ADVERTISEMENT

ഒരു വ്യക്തി എങ്ങനെയാണു ജീവിക്കേണ്ടത് എന്നു മനുഷ്യരൂപത്തിൽ ജീവിച്ചു പഠിപ്പിച്ച മാതൃകാപുരുഷനാണു ശ്രീകൃഷ്ണൻ. അധർമത്തിന്റെ പക്ഷത്ത് സ്വന്തം ബന്ധുക്കളായാൽ പോലും ധർമസംരക്ഷണത്തിനായി അവരെ പരാജയപ്പെടുത്തേണ്ടതാണെന്ന് ഉപദേശിച്ച മഹാപ്രഭുവിനെയാണ് ഇന്ന് സമസ്ത ലോകവും മാതൃകയാക്കേണ്ടത്. എവിടെ കൃഷ്ണനുണ്ടോ അവിടെ കാമമില്ല, എവിടെ കാമമുണ്ടോ അവിടെ കൃഷ്ണനുമില്ല. 

 

അഷ്ടമിരോഹിണി ദിവസം ജനിച്ചാലുള്ള ഫലമെന്ത്?

ഒരു വ്യക്തി ഇന്ന ദിവസം ജനിച്ചെന്നു വിചാരിച്ചു പ്രത്യേകതയൊന്നുമില്ല. ഇരട്ടകൾ ജനിക്കുമ്പോൾ തന്നെ ജീവിതത്തിൽ വ്യത്യാസങ്ങൾ വളരെയധികം ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് അക്കാര്യത്തെക്കുറിച്ചു പേടിക്കേണ്ട.

 

എല്ലാവർക്കും അഷ്ടമിരോഹിണി വ്രതം അനുഷ്ഠിക്കാമോ?

ശ്രീകൃഷ്ണഭഗവാനു ജാതിമതചിന്തകളൊന്നുമില്ല. സ്ത്രീപുരുഷ വ്യത്യാസമില്ല, കുചേലകുബേര വ്യത്യാസമില്ല. എല്ലാവർക്കും വ്യാഴദശ, ബുധദശ, ശനിദശ, ചന്ദ്രദശ ഇവയെല്ലാം വരുന്നതാണ്. അതിനാൽ എല്ലാവർക്കും വ്രതം അനുഷ്ഠിക്കാവുന്നതാണ്. 

 

ജന്മാഷ്ടമി ദിനം ജപിക്കാം ഈ സവിശേഷ മന്ത്രങ്ങൾ

ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരി മന്ത്രം ദിവസം മുഴുവനും പറ്റാവുന്ന അത്രയും ജപിക്കുക

 

ഹരേ രാമ ഹരേ രാമ

രാമ രാമ ഹരേ ഹരേ 

ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന മന്ത്രവും പറ്റാവുന്ന അത്രയും തവണ ജപിക്കുക.

 

പുരാണങ്ങളിൽ പറയുന്ന വളരെയധികം ശക്തിയുള്ള മന്ത്രമാണിത്. കൊച്ചുകുട്ടിയായ ധ്രുവന്റെ മുന്നിൽ വിഷ്ണു പ്രത്യക്ഷപ്പെടുകയും കവിളിൽ ശംഖുകൊണ്ട് തലോടുകയും, രാജ്യം ഭരിക്കാനുള്ള അവകാശം ലഭിക്കുകയും ചെയ്തതാണ്. അതുപോലെ ഈ മന്ത്രം ജപിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകും.

 

കൃഷ്ണന്റെ പ്രധാന നിവേദ്യങ്ങൾ ഏവ?

ഉണ്ണിയപ്പം, ലഡ്ഡു, എള്ളുണ്ട, പാൽപ്പായസം, ത്രിമധുരം, വെണ്ണനിവേദ്യം, കദളിപ്പഴം, ഇടിച്ചുപിഴിഞ്ഞു പായസം, കരിക്കഭിഷേകം, അഷ്ടദ്രവ്യാഭിഷേകം എന്നിവയാണു ശ്രീകൃഷ്ണന്റെ പ്രധാന നിവേദ്യങ്ങൾ. ശ്രീപത്മനാഭനു  മേനിപ്പായസവും ഇഷ്ടമാണ്.

 

വിഷ്ണുപൂജ കൊണ്ടുള്ള ഫലം

വിഷ്ണുപൂജയിലൂടെ ജന്മാന്തരദുരിതങ്ങൾ തീരും.  അഷ്ടൈശ്വര്യങ്ങൾ ലഭിക്കും. സപ്തതി ശതാഭിഷേകം നവതി ജന്മദിനം, ഗൃഹാരംഭം ഇവയ്ക്ക് വിഷ്ണുപൂജ നടത്തിയാൽ കൂടുതൽ പ്രയോജനം ലഭിക്കും. സൃഷ്ടി സ്ഥിതി സംഹാരത്തിന്റെ ഉടയവനായ വിഷ്ണു മനുഷ്യരൂപത്തിൽ ഒരു വ്യക്തി എങ്ങനെയാണു ജീവിക്കേണ്ടതെന്നു മാതൃകാപുരുഷനായി മനുഷ്യരെ പഠിപ്പിച്ചു. മറ്റൊരു ദൈവവും അങ്ങനെ ചെയ്തിട്ടില്ല. അതിനാൽ ഈ ദിവസങ്ങളിൽ വിഷ്ണുവിനെ ഭജിക്കുന്നതു കൂടുതൽ നല്ലതാണ്.

 

മഹാസുദർശനമന്ത്രം ജപിക്കുന്നതു കൊണ്ടുള്ള ഫലം?

ശത്രുദോഷശാന്തി, ബാധാ ഉപദ്രവങ്ങൾ ഇല്ലാതാകൽ, സർവകാര്യവിജയം, അദ്ഭുതകരമായ സ്ഥാനമാനങ്ങൾ എന്നിവയാണു മഹാസുദർശനമന്ത്രം ജപിക്കുന്നതു കൊണ്ടുള്ള ഫലങ്ങൾ.

 

മഹാസുദർശനഹോമത്തിന്റെ പ്രാധാന്യം?

സർവദോഷങ്ങളും മാറുന്നതിനും സർവ ഐശ്വര്യങ്ങളും ഉണ്ടാകുന്നതിനും മഹാസുദർശനഹോമം നല്ലതാണ്. അത്തി, ഇത്തി, അരയാൽ, പേരാൽ, കടലാടി, പ്ലാശ്, കടുക്, എള്ള്, പാൽപ്പായസം, ഹവിസ്സ്, ശർക്കരപ്പായസം, താമരപ്പൂവ്, നെയ്യ് എന്നിവ കൊണ്ടാണു സുദർശനമന്ത്രം ജപിച്ചുള്ള ഹോമം ചെയ്യുന്നത്.

 

ഓടക്കുഴലുള്ള ശ്രീകൃഷ്ണനെ വീട്ടിൽ വയ്ക്കാമോ?

ഓടക്കുഴലെന്നു പറയുന്നത് മനുഷ്യശരീരത്തിലെ നവദ്വാരങ്ങളാണ്. അതു നമ്മൾ തന്നെയാണ്. അതുകൊണ്ട് ഓടക്കുഴലുള്ള ശ്രീകൃഷ്ണനെ വീട്ടിൽ വയ്ക്കുന്നതിൽ തെറ്റില്ല. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com