ADVERTISEMENT

ക്ഷേത്ര ദർശനത്തിലൂടെ നമ്മുടെ ഉള്ളിലെ ചൈതന്യവും ക്ഷേത്ര ചൈതന്യവും തമ്മിൽ താദാമ്യം പ്രാപിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ താദാമ്യം പ്രാപിക്കുന്നതിലൂടെ ആവശ്യപ്പെട്ടില്ലെങ്കിലും ആഗ്രഹ പൂർത്തീകരണം സാധ്യമാകും എന്നാണ് വിശ്വാസം. ക്ഷേത്രദർശനം കഴിഞ്ഞു വന്ന് ഉടൻ കുളിക്കാൻ പാടില്ല , കാരണം ദർശനത്തിലൂടെ ശരീരരത്തിലുണ്ടായ ചൈതന്യത്തെ ഇത് ഇല്ലാതാക്കും. 

 

ദർശനവേളയിൽ ഭഗവൽ നാമങ്ങൾ ജപിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അതിവേഗ ഫലം ലഭിക്കും, പ്രത്യേകിച്ച് ശ്രീകോവിലിനു മുന്നിൽ നിന്ന് ജപിക്കുമ്പോൾ. അതിൽ പ്രധാനം മന്ത്രങ്ങൾ നീട്ടി ജപിക്കുക എന്നതാണ്. ഉദാഹരണമായി ഓം നമഃശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നത് ഓം നമഃശിവാ.....യ എന്ന് നീട്ടി ജപിക്കുക. പൂർണ ഭക്തിയോടെയും വിശ്വാസത്തോടെയും നീട്ടി ജപിച്ചാൽ ഫലം ഉറപ്പാണ്.

 

ഈറനോടെ ക്ഷേത്രദർശനം നടത്തുന്നത് പെട്ടെന്നുള്ള ഫലസിദ്ധിക്കു കാരണമാകും. ഈറനോടെ സാധ്യമല്ലെങ്കിൽ ദർശനത്തിനു മുന്നേ ക്ഷേത്രക്കുളത്തിലോ മറ്റോ കൈകാലുകൾ കഴുകി ആ നനവോടെ ദർശനം നടത്തുന്നത് ഉത്തമമാണ്. കൂടാതെ അൽപം തല താഴ്ത്തിപ്പിടിച്ചു, നട്ടെല്ല് വളച്ചു കുനിഞ്ഞു വേണം ഭഗവാനെ തൊഴാൻ. ഞാൻ എന്ന ഭാവം ഇല്ലാതെ ഭഗവാൻ അല്ലേൽ ഭഗവതിയാണ് എല്ലാം എന്ന സങ്കൽപ്പമാണ് ഇതിനു പിന്നിൽ.

 

കാണിക്കയായി ഓരോ ദേവനും പ്രധാനമായ ഫലങ്ങൾ സമർപ്പിക്കുന്നതും ഉത്തമമാണ്. ഉദാഹരണമായി ദേവീ ക്ഷേത്രത്തിൽ നാരങ്ങ, അയ്യപ്പന് നീരാഞ്ജനത്തിനായി നാളികേരം എന്നിങ്ങനെ സമർപ്പിക്കുന്നത് വേഗം ഫലം നൽകും എന്നാണ് വിശ്വാസം.  രാവിലെ  6നും 7നും ഇടയിലായി ക്ഷേത്ര ദർശനം നടത്തുന്നതാണ് ഉത്തമം. ദർശനശേഷം ക്ഷേത്രത്തിൽ അൽപനേരം ഇരിക്കണം എന്നാണ് ചിട്ട.  സന്ധ്യയ്ക്കു ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുന്നതും അതിവേഗ ഫലം നൽകും. 

 

ജീവിതത്തിൽ പെട്ടെന്ന് പ്രതിസന്ധിയുണ്ടാകുമ്പോൾ സന്ധ്യയ്ക്ക് അയ്യപ്പക്ഷേത്രത്തിൽ നീരാഞ്ജനം നടത്തിയാൽ ഉടൻ പരിഹാരം ലഭിക്കും എന്നാണ് പറയപ്പെടുന്നത്. വർഷത്തിലൊരിക്കൽ പക്കപ്പിറന്നാൾ ദിനത്തിൽ ദേവീ ക്ഷേത്രദർശനം നടത്തി ഭഗവതി സേവ വഴിപാടായി സമർപ്പിച്ചു കണ്ടു തൊഴുന്നതു ഉത്തമമാണ്. മാസത്തിലൊരിക്കൽ ഗണപതിഹോമം, ശിവ ക്ഷേത്രത്തിൽ പൗർണമി തോറും രാവിലെ നെയ് വിളക്ക്, വൈകുന്നേരം എണ്ണ, കൂവളമാല എന്നിവ സമർപ്പിക്കുന്നതും ജീവിത ദുരിതങ്ങൾ അകലാൻ ഉത്തമമാണ്.     

 

ലേഖകൻ 

ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ, 

ശിവപാർവതീ ജ്യോതിഷാലയം , 

നാലുകോടി പി. ഒ, 

ചങ്ങനാശ്ശേരി.  

Ph : 9562988304

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം

pregeeshbnairastrologer youtube channel

English Summary : Things to Avoid after Temple visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com