ADVERTISEMENT

സർവ ഐശ്വര്യത്തിന്റെയും സമ്പദ്സമ്യദ്ധിയുടേയും പ്രതീകമാണ് വിളക്ക്.

എല്ലാ ശുഭകാര്യങ്ങളും ദീപം തെളിച്ച് തുടങ്ങുന്നതും ഇതുകൊണ്ടു തന്നെ. ഭാരതീയ വിശ്വാസമനുസരിച്ച് തിരി തെളിക്കുന്നത് പുണ്യകർമമാണ്. വെളിച്ചത്തിന്റെ ഓംകാരധ്വനിയിൽ മനസ്സിലെ ഇരുട്ട് അകറ്റുന്നു എന്നാണ് വിശ്വാസം. 

വീട്ടിലായാലും ആഘോഷ പരിപാടികളിലായാലും തിരി തെളിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു നല്ല ദിവസത്തിന്റെ ശുഭകരമായ തുടക്കത്തിനു വേണ്ടിയാണ് അതിരാവിലെ വിളക്കു തെളിക്കുന്നത്. രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുന്നവരുണ്ട് .നിലവിളക്ക് തെളിക്കുന്നത് അന്ധകാരം നീക്കി പ്രകാശം കൊണ്ടുവരുമെന്ന് മാത്രമല്ല ലക്ഷ്മീദേവിയെ വിളക്കിലൂടെ നമ്മുടെ ജീവിതത്തിൽ കുടിയിരുത്തുകയാണ് ചെയ്യുന്നത് എന്നാണ് വിശ്വാസം.

വീട്ടിൽ നിലവിളക്ക് കൊളുത്തുമ്പോഴുള്ള ചിട്ടകളെക്കുറിച്ചു നോക്കാം.

നിലവിളക്കു കൊളുത്തുന്നതിനു മുൻപ് ആദ്യം വീട് വൃത്തിയാക്കണം. അതിനു ശേഷം വേണം വിളക്ക് കൊളുത്തുവാൻ. രാവിലെയായാലും വൈകിട്ടായാലും അതുപോലെ തന്നെ ചെയ്യേണ്ടതാണ്. നിലവിളക്കും നല്ല പോലെ വൃത്തിയാക്കണം. രാവിലെയും വൈകിട്ടും ഇതു ചെയ്യുന്നതിലൂടെ വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരും. 

വീട്ടിലെ ഐശ്വര്യത്തിന് നിലവിളക്ക് തന്നെ കത്തിക്കണം. അഞ്ചു വെട്ടുകളുള്ള വിളക്കാണ് ഏറ്റവും നല്ലത്. ഇത്തരം വിളക്കിൽ തുണി തിരിയോ പഞ്ഞിത്തിരിയോ ഇട്ടു കത്തിക്കണം. പ്രാണികളും മറ്റും ചത്തു കിടന്നും മുടിയിഴകൾ കെട്ടുപിണഞ്ഞു കിടന്നും അശുദ്ധമായ എണ്ണ വർജിക്കണം. നനവുള്ള തിരി കത്തിച്ച് ദീപം പൊട്ടിത്തെറിക്കാൻ ഇടയാകരുത്. തീപ്പെട്ടി ഉരച്ച് നേരിട്ട് വിളക്കിൽ കത്തിക്കരുത്. കൊടിവിളക്കോ അതില്ലെങ്കിൽ ചെരാതോ ആദ്യം കത്തിച്ചിട്ട് അതിൽ നിന്നേ നിലവിളക്കിലേക്ക് ദീപം പകരാവൂ. 

ഒറ്റത്തിരിയിട്ടു കൊളുത്തുന്നത് മഹാവ്യാധിയും രണ്ടു തിരി ധനാഭിവൃദ്ധിയും മൂന്നു തിരി കുടുംബത്തിൽ മ്ലാനത, അലസത എന്നിവയും നാലുതിരി ദാരിദ്ര്യവും അഞ്ചു തിരി സർവൈശ്യര്യവുമെന്ന് വിധിയുണ്ട്. ഏഴോ അതിന്റെ ഗുണിതങ്ങളോ ആയി തിരിയിട്ട് വിളക്ക് കത്തിച്ചാൽ കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും സർവമംഗളങ്ങളും ഉണ്ടാകും. 

രാവിലെ വിളക്ക് കൊളുത്തുമ്പോൾ കിഴക്കോട്ടുള്ള തിരി വേണം ആദ്യം തെളിക്കേണ്ടത്. വൈകിട്ട് പടിഞ്ഞാറോട്ടുള്ള തിരി ആദ്യം തെളിക്കണം. രാവിലെ സൂര്യോദയത്തിനു മുൻപും വൈകിട്ട് സൂര്യാസ്തമയത്തിന് മുൻപും വിളക്ക് കത്തിക്കണം. എണ്ണ മുഴുവൻ വറ്റി കരിന്തിരി കത്താതെ നിലവിളക്ക് അണയ്ക്കണം. കരിന്തിരി കത്തുന്നതു ലക്ഷണക്കേടെന്നാണു വിധി. വിളക്കണയ്ക്കാൻ  പുഷ്പം ഉപയോഗിക്കാം. 

ഊതി അണയ്ക്കുന്നതു വിളിക്കിനെ നിന്ദിക്കലാണ് . നാരായണജപത്തോടെ വേണം നിലവിളക്കണയ്ക്കാൻ.

 

സന്ധ്യാദീപം കണ്ടാൽ എഴുന്നേറ്റു നിന്നു തൊഴുത്  ഇങ്ങനെ പ്രാർഥിക്കുക:

 

ശുഭം ഭവതു കല്യാണം 

 

ആയുരാരോഗ്യവർധനം

 

നമ: ശത്രുവിനാശായ 

 

സന്ധ്യാദീപ നമോ നമ: 

 

 

സന്ധ്യാസമയത്തെ നിലവിളക്കിന്റെ പ്രകാശത്തിൽ ലക്ഷ്മീദേവി നൃത്തം ചെയ്യുമത്രേ. വിളക്കു തെളിഞ്ഞു നിൽക്കുന്ന സമയത്ത് നാമം ജപിക്കുന്നതും ശ്രേഷ്ഠമായി കണക്കാക്കുന്നു.

 

നെയ് വിളക്ക്  കൊളുത്തി പ്രാർഥിച്ചാൽ കാര്യസാധ്യം ഫലം

 

എണ്ണ മാത്രമല്ല നെയ്യ് ഒഴിച്ചും വിളക്ക് കൊളുത്താം. എന്നാൽ ഇതു ചില കാര്യ സാധ്യങ്ങൾക്ക് വേണ്ടിയേ ചെയ്യേണ്ടതുള്ളൂ. വിവാഹം നടക്കണം, ജോലി വേണം തുടങ്ങിയ പ്രത്യേക കാര്യസാധ്യങ്ങൾക്കായി നെയ്യ് നിറയെ ഒഴിച്ച് തിരി തെളിക്കണം. 12 ദിവസം അടുപ്പിച്ച് അല്ലെങ്കിൽ 21 ദിവസം അടുപ്പിച്ച് അല്ലെങ്കിൽ 41 ദിവസം അടുപ്പിച്ച് വേണം ഇതു ചെയ്യാൻ. അത്രയും ദിവസത്തിനുള്ളിൽ തന്നെ കാര്യസാധ്യം ഉണ്ടാകും. 

 

 നെയ് വിളക്ക് വഴിപാട്

 

നെയ് വിളക്ക് സാധാരണ ക്ഷേത്രങ്ങളിൽ നടത്തുന്ന വഴിപാടാണ്. ഇതു വീട്ടിലാണെങ്കിലും രാവിലെയാണ് ചെയ്യേണ്ടത്. ഇത്തരത്തിൽ വിളക്ക് കൊളുത്തുബോൾ അഞ്ചു തിരിയിട്ടു  കത്തിക്കണം. ഇതിനു ഭദ്രദീപം എന്നാണ് ഇതു പറയുന്നത്. 5 തിരി കൊളുത്തുന്നതു പ്രദക്ഷിണമായി വേണം. ആദ്യം കിഴക്കോട്ടു വേണം തിരി തെളിക്കാൻ.

 

വിളക്ക് കൊളുത്തിക്കഴിഞ്ഞ് ഇങ്ങനെ ചെയ്യരുത്

ഒരു കാരണവശാലും വിളക്കു കൊളുത്തിക്കഴിഞ്ഞ് അല്ലെങ്കിൽ സന്ധ്യ നേരത്ത് ഉറങ്ങരുത്. ഈ നേരത്തു ഭക്ഷണം കഴിക്കരുത്. പഠിക്കരുത് എന്നെല്ലാം കാരണവൻമാർ പറയും. ഇതിന് കാരണങ്ങളുണ്ട്.

ഈ സമയത്ത് ശരീരം പൊതുവെ ദുർബലമായ അവസ്ഥയിൽ ആയിരിക്കും. ഈ സമയത്ത് തലച്ചോറിന്റെ പ്രവർത്തനവും മെല്ലെയാകുന്നു. ഇത്തരം കാരണങളാണ് ഇതിന് പിന്നിൽ പറയുന്നത്. അതുകൊണ്ടു തന്നെ പോസിറ്റിവിറ്റി നിറയ്ക്കാൻ, ഊർജ്ജം നേടാൻ ഈ സമയത്ത് വിളക്ക് കൊളുത്തി നാമം ജപിക്കുന്നതു നല്ലതാണ്. 

 ദീപലക്ഷണം

ദീപലക്ഷണം എന്ന ഒന്നുണ്ട്. ഇത് നോക്കി വേണം ജീവിതത്തിൽ ഐശ്വര്യം വർദ്ധിക്കുന്നത്. ഇതിലൊന്ന് ചോരാത്ത നിലവിളക്ക്. അതായത് നിലവിളക്കിൽ നിന്ന് എണ്ണ ചോരുന്നത് രോഗങ്ങൾക്ക് കാരണമാകും എന്നാണ് വിശ്വാസം. ഇത് ഐശ്വര്യക്കേടിലേക്ക് എത്തിക്കും. ഇതുകൊണ്ട് നിലവിളക്ക് വാങ്ങുബോൾ അൽപം വെള്ളം ഒഴിച്ചു നോക്കി ചോരുന്നില്ലെന്നത് ഉറപ്പ് വരുത്തേണ്ടതാണ്.

എണ്ണയെ ശരീരമായും തിരിയെ ആത്മാവായും ജ്വാലയെ ആയുസ്സായും വിളക്കിനെ ഭവനമായും സൂചിപ്പിച്ചിട്ടുണ്ട്. ദീപം ഇടതു വശത്തേക്ക് തിരിഞ്ഞുകത്തുക , മലിനമായി തോന്നുക മങ്ങിയും ചെറുതായും ഇരിക്കുക പൊരികൾ പുറപ്പെടുക , പൊട്ടുക , അകാരണമായി കെടുക , ആളിക്കത്തുക, ഇരട്ട ജ്വാലകൾ ഉണ്ടാകുക. വിറയാർന്നു കത്തുക തുടങ്ങിയവയൊക്കെ അശുഭലക്ഷണമാണ്. പതിവായി ഇവ ഭവനങ്ങളിലും സംഭവിച്ചാൽ ദോഷപരിഹാരമായി ഈശ്വരഭജനം തുടങ്ങിയവ അനുഷ്ഠിക്കേണ്ടതാണ്. സ്വർണ്ണ നിറത്തിൽ പ്രകാശത്തോടും ചായ് വില്ലാതെ നേരെ ഉയർന്ന് പൊങ്ങുന്നതുമായ ജ്വാല ഐശ്വര്യത്തെ സൂചിപ്പിക്കുന്നു.

ലേഖകൻ

ജ്യോതിഷരത്നം വേണു മഹാദേവ് 

ഫോ: 9847475559

Email ID:venumahadev@gmail.com

English Summary : Significance of Lighting Ghee Lamp at Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com