ADVERTISEMENT

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നമ്മൾ അനുഭവിക്കുന്ന മാനസിക സംഘർഷവും അലച്ചിലും വളരെ വലുതാണ്. അത് ഈ മഹാമാരിക്കാലത്താകുമ്പോൾ ജീവിതം കൂടുതൽ സങ്കീർണ്ണമാകുന്നു. സ്വസ്ഥതയും ശാന്തതയും കളിയാടിയ വീടിന്റെ സങ്കല്പത്തെയും അത് മാറ്റിമറിച്ചു. വർക്ക് അറ്റ് ഹോമും വിദ്യാഭ്യാസവുമെല്ലാം വീടിന്റെ നാലുചുവരുകൾക്കുള്ളിലായി. എന്നാൽ ഈ സമയങ്ങളിൽ മനസ് തളരാതെ ശുഭപ്രതീക്ഷകളും ചിന്തകളുമായി മുന്നേറാൻ നമ്മളെ സഹായിക്കുന്നതാണ് വീടിന്റെ അകത്തളങ്ങളിൽ വളർത്തുന്ന ചെടികൾ. സന്തോഷവും സമൃദ്ധിയും മാത്രമല്ല മാനസികവും ശാരീരികവുമായ ആരോഗ്യവും ആത്മീയതയും എല്ലാം ഈ ചെടികളിൽ നിന്നു വരുന്ന പോസിറ്റീവ് എനർജി കൊണ്ടു സാധിക്കുന്നു.

 

ഐശ്വര്യം കൊണ്ടു വരുന്ന ചെടികളായി ആലങ്കാരിക രീതിയിൽ ഈ ചെടികൾ ഇന്നു വീടിനുള്ളിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും അവ നന്നായി പരിപാലിച്ചില്ലെങ്കിൽ വിപരീതാനുഭവവുമുണ്ടാകുമെന്നാണ് പറയുന്നത്. ചെടികൾ വാടാതെയും ഇലകൾ കൊഴിഞ്ഞു വീഴാതെയും നല്ല പച്ചപ്പോടെയും ഭംഗിയോടെയും വേണം വീടിനുള്ളിൽ വളരേണ്ടത്. ഇന്ന് പുതിയ വീടുകളുടെ ഇന്റീരിയർ ഡിസൈനിംഗിലും അകത്തളത്തിൽ വളർത്താവുന്ന ചെടികൾക്കു പ്രമുഖ സ്ഥാനം നൽകുന്നുണ്ട്. പ്രസന്നമായ ഒരു അന്തരീക്ഷം വീടിനുള്ളിലുണ്ടെങ്കിൽ അത് കുടുംബാംഗങ്ങളിൽ മാത്രമല്ല അതിഥികളിലും നല്ലൊരു ഊർജ്ജവും ഉന്മേഷവും നൽകുന്നു. കൂടാതെ വീടുകളിൽ സമ്പത്തും സൗഭാഗ്യങ്ങളും സമൃദ്ധിയായി ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ഭാഗ്യാനുഭവങ്ങൾ നൽകുന്ന ചെടികളാണ് ഇനി പറയുന്നത്.

 

 

മണിപ്ലാൻറ്

 

പണം കൊണ്ടു വരുന്ന ചെടി എന്നർഥമാക്കുന്ന ഈ സസ്യം സാമ്പത്തിക ഉയർച്ചയുടെ പ്രതീകമായി ഇന്ന് വീടിന്റെ സിറ്റൗട്ടിലും മുറികളിലും സ്ഥാനം പിടിച്ചിരിക്കുന്നു. അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാൻ കഴിവുള്ള ഒരു ചെടിയാണിതെന്നു പഠനങ്ങൾ തെളിയിക്കുന്നു. മണിപ്ലാൻറ് വളർത്തുമ്പോൾ മുകളിലോട്ട് പോകുന്ന രീതിയിലാവണം വയ്ക്കേണ്ടത്. എങ്കിൽ ഐശ്വര്യവും ആരോഗ്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.  സൂര്യപ്രകാശമേൽക്കുന്ന ജനാലക്കരിക്കിൽ വെള്ളം നിറച്ച ഗ്ലാസ് ബൗളിലാവണം മണി പ്ലാൻറ് വളർത്തേണ്ടത്. വളരുന്നതിനനുസരിച്ച് മുകളിലോട്ടു പടർന്നു കയറാനുമുള്ള ഒരു താങ്ങും കൊടുക്കണം. വീട്ടിലായാലും ഓഫീസിലായാലും നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ കഴിയുന്ന നല്ലൊരു അകത്തള സസ്യവുമാണ് മണിപ്ലാന്റ് .

 

 

മുല്ല

 

കണ്ണിനു കുളിർമയും മനസ്സിനു ആനന്ദവും തരുന്ന പുഷ്പമാണ് മുല്ല. മുല്ലപ്പൂവിന്റെ സൗരഭ്യം മനസ്സിലെ ഉത്കണ്ഠകളെ അകറ്റി ശാന്തത കൊണ്ടുവരാൻ സഹായിക്കുന്നു. കൂടാതെ മാനസികമായ പിരിമുറുക്കത്തേയും വിഷാദത്തേയും തരണം ചെയ്യാനുള്ള ഒരു പോസിറ്റീവ് എനർജിയും തരുന്നു. തെക്കുവശത്തിനഭിമുഖമായി നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ജനാലക്കരികിലാണ് മുല്ലച്ചെടി വയ്ക്കേണ്ടത്. മുല്ലപ്പൂവിന്റെ ഭംഗിയും സൗരഭ്യവും നമ്മളിൽ ഉണ്ടാക്കുന്ന നവോന്മേഷം വളരെ വലുതാണ്. ഇത് വീട്ടിൽ ഐശ്വര്യമുണ്ടാകുന്നതിനു കാരണമാകുന്നു. ഹൈന്ദവ ആചാരപ്രകാരം മംഗളകരമായ ഏതു കർമ്മങ്ങൾക്കും സ്ത്രീകൾ മുല്ലപ്പൂ ചൂടുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായാണ് കാണുന്നത്.

 

 

ലക്കിബാംബു 

 

ഭാഗ്യവും സമ്പത്തും സമൃദ്ധിയായി കൊണ്ടുവരുന്ന ഒരു അലങ്കാര ചെടിയാണ് ലക്കിബാംബു . പേരിനെ അന്വർത്ഥമാക്കുന്ന ഈ ചെടി സാമ്പത്തിക ഉയർച്ച ഉണ്ടാക്കുമെന്ന വിശ്വാസത്തിലാണ് വീടിനുള്ളിൽ പരിപാലിക്കുന്നത്. വെള്ളത്തിലിട്ട് വളർത്തുന്ന ബാംബുച്ചെടി മങ്ങിയ പ്രകാശമുള്ള മുറികളിലാണ് വയ്ക്കേണ്ടത്. ലക്കി ബാംബു വീടിനുള്ളിൽ വളർത്തിയാൽ പേരും പ്രശസ്തിയും അംഗീകാരവും നേടിത്തരും എന്നൊരു വിശ്വാസവുമുണ്ട്.

 

റോസ്മേരി

 

മുല്ല പോലെ തന്നെ നല്ലൊരു സുഗന്ധം പരത്തുന്ന മറെറാരു കുററിച്ചെടിയാണ് റോസ്മേരി. എപ്പോഴും പോസിറ്റീവ് എനർജി തരുന്ന ഈ ചെടി സൂര്യപ്രകാശം ഏറ്റവും കൂടുതൽ ലഭിക്കുന്ന മുറികളിലാവണം വയ്ക്കേണ്ടത്. നിത്യവും സുഗന്ധവും അതിലൂടെ നല്ല ഓർമ്മശക്തിയും ഉണ്ടാവാൻ കഴിയുന്ന ഔഷധസസ്യം കൂടിയാണിത്. ഉറക്കമില്ലായ്മയെ അകറ്റാനും ഈ ചെടിയുടെ സാന്നിധ്യം കൊണ്ട് കഴിയുന്നു. മനസ്സിനും ശരീരത്തിനും നല്ലൊരു ഊർജ്ജം പ്രദാനം ചെയ്യാൻ കഴിയുന്ന ചെടിയാണ് റോസ്മേരി

 

തുളസി

 

ദൈവികതയുടെ പര്യായമായാണ് തുളസിയെ ഭാരതീയർ കാണുന്നത്. പരിപാവനമായ തുളസിയെ മഹാലക്ഷ്മിയായി സങ്കല്പിച്ചിരിക്കുന്നു. കൂടാതെ നല്ലൊരു ഔഷധ സസ്യവുമാണ്. തുളസിയുടെ സൗരഭ്യവും സാന്നിധ്യവും ദുഷ്ടശക്തികളെ ഇല്ലാതാക്കുമെന്നൊരു വിശ്വാസം പണ്ടു മുതലേ ഉണ്ട്. ഈയൊരു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങളിലും വീടുകളിലും തുളസി നട്ടു പിടിപ്പിച്ചിരിക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള ദോഷം വീടിനു സംഭവിച്ചിട്ടുണ്ടങ്കിൽ അതു മാറാൻ കൂടിയാണ് തുളസിത്തറയും പണിതിരുന്നത്. തുളസിയിൽ നിന്നു വരുന്ന അനുകൂല ഊർജ്ജം വീട്ടിനുള്ളിലേക്കു പ്രവഹിക്കുന്നു എന്നൊരു വസ്തുതയും ഇതിലുണ്ട്.  സൂര്യപ്രകാശം ലഭിക്കുന്നടത്തും കിഴക്കുവശത്തുമായാണ് തുളസിച്ചെടി വയ്ക്കുന്നതെങ്കിൽ  അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്നും പറയുന്നു. തുളസി ധാരാളം ഓക്സിജൻ ഉല്പ്പാദിപ്പിക്കുന്ന ചെടിയായും ശാസ്ത്രലോകവും അംഗീകരിച്ചിട്ടുണ്ട്.

 

ഓർക്കിഡ്

 

സന്തോഷത്തിന്റെയും സ്നേഹത്തിന്റേയും പ്രതീകമാണ് ഓർക്കിഡ് . വീടിനുള്ളിലെ മുറികൾക്കുള്ളിൽ ഏതു മൂലയിലും ഓർക്കിഡ് വളർത്താം.  വെളിച്ചമുള്ള സ്ഥലവും സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്തയിടത്തുമായിരിക്കണം ഓർക്കിഡ് വളരേണ്ടത്. സാമ്പത്തിക അഭിവൃദ്ധിയേയും പൂർണ്ണതയേയും പ്രതിനിധീകരിക്കുന്ന ഓർക്കിഡ് നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ കഴിയുന്ന ചെടിയുമാണ്. 

 

കറ്റാർവാഴ

 

വീടിനുള്ളിലെ വിഷവായുവിനെ ശുദ്ധീകരിക്കാൻ കഴിയുന്ന ഒരു ചെടിയാണ് കറ്റാർവാഴ. സൗന്ദര്യവർധക വസ്തുവായും ഔഷധ സസ്യമായും അറിയപ്പെടുന്ന കറ്റാർവാഴ വീടിന്റെ അകത്തളത്തിൽ  സൂര്യപ്രകാശം ലഭിക്കുന്നയിടത്താണ് വയ്ക്കേണ്ടത്. കറ്റാർവാഴ വളരാൻ വെള്ളം ധാരാളം വേണമെങ്കിലും അത് കെട്ടിക്കിടക്കാൻ പാടില്ല. അങ്ങനെ വന്നാൽ ചെടി പെട്ടെന്നു ചീയുന്നതിനു കാരണമാകുന്നു . ഇത് അശുഭമായാണ് കാണുന്നത്. മുള്ള് ഉള്ള ചെടികൾ വീടിനകത്തു വെക്കരുത് എന്നൊരു വിശ്വാസമുണ്ടെങ്കിലും കറ്റാർവാഴ ഭാഗ്യവും പോസിറ്റീവ് എനർജിയും തരുന്ന ഒരു ചെടിയായാണ് കരുതുന്നത്. അതുകൊണ്ടാണ് കറ്റാർവാഴ വീടിനുള്ളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

 

ലാവൻഡർ

 

സൗരഭ്യവും ഭംഗിയും ഉള്ള ഈ ചെടി ഏവരുടേയും മനസ്സിനെ വളരെയധികം ആകർഷിക്കുന്നു. എല്ലാ ദിവസവും പൂക്കളുള്ള ഈ ചെടി വീടിനുള്ളിൽ നല്ല പ്രകാശം ഉള്ളടത്താണ് വയ്ക്കേണ്ടത്.  മാനസിക ഉന്മേഷവും ഉണർവും തരാൻ കഴിവുള്ള വളരെ മനോഹരമായ ചെടിയാണ് ലാവൻഡർ. നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ കഴിയുമെന്നൊരു പ്രത്യേകതയും ഈ ചെടിക്കുണ്ട്.

 

 

 

സമകാലിക ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന ഇത്തരം ചെടികൾ വീടിനുള്ളിൽ പച്ചപ്പും ഭംഗിയും സൗരഭ്യവും ഉള്ള ഒരു പൂന്തോട്ടം സൃഷ്ടിക്കുന്നു. അതിലൂടെ സന്തോഷവും ഊർജ്ജസ്വലതയും എല്ലാവരിലും എത്തിക്കാനും കഴിയുന്നു എന്നതാണ് അകത്തള സസ്യങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത .

English Summary : These Palnts Brings Positivity in your Home

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com