തിരുനട പുൽകണം, മനം നിറയണം; പമ്പ മുതൽ സന്നിധാനം വരെ കണ്ടും കേട്ടും ഒരുമിച്ചു മലകയറാം - Sabarimala Pilgrimage

HIGHLIGHTS
  • മനസ്സിലും വചസ്സിലും ഭക്തിയുടെ ഭസ്മക്കുറി ചാർത്തി വൃശ്ചികം
  • വനത്തിൽ സൂര്യകിരണങ്ങൾ തീർക്കുന്ന മുത്തുമണികളാൽ ശബരീശമുദ്ര ചാർത്തി പ്രകൃതിയും
  • തീർഥാടനം തുടങ്ങുകയാണ്. കയറാം, കണ്ടും കേട്ടും; പമ്പ മുതൽ സന്നിധാനം വരെ
sabarimala-visit-procedure
ചിത്രീകരണം: വിഷ്ണു വിജയൻ. ഇൻപുട്സ്: എം.കെ.വിനോദ് കുമാർ, നിഖിൽരാജ്, ടി.കെ.രാജപ്പൻ
SHARE

ശരണം വിളികളോടെ വീണ്ടുമൊരു മണ്ഡലകാലം. മഞ്ഞുഭസ്മധൂളിയിൽ മുങ്ങി അന്തരീക്ഷം.  വനത്തിലും വെള്ളത്തിലും  സൂര്യകിരണങ്ങൾ തീർക്കുന്ന മുത്തുമണികളാൽ ശബരീശമുദ്ര ചാർത്തി പ്രകൃതിയും. തീർഥാടനം തുടങ്ങുകയാണ്. കയറാം, കണ്ടും കേട്ടും; പമ്പ മുതൽ സന്നിധാനം വരെ...

∙ മണ്ണിനെ തൊട്ടറിഞ്ഞുള്ള മല കയറ്റം തുടങ്ങാം പുണ്യ പമ്പയിൽ നിന്ന്...

2-sabarimala-visit-procedure
പമ്പയും കക്കിയും ഞുണങ്ങാറും സംഗമിക്കുന്ന പമ്പ ത്രിവേണീസംഗമം

പമ്പ . ത്രിവേണീസംഗമം. പമ്പയും കക്കിയും ഞുണങ്ങാറും ഇവിടെ സംഗമിക്കുന്നു. കാളകെട്ടി, അഴുത, കരിമല വഴി പരമ്പരാഗത പാതയിലൂടെ നടന്നെത്തുന്നവരും നിലയ്ക്കൽ വഴി  വാഹനങ്ങളിലും നടന്നും എത്തുന്നവരും ശബരീശസന്നിധിയണയാൻ സംഗമിക്കുന്നതും ഈ പുണ്യനദീതീരത്തു തന്നെ. മണ്ണിനെ തൊട്ടറിഞ്ഞുള്ള മല കയറ്റത്തിനു തുടക്കം.

∙ കർപ്പൂരാഗ്നി കണ്ടു വിഘ്നേശ്വരനിൽ മനസ്സ് സമർപ്പിച്ച്

3-sabarimala-visit-procedure
മലകയറ്റത്തിൽ വിഘ്‌നങ്ങൾ അകറ്റാൻ ഗണപതി ക്ഷേത്രത്തിൽ നാളികേരമുടയ്ക്കും

കർപ്പൂരാഗ്നി .ചന്ദനത്തിരിയുടെ പുക. കവി പാടിയ അധ്യാത്മ ദിവ്യസുഗന്ധം. നാളീകേരം ഉടയുന്നു. ശരണഘോഷം ഉയരുന്നു. വിഘ്നങ്ങൾ തീർക്കുന്ന ദേവനെ വണങ്ങി കയറ്റത്തിലേക്കുള്ള കാൽവയ്പ്. 

∙ ഇനി താഴേക്കിറങ്ങി അടുത്ത കയറ്റം

4-sabarimala-visit-procedure
എഴുപതുകളിൽ മലയാളക്കരയെ കീഴടക്കിയ ചലച്ചിത്രം " സ്വാമി അയ്യപ്പൻ " നേടിയ ലാഭം ഉപയോഗിച്ച് നിർമാതാവ് മെരിലാന്റ്സുബ്രഹ്മണ്യം പണികഴിപ്പിച്ചതാണ് ഈ പാത

താഴേക്കിറങ്ങി വേണം കയറ്റം തുടങ്ങാൻ. ഇടതു വശത്ത് പന്തളം രാജാവിന്റെ ഇരിപ്പിടമുണ്ട്. രാജകുടുംബത്തെ പ്രതിനിധീകരിച്ച് ഒരാളുണ്ടാകും ഇവിടെ. കൊട്ടാരത്തിൽ വളർന്ന ബാലകൻ പുലിപ്പാൽ തേടിപ്പോയതും മറ്റും ചിത്രകഥയിലെന്ന പോലെ മനസ്സിൽ നിറയ്ക്കുന്ന രാജകീയ സാന്നിധ്യം. അൽപം മുന്നോട്ടു നടന്നാൽ വഴി രണ്ടായി പിരിയുന്നു. നീലിമല വഴി പരമ്പരാഗത പാതയും വലത്തേക്കു തിരിഞ്ഞാൽ സ്വാമി അയ്യപ്പൻ റോഡും. എഴുപതുകളിൽ മലയാളക്കരയെ കീഴടക്കിയ ചലച്ചിത്രം " സ്വാമി അയ്യപ്പൻ " നേടിയ ലാഭം ഉപയോഗിച്ച് നിർമാതാവ് മെരിലാന്റ്സുബ്രഹ്മണ്യം പണികഴിപ്പിച്ചതാണ് ഈ പാത. ട്രാക്ടറുകൾക്കും വഴിയൊരുക്കുന്ന സ്വാമി അയ്യപ്പൻ റോഡിൽ വിശ്രമിക്കാൻ ഒരിടമേയുള്ളൂ; ചരൽമേട്

∙ സൂക്ഷിക്കണേ, കുത്തുകയറ്റമാണ്; ഉറക്കെ ജപിച്ചൊളൂ ശരണമന്ത്രങ്ങൾ

5-sabarimala-visit-procedure
കുത്തുകയറ്റങ്ങൾ നിറഞ്ഞ അപ്പാച്ചിമേടും നീലിമലയും

നീലിമലയും അപ്പാച്ചിമേടുമാണ് കുത്തുകയറ്റങ്ങൾ. ഇടയ്ക്കു വിശ്രമിച്ചു വേണം മലകയറാൻ. ഉച്ചത്തിലുള്ള ശരണം വിളി ഊർജമാക്കി എത്രയോ പേർ !അത്യാവശ്യ ഘട്ടത്തിൽ ആംബുലൻസിനും കടന്നുപോകാവുന്ന വിധം കരിങ്കല്ലു പാകിയതാണ് നീലിമലയിൽ ഇത്തവണത്തെ പ്രത്യേകത. കാട് .രാവെങ്കിൽ ചുറ്റിലും പാറക്കറുപ്പിന്റെ ഖനിയാഴം മാത്രം. പകലെങ്കിൽ , കാടിൻ്റെ കാഴ്ച തീർക്കുന്ന നിറസമൃദ്ധി. പച്ചപ്പിന്റെ വൈവിധ്യം നിറയ്ക്കുന്ന പെരുങ്കാടിനു നടുവിൽ അവിടവിടെ കുങ്കുമച്ചോപ്പിന്റെ ഇലച്ചാർത്തൊരുക്കുന്ന പേരറിയാ മരങ്ങൾ.മരത്തലപ്പുകൾ ആകാശം മുട്ടുന്നിടത്ത് മഞ്ഞിൽ മുങ്ങിയ മങ്ങിയ നീല. മേലേ കടൽ നീല മേലാപ്പ്, ആകാശ വെണ്മ. കാണാൻ പോകുന്ന പ്രപഞ്ചനാഥന്റെ പുഞ്ചിരിത്തിളക്കമേറ്റ് പ്രകൃതി.

∙ അരിയുണ്ട എടുത്തോളൂ, ഭൂതഗണങ്ങൾക്കുള്ളതാണ് 

6-sabarimala-visit-procedure
ഭൂതഗണങ്ങളെ തൃപ്തിപ്പെടുത്താൻ ഉണ്ട വഴിപാട് സമർപ്പിക്കുന്ന അപ്പാച്ചിമേട്

അപ്പാച്ചിമേട് .ഭൂതഗണങ്ങളെ തൃപ്തിപ്പെടുത്താൻ ഉണ്ട വഴിപാട് നടത്തുന്നത് ഇവിടെയാണ്. അപ്പാച്ചി, ഇപ്പാച്ചി എന്നിങ്ങനെ രണ്ടു കുഴികളിലേക്കാണ് അരി കൊണ്ടുള്ള ഉണ്ട എറിയുന്നത്. ഭൂതഗണനാഥൻ തന്നെ, ഭൂമിമലയാളം കാക്കുന്ന അയ്യപ്പൻ.

∙ കാടും കടന്ന് അകമേ വന്നു നിറയുന്നു ആ കാഴ്ചകൾ

7-sabarimala-visit-procedure
ശബരി തപസ്വിനിക്ക് ശ്രീരാമദർശനത്താൽ മോക്ഷം ലഭിച്ച ശബരീ പീഠം

ശബരീ പീഠം. ശബരി തപസ്വിനിക്ക് ശ്രീരാമദർശനത്താൽ മോക്ഷം ലഭിച്ചത് ഇവിടെയെന്ന് വിശ്വാസം. കാലം ത്രേതായുഗത്തോളം. കാടും കടന്ന് അകമേ വന്നു നിറയുന്ന കാഴ്ചകൾ. വെടിവഴിപാടാണ് ഇവിടെ പ്രധാനമെന്ന് തീർഥാടകരെ അറിയിക്കുന്നുണ്ട് മൈക്കിലൂടെ.

∙ ഇരുമുടിയഴിച്ച് നാളികേരം കയ്യിലേന്തിക്കൊളൂ, അയ്യന് അരികിലെത്തി 

8-sabarimala-visit-procedure
കന്നി അയ്യപ്പന്മാർ ശരംകുത്തിയാലിൽ ശരം കുത്തണമെന്നാണ് സങ്കൽപം

നീലിമല പാതയും സ്വാമി അയ്യപ്പൻ റോഡും സംഗമിക്കുന്നത് ഇവിടെയാണ്. കയറ്റത്തിന്റെ കാഠിന്യം അലിയിച്ച് കാലുകൾക്കു വിശ്രമമേകുന്നു പലരും. അൽപം മുന്നോട്ടു നീങ്ങുമ്പോൾ വഴി വീണ്ടും രണ്ടായി പിരിയുന്നു. ശരംകുത്തി വഴി പരമ്പരാഗത പാത. കന്നി അയ്യപ്പന്മാർ ശരംകുത്തിയാലിൽ ശരം കുത്തണമെന്നാണ് സങ്കൽപം. ഇടത്തേക്ക് ചന്ദ്രാനന്ദൻ റോഡ്. ദേവസ്വം ബോർഡ് അംഗമായിരുന്ന പി.കെ ചന്ദ്രാനന്ദൻ തനിക്കു ലഭിച്ച ഓണറേറിയം ചെലവിട്ടു നിർമിച്ചതാണ് ഈ പാത. മരക്കൂട്ടം കഴിഞ്ഞാൽ കയറ്റമില്ലാതെ സന്നിധാനത്ത് എത്താം ഇതുവഴി. ശരംകുത്തി വഴി തിരിഞ്ഞാൽ തുടക്കം മുതൽ ക്യൂ കോംപ്ലക്സ്  ഒരുക്കിയിട്ടുണ്ട്. വലിയ നടപ്പന്തലിലേക്കാണ് ഇരു പാതകളും ഇറങ്ങിയെത്തുന്നത്. ആയിരങ്ങളെ ഉൾക്കൊള്ളാവുന്ന അതിവിശാലമായ പന്തൽ. അയ്യപ്പ ദർശനം അരികിലെത്തിയെന്ന തോന്നൽ. പടികയറും മുൻപ് ഉടയ്ക്കാനുള്ള നാളികേരം ഇരുമുടിക്കെട്ടഴിച്ച് കയ്യിലെടുക്കുന്നു പലരും.

∙ അതാ പൊന്നു പതിനെട്ടാം പടി, എന്റെ അയ്യപ്പാ...

9-sabarimala-visit-procedure
ശബരിമല സന്നിധാനംത്തെ വാവരുസ്വാമിയുടെ നട

ആല്, ആഴി.  ആലിലകളിൽ കാറ്റുപിടിക്കുന്നുണ്ട് .അരികിൽ ജ്വലിച്ചു നിൽക്കുന്ന ആഴിയാണെന്നു തോന്നുന്നു കാറ്റിന്റെ കാരണക്കാരൻ. ഇത്ര അരികിലായിട്ടും ഇലകൾ വാടാത്തതെന്തോ .ആലിലയെ തട്ടിയകറ്റുവോളം അരികലെത്തുന്നുണ്ട് അഗ്നിനാളത്തിന്റെയഗ്രം.നടപ്പന്തൽ കടന്ന് തിരുമുറ്റത്തിനു തൊട്ടു താഴെയാണ് നിൽപ്പ്. അൽപം മാറി വാവർ നട. തൊട്ടുമുന്നിൽ പതിനെട്ടാം പടി കാണാം, ആലേഖനം ചെയ്ത തത്ത്വമസി മന്ത്രം. അരികിൽ സ്വർണക്കൊടിമരത്തിളക്കം. അകമേ, അയ്യപ്പസ്വാമിയെക്കാണാനുള്ള ഉദ്വേഗത്തിന്റെ പെരുക്കം.

∙ മറ്റൊന്നും ഇനി അരികിലില്ല, കൺമുന്നിൽ ഞാനും എന്റെ സ്വാമിയും മാത്രം

1-sabarimala-visit-procedure
പതിനെട്ടാം പടി കണ്ടു തൊഴുമ്പോൾ ഇടതു വശത്ത് വലിയകടുത്ത സ്വാമിയും വലത്ത് കറുപ്പുസ്വാമിയും

തണുപ്പു തഴുകുന്നത് പാദത്തിലോ ഹൃദയത്തിലോ? പൊന്നു പതിനെട്ടാം പടിക്കു താഴെ കാൽകഴുകിയൊഴുകുന്ന ജലധാര. അടുത്ത കാൽവയ്പ് അവാച്യമായ അനുഭൂതി വിശേഷത്തിലേക്കാണ്. കണ്ണിനു തൊട്ടു മുന്നിലെന്നപോലെ പടിയോരോന്നും. കൈകൾ വലിച്ചു കയറ്റി വിടുന്നുണ്ട് മുകളിലേക്ക് .സന്നിധാനത്തിന്റെ അനുഭൂതി നുകർന്ന് കൊടിമരച്ചുവട്ടിൽ നിന്ന് ഇടത്തേക്ക് മേൽപ്പാലത്തിലേക്ക്.നീക്കമില്ലെന്നു തോന്നും ഇവിടെ നിൽക്കുമ്പോൾ. നിമിഷങ്ങളെണ്ണുകയാണല്ലോ സ്വാമിയെക്കാണാൻ. താഴേക്കിറങ്ങിയെത്തുക സോപാനത്തേക്ക്.നിമിഷാർധം മതി കൺനിറയെക്കാണാൻ. മറ്റൊന്നും അരികിലില്ല. കൺമുന്നിൽ ഞാനും നീയും ഒന്നെന്നു ചേർത്തു നിർത്തുന്ന ദേവൻ ചിന്മുദ്രാങ്കിതനായി! " സ്വാമിയേ ... "

∙ മാളികപ്പുറത്തമ്മയെ വണങ്ങി  മലയിറക്കം

10-sabarimala-visit-procedure
ദർശനാനന്തരം ഭക്തർ മാളികപ്പുറത്തമ്മയെ വണങ്ങിയാണ് മടക്കം

ദർശനാനന്തരം നെയ്ത്തേങ്ങയുടച്ച് , അഭിഷേകം കഴിച്ച്, മാളികപ്പുറത്തമ്മയെ വണങ്ങി, കൊച്ചുകടുത്ത സ്വാമിയെ തൊഴുത് , നാഗരാജാവിനെ വന്ദിച്ച്, മണിമണ്ഡപം ചുറ്റി , നവഗ്രഹങ്ങളുടെയും അനുഗ്രഹം തേടി  പ്രസാദവും വാങ്ങി മലയിറക്കം.

Content Summary: Sabarimala Pilgrimage : A Complete Guide

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS