ADVERTISEMENT

എല്ലാ മനുഷ്യരുടെയും മനോഹര സ്വപ്നമാണല്ലോ ചെറുതായാലും വലുതായാലും മനോഹരമായ വീടും അവിടെ സന്തോഷത്തോടും സമാധാനത്തോടും കൂടെ ജീവിക്കുകയെന്നത്. ആ സ്വപ്നങ്ങൾ പൂവണിയുന്നതിനായി വാസ്തുശാസ്ത്രമനുസരിച്ച് വീടിനെ ഒരുക്കാം.

 

വാസ്തുശാസ്ത്രത്തിൽ ഗൃഹത്തിന്റെ വടക്ക് ഭാഗവും കിഴക്ക് ഭാഗവും മറ്റുള്ള വശങ്ങളെ അപേക്ഷിച്ച് ഉയർന്നിരിക്കരുത്. കിഴക്കും വടക്കും താഴ്ന്നതും തെക്കും പടിഞ്ഞാറും ഉയർന്നതുമായ  ഭൂമിയാണ് ഗൃഹത്തിനു  നല്ലത്. ഇങ്ങനെയുള്ള ഭൂമിയിൽ  വസിക്കുന്നവർക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കുമെന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നു. 

 

 ഓരോ ദിക്കിനും ഓരോ അധിപന്മാരുണ്ട്. ദിക്കുകൾക്ക് ക്രമഭംഗം വരുത്താതെ വാസ്തുശാസ്ത്രപരമായി ഗൃഹം പരിപാലിച്ചാൽ  അവിടെ വസിക്കുന്നവർക്ക് ആ ദിക്കുകളുടെ അധിപന്മാർ എല്ലാവിധ അനുഗ്രഹങ്ങളും നൽകുന്നതാണ്.

 

ഉദയസൂര്യന്റെ കിരണങ്ങൾ ആദ്യം പതിയുന്നത് കിഴക്ക് ഭാഗത്താണ്. കിഴക്കിന്റെ അധിപൻ ഇന്ദ്രനാണ്. മഴയുടെ ദേവനായിട്ടാണ് ഇന്ദ്രനെ പുരാണങ്ങളിൽ പറയുന്നത്. സർവജീവജാലങ്ങൾക്കും ജലം അത്യാവശ്യമാണല്ലോ. ഇന്ദ്രൻ അറിവും ആരോഗ്യവും പ്രശസ്തിയും നൽകുന്നു. വിദ്യാഭ്യാസത്തിൽ ഉയർച്ച നേടുന്നതിന് കിഴക്ക് ഭാഗം നല്ലതാണ്. കിഴക്കോട്ട് നോക്കി പഠിക്കുന്നത് വളരെ നല്ലതാണ്. വിജയത്തിന്റെ ദിക്കാണ് കിഴക്ക്. കിഴക്ക് ഭാഗത്തേക്ക് ചെരിവുള്ള , കിഴക്കിന് ക്രമഭംഗം വരാതെയുള്ള ഗൃഹത്തിൽ വസിക്കുന്നവർക്ക് കിഴക്കിന്റെ അധിപനായ ഇന്ദ്രൻ അറിവും ആരോഗ്യവും പ്രശസ്തിയും നൽകുന്നു.

 

വടക്കിന്റെ അധിപൻ കുബേരനാണ്. സമ്പത്തിന്റെ ദേവനാണ് കുബേരൻ. വടക്ക് ദിക്ക് താഴ്ന്നിരിക്കുന്നതും വടക്കിന് ക്രമഭംഗം വരാതെയുള്ള ഗൃഹത്തിൽ താമസിക്കുന്നവർക്ക് കുബേരൻ സമ്പത്തും സൗഭാഗ്യവും നൽകി അനുഗ്രഹിക്കുന്നു.

 

വടക്ക് കിഴക്കിന്റെ അധിപൻ ശിവനാണ്. വടക്ക് കിഴക്ക് ഭാഗവും താഴ്ന്നിരിക്കേണ്ടതാണ്. ഈശാന കോൺ എന്നാണ് വടക്ക് കിഴക്കിനെ പറയുന്നത്. ഈശ്വരന്റെ ദിക്കാണിത്. ശിവഭഗവാനെ ശംഭോ എന്നും വിളിക്കാറുണ്ട്. ശംഭോ എന്നാൽ സുഖത്തെ പ്രദാനം ചെയ്യുന്നവൻ എന്നാണ് അർഥം. വടക്ക്–കിഴക്ക് ഭാഗത്തേക്ക് ചെരിവുള്ളതും വടക്ക് കിഴക്കിന് ക്രമഭംഗം വരുത്താതെയും നിർമ്മിച്ചിട്ടുള്ള ഗൃഹത്തിൽ വസിക്കുന്നവർക്ക് ശിവഭഗവാൻ എല്ലാ സുഖങ്ങളും നൽകുന്നു. വടക്ക്–കിഴക്ക് കിണർ, ഭൂമിക്കടിയിലുള്ള ജലസംഭരണികൾ ഇവ നിർമ്മിക്കുന്നത് നല്ലതാണ്. വടക്ക്–കിഴക്ക് ചെറിയ കുളം നിർമ്മിച്ച് അതിൽ താമര വളർത്തുന്നത് വാസ്തു ശാസ്ത്രപരമായി നല്ലതാണ്.

English Summary : Vasthu Tips for Lucky Home by Geetha Venugopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com