക്കൽ’ എന്നത്. ഓണം ആഘോഷിക്കാൻ എത്ര വലിയ സദ്യയുണ്ടാക്കിയാലും മൺമറഞ്ഞുപോയ ഗുരുകാരണവന്മാരെ അനുസ്മരിച്ച് അവർക്കു വേണ്ടി എന്നു സങ്കൽപിച്ച് അൽപം സമർപ്പിച്ച് ആരാധിക്കുന്ന രീതി മുൻപു പല വീടുകളിലും ഉണ്ടായിരുന്നു.

വിഷുവിനു കൈനീട്ടം നൽകുന്നതുപോലെ ഓണത്തിനു കോടിവസ്ത്രമാണു കുടുംബനാഥൻ ഇളമുറക്കാർക്കു നൽകുന്നത്. എല്ലാവർക്കും ഗൃഹനാഥന്റെ കയ്യിൽനിന്ന് ഓണക്കോടി കിട്ടും.

അങ്ങനെ രാജാവിനെയും ഈശ്വരനെയും മൺമറഞ്ഞുപോയവരെയും ഇളമുറകളെയും ആരാധിക്കുക എന്ന മഹത്തായ തത്ത്വം ഓണത്തിന്റെ ഈ ആചാരങ്ങളിലുണ്ട്.

English Summary : Rituals in Onam 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA