ADVERTISEMENT

വിഘ്‌നനിവാരണനായ ഗണപതിഭഗവാനെ വന്ദിക്കുമ്പോൾ  മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീൽ‍. മറ്റു ദേവീദേവന്മാർക്ക് ഏത്തമിടീൽ പാടില്ല. പ്രത്യേക രീതിയിലാണ് ഏത്തമിടുക. ഇടതുകാൽ ഭൂമിയിൽ ഉറപ്പിച്ച് വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതുകൈ വലത്തെ ചെവിയിലും വലതുകൈ ഇടതുകൈയുടെ മുന്നിലൂടെ കൊണ്ടുവന്ന് ഇടത്തെ ചെവിയിലും തൊട്ട് ശരീരത്തിന്റെ നടുഭാഗം വളച്ചു കുനിഞ്ഞും നിവർന്നുമാണ് ഏത്തമിടുന്നത്.

 

ഗണപതിക്കു മുന്നിൽ ഏത്തമിടുന്നതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ മഹാവിഷ്ണു ശിവകുടുംബത്തെ വൈകുണ്ഠത്തിലേക്കു ക്ഷണിച്ചു. എല്ലാവരും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഗണപതി ഭഗവാൻ വൈകുണ്ഠത്തിലൂടെ ചുറ്റിപ്പറ്റി നടന്നു. ഈ സമയത്തു ഭഗവാന്റെ സുദർശനചക്രം കാണാനിടയായി. എന്തു കണ്ടാലും വായിലിടുന്ന ഉണ്ണിഗണപതി ചക്രായുധം വായിലിട്ടു. വിഴുങ്ങാൻ  ബുദ്ധിമുട്ടു തോന്നിയതുകൊണ്ട് വായില്‍ത്തന്നെ വച്ചു കളിച്ചുകൊണ്ടിരുന്നു. ചക്രായുധം തിരഞ്ഞ വിഷ്ണുവിന്, വാപൂട്ടി കള്ളത്തരത്തിൽ  നില്‍ക്കുന്ന ഗണപതിയെ കണ്ടപ്പോള്‍ കാര്യം മനസ്സിലായി. ഭയപ്പെടുത്തിയാല്‍ പേടിച്ചു വിഴുങ്ങിയാലോ എന്നു കരുതി ചിരിപ്പിക്കാന്‍ ഭഗവാന്‍ ഗണപതിയുടെ മുന്നില്‍നിന്ന് ഏത്തമിട്ടുകാണിച്ചു. വിഷ്ണു ഏത്തമിടുന്നതു കണ്ടപ്പോള്‍ ഗണപതി കുടുകുടെ ചിരിച്ചു. ആ സമയത്തു  ചക്രായുധം നിലത്തു വീണു ആപത്ത് ഒഴിഞ്ഞു. 

 

ഗണപതി ഭഗവാനെ സന്തോഷിപ്പിച്ച് വിഘ്നങ്ങള്‍ നീക്കാനുള്ള ഉത്തമ മാർഗ്ഗമായാണ് ഭക്തർ ഏത്തമിടലിനെ കരുതുന്നത്. ഏത്തമിടല്‍കൊണ്ട് ശാരീരികമായി വളരെയധികം ഗുണങ്ങള്‍ ഉണ്ട്. ശാസ്ത്രീയമായി ഏത്തമിടൽ ബുദ്ധിയുണര്‍ത്തുന്ന ഒരു വ്യായാമമാണ്. ഈ വ്യായാമ മുറയിലൂടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർധിച്ച് ബുദ്ധിക്കുണർവുണ്ടാകുന്നു. കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഏത്തമിടണം. അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്റെ സംഖ്യ വര്‍ധിപ്പിക്കാവുന്നതാണ്. പന്ത്രണ്ടു തവണ ഏത്തമിടുന്നതാണ് ഉത്തമം.

 


ഗണപതി ഭഗവാനു മുന്നിൽ  ഏത്തമിടുമ്പോൾ ജപിക്കേണ്ട  മന്ത്രം

 

‘വലം കൈയ്യാൽ വാമശ്രവണവുമിടങ്കൈ വിരലിനാൽ 

 

വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയിൽ 

 

നിലം കൈമുട്ടാലെ പലകുറി തൊടുന്നേ അടിയനി-

 

ന്നലം കാരുണാബ്ധേ, കളക മമ വിഘ്നം ഗണപതേ!’

 

English Summary : How to Worship Lord Ganesha

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com