sections
MORE

നവരാത്രിവ്രതം; ഏഴാം ദിനം ശനിദോഷശാന്തിക്കായി ഈ ജപം

HIGHLIGHTS
  • ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്.
devi-kalarathri
SHARE

നവരാത്രി ദിനങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവതിയായി (ഇശ്ചാശക്തി )സങ്കല്‍പ്പിച്ചാണ് പൂജ നടത്തുക. എന്നാല് അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും (ജ്ഞാന ശക്തി) അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും (ക്രിയാശക്തി )സങ്കല്‍പ്പിച്ചാണ് പൂജകൾ നടത്തുന്നത്.നവരാത്രിയിലെ അവസാന  മൂന്നു ദിവസങ്ങൾ  പരമപ്രധാനമായി കരുതപ്പെടുന്നു .

'കരാളരൂപാ കാളാബ്ജസമാനാകൃതി വിഗ്രഹാ

കാളരാത്രി ശുഭം ദദ്യാത് ദേവീ ചണ്ഡാട്ടഹാസിനീ '

കാളരാത്രീഭാവത്തിൽ ദേവിയെ ആരാധിക്കുവാനുള്ള ദിവ്യ ദിനമായ് ഏഴാം ദിവസം സമർപ്പിക്കപ്പെട്ടിരിക്കുന്നു.

ദേവീ കാളരാത്രി , ചണ്ഡമുണ്ഡ വധത്തിനായി അവതരിച്ച ഘോരമായ ദേവീസ്വരൂപം! കറുത്ത ശരീരവർണമുള്ള കാളരാത്രി മാതാ ദേവി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ജടപിടിച്ച മുടിയും ത്രിലോചനങ്ങളുമുള്ള ദേവിയെ ദുർഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്. നാലുകരങ്ങളുള്ള കാളരാത്രി മാതാവിന്റെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചുകൊണ്ടിരിക്കുന്നു. കാളരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നു. നാലുകൈകളോടുകൂടിയ ദേവിയുടെ വാഹനം ഗർദഭമാണ് (കഴുത ).  ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്. 

പാർവതിയുടെ താമസ ഭാവം ആണ് ദേവി കാളരാത്രി (മഹാ കാളി).

ഗർദ്ദഭ വാഹനയായ ദേവിയുടെ ഭീകര രൂപം ദർശിച്ച് ചണ്ഡമുണ്ഡർ പരവശരായി അലറിവിളിച്ചെന്നു പുരാണം. അവരുടെ വധത്തിനുശേഷം 'ചാമുണ്ഡ ' എന്ന പേരും ഈ ദേവിക്കു സ്വന്തം. അതുപോലെ തന്റെ രക്തത്തുള്ളികൾ   ഭൂമിയിൽ പതിച്ചാൽ തന്റെയതേ പ്രഭാവമുള്ള അനേകായിരമസുരരുടെ ജന്മത്തിന് നിദാനമായ 'രക്തബീജൻ' എന്ന ഉഗ്രാസുരന്റെ രക്തംമുഴുവനും കുടിച്ചുവറ്റിച്ചതും ഈ ദേവീഭാവം തന്നെ.

ഒരു മനുഷ്യന് എപ്പോഴാണ് പൂര്‍ണനാകുന്നത്? ആഗ്രഹം ഉള്ളതുകൊണ്ട് മാത്രം അവന് പൂര്‍ണത കൈവരിക്കുന്നുണ്ടോ? അറിവ് ഒരു മനുഷ്യനെ പൂര്‍ണനാക്കുന്നുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. ആഗ്രഹവും അറിവും മാത്രം പോരാ, ആ ആഗ്രഹം മൂലം സമ്പാദിച്ച അറിവ് പ്രവര്‍ത്തിപദത്തിലെത്തിക്കുകയും വേണം.

അതേ, ക്രിയാശക്തിയാണ് പ്രധാനം. സ്വപ്നം കണ്ടിരിക്കുന്നതിലല്ല, കാര്യങ്ങൾ  ചെയ്യുന്നതിലാണ് ജീവിതവിജയമിരിക്കുന്നത് എന്ന തിരിച്ചറിവാണ് നവരാത്രിയുടെ ഏഴാം ദിവസം നമുക്ക് സമ്മാനിക്കുന്നത്. കാളരാത്രി എന്ന ദേവീ അവതാരമാണ് ഏഴാം ദിവസത്തിലെ ആരാധനാദേവത. നവരാത്രിയുടെ ഏറ്റവും പ്രധാന മൂന്ന് ദിവസങ്ങളിലേക്കുള്ള ആദ്യപടിയാണ് കാളരാത്രിയുടെ ആരാധന.


ഭാനുചക്ര സ്ഥിതയായ കാലരാത്രിയുടെ സ്തുതി : 

ഏകവേണീജപാകര്‍ണപുരാനനാ ഖരാസ്ഥിതാ 

ലംബോഷ്ഠീകര്‍ണികാ കര്‍ണീതൈലാഭ്യംഗശരീരിണീ 

വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ 

വര്‍ധനാമൂര്‍ധജാ കൃഷ്ണാ കാലരാത്രിര്‍ഭയങ്കരീ 


ധ്യാനം -

കരാലവദനാം ഘോരാം മുക്തകേശീം ചതുര്‍ഭുജാം 

കാലരാത്രിം കരാലീം ച വിദ്യുന്‍മാലാവിഭൂഷിതാം

ദിവ്യലൌഹവജ്രഖഡ്ഗവാമാധോര്‍ധ്വകരാംബുജാം 

അഭയം വരദാം ചൈവ ദക്ഷിണോര്‍ധ്വാധഃ പാണികാം

മഹാമേഘപ്രഭാം ശ്യാമാം തഥാ ച ഗര്‍ദഭാരൂഢാം 

ഘോരദംഷ്ട്രാകാരാലാസ്യാം പീനോന്നതപയോധരാം

സുഖപ്രസന്നവദനാം സ്മേരാനനസരോരുഹാം 

ഏവം സഞ്ചിയന്തയേത്കാലരാത്രിം സര്‍വകാമസമൃദ്ധിദാം 


സ്തോത്രം -

ഹ്രീം കാലരാത്രിഃ ശ്രീം കരാലീ ച ക്ലീം കല്യാണീ കലാവതീ 

കാലമാതാ കലിദര്‍പഘ്നീ കപദീംശകൃപന്വിതാ 

കാമബീജജപാനന്ദാ കാമബീജസ്വരൂപിണീ 

കുമതിഘ്നീ കുലീനാഽര്‍തിനശിനീ കുലകാമിനീ 

ക്ലീം ഹ്രീം ശ്രീം മന്ത്രവര്‍ണേന കാലകണ്ടകഘാതിനീ 

കൃപാമയീ കൃപാധാരാ കൃപാപാരാ കൃപാഗമാ 


നവഗ്രഹങ്ങളിൽ ശനിയെ നിയന്ത്രിക്കുന്നത് കാളരാത്രീ ദേവിയാണ്. അതിനാൽ കണ്ടകശ്ശനി , അഷ്ടമശ്ശനി ,ഏഴരശ്ശനി എന്നീ ദോഷങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർ നവരാത്രിയുടെ ഏഴാം നാൾ ദേവിയെ  കാളരാത്രീ ഭാവത്തിൽ ആരാധിക്കുന്നത് ദോഷപരിഹാരത്തിനുത്തമമാണ്. മുല്ലപ്പൂക്കളാണ് ദേവിക്ക് പ്രിയം.


കാളരാത്രീ ദേവീസ്തുതി

'യാ ദേവീ സര്‍വ്വ ഭൂതേഷു മാ കാളരാത്രി രൂപേണ സംസ്ഥിതാ  

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ'


ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Significance of Navaratri Seventh Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA