വില്വമംഗലം ദർശനം മാത്രമേ പറഞ്ഞുള്ളൂ, തൊടാൻ പറഞ്ഞില്ല എന്നുപറഞ്ഞ് കൃഷ്ണനോടി മറഞ്ഞു; അറിയാം കൃഷ്ണഗീതി ഐതിഹ്യങ്ങൾ...

HIGHLIGHTS
  • കൃഷ്ണനാട്ടത്തിലെ എട്ടു കഥകൾക്കുമുള്ളത് എട്ടു ഫലസിദ്ധി
lord-krishna-photo-credit-ninassarts-com
Photo Credit : ninassarts.com / Shutterstock.com
SHARE

ഗുരുവായൂരപ്പനോടുള്ള അചഞ്ചലമായ ഭക്തിയിൽ കോഴിക്കോട് മാനവേദ സാമൂതിരി രാജ രചിച്ച ഭക്തി കാവ്യമാണ് കൃഷ്‌ണഗീതി. ജയദേവരുടെ ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കി രചിച്ച കൃഷ്‌ണഗീതി ഭാഗവതം ദശമ - ഏകാദശ സ്കന്ദത്തിൽ നിന്നെടുത്ത എട്ട് ദശങ്ങളിലായി രൂപപ്പെടുത്തിയ കൃഷ്ണാവതാര കഥകളാണ് കൃഷ്ണാഷ്ടകം എന്ന നാമത്തിലറിയപ്പെടുന്ന കൃഷ്‌ണഗീതി. ഗുരുവായൂരപ്പന്റെ പരാമഭക്തനായിരുന്ന മാനവേദരാജ തന്റെ മഹാകാവ്യമായ കൃഷ്‌ണഗീതി ഭഗവാനു  സമർപ്പിച്ച തുലാം മുപ്പതാണ് കൃഷ്‌ണഗീതി ദിനമായി ആചരിക്കുന്നത്. ദേവഭാഷയിലെഴുതിയ ഈ കാവ്യത്തിൽ നിന്നാണ് കൃഷ്‌ണനാട്ടം എന്ന മഹത്തായ ദൃശ്യകല പിറവിയെടുക്കുന്നത്. 

കൊല്ലവർഷം 829 ലാണ് കൃഷ്‌ണഗീതിഎഴുതി തീർത്തതെന്നു പറയുന്നു. ശ്രീകൃഷ്ണാവതാരം മുതൽ സ്വർഗാരോഹണം വരെയുള്ള കൃഷ്‌ണന്റെ അവതാര ലീലകളാണ് എട്ടു കഥകളിലായി ചിട്ടപ്പെടുത്തി കൃഷ്ണനാട്ടത്തിൽ അവതരിപ്പിക്കുന്നത്. ബാലഗോപാലനെ പൂജിച്ചും ആരാധിച്ചും മാനവേദ തമ്പുരാൻ രചിച്ച കൃഷ്‌ണഗീതി മനോഹരമായ ഒരു സാഹിത്യവനമാല എന്നാണ് വിശേഷിപ്പിക്കുന്നത്.

 ഐതിഹ്യം 

ഗുരുവായൂരപ്പനെ നേരിൽ ദർശിക്കാൻ ആഗ്രഹമുണ്ടായിരുന്ന മാനവേദൻ സാമൂതിരി വില്വമംഗലം സ്വാമിയാരോടു തന്റെ തീവ്ര ആഗ്രഹത്തെപ്പറ്റി പറഞ്ഞു. ഭഗവാനോടു അനുവാദം ചോദിച്ചിട്ട് മറുപടി പറയാമെന്നു സ്വാമിയാർ മറുപടി കൊടുത്തു. മാനവേദനു ദർശനം നൽകാൻ അനുവദിച്ച ഗുരുവായൂരപ്പൻ ഇന്നത്തെ കൂത്തമ്പലത്തിന്റെ സ്ഥാനത്തുണ്ടായിരുന്ന ഇലഞ്ഞി മരത്തിന്റെ അവിടെ ചെന്നാൽ തന്നെ കാണാമെന്നും സ്വാമിയാരോടു അരുളി ചെയ്‌തു. ഇപ്രകാരം വില്വമംഗലം സ്വാമിയാർ ഭഗവാൻ തന്നോടു ഉണർത്തിച്ച കാര്യങ്ങൾ മാനവേദനെ അറിയിക്കുകയും അദ്ദേഹം ആ നിമിഷം തന്നെ ഇലഞ്ഞിമരത്തിന്റെയടുത്തൂടെ പോവുകയും ചെയ്‌തു. ഉണ്ണിക്കണ്ണനെ നേരിൽ കണ്ട രാജാവ് അത്യധികം സന്തോഷത്തോടെ ആലിംഗനം ചെയ്യാൻ ചെന്നപ്പോൾ കണ്ണൻ ഓടി മറഞ്ഞു. കൂട്ടത്തിൽ ഒരു അശരീരി കേട്ടു. വില്വമംഗലം ദർശനം മാത്രമേ പറഞ്ഞുള്ളൂ. തൊടാൻ പറഞ്ഞില്ല എന്ന്  ഈ സമയം അവിടെ ഭഗവാന്റെ തിരുമുടിയിൽ നിന്നു വീണ ഒരു മയിൽ‌പ്പീലി മാനവേദൻ എടുത്തു. കൂട്ടത്തിൽ ഇലഞ്ഞി മരത്തിന്റെ ശിഖരത്തിൽ നിന്നെടുത്ത കമ്പുകൊണ്ട് മുൻപു പറഞ്ഞതുപോലെ ഒരു ബാലഗോപാല വിഗ്രഹം ഉണ്ടാക്കി പൂജിച്ചു. ഈ വിഗ്രഹത്തെ ആരാധിച്ചും പൂജിച്ചും എഴുതിയ ഉത്തമകാവ്യമാണ് കൃഷ്‌ണഗീതി എന്നാണ് പറയുന്നത്. സാമൂതിരി രാജാവിനു  ലഭിച്ച മയിൽപ്പീലിയാണ് പ്രതീകാത്മകമായി കൃഷ്ണനാട്ടത്തിന്റെ കിരീടത്തിൽ നൽകിയിരിക്കുന്നതെന്നു പറയുന്നു. ഗുരുവായൂരെ രാവുകളെ ധന്യമാക്കുന്ന ഈ ദൃശ്യകല ഗുരുവായൂരപ്പന്റെ ഇഷ്ടവഴിപാടുകളിലൊന്നാണ്. 

 കൃഷ്‌ണഗീതി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ഒരാഴ്ചക്കാലം  കൃഷ്‌ണഗീതി പാരായണം നടത്താറുണ്ട്. സ്വന്തം മനസ്സിൽ കുടിയിരിക്കുന്ന ആത്മാംശത്തെ അല്ലെങ്കിൽ അവനവനിൽ തന്നെയാണ് സ്വന്തം ഗുരു എന്ന തത്വത്തെയാണ്  കൃഷ്‌ണഗീതിയിലൂടെ കാണിച്ചു തരുന്നത്. അതു സാധാരണക്കാരനു മനസ്സിലാകുന്ന ഒരു ദൃശ്യരൂപമായി അരങ്ങത്തേക്കു വരുമ്പോൾ ആസ്വാദന ഹൃദയങ്ങളിലെ മനസ്സിനെയാണ് ശുദ്ധീകരിക്കുന്നത്. ഇതു തന്നെയാണ്  കൃഷ്‌ണഗീതി എന്ന ഭക്തികാവ്യത്തിന്റെ അന്തസത്തയും. കൃഷ്ണനാട്ടത്തിലെ എട്ടു കഥകൾക്കും എട്ടു ഫലസിദ്ധിയാണുള്ളത്. സന്താന സൗഭാഗ്യമാണ് ആദ്യ കഥയായ അവതാരം സൂചിപ്പിക്കുന്നത്. വിഷബാധയ്ക്കുള്ള ഔഷധമായാണ് കാളിയമർദനം, രാസക്രീഡയാവട്ടെ ദാമ്പത്യസൗഖ്യവും, കന്യകമാരുടെ ശ്രേയസ്സും ആണ് പറയുന്നത്. ശത്രുനാശമാണ് കംസവധ കഥ. വിവാഹം നടക്കാൻ സ്വയംവരം കഥയാണ് ആടുന്നത്. ഉദ്ദിഷ്ടകാര്യ സിദ്ധിയും ശങ്കരനാരായണ പ്രീതിയുമാണ് ബാണയുദ്ധത്തിന്റെ ഫലമായി പറയുന്നു. വിവിധ വധം കഥ സൂചിപ്പിക്കുന്നത് കാർഷിക, വാണിജ്യ അഭിവൃദ്ധിയാണ്. ദാരിദ്ര്യ ശമനത്തിനും ഈ കഥ ആടുന്നത് ഗുണകരമാണ്. സ്വർഗാരോഹണത്തിൽ മോക്ഷപ്രാപ്‌തിയാണ് ഫലമായി പറയുന്നത്. സ്വർഗാരോഹണം നടത്തുന്നവർ അവതാരം കൂടി നടത്തിയാലേ പൂർണമാകൂ എന്നാണ് പറയുന്നത്. സന്താനഗോപാലമന്ത്രം സുദർശന മന്ത്രം, ശത്രുസംഹാരം, ശങ്കരനാരായണ സ്‌തുതി തുടങ്ങിയ മന്ത്രങ്ങളും സ്‌തുതികളും  കൃഷ്‌ണഗീതിയിൽ കോർത്തിണക്കിയിട്ടുണ്ടെന്നു പറയാം. ഒരു പക്ഷെ അതു തന്നെയാവാം കൃഷ്ണനാട്ടത്തിന്റെ ഫലസിദ്ധിയായി വരുന്നത്. ജനകീയ കലകളേയും നാടൻ കലകളേയും നൃത്തങ്ങളേയും ഒരേ ചരടിൽ കോർത്തിണക്കിയ ഒരു കാവ്യ സംസ്‍കാരമാണ് കൃഷ്ണനാട്ടത്തിന്റേത്. വർണാഭമായ രാഗമാലികകൾ കൊണ്ടും അതിനു യോജിക്കുന്ന ശ്ലോകങ്ങൾ കൊണ്ടും സംഗീത സാന്ദ്രമായ പദങ്ങൾ കൊണ്ടും അനുഗ്രഹീതമായ കൃതിയാണ്  കൃഷ്‌ണഗീതി.

English Summary : Importance of Krishna Geethi Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA