ADVERTISEMENT

പലരുടെയും ജീവിതം മാറിമറിഞ്ഞ കോവിഡ് ലോക്ഡൗൺ കാലത്താണ് പാർവതിയുടെയും ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടായത്. അതും ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ട്. ഇപ്പോൾ ‘സ്വസ്തിക ഓൾ ഈസ് വെൽ’ എന്ന പേജിലൂടെ ഗുരുവായൂരപ്പന്റെ കഥകൾ  പറയുകയാണ് പാർവതി. തന്റെ കഥകളും വചനങ്ങളുമൊക്കെ ഭക്തർ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് അവർ. എങ്ങനെയാണ് ഇങ്ങനെയൊരു കഥ പറച്ചിലിലേക്ക് എത്തിയതെന്നും വിമർശനങ്ങളെ അതിജീവിച്ചതെന്നും പാർവതി പറയുന്നു. 

 

ലോക്ഡൗൺ തന്ന നിയോഗം

 

പണ്ടു മുതലേ കഥകൾ പറയാനും കേൾക്കാനും ഇഷ്ടമായിരുന്നു. ജോലിയുടെയും വീട്ടുകാര്യങ്ങളുടെയും ഇടയിൽ നമുക്ക് അപ്രതീക്ഷിതമായി ഒഴിവുസമയം കിട്ടിയത് ലോക്ഡൗണിലാണല്ലോ. ആ സമയത്ത് ഭാഗവതം, ഭഗവദ്ഗീത എന്നിവ ലഭിക്കുകയുണ്ടായി. കൂടാതെ ഗീതാപഠനം ആരംഭിക്കാനും സാധിച്ചു. ഭഗവാനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ സാധാരണ ജനങ്ങൾക്ക് പ്രചോദനം നൽകുന്ന കഥകൾ മറ്റുള്ളവരിലേക്കും പകർന്നു നൽകണം എന്ന ആഗ്രഹമുണ്ടായി. ആ സമയത്ത് അതിന് ഏറ്റവും അനുയോജ്യം സോഷ്യൽ മീഡിയ ആയിരുന്നു. പാണ്ഡിത്യമോ സംസ്കൃത ജ്ഞാനമോ ഇല്ലാത്ത ഒരാളായിട്ടും ഭഗവാന്റെ കഥകൾ ഭക്തർ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതിൽ ഒരുപാട് സന്തോഷം തോന്നി. ഈ ചെറിയ ജീവിതത്തിനിടയിൽ നിയോഗം പോലെ ഭഗവൽ കഥകൾ പറയാനായത് ഗുരുവായൂരപ്പന്റെ കടാക്ഷം ഒന്നു കൊണ്ടു മാത്രമാണെന്നാണ് എന്റെ വിശ്വാസം. 

 

പല ക്ഷേത്രങ്ങളിലും പ്രഭാഷണത്തിനു വിളിക്കുന്നുണ്ട്. പക്ഷേ ഞാൻ ഒരു സാധാരണ വീട്ടമ്മയും ഭക്തയും മാത്രമാണ്. ഒരു സദസ്സിനു മുന്നിൽ നിന്ന് പ്രഭാഷണം നടത്താനുള്ള കഴിവൊന്നും ഇല്ല. വീട്ടിലെ മുറിയിൽ മൊബൈൽ ഫോണിന്റെ മുന്നിലിരുന്നു കഥ പറയുമ്പോൾ ഭഗവാന്‍ മാത്രമേ മുന്നിലുളളൂ, ഭഗവാനോടു സംസാരിക്കുന്നതു പോലെയുള്ള അനുഭവമാണത്. ആ സമയത്ത് പറഞ്ഞറിയിക്കാനാവാത്ത ഒരു അനുകൂല ഊർജം നിറയുന്നതായി തോന്നും. ഭഗവാൻ എന്നെക്കൊണ്ട് പറയിക്കുന്നതാകാം. അല്ലാതെ ഒരു ആൾക്കൂട്ടത്തിനു മുന്നിൽനിന്നു സംവദിക്കാനോ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനോ ഉള്ള കഴിവില്ല. 

 

വിമർശനങ്ങളും പോസിറ്റീവായി

 

കഥകൾ പോസ്റ്റ് ചെയ്യുമ്പോൾ ഒരുപാട് മോശം കമന്റുകൾ വരുമായിരുന്നു. യൂട്യൂബിൽനിന്ന് വരുമാനമുണ്ടാക്കാനുള്ള പുതിയ തന്ത്രമാണോ, വേറേ പണിയൊന്നുമില്ലേ എന്നിങ്ങനെ നീളുന്നു കമന്റുകൾ. നേരിട്ടും ഒരുപാട് കളിയാക്കലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ജോലി സ്ഥലത്തേക്കൊക്കെ നടന്നു പോകുമ്പോൾ കളിയാക്കുന്ന രീതിയിൽ ‘ഹരേ കൃഷ്ണ’ എന്നൊക്കെ വിളിക്കുമായിരുന്നു. ആദ്യമൊക്കെ നല്ല വിഷമം തോന്നി. ഗീതയും നാരായണീയവുമൊക്കെ പഠിപ്പിച്ചിരുന്ന മാതാജിയോട് ഒരിക്കൽ വിഷമത്തോടെ ഇക്കാര്യം പറഞ്ഞു. ‘‘നിന്നെ കളിയാക്കാനെങ്കിലും അവർ ഭഗവാനെ വിളിക്കുന്നുണ്ടല്ലോ, അങ്ങനെയെങ്കിലും അവർ ഭഗവാനിലേക്കെത്തട്ടെ’’ എന്നായിരുന്നു മറുപടി. ‘‘പാർവതി കാരണം അവർക്ക് ഭഗവാന്റെ നാമം പറയാൻ സാധിച്ചല്ലോ’’. ആ വാക്കുകൾ എനിക്ക് കൂടുതൽ കഥകൾ പറയാനുള്ള ഊർജം നൽകി. 

 

ഈ സാഹചര്യങ്ങളിലൊക്കെ കുടുംബത്തിന്റെ പിന്തുണ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. എന്താണോ സന്തോഷം തരുന്നത് അതു ചെയ്തോളൂ എന്ന കാഴ്ചപ്പാടാണ് ഭർത്താവിനും ഉള്ളത്. അദ്ദേഹത്തിന്റെ പൂർണ പിന്തുണയും വിമർശനങ്ങളെ അതിജീവിക്കാനുള്ള കരുത്തു നൽകി. 

 

വധുവിന്റെ രൂപത്തിൽ കണ്ണന്റെ മുന്നിൽ

 

കുട്ടിക്കാലം മുതൽ ഗുരുവായൂരപ്പന്റെ ഭക്തയാണെങ്കിലും എന്റെ വിവാഹദിനത്തിലാണ് ഭഗവാനെ ദർശിക്കാനായത്. ഒരിക്കൽ കുടുംബസമേതം ഗുരുവായൂരിൽ എത്തിയെങ്കിലും തിരക്കു കാരണം തൊഴാൻ സാധിച്ചില്ല. തിരുവനന്തപുരത്ത് ജനിച്ചു വളർന്ന എനിക്ക് പിന്നീട് ഇത്രയും ദൂരം താണ്ടി ഭഗവാനെ വന്ന് തൊഴാനും സാധിച്ചില്ല. മലപ്പുറത്ത് തിരൂരിൽ നിന്നാണ് കല്യാണാലോചന വന്നത്. ഭർത്താവിന്റെ അമ്മയ്ക്ക് ഒരേ ഒരു നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ– വിവാഹം ഗുരുവായൂരിൽ വച്ച് വേണം. വിവാഹത്തലേന്ന് തിരക്കു കാരണം തൊഴാൻ സാധിച്ചില്ലെങ്കിലും വിവാഹത്തിനു മുമ്പ് വധുവിന് കയറി തൊഴാൻ അവസരം ലഭിക്കുമായിരുന്നു. അന്ന് ശ്രീകോവിലിന് തൊട്ടടുത്തുനിന്ന് ഭഗവാനെ ആദ്യമായി കൺനിറയെ തൊഴുതു. 

 

ഒരു തവണയെങ്കിലും കാണാനാഗ്രഹിച്ചിരുന്ന എനിക്കിപ്പോൾ മനസ്സിൽ ആഗ്രഹിക്കുമ്പോഴൊക്കെ ദർശിക്കാനുള്ള ഭാഗ്യം ലഭിക്കുന്നു. 

 

ആഗ്രഹങ്ങൾക്കൊന്നും മനസ്സിൽ സ്ഥാനമില്ല

 

ഒരുപാട് ആഗ്രഹങ്ങളുള്ള ഒരു വ്യക്തിയായിരുന്നു ഞാൻ. ഏതൊരൊളെയും പോലെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ഒരുപാട് സ്വപ്നങ്ങളും ഉണ്ടായിരുന്നു. അറിയാതെയാണെങ്കിലും ഭഗവാനിലേക്ക് കൂടുതൽ അടുത്തതിൽ പിന്നെ ആഗ്രഹങ്ങൾക്കൊന്നും മനസ്സിൽ സ്ഥാനമില്ല. ഭഗവാനെന്താണോ നിശ്ചയിച്ചിട്ടുള്ളത് അതുപോലെ നടക്കട്ടെ എന്ന മനോഭാവമാണിപ്പോൾ. പണ്ട് ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കിൽ വിഷമം തോന്നുകയും പിന്നീട് എന്തൊക്കെ ലഭിച്ചാലും സംതൃപ്തി ഇല്ലാതിരിക്കുകയും അമിത ആശങ്കയും പതിവായിരുന്നു. ഇപ്പോൾ ഒന്നും ആഗ്രഹിച്ചില്ലെങ്കിലും എല്ലാം ലഭിക്കുന്നു

 

ക്ഷേത്രദർശന വേളകളിൽ ആൾക്കാർ തിരിച്ചറിഞ്ഞ് അവർ സ്നേഹത്തോടെ വന്ന് കെട്ടിപ്പിടിക്കുന്നതൊക്കെ ഒരു അനുഭവമാണ്. ആദ്യമൊക്കെ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെയാണ് കഥകൾ പറഞ്ഞു കൊണ്ടിരുന്നത്. എന്നിട്ടു പോലും, പേരെടുക്കാൻ വേണ്ടിയാണ് ഈ കാട്ടിക്കൂട്ടുന്നതെന്നു പറയുന്നവരും ആൾദൈവമായി ചിത്രീകരിക്കുന്നവരും കുറവല്ല. പക്ഷേ ഇതൊന്നും ഇപ്പോൾ എന്നെ തളർത്താറില്ല. ഭൗതിക ജീവിതം നയിക്കുന്ന ഓരോ വ്യക്തിക്കും ഭഗവാനിലേക്ക് എങ്ങനെ കൂടുതൽ അടുക്കാം എന്ന് പറഞ്ഞു കൊടുക്കുക മാത്രമാണ് ലക്ഷ്യം. അതിനാൽത്തന്നെ കുടുംബിനികളായ വീട്ടമ്മമാരാണ് കൂടുതലും അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്. 

 

വൃന്ദാവനം സന്ദർശനത്തെക്കുറിച്ച് 

 

ഗാർഗ ഭാഗവതത്തിൽ പരാമർശിക്കുന്ന രാധാ റാണിയുടെ പ്രാധാന്യം മനസ്സിലാക്കുന്നത് വൃന്ദാവനത്തിലെത്തിയ ശേഷമാണ്. കൂടാതെ ഭഗവാൻ ലീലകളാടിയ ഓരോ സ്ഥലത്തും ഒരു വൃക്ഷമോ കുളമോ ക്ഷേത്രമോ കാണും. അതിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരാൻ നിരവധി ഗോപീഗോപന്മാരുമുണ്ടിവിടെ. രാധാറാണിയുടെ 8 സഖിമാരുടെയും ക്ഷേത്രങ്ങൾ ദർശിക്കാനുള്ള ഭാഗ്യവുമുണ്ടായി. എന്തു മാറ്റമാണോ സമൂഹത്തിൽ നിങ്ങൾ കാണാനാഗ്രഹിക്കുന്നത് അതിലേക്ക് ആദ്യം സ്വയം മാറുക എന്ന് പറയാറില്ലേ. അതാണ് ഞാൻ പിന്തുടരുന്നത്. കുടുംബത്തിന്റെ ഐശ്വര്യവും സ്ത്രീകളിൽനിന്ന് ആരംഭിക്കുന്നു എന്നാണല്ലോ പറയുന്നത്. ഞാനും ഒരു സ്ത്രീ ആയതിനാൽ സ്ത്രീകളുടെ മനസ്സിന്റെ രീതിയിലേ പറയാൻ സാധിക്കുന്നുള്ളൂ. 

 

നമ്മുടെ ഇഷ്ടങ്ങളും ശ്രദ്ധയും ഭഗവാനിലേക്ക് സമർപ്പിച്ചാൽ പിന്നെ ആഗ്രഹങ്ങൾക്കൊന്നും വലിയ സ്ഥാനമുണ്ടാകില്ല. അപ്പോൾ കലഹവും ഒഴിഞ്ഞു പോകും. ഇതൊന്നും പെട്ടെന്നു സാധ്യമാവില്ല. മനുഷ്യമനസ്സ് തെളിഞ്ഞ ജലാശയം പോലെയാണ് അതിൽ പ്രശ്നങ്ങളാവുന്ന കല്ലുകൾ പതിച്ച് കലങ്ങി മറിയും. പിന്നീട് സാവധാനത്തിൽ െതളിയുകയും ചെയ്യും. മനസ്സിന് തെളിച്ചം ലഭിക്കുന്ന ഉത്തമമാർഗമാണ് ഭക്തി. പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല. എന്നാൽ മനസ്സിൽ ഭക്തി നിറച്ചാൽ പെട്ടെന്നുതന്നെ അതിജീവിക്കാനുള്ള ശക്തി ലഭിക്കും എന്നാണ് എന്റെ വിശ്വാസം. ഏതു മതസ്ഥരെങ്കിലും അവനവന്റെ വിശ്വാസപ്രകാരം അദൃശ്യ ശക്തിയിൽ വിശ്വസിക്കുക എന്നതാണ് പ്രധാനം. വിശ്വാസത്തിലൂടെയും ഭക്തിയിലൂടെയും മനസ്സിൽ ഒരു പരിധി വരെ സമാധാനം നിറയ്ക്കാൻ സാധിക്കും. 

 

ജ്യോതിഷത്തിൽ വിശ്വാസമുണ്ട്. പക്ഷേ അതിലുപരിയായി വിശ്വാസം ഭഗവാനിൽ ആണ്– പാർവതി  പറഞ്ഞു നിർത്തി.

English Summary : Interview with Swasthika Parvathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com