sections
MORE

മനുഷ്യവംശത്തിന്റ സ്വാർഥതയാണ് ഉറി; അതാണ് കണ്ണൻ മുളന്തണ്ടുകൊണ്ട് അടിച്ചുടയ്ക്കുന്നത്...

HIGHLIGHTS
  • ഗുരുവായൂരിലെ അഷ്ടമിരോഹിണി ആഘോഷം കേരളത്തിൽ തന്നെ വേറിട്ടതാവുന്നു
guruvayoorappan-ekadashi
SHARE

 അവനവന്റെ ആവശ്യം തീർന്നു ബാക്കിയായതുപോലും അത്യാവശ്യക്കാർക്കു നൽകാതെ  കയ്യെത്താ ഉയരത്തിൽ കെട്ടിത്തൂക്കിയിടുന്ന സ്വാർഥതയുടെ പ്രതീകമാണ് ഉറികൾ. ഉയരത്തിൽ ഉറഞ്ഞുകൂടിയ 

ഈ സ്വാർത്ഥബോധത്തിന്റെ മൺകുടങ്ങളാണ്  കണ്ണൻ മുളന്തണ്ടു കൊണ്ട് അടിച്ചുടയ്ക്കുന്നത്.

ഉറിയടിയുമായി ബന്ധപ്പെട്ട കഥകൾക്ക് പ്രാദേശിക വകഭേദങ്ങൾ കണ്ടേക്കാമെങ്കിലും ‘അന്യന്റെ വിശപ്പ് അറിയുക’ എന്നൊരു സന്ദേശം ഈ  കുട്ടിക്കളിയിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട് കൃഷ്ണൻ.  

കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ‌ക്കു പരിമിതിയുണ്ടെങ്കിലും പങ്കുവയ്പ്പിന്റെ ഈ മഹത്തായ സന്ദേശം ഇന്നത്തെ  ചടങ്ങുകളെ   മുൻപെന്നെത്തേക്കാളും പ്രസക്തമാക്കുന്നുണ്ട് എന്ന് സംഘാടകർ കരുതുന്നു.

ഭക്തിയും  ദർശനങ്ങളും കലയുടെ  സൗന്ദര്യവുമൊക്കെ  സമം ചേരുമ്പോൾ ഗുരുവായൂരിലെ അഷ്ടമിരോഹിണി ആഘോഷം കേരളത്തിൽ തന്നെ വേറിട്ടതാവുന്നു. നൃത്തപരിശീലനം നടത്തിയ  കുട്ടികൾ  കൃഷ്ണ– സുദാമാവ്– ഗോപികമാരായി വേഷപ്പകർച്ച നടത്തി    അനുപമമായ ചുവടുവ്യ്പ്പുകളോടെ ക്ഷേത്രനടയിലേക്കെത്തുമ്പോഴേക്കും ‘വീഥികൾ അമ്പാടിയായിമാറും’ എന്നത് അതിശയോക്തി കലർന്ന വെറും പറച്ചിൽ മാത്രമല്ല.  

30 വർഷങ്ങൾ മുൻപു വരെ ക്ഷേത്രനഗരയിലെ അഷ്ടമിരോഹിണി ആഘോഷം ക്ഷേത്രത്തിനകത്തു മാത്രം നടക്കുന്ന ചടങ്ങുകളിൽ ഒതുങ്ങിയിരുന്നു. ഗുരുവായൂർ നായർ സമാജം മുൻകൈ എടുത്താണ് ഇത് നാടിന്റെ  ജനകീയ ഉത്സവമാക്കിയത്.   നടത്തുന്നത് നായർ  സമാജമാണെങ്കിലും ആഘോഷകമ്മിറ്റിയിൽ എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരുമുണ്ടാകും.

കൃഷ്ണന്റെ  ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾക്കു പുറമെ ക്ഷേത്രകലകളും ഈ എഴുന്നള്ളിപ്പിൽ സ്ഥാനം പിടിക്കുന്നു. ചെട്ടിക്കുളങ്ങരയിൽ പ്രചാരത്തിലുള്ള ജീവത, തെയ്യം, പടയണി തുടങ്ങിയ ക്ഷേത്ര കലാരൂപങ്ങൾ ഗുരുവായൂരിൽ പരിചിതമായത് ഇങ്ങനെയാണ്.

അടിച്ചുടയ്ക്കാനുള്ള ഉറികൾ തലേദിവസം പൂജിച്ച് സജ്ജമാക്കുന്നു. പൂജയ്ക്കു ശേഷം  ഉറികൾ നിറയ്ക്കും. സാധാരണ ആയിരത്തോളം ഉറികളുണ്ടാവും. ഈ വർഷം എണ്ണം 300 ആയി പരിമിതപ്പെടുത്തി. പാല്, തൈര്, വെണ്ണ, അപ്പം, പഴം എന്നിവ ഉറികളിൽ നിറയ്ക്കും. തുടർന്ന് അലങ്കരിച്ച ഉറികൾ  എഴുന്നള്ളിപ്പ് കടന്നുപോകുന്ന വീഥികളിലും ക്ഷേത്രസന്നിധികളിലും തൂക്കും.

3 കുടങ്ങൾ ഒരുമിച്ച് ചേർത്ത് നിർമ്മിക്കുന്ന പ്രത്യേകരീതിയിലുള്ള കുടങ്ങളാണ് ഉറിയടിക്ക് ഉപയോഗിക്കുന്നത്. 

തൃശൂർ ജില്ലയിൽ പാത്രമംഗലത്ത്, കുംഭാര സമുദായക്കാരാണ് കുടങ്ങൾ തയാറാക്കുന്നത്. സംഘാടകൾ വെറുതെ പോയി കുറേ  വാങ്ങിയിട്ടു വരികയല്ല രീതി. കുടങ്ങളുണ്ടാക്കുന്നവർക്കും ഈ ആഘോഷത്തിൽ പ്രത്യേക സ്ഥാനമുണ്ട്. നേരത്തെ തന്നെ അവരുടെ കോളനിയിൽപ്പോയി ദക്ഷിണയും വസ്ത്രവും കൊടുത്തശേഷം കുടങ്ങൾ നിർമിക്കാൻ ‘അഭ്യർഥിക്കുകയാണ്’ ചെയ്യുന്നത്. കുടമുണ്ടാക്കി കഴിഞ്ഞാൽ അവിടെയുള്ളവർ ഒരെണ്ണം  ഗുരുവായൂരിൽ കൊണ്ടു വന്നു സമർപ്പിക്കും. എന്നിട്ടു മാത്രമേ കുടങ്ങൾ ചുട്ടെടുക്കുകയുള്ളൂ. കുടങ്ങൾ ഏറ്റുവാങ്ങുന്നതും പ്രത്യേക ചടങ്ങാണ്.

ലോകത്ത് ഗുരുവായൂരപ്പ ഭക്തർ ഉള്ളിടത്തൊക്കെ  ഇന്നത്ത യാത്രയുടെ ലൈവ് സ്ട്രീമിങ് കാത്തിരിക്കുകയാണെന്ന് സംഘാടകർക്കു ലഭിക്കുന്ന അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു.രണ്ടു സമയങ്ങളിലായാണ് ഗുരുവായൂർ അഷ്ടമിരോഹിണി ആഘോഷക്കമ്മിറ്റിയുടെ അഷ്ടമിരോഹിണി എഴുന്നള്ളിപ്പ് നടക്കുന്നത്. എഴുന്നള്ളിപ്പ് ആരംഭിക്കുന്നതും അവസാനിക്കുന്നതും മമ്മിയൂർ മഹാദേവ ക്ഷേത്രസന്നിധിയിലാണ്.

ഇവിടെ വലിയൊരു പൂക്കളവും അതിനുള്ളിൽ 14 വിളക്കുകളും ഒരുക്കിയിട്ടുണ്ടാവും. ഇത് ഈരേഴ് പതിനാല് ലോകത്തെ പ്രതിനിധീകരിക്കുന്നുവെ ന്നാണ് സങ്കൽപം. ജീവത എഴുന്നള്ളത്തിനായാണ് ഈ കളം ഒരുക്കിയിരിക്കുന്നത്. പ്രത്യേക പരിശീലനം സിദ്ധിച്ച ബ്രാഹ്മണ ശ്രേഷ്ഠർ താളമേളങ്ങളുടെ അകമ്പടിയോടെ ഈ കളത്തിൽ ചുവടുവെക്കും. മഹാവിഷ്ണു, മഹാദേവൻ, ഭഗവതി എന്നീ ദേവീദേവന്മാരുടെ ചൈതന്യമാവാഹിച്ച തിടമ്പുകളാണ് ജീവതയിൽ പ്രതീഷ്ഠിക്കുന്നത്.

 മമ്മിയൂർ ക്ഷേത്രത്തിൽ നിന്ന് രാവിലെ 9 മണിയോടെ എഴുന്നള്ളിപ്പ്  ഗുരുവായൂർ ക്ഷേത്രത്തിലേക്ക്  പുറപ്പെടും.  ഉറിയടിയും, ജീവത എഴുന്നള്ളത്തും, ഗോപികാനൃത്തവുമാണ് എഴുന്നള്ളിപ്പിന്റെ പ്രധാന ആകർഷണം. ഉറിയടിക്കും ഗോപികാനൃത്തത്തിനും വെവ്വേറെ കൃഷ്ണൻമാരുണ്ടാകും. കൃഷ്ണനും രാധയും ഗോപികമാരുമടക്കം ഇരുപതോളം പേരാണ് ഗോപികാനൃത്തത്തിനുണ്ടാവുക. ഉറിയടിക്കാൻ കൃഷ്ണനും സുദാമാവും ഒപ്പം 4 കുട്ടികളുമുണ്ടാവും. 

ഗോപികനൃത്തത്തിനും, ഉറിയടിക്കും പ്രത്യേകം നൃത്താധ്യാപകരാണ്  ചുവടുകൾ ചിട്ടപ്പെടുത്തുന്നത്. മറ്റ് എഴുന്നള്ളത്തുകളിൽ കാണാറുള്ള താലമെടുപ്പിൽ നിന്ന് അൽപം വ്യത്യാസമുണ്ട് ഇവിടെ. നവധാന്യമുളകൾ, തിരുവുടയാട, ലക്ഷ്മി വിളക്ക്, പുഷ്പങ്ങൾ എന്നിവ നിരത്തിയ താലമാണ്  സ്ത്രീകൾ കയ്യിലേന്തുന്നത്.

 അലങ്കരിച്ച മുത്തുക്കുടകളുടെ അകമ്പടിയോടെ  കൃഷ്ണനും സംഘവും ഇറങ്ങുമ്പോഴേക്കും വഴിനീളെ ഉറികൾ നിരന്നിട്ടുണ്ടാവും. എല്ലാം ഉടച്ച് സംഘം ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലേക്ക് തിരിക്കും. ക്ഷേത്ര നടയ്ക്കലാണ് പ്രധാന ചടങ്ങുകൾ.  ഇത് പൂർത്തിയാക്കിയ ശേഷം സംഘം മമ്മിയൂർക്കു തന്നെ തിരിച്ചുപോകും. 

വൈകുന്നേരം വീണ്ടും വർണാഭമായ എഴുന്നള്ളിപ്പ് ആരംഭിക്കും. കെട്ടുകാഴ്ചകളും നിശ്ചലദൃശ്യങ്ങളും അടങ്ങുന്ന ഈ എഴുന്നള്ളിപ്പിന് 3 ആനകൾ അകമ്പടിയുണ്ടാവും. രാവ് പകലാക്കി പന്തങ്ങൾ തെളിയുന്നതോടെ  ക്ഷേത്ര നഗരി ഉത്സവഛായയിലാവും. ഈ എഴുന്നള്ളിപ്പും ഗുരുവായൂർ ക്ഷേത്ര നടയിലെത്തി ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം  മമ്മിയൂർക്ക് തന്നെ തിരിച്ചുപോവും. മമ്മിയൂർ ക്ഷേത്രസന്നിധിയിലെത്തി ജീവതയിൽ പ്രതിഷ്ഠിച്ച ചൈതന്യത്തെ പ്രകൃതിയിലേക്ക്  തിരികെ ആവാഹിക്കുന്നതോടെ അഷ്ടമിരോഹിണി ആഘോഷത്തിന്റെ ചടങ്ങുകൾക്ക് പരിസമാപ്‌തിയാവും..

ഏഴുവർഷം കൃഷ്ണനായ അപർണ കെ. ശർമ, മീര ശ്രീനാരായണൻ, നന്ദന ദേവദാസ്, രേവതി, വൈഷണവ കെ. സുനിൽ തുടങ്ങിയവർ അഷ്ടമിരോഹിണി ആഘോഷത്തിൽ കൃഷ്ണവേഷമിട്ടുകൊണ്ട് പ്രശസ്തരായവരാണ്. ഐശ്വര്യ ബി. നായരാണ് ഈ വർഷം കൃഷ്ണ വേഷത്തിൽ. സഞ്ജയ് കൃഷ്ണയാണ് സുദാമാവ്. വേഷമണിയുന്നവരും താലമെടുക്കുന്നവരുമെല്ലാം വ്രതം അനുഷഠിക്കാറുണ്ട്.

ആഘോഷത്തിന്റെ സംഘാടകരായ ഗുരുവായൂർ നായർ സമാജത്തിന് ഇത് മാസങ്ങളുടെ കഠിനപ്രയത്നം പൂർണതിയലെത്തുന്നതിന്റെ നിമിഷങ്ങൾ കൂടിയാണ്. ഒരുമാസം മുൻപു തുടങ്ങുന്ന ചിട്ടയായ പ്രവർത്തനങ്ങളിലുടെയാണ് സമാജം അംഗങ്ങൾ ശ്രീകൃഷ്ണജയന്തി ദിനത്തിലെ ആഘോഷത്തിന് ഒരുങ്ങുന്നത്. എല്ലാവർക്കും കൃത്യമായ ചുമതലകൾ വീതിച്ചു നൽകുമെന്നും ചടങ്ങകളുടെ പ്രധാന ചുമതലക്കാരനായ വി. അച്യുതക്കുറുപ്പ് പറഞ്ഞു.

ഇന്ന് കണ്ണൻ‌ വീടുകളിൽ

guruvayur-uriyadi-krishnan-and-kuchelan
സഞ്ജയ് കൃഷ്ണ , ഐശ്വര്യ ബി. നായർ

കോവിഡ് നിയന്ത്രണം കാരണം ഇത്തവണ ഉറിയടി  വീടുകളിലേക്ക് ചുരുക്കിയിരിക്കുന്നു.  മമ്മിയൂർ ക്ഷേത്രത്തിൽ തൊഴുത ശേഷം കൃഷ്ണനും സുദാമാവും  9.30 ന് ഗുരുവായൂരപ്പന് മുന്നിലെത്തി വണങ്ങും. കുത്തുവിളക്ക്, താലം, അലങ്കാര വർണക്കുട എന്നിവയുടെ അകമ്പടിയോടെ തിരഞ്ഞെടുത്ത വീടുകളിൽ എത്തി ഉറികൾ ഉടയ്ക്കും.

English Summary : Importance of Guruvayur Uriyadi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA