ADVERTISEMENT

'നട്ട നാരകവും കെട്ട കൂവളവും'

'നാരകം നട്ടിടം, കൂവളം കെട്ടിടം'

ഇങ്ങിനെ ഒക്കെ കേട്ടിട്ടില്ലേ സത്യത്തില്‍ ഇതിലെന്തെങ്കിലും വാസ്തവമുണ്ടോ? ധാരാളം പേര്‍ ഇതിനെ കുറിച്ച് ചോദിക്കാറുണ്ട് നമുക്ക് പരിശോധിക്കാം.

വൃക്ഷങ്ങളുടെ  സ്ഥാനങ്ങളും അതിലെ  ശാസ്ത്രീയതയും എന്താണെന്ന് നോക്കാം.

 

ചെമ്പകം,പിച്ചകം,മുല്ല, തുളസി,വെറ്റിലക്കൊടി, കൂവളം,കുമിഴ് എന്നീ ചെടികള്‍ നിങ്ങള്‍  താമസിക്കുന്ന വസ്തുവില്‍ എവിടെയും നട്ടുവളർത്താമെന്നാണ് പറയപ്പെടുന്നത്‌. അത് പോലെ തന്നെ  വീടിന്‍റെ തെക്ക് ഭാഗത്താണ് ആഞ്ഞിലി വളര്‍ത്തേണ്ടത് എന്ന് പറയുന്നു. ഇലഞ്ഞിയും പേരാലും വിഷാംശത്തെ നശിപ്പിക്കുമെന്നത്  ശാസ്ത്രീയമായി  തെളിയിക്കപ്പെട്ടിട്ടുള്ളതിനാല്‍ വസ്തുവില്‍  എവിടെയും വളര്‍ത്താം എന്നിരുന്നാലും  പേരാല്‍ വീട് നില്‍ക്കുന്ന ഭാഗത്ത്‌ ഒഴിവാക്കുന്നതാണ് നല്ലത് എന്നും അടിസ്ഥാന ഗ്രന്ഥങ്ങളില്‍ കാണുന്നു. അരയാലും ഏഴിലംപാലയും അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്നതാണ്.

 

നാഗവൃക്ഷവും പ്ലാവും വീടിന്‍റെ വടക്കേദിക്കില്‍ നല്ലതാണ്. നിങ്ങളുടെ ഭൂമിയുടെ  വടക്കുഭാഗം താഴ്ന്നതാണെങ്കില്‍ പൊതുവേ ഈര്‍പ്പത്തെ വലിച്ചെടുത്ത് അന്തരീക്ഷ  വായുവിനെ ശുദ്ധീകരിക്കാനും ഉത്തരായനകാലത്തെ മഴയും തണുപ്പും ലഘൂകരിക്കാനും ഇത് ഉപകരിക്കും എന്നതില്‍ സംശയമില്ല. വീടിനടുത്തോ,കിണര്‍,കുളം എന്നിവയുടെ അരികിലോ  കാഞ്ഞിരം വളര്‍ത്തുന്നത്  കിണറ്റിലെ വെള്ളം വിഷബാധയുള്ളതാക്കും. അതുപോലെ മാവ് ഗൃഹത്തിന്‍റെ  ഏതുഭാഗത്തും നട്ടുവളര്‍ത്താം. പൂരുരുട്ടാതിയില്‍ പിറന്നവര്‍ക്ക്  വീടിന്‍റെ വടക്ക്കിഴക്ക് ഭാഗത്തെ തേന്മാവ്  വളരെ നല്ലതാണെന്ന് കാണാം,   ഭൂമിയുടെ  തെക്ക്പടിഞ്ഞാറ് ഭാഗത്ത് പുളിയോ അത് പോലെ  മറ്റ് ഉയരമുള്ളതും ബലമുള്ളതുമായ വൃക്ഷങ്ങള്‍ നല്ലതാണെന്നും പറയപ്പെടുന്നു. ആ ദിക്കില്‍  കണിക്കൊന്നയും, ഇലഞ്ഞിയും നല്ലതാണ് . തെക്കുപടിഞ്ഞാറ് ഭാഗത്തെ വലിയ  വൃക്ഷങ്ങള്‍ വെയിലില്‍ നിന്നും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലാവസ്ഥയില്‍  നിന്നും നിങ്ങളുടെ വീടിനെ സംരക്ഷിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല.

 

അതുപോലെ  തന്നെ നമ്മുടെ വസ്തുവില്‍  കൂവളം, നെല്ലി, പ്ലാവ് എന്നിവ ഒന്നിച്ച് വളരുന്നതും നട്ട് വളര്‍ത്തുന്നതും വളരെ ഐശ്വര്യപ്രദമാണെന്നും പറയുന്നു. 'നാരകം നട്ടിടം, കൂവളം കെട്ടിടം' എന്നൊക്കെ പറയുന്നത് പ്രാസം ഉപയോഗിച്ച് ആരെങ്കിലും പറഞ്ഞുതുടങ്ങിയതായിരിക്കാം. അത് തെറ്റായ ഒരു പ്രചാരണമാണോ എന്നറിയില്ല എന്തായാലും അതിന്‍റെ ശാസ്ത്രീയത എന്താണെന്ന് ഒരു ഗ്രന്ഥങ്ങളിലും കാണുന്നില്ല, കൂവളത്തിന്‍റെ ഔഷധഗുണം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?

 

വടക്കുപടിഞ്ഞാറ് ഭാഗത്തും തെക്കുകിഴക്ക് ഭാഗത്തും മുള വളര്‍ത്തുന്നതും നല്ലതാണെന്ന് കാണുന്നു.  അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നീ നാല്പാമരങ്ങള്‍  ദേവാലയത്തില്‍ അല്ലാതെ താമസസ്ഥലത്ത്  വളര്‍ത്താന്‍ പാടില്ല എന്നും വടക്ക് അത്തി പാടില്ല, തെക്ക് ഇത്തി പാടില്ല കിഴക്ക് അരയാല്‍ പാടില്ല, പടിഞ്ഞാറ് പേരാല്‍ പാടില്ല എന്നിങ്ങനെയും നമ്മുടെ പരമ്പരാഗത ശാസ്ത്രമനുസരിച്ച് പറയപ്പെടുന്നു.നാരകം നടാന്‍ പാടില്ല എന്നും പഴമക്കാര്‍ പറയാറുണ്ട് എങ്കിലും അതിന്‍റെ ശാസ്ത്രീയമായ യുക്തി മനസ്സിലാകുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com