sections
MORE

അഷ്ടമി, നവമി, ദശമി തിഥികൾ പ്രധാനമായതെങ്ങനെ?

HIGHLIGHTS
  • ദുർഗാഷ്ടമി ,നവരാത്രി, വിജയദശമി ഐതിഹ്യം
goddess-saraswathi-photo-credit-b-creativezz
SHARE

ഹൈന്ദവരുടെ ആരാധനയുടെയും സംഗീതത്തിന്റെയും ന്യത്തത്തിന്റെയും  വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. ആദ്യ മൂന്നു ദിവസം ആസുരിക നിഗ്രഹത്തിനുള്ള പരാശക്തിയുടെ ഘോരവും വന്യവുമായ ഭാവമായ കാളിയെയാണ് പൂജിക്കുന്നത്. പിന്നെ മൂന്ന് ദിവസം ഐശ്വര്യത്തിന്റെയും സൗഭാഗ്യത്തിന്റെയും ഭാവമായ ലക്ഷ്മിയെ പൂജിക്കുന്നു പിന്നെ മൂന്ന് ദിവസം വിദ്യയുടെയും കലയുടെയും ഭാവമായസരസ്വതിയെ പൂജിക്കുന്നു. ചില ആചാര്യൻമാർ നവകന്യകമാർ എന്ന രീതിയിൽ ദേവിയുടെ 9 അംശകലകളെയും പൂജിക്കാറുണ്ട്. കുമാരി, ത്രിമൂർത്തി, കല്യാണി , രോഹിണി , കാളിക, ചണ്ഡിക, ശാംഭവി , ദുർഗ്ഗ, സുഭദ്ര എന്നീ നവ കന്യകമാരെയാണ് ഒരോ ദിവസവും പൂജിക്കുന്നത്. ഒമ്പതു കന്യകകളെ ഈ ദേവതകളുടെ സങ്കല്പത്തിൽ ഭക്ഷണം, വസ്ത്രം, അലങ്കാരം എന്നിവ നല്കി പൂജിക്കുന്ന പതിവുമുണ്ട്. നവശക്തി പൂജ എന്നും ഇതിനെ പറയാറുണ്ട്. 

ദേവീ പൂജക്ക് ഏറ്റവും പ്രാധാന്യമുള്ള ഈ സമയത്ത് ഭക്തിയോടെ ദേവിയെ പൂജിച്ചാൽ സർവാഗ്രഹങ്ങളും സാധിക്കും. നവരാത്രി കാലത്ത് ദേവീ പൂജ ചെയ്താൽ ഒരു വർഷം മുഴുവൻ ദേവീ പൂജ ചെയ്ത ഫലം സിദ്ധിക്കും . വിദ്യാ തടസ്സം മാറുക, സന്താനലാഭം, മംഗല്യ ഭാഗ്യം, ശത്രുനാശം, ദാരിദ്ര്യമുക്തി എന്നിവയൊക്കെ നവരാത്രി കാലത്തെ ദേവീ പൂജയിലൂടെ സിദ്ധിക്കുന്നു. 

 ദുർഗാഷ്ടമി ,നവരാത്രി, വിജയദശമി ഐതിഹ്യം

ദുർഗാഷ്ടമി മഹാകാളിക്കും മഹാനവമി മഹാലക്ഷ്മിക്കും വിജയദശമി മഹാസരസ്വതിക്കും പ്രാധാന്യമുള്ള ദിവസങ്ങളാണല്ലോ  

അഹങ്കാരിയായ ദക്ഷനെ നശിപ്പിക്കുന്നതിന് കാളി അവതരിച്ചത് അഷ്ടമി നാളിലാണ്. ദുർഗ്ഗമൻ എന്ന അസുരനെ നിഗ്രഹിക്കുവാൻ പരാശക്തി ദുർഗ്ഗയായി അവതരിപ്പിച്ചതും അഷ്ടമി ദിവസമാണ്. നാരദന്റെ നിർദ്ദേശപ്രകാരം ശ്രീരാമൻ പരാശക്തിയെ നവരാത്രി ദിനങ്ങളിൽ പ്രാർഥിച്ചുവെന്നും അഷ്ടമി നാളിൽ സിംഹവാഹനമായി ശ്രീരാമന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് വരം നൽകിയെന്നും തുടർന്ന് ശ്രീരാമൻ ദേവിയെ പൂജിച്ച് വാനര സൈന്യത്തോടു കൂടി ദശമി നാളിൽ ലങ്കയിലേക്ക് പുറപ്പെട്ടു രാവണനെ വധിച്ച് സീതയെ വീണ്ടെടുത്തു. 

അജ്ഞാതവാസ ശേഷം അർജ്ജുനൻ ആദ്യമായി ഗാണ്ഡീവം കയ്യിലെടുത്തതും വിജയദശമി ദിവസമാണെന്നാണ് സങ്കൽപ്പം കുരുക്ഷേത്ര യുദ്ധത്തിന് മുൻപ് പാണ്ഡവർ നവരാത്രി വ്രതം അനുഷ്ഠിച്ച് ദേവിയെ പൂജിച്ചുവെന്നും ഐതിഹ്യമുണ്ട്.

മഹിഷാസുരമർദ്ദിനിയായ ദേവി മഹിഷാസുരനെ നിഗ്രഹിച്ച ദിവസമാണ് വിജയദശമി എന്നും കരുതപ്പെടുന്നു. 

പണ്ട് രംഭനെന്നും കരംഭനെന്നും പേരുള്ള രണ്ട് അസുരൻമാർ ഉണ്ടായിരുന്നു. ഇതിൽ കരംഭനെ ഇന്ദ്രൻ വധിച്ചു . ദുഃഖിതനായ രംഭൻ സ്വശിരസ്സ് ഛേദിച്ച് അഗ്നിയിൽ ഹോമിക്കാൻ തുനിഞ്ഞു. അപ്പോൾ അഗ്നിദേവൻ പ്രത്യക്ഷപ്പെട്ട് ഏത് സ്ത്രീയിലാണോ നിന്റെ മനസ്സ് പതിയുന്നത് അവളിൽ നിന്നും ഇന്ദ്രാദി കളെ ജയിക്കാൻ പോന്ന ഒരു പുത്രൻ ജനിക്കുമെന്ന വരം നൽകി. രംഭന്റെ മനസ്സ് ആസക്തമായത് ഒരു മഹിഷത്തിലായിരുന്നു. അവളിൽ നിന്നും മഹിഷാസുരൻ എന്ന പുത്രൻ ജനിച്ചു. പോത്തിന്റെ ശിരസ്സോടു കൂടിയ മഹിഷാസുരൻ ബ്രഹ്മാവിനെ പ്രസാദിപ്പിച്ച് സ്ത്രീയാൽ മാത്രമേ മൃത്യു സംഭവിക്കാവൂ എന്ന വരം നേടി. തുടർന്ന് അവൻ ത്രിലോകാധിപതിയായി വാഴാൻ തുടങ്ങി. ദുഃഖിതരായ ദേവൻമാർ വിഷ്ണു ഭഗവാനെ ശരണം പ്രാപിച്ചു. തുടർന്ന് എല്ലാ ദേവൻമാരുടെയും ചൈതന്യം കൂടി ചേർന്ന് പതിനെട്ടു കൈകളോടുകൂടിയ ഒരു ദേവി ആവിർഭവിച്ചു. ഈ ദേവിയെയാണ് മഹിഷാസുരമർദ്ദിനി എന്ന് പറയുന്നത്. ദേവി ഘോരയുദ്ധം ചെയ്ത് മഹിഷാസുരനെ നിഗ്രഹിച്ചു. മഹിഷൻ എന്നത് മനുഷ്യനിലെ അജ്‌ഞാനത്തിന്റെയും കാമഭോഗാസക്തിയുടെയും പ്രതീകമാണ്. ഇപ്രകാരമുള്ള മനുഷ്യമനസ്സിലെ തമസ്സിനെ ദൈവീക ശക്തി കൊണ്ട് ഇല്ലാതാക്കുന്നതിന്റെ പ്രതീകമാണ് മഹിഷാസുര വധം. മഹിഷാസുരനെ നിഗ്രഹിച്ച പുരി എന്നർത്ഥമുള്ള മഹിഷ പുരമാണ് ഇന്നത്തെ മൈസൂർ എന്ന് കരുതുന്നു. അതുകൊണ്ടു തന്നെ മൈസൂരിലെ നവരാത്രി ആഘോഷം രാജകീയ പ്രൗഢിയോടെയാണ് ആ ചരിക്കുന്നത്. തിരുവിതാം കൂറിൽ സ്വാതിതിരുനാളിന്റെ കാലം മുതൽ തന്നെ നവരാത്രി പൂജയും സംഗീതോത്സവും നടത്തിവരുന്നുണ്ട്. ബംഗാൾ തുടങ്ങിയ ദേശങ്ങളിലാണ് നവരാത്രി മഹോത്സവമായി ആഘോഷിക്കുന്നത്. ഇവിടെ ദേവിയെ മഹിഷാസുരമർദ്ദിനി സങ്കൽപ്പത്തിലാണ് ആരാധിക്കുന്നത്. 

ഇപ്രകാരം ഒട്ടനവധി സങ്കല്‌പങ്ങൾ നവരാത്രിയെക്കുറിച്ചുണ്ട്. ഇങ്ങനെ ഏറ്റവും പ്രാധാന്യമേറിയ ദിനങ്ങളാണ് നവരാത്രികാലം ഈ ദിവസം ചെയ്യുന്ന ഏതൊരു പ്രാർത്ഥനയും ഏറ്റവും ഫലപ്രദമാണ് 

 അഷ്ടമി,നവമി,വിജയദശമി പ്രത്യേകത

നവരാത്രിയിൽ ഏറ്റവും പ്രധാനം അഷ്ടമി , നവമി ദശമി എന്നിവയാണ്. അഷ്ടമി ദിവസം ഗ്രന്ഥങ്ങളും , നവമി നാളിൽ പണിയായുധങ്ങളും ദേവിക്ക് സമർപ്പിച്ച് പ്രാർഥിക്കണം. ദശമി ദിനം രാവിലെ വിദ്യാദേവതയായ സരസ്വതിയെയും വിഘ്നേശ്വരനായ ഗണപതിയെയും ലോക ഗുരുവായ ദക്ഷിണാമൂർത്തിയെയും വേദവ്യാസനെയും പൂജിച്ച് തൃപ്തിപ്പെടുത്തണം. ഇവരുടെ അനുഗ്രഹം വാങ്ങി വിദ്യയും കർമ്മവും എല്ലാം സ്വീകരിക്കുന്നു എന്നതാണ് തത്വം. കർമ്മങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ പുനരാരംഭിക്കുക, കുട്ടികളെ ആദ്യമായി വിദ്യ കുറിപ്പിക്കുക, പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ പഠനം ശക്തമാക്കുക എന്നിവയെല്ലാമാണ് വിജയദശമിയുടെ ലക്ഷ്യം 

അഷ്ടമിയിൽ കാളിയായും നവമിയിൽ ലക്ഷ്മിയായും ദശമിയിൽ സരസ്വതിയായും ആദിപരാശക്തിയെ പൂജിക്കുന്നു. കഷ്ടങ്ങൾ നീക്കുന്നതിനും ദോഷങ്ങൾ നീക്കുന്നതിനും അഷ്ടമിയും ആയുധപൂജയിലൂടെ അഭിവൃദ്ധി, ഐശ്വര്യം , ധനലാഭം എന്നിവ നേടുന്നതിന് നവമിയും വിദ്യ, ഭാഗ്യം, കർമ്മ സിദ്ധി, ജനനേതൃത്വം വാക്ചാതുരി , ബുദ്ധി എന്നിവയ്ക്ക് ദശമിയും ഗുണകരമാണ്. 

 മഹാസരസ്വതി , മഹാലക്ഷ്മി , മഹാകാളി  

ആദിപരാശക്തിയെ വ്യത്യസ്ത രൂപഭാവങ്ങളിൽ ആരാധിച്ചു പോരുന്നുവെങ്കിലും മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി എന്നീ ഭാവങ്ങൾ പ്രധാനമാണ്. ലോക മാതാവായ ആദിപരാശക്തിയുടെ ത്രിഗുണാത്മികമായ മൂന്ന് ഭാവങ്ങളാണ് മഹാസരസ്വതി മഹാലക്ഷ്മി, മഹാകാളി എന്നീ ദേവിമാർ. ബ്രഹ്മ വിഷ്ണു മഹേശ്വരൻമാർ അവരുടെ കർമം നിർവഹിക്കാൻ  അശക്തരായിരുന്നു. സ്വകർമ്മത്തെ നിർവഹിക്കാനുള്ള ശക്തി ലഭിക്കുന്നതിനായി അവർ പരബ്രഹ്മസ്വരൂപിണിയായ ആദിപരാശക്തിയെ തപസ്സനുഷ്ഠിച്ച് പ്രസാദിപ്പിച്ചു. അങ്ങനെ രജോഗുണയുക്തയായ  മഹാസരസ്വതി ബ്രഹ്മാവിന്റെയും മഹാലക്ഷ്മി വിഷ്ണുവിന്റെയും തമോഗുണ യുക്തയായ മഹാകാളി മഹേശ്വരന്റെയും പത്നിമാരായി തീർന്നു. അഗ്നിയിൽ താപമെന്ന പോലെയും സൂര്യനിൽ പ്രഭയെന്ന പോലെയും ഈ ദേവിമാർ ത്രിമൂർത്തികളിൽ അധിവസിക്കുന്നു. ആദിപരാശക്തിയുടെ ഈ മൂന്ന് മഹാശക്തി സ്വരൂപമായ ദേവിമാർ കൂടെ വസിക്കുന്നത് കൊണ്ടാണ് ബ്രഹ്മാവിന് സൃഷ്ടി കർമവും വിഷ്ണുവിന് പാലന കർമവും ശിവന് സംഹാര കർമവും നടത്താനാകുന്നത്. സരസ്വതി ജ്ഞാനദായിനിയും  ലക്ഷ്മി ഐശ്വര്യദായിനിയും കാളി ശത്രുവിനാശിനിയുമാണ്.

 ബ്രഹ്മാവിന്റെ ശക്തിയാണ് മഹാസരസ്വതി ജ്ഞാനദേവതയായ സരസ്വതി ജീവികളിലെ ജ്ഞാന ശക്തിയായി ഭവിക്കുമ്പോഴാണ് സരസ്വതി എന്ന് പറയുന്നത് . മഹാകാല സ്വരൂപനായ ശിവന്റെ പത്നിയാണ് മഹാകാളി. പാർവതി, ദുർഗ്ഗ, മഹാകാളി എന്നീ മൂന്നുപേരും ഒരേ മഹേശ്വര ശക്തിയുടെ വ്യത്യസ്ത ഭാവങ്ങളും സൃഷ്ടി പാലന സംഹാര കർമങ്ങളോടു കൂടിയവരുമാണ്. ഭഗവാന്റെ ഭോഗശക്തി ലോക മാതാവായ പാർവതിയും പരിപാലന ശക്തി ദുർഗ്ഗയും ക്രോധ ശക്തി കാളിയുമാണെന്നാണ് സങ്കൽപ്പം 

വിഷ്ണു ഭഗവാന്റെ പതിനിയാണ് മഹാലക്ഷ്മി. ആ ദേവി തന്നെ പാലാഴി മഥന സമയത്ത് ആവിർഭവിച്ച് ദേവൻമാരിലും മർത്ത്യരിലും ചരാചരങ്ങളിലും അധിവസിക്കുമ്പോഴുള്ള ഭാവങ്ങളാണ് അഷ്ട ലക്ഷ്മിമാർ   

ആദിപരാശക്തിയുടെ മൂർത്തരൂപമാണ് ദുർഗ. ശൈവ വിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീ പാർവതീ ദേവിയുടെ മൂലരൂപമാണ് ദുർഗ. ദുർഗ്ഗമാസുരനെ വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്ന് വിശ്വാസം. അതിനാൽ പരാശക്തിക്ക് ദുർഗ എന്ന പേര് ലഭിച്ചു. ദുർഗ്ഗതി നാശിനി ആയതു കൊണ്ടും ഭക്തൻമാരെ വലിയ സങ്കടത്തിൽ നിന്നു മോചിപ്പിക്കുന്നവളായത് കൊണ്ടും ദേവിക്ക് ദുർഗാ എന്ന പേരുണ്ടായി. ക്രോധം, ലോഭം, മോഹം, മദം, മത്സരം എന്നീ ആറു ദുർവികാരങ്ങളാണ് മനുഷ്യന്റെ ശത്രുക്കൾ. ഈ വികാരങ്ങളെ ജയിക്കാൻ കഴിയുമ്പോഴാണ് ജീവിത വിജയം കൈവരിക്കാൻ സാധിക്കുക. വേദാന്ത ശാസ്ത്രത്തിൽ ഈ വികാരങ്ങളെ ഷഡ്വൈരികൾ എന്നു പറയുന്നു. ജ്ഞാന ദായിനിയും  മുക്തിദായിനിയും ശത്രുനാശിനിയുമായതു കൊണ്ട് ദുർഗ്ഗാ ദേവിയെ നവരാത്രി കാലത്ത് സവിശേഷ പ്രാധാന്യത്തോടെ പൂജിക്കുന്നു. സൃഷ്ടിസ്ഥിതി വിനാശകാരിണിയും മഹാസരസ്വതി, മഹാലക്ഷ്മി ,മഹാകാളി എന്നിവരുടെ ചൈതന്യങ്ങൾ ഏകീഭവിച്ചിരിക്കുന്ന മൂർത്തിയായും ദുർഗ്ഗാ ഭഗവതിയെ സങ്കൽപ്പിക്കുന്നു.  എല്ലാ ദേവിമാരെയും ആരാധിച്ചാലുള്ള ഫലം ദുർഗാ ഭഗവതിയെ ആരാധിക്കുന്നതിലൂടെ സിദ്ധിക്കുന്നു. 


ജ്യോതിഷി : പ്രഭാസീന. സി.പി 

ഹരിശ്രീ 

പി ഒ : മമ്പറം - കണ്ണൂർ ജില്ല 

ഫോ: 9961442256 

Email id:prabhaseenacp@gmail.com 

English Summary : Importance of Ashtami Navami Dashami days in Navaratri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA