ADVERTISEMENT

കൊട്ടിയൂരപ്പന്റെ ഉത്സവമാണെങ്കിൽ മഴ പെയ്യും– കണ്ണൂരിന്റെ ഈ ചൊല്ലിലുള്ള കൗതുകം പോലെ തന്നെയാണ് കൊട്ടിയൂർ എന്ന ക്ഷേത്രവും ഉത്സവവും ആചാരങ്ങളും. 11 മാസവും അഷ്ടബന്ധക്കൂട്ടിൽ അമരുന്ന തേവർക്ക് 27 നാൾ ഉത്സവമാണ്. കൊട്ടിയൂർ വൈശാഖോത്സവ വിശേഷങ്ങൾ അറിയാം.

akkare-kottiyoor
പ്രദക്ഷിണവഴിയിൽ ജലം നിറഞ്ഞ അക്കരെ കൊട്ടിയൂർ

 

kottiyoor-neyyu-01
കൊട്ടിയൂരിലേക്ക് നെയ്യുമായി എത്തുന്ന നെയ്യമൃത് സംഘം

ഇടവപ്പാതിക്ക് കോള് കൂട്ടും മുൻപേ, ഇടവ സംക്രമത്തിനും മുൻപേ കണ്ണൂരിന്റെ കിഴക്കേ അതിർത്തിയിൽ സഹ്യനുമേൽ മേഘമിരുണ്ട്, തണുത്ത കാറ്റിൽ തട്ടി മഞ്ഞുതുള്ളികൾ പോലെ പ്രകൃതി പെയ്തു വീഴാൻ തുടങ്ങിയിരുന്നു. വേനലിന്റെ കാഠിന്യത്തിൽ നീരിറങ്ങിയ ബാവലിയിൽ നീർച്ചാലുകൾ നിറച്ച മഴ പെയ്തുവീഴുന്നത് ഭക്തിയോടെയാണെന്നു തോന്നും. കൊട്ടിയൂർ പെരുമാളിന്റെ നീരെഴുന്നള്ളത്തിനു മുന്നോടിയായി മഴ അഭിഷേകവുമായ് എത്തിയതാണെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തിയുള്ളവരും ഇല്ലാത്തവരും വിശ്വസിക്കുന്ന ചൊല്ലൊന്നുണ്ട് കണ്ണൂരിൽ. കൊട്ടിയൂർ വൈശാഖോത്സവത്തിന് മഴ പെയ്തിരിക്കും.

odapoovu
കൊട്ടിയൂരിൽ വിൽപനയ്ക്ക് ക്രമീകരിച്ചിരിക്കുന്ന ഓടപ്പൂവ്.

നീണ്ട 11 മാസം അഷ്ടബന്ധക്കൂട്ടിൽ മയങ്ങുന്ന ഭഗവത്പാദത്തിൽ ഇനി ഉത്സവനാളുകളാണ്. കൊട്ടിയൂരപ്പന്റെ തിരുസന്നിധിയിൽ 27 നാളുകൾ നീളുന്ന വൈശാഖോത്സവം. കഴിഞ്ഞ 10ന് നീരെഴുന്നള്ളത്തോടെ ഉത്സവകാലം തുടങ്ങി. കഴിഞ്ഞ ദിവസം വയനാട്ടിലെ മുതിരേരി കാവിൽ നിന്ന് ആരംഭിച്ച വാൾ എഴുന്നള്ളത്ത് സന്ധ്യയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെത്തി. രാത്രി നെയ്യാട്ടം നടത്തി. തിങ്കളാഴ്ച ഭണ്ഡാരം എഴുന്നള്ളിച്ച് അക്കരെ കൊട്ടിയൂരിൽ എത്തിച്ചാൽ നിത്യപൂജ തുടങ്ങും. ഇതോടെയാണ് അക്കരെ കൊട്ടിയൂരിലേക്ക് ഭക്തർക്കു പ്രവേശനം.

kottiyoor-path
കൊട്ടിയൂരിലേക്കുള്ള ക്ഷേത്രവഴി

ഇനിയുള്ള നാളുകൾ ബാവലി മുറിച്ച് മനുഷ്യരുടെ കൈവഴികൾ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തും.  ഐതിഹ്യങ്ങളും സങ്കൽപ്പങ്ങളും ആചാരങ്ങളുമെല്ലാം സമം ചേർത്തുകെട്ടിയ പർണശാലയാണ് കൊട്ടിയൂർ പെരുമാളിന്റെ ക്ഷേത്രം. മൂന്നു മലകൾ ഗോപുരം കണക്കെ സംരക്ഷിക്കുന്ന കൊട്ടിയൂരിന്റെ ഐതിഹ്യം വിപുലമാണ്. 

 

kottiyoor-neyyu
കൊട്ടിയൂരിലേക്ക് നെയ്യുമായി പോകൂന്ന ഭക്തൻ

ഐതിഹ്യം

kottiyoor-neyyattam
കൊട്ടിയൂരിൽ നടന്ന നെയ്യാട്ടച്ചടങ്ങ്

 

ദക്ഷയാഗഭൂമിയാണ് കൊട്ടിയൂരെന്നാണ് ഐതിഹ്യം. പിതാവ് നടത്തുന്ന യാഗത്തിലേക്ക് ക്ഷണിക്കാതെ എത്തിയ ദാക്ഷായണിയെ ദക്ഷൻ ആക്ഷേപിച്ചെന്നും അപമാനിതയായ ദേവി യാഗാഗ്നിയിൽ സ്വയം ദഹിച്ചു. ഇതിൽ കലിപൂണ്ട പരമശിവൻ വീരഭദ്രനെയും ഭൂതഗണങ്ങളെയും അയച്ച് യാഗശാല തകർത്തു. ദക്ഷൻ ഉൾപ്പെടെയുള്ള യാഗസഭയെ വകവരുത്തുകയും ചെയ്തു. ഭഗവാന്റെ കൽപന പ്രകാരം വീരഭദ്രൻ ദക്ഷന്റെ തലയറുത്തു. ദക്ഷന്റെ നീണ്ട താടിയാണ് മുളയിൽ നിന്നുണ്ടാകുന്ന ഓടപ്പൂവിന്റെ സങ്കൽപ്പത്തിനു കാരണമത്രേ. ബ്രഹ്‌മാവിന്റെയും വിഷ്‌ണുവിന്റെയും യാചന കേട്ട് ദക്ഷനെയും മറ്റും ജീവിപ്പിച്ച് ശിവൻ യാഗം പൂർത്തിയാക്കിയെന്നും യാഗഭൂമിയിൽ സ്വയംഭൂവായി പരിണമിച്ചെന്നുമാണ് ഐതിഹ്യം. 

kottiyoor-vaal
വയനാട്ടിലെ മുതിരേരി കാവിൽ നിന്ന് ആരംഭിച്ച വാൾ എഴുന്നള്ളത്ത്

കാലങ്ങൾക്കു ശേഷം,  യാഗഭൂമിയായിരുന്ന ഈ കാട്ടിൽ വേട്ട നടത്തി ജീവിച്ചിരുന്ന കുറിച്യ സമുദായത്തിലെ ഒരംഗം അമ്പിന് മൂർച്ച കൂട്ടാൻ നദിക്കരയിലെ കല്ലിൽ ഉരച്ചു. പൊടുന്നനെ കല്ലിൽ നിന്നു ചോരയൊഴുകാൻ തുടങ്ങി. രക്തപ്രവാഹം കണ്ടു ഭയന്ന അദ്ദേഹം നാടു വാണിരുന്ന പ്രദേശത്തെ 4 തറവാട്ടുകാരണവന്മാരോട് വിവരം അറിയിച്ചു. വിവരമറിഞ്ഞ് എത്തിയ തന്ത്രിവര്യന്മാർ ദക്ഷയാഗ ഭൂമിയും സ്വയംഭൂ വിഗ്രഹവും ദേവസാന്നിധ്യവും തിരിച്ചറിയുകയായിരുന്നു. രക്തപ്രവാഹം നിർത്താനായി ശിലയിൽ നെയ്യും പാലും ഇളനീരും മാറിമാറി അഭിഷേകം ചെയ്തു. ഈ ക്രമത്തിലാണ് ഇന്നും കൊട്ടിയൂരിൽ അഭിഷേകം. അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കുന്ന ചടങ്ങിൽ മുൻപിൽ നടക്കുന്നത് ഒറ്റപ്പിലാൻ സ്ഥാനികനാണ്. അന്നു വഴി കാട്ടാൻ പോയ കുറിച്യസമുദായാംഗത്തിന്റെ പിൻതലമുറക്കാരാണ് ഇവർ.

kannur-kottiyoor-shed
അക്കരെ കൊട്ടിയൂർ സന്നിധാനത്തിൽ സ്ഥാനികൾക്കു വേണ്ടി കെട്ടിയൊരുക്കിയ കയ്യാലകൾ

 

kottiyoor-vaal-01
മുതിരേരി കാവിൽ നിന്ന് ആരംഭിച്ച വാൾ എഴുന്നള്ളത്ത് കൊട്ടിയൂരിലേക്ക് എത്തുന്നു.

ഒറ്റപ്പിലാൻ സ്ഥാനികൻ

 

kottiyoor-vaal-03
മുതിരേരിയിൽ നിന്നുള്ള വാൾ എഴുന്നള്ളത്ത് സന്ധ്യയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെത്തിയപ്പോൾ.

ബ്രാഹ്‌മണാചാരങ്ങൾക്കൊപ്പം ഗോത്രചടങ്ങുകൾ കൂടി നടക്കുന്നുണ്ട് കൊട്ടിയൂരിൽ. ഒറ്റപ്പിലാന്റെ പൂർവികനായ കുറിച്യനാണ് കൊട്ടിയൂരിലെ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയതെന്നാണ് വിശ്വാസം. ഉത്സവകാലമൊഴികെയുള്ള 11 മാസവും അക്കരെ കൊട്ടിയൂരിന്റെ ചുമതലക്കാരനും കാവൽക്കാരനും പരിപാലകനുമെല്ലാം ഒറ്റപ്പിലാനാണ്.

KANNUR ,20 JUNE 2007,  A VIEW FROM AKKARA KOTTIYOOR TEMPLE AS A PART OF THE  ROHINI ARADHANA CEREMONY THE RAIN FESTIVAL. PIC BY SAJEESH P SANKARAN.
കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായ എഴുന്നെള്ളത്ത്

വൈശാഖോത്സവം ആരംഭിക്കും മുൻപ് ഒറ്റപ്പിലാന് ദക്ഷിണ വച്ച് മണിത്തറ ഏറ്റുവാങ്ങിയാണ് വൈശാഖോത്സവം ആരംഭിക്കുന്നത്. നീരെഴുന്നള്ളത്തിനു മുൻപ് ക്ഷേത്രസങ്കേതം കാണിച്ചുകൊടുക്കാൻ മുൻപേ നടക്കാനുള്ള അവകാശം ഇദ്ദേഹത്തിനാണ്. അക്കരെ കൊട്ടിയൂരിൽ ആദ്യം പ്രവേശിക്കുന്നതും അദ്ദേഹമാണ്. നീരെഴുന്നള്ളത്തിനും പ്രക്കൂഴത്തിനും ഒറ്റപ്പിലാന്റെ നേതൃത്വത്തിൽ  സമുദായ സ്ഥാനികർ തണ്ണീർകുടി ചടങ്ങും നടത്തും. കൊട്ടേരിക്കാവ്, മന്ദംചേരിയിലെ മലക്കാരി ദേവസ്‌ഥാനം എന്നിവിടങ്ങളിലെ തന്ത്രിയും കാർമികനും ഒറ്റപ്പിലാനാണ്. അക്കരെ മലോം ദൈവസ്‌ഥാനത്തും ഒറ്റപ്പിലാന് കാർമികത്വമുണ്ട്. ഇതിനു സമീപമാണ് ഒറ്റപ്പിലാന്റെ കയ്യാല.

kottiyoor-vaal-02
മുതിരേരിയിൽ നിന്നുള്ള വാൾ എഴുന്നള്ളത്ത്

നീരെഴുന്നള്ളത്തിനു ശേഷം അക്കരെ ക്ഷേത്ര തിരുവഞ്ചിറയിലേക്ക് ബാവലിയിൽ നിന്ന് വെള്ളം തിരിച്ചുവിടുന്നതും അക്കരെ കൊട്ടിയൂരിൽ അവകാശികൾക്ക് താമസിക്കാൻ പർണശാലകൾ കെട്ടിമേയുന്നതും തൃത്തറയിൽ അഭിഷേകത്തിനു മുന്നോടിയായി മുള കൊണ്ടുള്ള പാത്തി വയ്ക്കുന്നതും ഒറ്റപ്പിലാനാണ്. ഉത്സവം കഴിഞ്ഞ് മടങ്ങുന്ന ആചാര്യൻമാർ ഒരു ചെമ്പ് നിവേദ്യം വേവിച്ച് വച്ചിരിക്കും. അവിടെ ഒറ്റപ്പിലാന്റെ നേതൃത്വത്തിൽ മധ്യമ കർമങ്ങൾ നടക്കും. പിന്നീട് ക്ഷേത്രഭൂമി ഒറ്റപ്പിലാന്റെ അധീനതയിലായിരിക്കും.  

A devotee offer prays at Kottiyoor temple.PHOTO/ Russell Shahul
മണിത്തറയിൽ സ്വയംഭൂവായിരിക്കുന്ന തേവർ

 

kottiyoor-neyyattam-01
കൊട്ടിയൂരിൽ രാത്രി നടന്ന നെയ്യാട്ടച്ചടങ്ങ്

ചടങ്ങുകൾ

Kottiyoor temple

P Peethambaran/ 07 05 2011
ഇക്കരെ കൊട്ടിയൂർ ക്ഷേത്രം

 

പ്രക്കൂഴം നടത്തി ഉത്സവച്ചടങ്ങുകൾ നിശ്ചയിക്കും. വൈശാഖ ഉത്സവത്തിന് മുന്നോടിയായി നീരെഴുന്നള്ളത്ത് നടക്കും. ഉത്സവത്തിന് മുൻപുള്ള ആചാരങ്ങളുടെ ഭാഗമായി അടിയന്തിര യോഗക്കാരും ആചാര്യൻമാരും സ്ഥാനികരും അക്കരെ സന്നിധാനത്തിൽ പ്രവേശിക്കുന്ന ആദ്യ ചടങ്ങാണ് നീരെഴുന്നള്ളത്ത്. രാവിലെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് ചടങ്ങുകളുടെ ആരംഭം.  തിരൂർകുന്നിൽ നിന്ന് വിളക്കു തിരി സംഘം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേർന്ന ശേഷം ഒറ്റപ്പിലാൻ, ആശാരി, പുറങ്കലയൻ എന്നിവർ ചേർന്ന് ഇക്കരെ ക്ഷേത്ര നടയിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കെ നട ആയ മന്ദംചേരിയിലും തണ്ണീർകുടി ചടങ്ങ് നടത്തും. ഉച്ചയ്ക്ക് ജന്മശാന്തിയുടെയും സമുദായിയുടെയും നേതൃത്വത്തിൽ ഊരാളൻമാരും അടിയന്തിര യോഗക്കാരും ഇക്കരെ സന്നിധാനത്തിൽ നിന്ന് നീരെഴുന്നള്ളത്തിന് പുറപ്പെടും. ഇവർ പ്രത്യേക വഴിയിലൂടെ നടന്ന് മന്ദംചേരി ഉരുളിക്കുളത്തിൽ എത്തും.

അവിടെ നിന്ന് കൂവയില പറിച്ചെടുത്ത് ബാവലി പുഴയിൽ എത്തിച്ചേരും. എല്ലാവരും സ്നാനം ചെയ്ത ശേഷം സമുദായിയും ജന്മശാന്തിയും ബാവലി പുഴയിൽ നിന്ന് കൂവയിലയിൽ തീർഥ ജലം ശേഖരിച്ച് ഓടക്കാടിന് ഇടയിലൂടെ കർക്കിടക കണ്ടി വഴി നടന്ന് അക്കരെ ക്ഷേത്രത്തിലെ സ്വയംഭൂ വിഗ്രഹം കുടികൊള്ളുന്ന മണിത്തറയിൽ പ്രവേശിക്കും. അവിടെ ഒറ്റപ്പിലാൻ, ജന്മാശാരി, പുറങ്കലയൻ എന്നിവരുടെ സാന്നിധ്യത്തിൽ ജന്മശാന്തി നീരഭിഷേകം നടത്തും. സ്ഥാനികർ, അടിയന്തിര യോഗക്കാർ, അവകാശികൾ എന്നിവർക്ക് പ്രസാദം നൽകി മടങ്ങും. രാത്രി ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തുള്ള ആയില്യാർ കാവിൽ പ്രത്യേക പൂജയും അപ്പട നിവേദ്യവും നടത്തും.

പിന്നീട് വയനാട്ടിലെ മുതിരേരി കാവിൽ നിന്നു വാൾ എഴുന്നള്ളത്ത് നടത്തും. വൈകിട്ട് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തുന്നതോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും. രാത്രിയാണു നെയ്യാട്ടം. വാൾ എഴുന്നള്ളത്ത് ഇക്കരെ എത്തിയാൽ ആചാര്യൻമാരും അടിയന്തിര യോഗവും സ്ഥാനികരും ആചാരപ്രകാരം അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കും. ബ്രാഹ്മണർ ചേർന്ന് ചോതി വിളക്ക് തെളിക്കുന്നതോടെ നെയ്യാട്ട ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ബ്രാഹ്മണർ മണിത്തറയിൽ പ്രവേശിച്ച് അഷ്ടബന്ധം നീക്കി സ്വയംഭൂ നാളം തുറന്ന് നെയ്യാട്ടം നടത്തും.

നെയ്യാട്ടത്തിന് ആവശ്യമായ പശുവിൻ നെയ്യുമായി നെയ്യമൃത് വ്രതമെടുത്ത അവകാശികൾ കൊട്ടിയൂരിൽ എത്തിച്ചിരിക്കും. പിറ്റേന്ന് രാത്രി ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ സന്നിധാനത്തിൽ എത്തിയ ശേഷമാണ് നിത്യപൂജകളും ദർശനവും ആരംഭിക്കുക. കഴിഞ്ഞ ഉത്സവ കാലത്തിന് ശേഷം മണത്തണ കരിമ്പനയ്ക്കൽ ഗോപുരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങളും സ്വർണം, വെള്ളി കുഭങ്ങളും കുടിപതികൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുന്നതാണ് ഭണ്ഡാരം എഴുന്നള്ളത്ത്.  

അന്നു രാവിലെ മുതൽ മണത്തണയുടെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ ചടങ്ങുകളാണു നടക്കുക.അമ്മാറക്കൽ തറയിൽ സ്ഥാപിക്കാനുള്ള കുട എഴുന്നള്ളത്ത് രാവിലെ മണത്തണയിൽ നിന്നു പുറപ്പെടും. ഉച്ചയ്ക്കു യോഗി സമുദായത്തിൽപ്പെട്ടവർ നേതൃത്വം നൽകുന്ന പൂതനാക്കൂലിലെ യോഗിയൂട്ട് നടത്തും. തുടർന്നു കലശം വരവ്. ഉച്ചയൂണിനു ശേഷം പെരുവണ്ണാൻ കാവു തീണ്ടി കരിമ്പനയ്ക്കൽ ഗോപുരത്തിൽ എത്തി അനുമതി നൽകും. തേടൻ വാരിയർ കുത്തുവിളക്കുമായി ചപ്പാരത്തെത്തി വാളശൻമാരെയും കൂട്ടി കരിമ്പനയ്ക്കൽ ഗോപുരത്തിൽ ഭണ്ഡാരം എഴുന്നള്ളത്തു ചടങ്ങുകൾ ആരംഭിക്കും. വാളശൻമാരിലെ കാരണവർ ഭണ്ഡാര അറയിൽ പ്രവേശിച്ചു തരുവാഭരണങ്ങൾ എടുത്തു കണക്കപ്പിള്ളയെ ഏൽപ്പിക്കും. കണക്കപ്പിള്ള അവ കുടിപതി കാരണവർക്കു കൈമാറും. ഭണ്ഡാരം കാവുകളാക്കിയാൽ ഉടൻ കൊട്ടിയൂരിലേക്ക് പുറപ്പെടും.

ഏറ്റവും മുൻപിൽ സ്വർണ പാത്രങ്ങളും തുടർന്നു തിരുവാഭരണ ചെപ്പ്, വെള്ളി വിളക്ക്, ചപ്പാരം ഭഗവതിയുടെ വാളുകൾ, ഒടുവിൽ വാദ്യഘോഷ അകമ്പടിയോടെ ഭണ്ഡാരം എഴുന്നള്ളത്ത്. അടിയന്തിര യോഗവും ഭണ്ഡാര എഴുന്നള്ളത്തിന് ഒപ്പം പുറപ്പെടും. കൊട്ടിയൂരിലെത്തും മുൻപ് അഞ്ചിടത്തായി വാളാട്ടങ്ങൾ നടത്തും. പരമ്പരാഗത വാദ്യങ്ങളും 2 ഗജവീരൻമാരും അകമ്പടി ആയി ഉണ്ടാകും. എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂരിൽ എത്തിയാൽ മുതിരേരി വാൾ, ഇക്കരെ ക്ഷേത്രത്തിലെ ബലിബിംബങ്ങൾ എന്നിവ കൂടി ചേർന്ന് അർദ്ധരാത്രിക്കു ശേഷം അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കും. ഇതിനു ശേഷമാണ് നിത്യപൂജകൾ. പിന്നീട് തിരുവോണം ആരാധനയ്ക്ക് ഇളനീർവെയ്പ് നടക്കും. ആയിരക്കണക്കിന് ഇളനീർ കുലകളാണ് കൊട്ടിയൂരപ്പന് സമർപ്പിക്കുക. 21ന് ആണ് ഈ ചടങ്ങ്. 22ന് പ്രശസ്തമായ ഇളനീരാട്ടം നടക്കും. ഭക്തർ സമർപ്പിച്ച ഇളനീർ കുലകളെല്ലാം വെട്ടി തേവർക്ക് അഭിഷേകം നടത്തുന്ന ചടങ്ങാണിത്. അഷ്ടമി ആരാധനയും അന്നാണ്. രേവതി ആരാധന 26ന് നടക്കും. 31ന് രോഹിണി ആരാധന. തിരുവാതിര ചതുശ്ശതം ജൂൺ 2ന് നടക്കും. 3ന് പുണർതം ചതുശ്ശതം. 5ന് ആയില്യം ചതുശ്ശതം. 6ന് മകം കലം വരവ്. ജൂൺ 9ന് അത്തം ചതുശ്ശതത്തിന് വാളാട്ടവും കലശപൂജയും നടക്കും. 10ന് തൃക്കലശ്ശാട്ടും നടക്കും.

 

സായൂജ്യഭൂമി

 

പാൽചുരം കടന്ന് ബാവലിയെ തഴുകി നടന്ന് തിരുവൻചിറ ചുറ്റി വന്ന് മണിത്തറയിൽ സ്വയംഭൂവായിരിക്കുന്ന തേവരെ തൊഴണം. അമ്മാറക്കൽ തറയിലും തൊഴണം. ശേഷം വാളറയെ വണങ്ങി മടങ്ങുന്നവർക്ക് ശിവശക്തി പ്രണയത്തിന്റെ മാഹാത്മ്യമറിയാം. അനുഗ്രഹ പ്രഭ അനുഭവിക്കാം. ഇതു തന്നെയാണ് കൊട്ടിയൂരെന്ന അനുഭവം. മഴക്കാലത്തു മാത്രമേ കൊട്ടിയൂരപ്പൻ ദർശനം തരൂ. പ്രകൃതി ലയിച്ചു നിൽക്കുന്ന കാലത്ത്. പാൽചുരം കടക്കുമ്പോഴേ തണുപ്പ് തട്ടിയുണർത്തും. ബാവലിയിൽ നിങ്ങളുടെ പാദമിറങ്ങുമ്പോൾ തണുപ്പ് അരിച്ചുകയറി ഉള്ളുണർത്തും. പദവും മനവുമൊരുപോലെ ശുദ്ധിയായിട്ടേ ദേവസന്നിധിയിലേക്ക് കയറാനാകൂ. കാലു നനഞ്ഞ് മണ്ണിൽ ചവിട്ടി നിന്നു തേവരെ തൊഴണം. കേരളത്തിൽ ഏറ്റവും അത്യപൂർവമായ ക്ഷേത്രസംവിധാനത്തിൽ അതിലും അപൂർവമായ ആചാരരീതികളിലൂടെയാണ് കൊട്ടിയൂരപ്പന്റെ വൈശാഖ മഹോത്സവം നടക്കുന്നത്. ഇനിയുള്ള നാളുകൾ പദങ്ങളെല്ലാം കൊട്ടിയൂരിലേക്ക്. കോവിഡ് കാലത്തെ 2 ഉത്സവകാലം മനസ്സുകൊണ്ട് മാത്രം ഓർത്തെടുത്ത ഉത്സവക്കാഴ്ചകൾ കാണാൻ.  കൊട്ടിയൂരപ്പന്റെ സന്നിധിയിലെ കാഴ്ചകൾ താലോലിക്കാൻ, ബാവലിയുടെ തണുപ്പിലേക്ക് ചേരാൻ, പെരുമാളുടെ അനുഗ്രഹമേറ്റു വാങ്ങാൻ  ഭക്തരുടെ ഒഴുക്ക് തുടങ്ങുകയായി, മന്ത്രോച്ചാരണങ്ങളുമായി.

 

English Summary : Significance of Kottiyoor Vysakha Mahotsavam

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com