sections
MORE

'ഹരിഃ ശ്രീഗണപതയേ നമഃ' എന്ന് ആദ്യാക്ഷരം കുറിക്കുന്നതിനു പിന്നിൽ

HIGHLIGHTS
  • ആദ്യാക്ഷരം കുറിക്കുന്ന മൂലമന്ത്രമാണ് 'ഹരിഃശ്രീഗണപതയേ നമഃ
vidyarambham
SHARE

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന മൂലമന്ത്രമാണ് ‘ഹരിഃശ്രീഗണപതയേ നമഃ അവിഘ്നമസ്തു’ എന്നത്. അജ്ഞതയിൽ നിന്നു ജ്ഞാനത്തിലേക്കു നയിക്കുന്ന പ്രകാശമാണ് അക്ഷരങ്ങൾ. ക്ഷരമില്ലാത്തത് അക്ഷരം. ഒരിക്കലും നശിക്കാത്തത് എന്നർഥം. അൻപത്തൊന്നു അക്ഷരങ്ങളാണു മലയാളത്തിലുള്ളത്. ‘ഹരിഃശ്രീഗണപതയേ നമഃ’ എന്ന പത്ത് അക്ഷരങ്ങളിൽ ഈ 51 അക്ഷരങ്ങളെയും നമുക്കു വായിക്കാൻ സാധിക്കും. 

ഒരു കാലത്തു കേരളത്തിൽ നിലനിന്നിരുന്നതും വളരെ വ്യാപകമായിട്ടുള്ളതുമായ സംഖ്യാശാസ്ത്രമാണു കടപയാദി സമ്പ്രദായം. അക്ഷരസംഖ്യ എന്നും പരൽപേര് എന്നും അറിയപ്പെടുന്നതാണു കടപയാദി ശാസ്ത്രം.

ഹരിശ്രീ കുറിക്കുക എന്ന പദത്തിനു തുടക്കം കുറിക്കുക എന്നാണർഥം. ഹരി എന്നതു ദൈവത്തെയും ശ്രീ എന്നത് അഭിവൃദ്ധിയെയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. ഏതൊരു കാര്യത്തിനും തുടക്കം കുറിക്കുന്നതു വിഘ്നേശ്വരനെ നമിച്ചുകൊണ്ടാണ് എന്നതാണ് നമ്മുടെ ആചാരം. ഹരി മഹാവിഷ്‌ണുവും ശ്രീ ലക്ഷ്‌മിയും പിന്നീട് ഗണപതിയും വരുമ്പോൾ സരസ്വതിയെ പറയാത്തതെന്താണെന്നു നമുക്കു തോന്നാം. ഇവിടെയാണു കടപയാദി സമ്പ്രദായത്തിന്റെ പ്രാധാന്യം വരുന്നത്. 

31 അക്ഷരങ്ങളുണ്ടായിരുന്ന നാട്ടെഴുത്തു ലിപിയിൽ നിന്ന് 51 അക്ഷരങ്ങളുള്ള മലയാള ലിപിയിലേക്കു അക്ഷരങ്ങളെ മാറ്റിയ എഴുത്തച്ഛൻ കടപയാദി സമ്പ്രദായത്തിലാണു ഹരിശ്രീ ഗണപതിയെ നമഃ എന്ന് എഴുതിയിരിക്കുന്നത്. ഹരി - 28, ശ്രീ, (ര) - 2, ഗ -3, ണ - 5, പ - 1, ത - 6, യെ -1, ന- 0, മ - 5. ഇതെല്ലാം കൂടി കൂട്ടിനോക്കുമ്പോൾ 51 അക്ഷരങ്ങൾ. ഈ 51 അക്ഷരങ്ങൾ ചേരുമ്പോൾ അതു വാഗ്ദേവതയായ സരസ്വതിയെയാണു സൂചിപ്പിക്കുന്നത്. അമ്പത്തൊന്നക്ഷരാളീ എന്നു പറയുന്നതു സരസ്വതീദേവിയെ ആണ്.

മഴമംഗലത്തു നാരായണൻ നമ്പൂതിരി എഴുതിയ ഭാഷാനൈഷധം ചമ്പുവിന്റെ പ്രഥമവും പ്രശസ്‌തവുമായ ശ്ലോകം തുടങ്ങുന്നത് ''അൻപത്തൊന്നക്ഷരാളീ കലിതതനുലതേ വേദമാകുന്ന ശാഖീ" ... എന്നാണ്. അക്ഷരവിദ്യാ സ്വരൂപിണിയെ നമസ്‌കരിച്ചു കൊണ്ടു തുടങ്ങുന്ന ഈ ശ്ലോകത്തിൽ അൻപത്തൊന്നക്ഷരാളീ എന്നു പറയുന്നത് അക്ഷരമാലയെ അല്ല. മറിച്ചു ഹരിശ്രീഗണപതയെ നമഃ എന്നതിന്റെ സംഖ്യാരൂപമാണെന്നാണു പറയുന്നത്. സ്വരാക്ഷരങ്ങൾ എല്ലാത്തിനും പൂജ്യവും വ്യഞ്ജനാക്ഷരങ്ങളാണെങ്കിൽ 1 മുതൽ 9 വരെയും അതിനു ശേഷം വരുന്ന അക്ഷരത്തിനു പൂജ്യവും നിശ്ചയിച്ചാണു കടപയാദി ശാസ്ത്രത്തിൽ അക്ഷരങ്ങൾക്കു വില കൊടുക്കുന്നത്. ക, ട, പ, യ അക്ഷരങ്ങൾ ഒന്നിൽ തുടങ്ങുന്നതു കൊണ്ടാണു കടപയാദി എന്ന പേരു വന്നത്. വരരുചിയാണ് ഈ ശാസ്ത്രം ആവിഷ്‌കരിച്ചതെന്ന് ഒരഭിപ്രായമുണ്ട്. ഈ സംഖ്യാസമ്പ്രദായത്തിന്റെ മറ്റൊരു പ്രത്യേകത, വാക്കുകൾ വായിക്കുമ്പോൾ പ്രതിലോമരീതിയിലായിരിക്കണം എന്നാണ്. അതായത്, വലത്തു നിന്നു ഇടത്തോട്ടാണു വാക്കുകൾ വായിക്കാൻ എടുക്കേണ്ടത്. 

മേൽപുത്തൂർ നാരായണ ഭട്ടതിരി രചിച്ച നാരായണീയം അവസാനിപ്പിക്കുന്നതു കടപയാദി ശാസ്ത്രപ്രകാരമാണ്. നാരായണീയം എഴുതിയ വർഷം ആ വരിയിൽ തന്നെയുണ്ടെന്നും പറയുന്നു. മലയാള സാഹിത്യത്തിൽ പോലും ഈ സംഖ്യാ സമ്പ്രദായത്തിൽ കവിതകൾ രചിച്ച കവികൾ ഉണ്ട്. യുദ്ധതന്ത്രങ്ങളിൽ മാർത്താണ്ഡവർമയും പാലിയത്തച്ഛനുമൊക്ക രഹസ്യസന്ദേശങ്ങൾ കൈമാറാൻ ഈ സമ്പ്രദായങ്ങൾ ഉപയോഗിച്ചിരുന്നതായി പറയുന്നു. ഗണിതശാസ്ത്രത്തിലെ പ്രസിദ്ധമായ ഗ്രന്ഥങ്ങളിലും ജ്യോതിശ്ശാസ്ത്രത്തിലും തച്ചുശാസ്ത്രത്തിലും ആയുർവേദത്തിലും ഈ സമ്പ്രദായം ഉപയോഗിച്ചിരുന്നു. 

ഏതു ശാസ്ത്രത്തിലും പാണ്ഡിത്യം നേടാൻ കഴിയുന്നതു സരസ്വതീദേവിയുടെ അനുഗ്രഹത്താലാണ്. കൂടാതെ ബുദ്ധിയും സിദ്ധിയും ഉണ്ടാകണം. അതിനു ഗണപതി ഭഗവാന്റെ കടാക്ഷവും വേണം. ഹരിഃ ശ്രീഗണപതയേ നമഃ എന്ന മന്ത്രം കൊണ്ടു മുപ്പത്തിമുക്കോടി ദേവതകളുടെ സാന്നിധ്യവും അനുഗ്രഹവും ഉണ്ടാകും എന്നൊരർഥവും പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA