ADVERTISEMENT

ഭാരതത്തിലെ ഓരോ നാടും തങ്ങളുടേതായ സാംസ്കാരിക സവിശേഷതകള്‍ ഇണക്കിച്ചേര്‍ത്ത് ആഘോഷിക്കുന്ന ഉല്‍സവമാണ് നവരാത്രി. അതുകൊണ്ടുതന്നെ നവരാത്രി ആഘോഷങ്ങളും ഒന്നിനൊന്നു വ്യത്യസ്തമാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രി ചന്ദ്ര ലക്ഷ്മൺ നവരാത്രി ഓർമകൾ‌ പങ്കുവയ്ക്കുന്നു.

ബ്രാഹ്മണകുടുംബത്തിലാണ് ഞാൻ ജനിച്ചത്. ചെന്നൈയിൽ വളർന്നതിനാൽ അയ്യർ ചിട്ടകൾ അനുസരിച്ചായിരുന്നു നവരാത്രി ആഘോഷങ്ങൾ. നവരാത്രികാലത്തു ബൊമ്മക്കൊലു ഒരുക്കുന്നതായിരുന്നു പ്രധാന ചിട്ട. നവരാത്രി നാളുകൾ ആരംഭിക്കുന്നതിന് തലേന്നു തന്നെ ബൊമ്മക്കൊലു ഒരുക്കും. നവരാത്രി തുടങ്ങുന്ന അന്നു മുതൽ കലശം വച്ച് നിത്യവും രാവിലെ പൂജ ചെയ്യും. ബൊമ്മക്കൊലു ഒരുക്കിക്കഴിഞ്ഞാൽ വീട്ടിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നത് ഒരു പ്രധാന ചടങ്ങാണ്. അതുപോലെ തന്നെ കൊലു ഒരുക്കിയ എല്ലാ വീടുകളിലേക്കും നമ്മളും പോകണം. 

 

chandra-lakshman-with-bommakkolu

അന്നൊക്കെ നവരാത്രി കാലത്തായിരുന്നു കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയുമൊക്കെ ഒത്തുചേരൽ. നവരാത്രിയുടെ ഓരോ ദിവസവും ധരിക്കാനായി കുട്ടികൾ പുതിയ പട്ടുപാവാടകൾ തയ്പ്പിച്ചു വയ്ക്കുമായിരുന്നു. ഒൻപതു ദിവസവും ഉത്സവ പ്രതീതി ആയിരിക്കും. അടുത്തുള്ള വീടുകളിലെല്ലാം ബൊമ്മക്കൊലു ഒരുക്കും. കൊലു ഒരുക്കിയ വീടുകളിലെല്ലാം പോകേണ്ടതിനാൽ വൈകുന്നേരമായാൽ ആകെയൊരു ബഹളമാണ്. അന്നത്തെ ഒത്തുകൂടലിൽ വിവാഹാലോചനകൾ മുതൽ പെണ്ണുകാണൽ വരെ നടക്കാറുണ്ട്.

 

ഒരു കുട്ടിയെ ബാലാംബികയായും ഒരു സ്ത്രീയെ ദേവിയായും സങ്കൽപിച്ചു ക്ഷണിച്ച് വസ്ത്രങ്ങൾ ഉൾപ്പെടെ പ്രത്യേക സമ്മാനങ്ങൾ നൽകുന്ന പതിവും ഉണ്ടായിരുന്നു. ഇപ്പോൾ ദിവസവും സമയവും പറഞ്ഞാണ് വീട്ടിലേക്കു ക്ഷണിക്കുന്നത്. മഹാമാരി കാലമായതിനാൽ മറ്റു വീടുകളിൽ പോവുകയും അവിടുത്തെ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യുന്ന പതിവ് ഇല്ലാതായി. എങ്കിലും ചടങ്ങുകൾ മുടങ്ങാതിരിക്കാൻ കൊലു ഒരുക്കി അടുത്ത ബന്ധുക്കളെ മാത്രം പ്രത്യേകം ക്ഷണിച്ചു സ്വീകരിക്കാറുണ്ട്.  

marapachi-bomma
മരപ്പാച്ചി ബൊമ്മ

 

ചെന്നൈയിൽ മാത്രമല്ല നാട്ടിലും ഗംഭീരമായി കൊലു ഒരുക്കുമായിരുന്നു. തിരുവനന്തപുരത്താണ് അമ്മവീട്. അവിടെ 11 പടികളുള്ള കൊലു ആണ് ഒരുക്കിയിരുന്നത്. ആചാരപ്രകാരം ഓരോ വർഷവും ഒരു പുതിയ ബൊമ്മ എങ്കിലും വാങ്ങണം. നാട്ടിൽ മുത്തശ്ശിക്ക് പാരമ്പര്യമായി കൈമാറിവന്ന ബൊമ്മകളുള്ളതിനാൽ വലിയ കൊലു ആണ് ഒരുക്കിയിരുന്നത്. മണ്ണിൽ നിർമിച്ച ബൊമ്മകളാണ് പ്രധാനം.

chandra-lakshman-and-tosh-chirsty
നടി ചന്ദ്ര ലക്ഷ്മൺ ടോഷ് ക്രിസ്റ്റിയോടൊപ്പം

 

ചെന്നൈയിലെ വീട്ടിൽ കൊലു ഒരുക്കുമ്പോൾ സാധാരണ 5 പടികളാണ് വയ്ക്കുക. ഒറ്റ സംഖ്യയിലാണ് പടികൾ ഒരുക്കുക. ബൊമ്മകളുടെ എണ്ണം കൂടുന്നതനുസരിച്ചു പടികളുടെ എണ്ണവും ഓരോ വർഷവും കൂടും. ഗണപതി, ലക്ഷ്മി, പാർവതി, സരസ്വതി, പദ്മനാഭസ്വാമി, കൃഷ്ണൻ എന്നീ ദൈവങ്ങളുടെ ബൊമ്മകള്‍ ആണ് പ്രധാനമായും വയ്ക്കുക. 

 

വിവിധ ഗണേശ ഭാവങ്ങൾ, കൃഷ്ണന്റെ ജനനം മുതൽ കാളിയ മർദ്ദനം വരെയുള്ള കൃഷ്ണ ലീലകൾ എന്നിവ ഉൾപ്പെടുത്താറുണ്ട്. ഭഗവൽ രൂപങ്ങൾ മാത്രമല്ല ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി കളിക്കാരുടെയും വാദ്യഘോഷങ്ങൾ ഉൾപ്പെടെ വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കുന്നവരുടെയും ബൊമ്മകളും കൊലുവിൽ സ്ഥാനം പിടിക്കും. കൊലുവിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് മരപ്പാച്ചി ബൊമ്മ. നവവധുവിന്റെയും വരന്റെയും രൂപമാണിത്. തടിയിലണ് ഇതു പ്രധാനമായും ഒരുക്കുന്നത്. വധുവിനെയും വരനെയും എങ്ങനെയാണോ ഒരുക്കുന്നത് അതുപോലെ മരപ്പാച്ചി ബൊമ്മയെ ഒരുക്കിയാണ് കൊലുവിൽ വയ്ക്കേണ്ടത് എന്നാണു വിശ്വാസം. പുരാണ കഥകളെ ആസ്പദമാക്കി കൊലു ഒരുക്കുന്നവരുമുണ്ട്.

 

നവരാത്രികാലത്തു ബൊമ്മക്കൊലു ഒരുക്കൽ പോലെ പ്രധാനമാണ് വീടിനു മുന്നിൽ കോലം വരയ്ക്കുന്നതും. തുളസിത്തറയുടെ ചുവട്ടിലായി നിത്യവും കോലം വരയ്ക്കുമെങ്കിലും നവരാത്രിയുടെ അവസാന മൂന്നു ദിവസം ലക്ഷ്മി–പാർവതി–സരസ്വതി ദേവിമാർക്ക് പ്രീതികരമായ പ്രത്യേക രംഗോലികൾ ഒരുക്കാറുണ്ട്.  

 

സംഗീത–നൃത്ത കലകളുടെ ആഘോഷം കൂടിയാണ് നവരാത്രി. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കുടുംബമാണ് അമ്മയുടേത്. കുടുംബത്തിൽ സംഗീതത്തിന് വളരെയധികം പ്രാധാന്യമുണ്ട്. നവരാത്രി ദിനങ്ങൾക്കു വേണ്ടി പ്രത്യേകമായി പാട്ടുകൾ ചിട്ടപ്പെടുത്തുകയും കൊലു സന്ദർശിക്കാൻ പോവുന്ന വേളകളിൽ പാടുകയും ചെയ്തിരുന്നത് ഇന്നും മറക്കാനാവാത്ത ഓർമയാണ്. കലാകുടുംബത്തിൽ ജനിച്ചതിനാൽ പാട്ടിൽ മാത്രമല്ല വാദ്യോപകരണങ്ങൾ പഠിക്കാനും ഇഷ്ടമായിരുന്നു, പ്രത്യേകിച്ച് മാൻഡലിൻ. കുഞ്ഞുന്നാള്‍ മുതലേ മാൻഡലിൻ സംഗീതം ഇഷ്ടമായിരുന്നു. ഒരു വർഷത്തോളം മാൻഡലിൻ രാജേഷിന്റെ കീഴിൽ പഠിച്ചിരുന്നെങ്കിലും ഷൂട്ടിങ് തിരക്കുകൾ കാരണം നിർത്തേണ്ടി വന്നു. കർണാടക സംഗീതത്തിൽ അടിസ്ഥാനം ഉള്ളതിനാൽ മാൻഡലിൻ പഠനം രസകരമായിരുന്നു. എന്റെ ഭാവി വരൻ ടോഷ് ക്രിസ്റ്റിയും നല്ല പാട്ടുകാരൻ ആണ്. ഒരു കലാകുടുംബത്തിലേക്കാണു ചെല്ലുന്നത് എന്നതിന്റെ സന്തോഷത്തിലാണ് ഞാൻ ഇപ്പോൾ. 

English Summary :   Navaratri Memoir by Actress Chandra lakshman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com