ADVERTISEMENT

 

 

ഭഗവാൻ മഹാവിഷ്ണുവിന് പ്രധാനമായ കാമിക ഏകാദശി 2022 ജൂലൈ 24 ഞായറാഴ്ച വരുന്നു . ഉത്തരേന്ത്യൻ (സൗര) രീതിയിൽ കാമികാ ഏകാദശിയാണ്, എന്നാൽ ഇത് ചാന്ദ്ര പക്ഷ രീതിയിൽ യോഗിനീ ഏകാദശിയാണ്. അന്നേദിവസം  ശംഖു ചക്ര ഗദാധാരി ഭാവത്തിലാണ്  മഹാവിഷ്ണുവിനെ ഭജിക്കേണ്ടത്. കാമിക ഏകാദശി അനുഷ്ഠിക്കുന്നവർക്ക് സകല പാപമോചനമാണ് ഫലം .  

 

ഏകാദശി വ്രതാനുഷ്ഠാനം എങ്ങനെ ?

ദശമി ,ഏകാദശി , ദ്വാദശി എന്നീ  മൂന്നു ദിനങ്ങളിലായാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് .ഏകാദശിയുടെ തലേന്നായ  ദശമി ദിവസം ഒരിക്കലൂണ് അഭികാമ്യം. ഏകാദശി ദിനം പൂർണമായി ഉപവസിക്കുകയോ അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴികെയള്ള ലഘു ഭക്ഷണമോ  കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ശുഭ്ര വസ്ത്രം ധരിച്ച് ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണുക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തമോ ഭാഗ്യസൂക്തമോ പുരുഷ സൂക്തമോ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. അന്നേ ദിവസം  മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവൽ മന്ത്രങ്ങളിൽ മുഴുകിയിരിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നതും ഉത്തമം.  ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം  മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ച് പാരണ വിടുക.

 

അത്യുത്തമം ഈ ഹരിവാസരസമയം

ഏകാദശീ വ്രതകാലയളവിലെ ഏറ്റവും  പ്രധാനപ്പെട്ട മുഹൂർത്തമാണ് ഹരിവാസരസമയം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയമാണിത്. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമം. 2022 ജൂലൈ 24 പകൽ 7 മണി 11 മിനുട്ടു മുതൽ രാത്രി 8 മണി 23 മിനിറ്റ് വരെയാണ് ഹരിവാസരം  

 

കാമികാ ഏകാദശിയും തുളസീ പൂജയും

കാമികാ ഏകാദശി ദിനത്തിൽ തുളസീ പൂജ പ്രധാനമാണ്. മന്ത്രജപത്തോടെ തുളസിക്ക് മൂന്ന് തവണ പ്രദക്ഷിണം വച്ച് തീർഥം ചുവട്ടിൽ ഒഴിച്ച് തൊട്ടു തൊഴുതാൽ സർവ രോഗ ദുരിതങ്ങളും പാപശാന്തിയുമാണ് ഫലം . ഈ സവിശേഷ ദിനത്തിൽ ഭഗവാന് നെയ്‌വിളക്ക് സമർപ്പിക്കുന്നത് അതീവ ശ്രേഷ്ഠമാണ് .

തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണം വയ്ക്കുമ്പോൾ ഈ മന്ത്രം ജപിക്കുക.

 

പ്രസീദ തുളസീദേവി പ്രസീത ഹരിവല്ലഭേ

ക്ഷീരോദ മഥനോ‌ദ്ഭുതേ

തുള‌സീ ത്വം നമാമ്യഹം

 

English Summary : Significance of Kamika Ekadashi Vratham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com