അച്ചൻ കോവിലാർ വലംവച്ചൊഴുകുന്ന വലഞ്ചുഴി ദേവീ ക്ഷേത്രം

valamchuzhy-devi-temple-03
കൊടുങ്ങല്ലൂർ ദേവീക്ഷേത്രത്തില്‍ നിന്നും ഒരു യോഗീശ്വരനെത്തിയതിനുശേഷം കുടിയിരുത്തിയ ദേവീ ചൈതന്യമാണ് വലഞ്ചുഴി ഭഗവതി.
SHARE

പത്തനംതിട്ടയിലെ പ്രമാടം പഞ്ചായത്തിലാണ് വലഞ്ചുഴി ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അച്ചൻ കോവിലാർ ഈ ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്ത് വലംചുറ്റി ഒഴുകുന്നുവെന്ന അപൂർവ പ്രത്യേകതയുണ്ട്. ഈ ക്ഷേത്രത്തിന് മൂന്നു വശവും ചുറ്റി നദി ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് വലഞ്ചുഴിയെന്ന പേര് ലഭിച്ചത്. ഒരു നദിയുടെ രണ്ട് വ്യത്യസ്ത ദിശകളിലേക്കുള്ള പ്രവാഹം ഒരു സ്ഥലത്തു നിന്നു തന്നെ ദർശിക്കാനാവുമെന്നത്  മനോഹരക്കാഴ്ചയാണ്. ഈ ക്ഷേത്രത്തെ വലംവെച്ച് കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്നു. വിപരീത ദിശകളിലേക്ക് ഒഴുകി ശക്തമായ കാന്തികമണ്ഡലം സൃഷ്ടിക്കുന്ന ഈ ആദ്ധ്യാത്മിക കേന്ദ്രത്തിൽ ധ്യാനം, ഭജനം എന്നിവയ്ക്കായി നിരവധി ഭക്തരാണ് ദിവസവും എത്തിച്ചേരുന്നത്. 

valamchuzhy-devi-temple-02
പത്തനംതിട്ട നഗരത്തിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരം മാത്രമാണ് ക്ഷേത്രത്തിലേക്ക്

ഐതിഹ്യം

ആയിരത്തിൽപ്പരം വർഷം പഴക്കമുള്ളതാണത്രേ  മൂലപ്രതിഷ്ഠ. കൊടുങ്ങല്ലൂർ ദേവീക്ഷേത്രത്തില്‍ നിന്നും ഒരു യോഗീശ്വരനെത്തിയതിനുശേഷം കുടിയിരുത്തിയ ദേവീ ചൈതന്യമാണ് വലഞ്ചുഴി ഭഗവതി. കൊടുങ്ങല്ലൂരിൽ നിന്നും കൊണ്ടുവന്നതായി വിശ്വസിക്കുന്ന വാളും ചിലമ്പും ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അനുഗ്രഹദായിനിയാണത്രേ  വലഞ്ചുഴി ദേവി. ഭക്തിപുരസ്സരം വിളിക്കുന്ന ഭക്തർക്ക് ദേവി ആശ്രയമായതിന്റെ അനവധി അനുഭവങ്ങൾ പറയാനുണ്ട്. നിബിഡമായ ക്ഷേത്രക്കാവിൽ നിരവധി അപൂർവ ഔഷധങ്ങളും ഇഴജന്തുക്കളും പക്ഷികളും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നയനാനന്ദകരമായ ഈ പ്രദേശം പുറംലോകത്തിന്റെ തിരക്കുകളിൽനിന്ന് ഒഴിഞ്ഞ് അൽപസമയം സ്വസ്ഥമായിരിക്കാൻ പര്യാപ്തമാണ്.

valamchuzhy-devi-temple-01
പൗർണമി നാളിൽ ഈ ക്ഷേത്രത്തിൽ ഭജനമിരുന്നാൽ ആഗ്രഹസാഫല്യം ലഭിക്കുമെന്നാണ് ഭക്തർ അനുഭവങ്ങളിലൂടെ പറയുന്നത്.

ഉത്സവം

മകരമാസത്തിലെ ഭരണിനാൾ ആണ് അമ്മയുടെ തിരുനാൾ. പത്തു ദിവസമാണ് ഉത്സവനാളുകൾ. കൊടിയേറി അഞ്ചാംനാള്‍ മകരഭരണി ദിവസം വെളുപ്പിനു നടക്കുന്ന എഴുന്നള്ളത്തിൽ അഭീഷ്ടസിദ്ധിക്കായി ഭക്തർ ഈറനുടുത്ത് "ആപ്പിണ്ടി" എഴുന്നെള്ളിക്കുന്നത് ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. സന്താനഭാഗ്യത്തിനായി "തൊട്ടിലും കുട്ടിയും" ക്ഷേത്രത്തിൽ സമർപ്പിക്കുന്നതും മംഗല്യഭാഗ്യത്തിനായി "താലി ചാർത്തി"ക്കുന്നതും വിശേഷാൽ വഴിപാടുകളാണ്. സ്ത്രീകള്‍ ദേവിക്ക് നേദ്യം അർപ്പിക്കുന്ന "വലഞ്ചുഴി പൊങ്കാല"യും മറ്റൊരു സവിശേഷതയാണ്. കുംഭമാസത്തിലെ ഭരണിനാളിലാണ് പൊങ്കാല.

പണ്ട് 28 ദിവസങ്ങളിലായി അരങ്ങേറിയിരുന്ന പടയണി ഇന്നും അതിന്റെ പകിട്ട് നഷ്ടപ്പെടാതെ മീനമാസത്തിലെ ഭരണിനാളിൽ കൊണ്ടാടുന്നു. മീനമാസത്തിലെ രേവതി, അശ്വതി നാളുകളിൽ 14 കരകളിൽ നിന്നും ഭക്തർ അമ്മയുടെ ഇഷ്ട വഴിപാടായ പടയണികോലം ആഘോഷത്തോടെ എഴുന്നള്ളിച്ച് തപ്പിന്റെ താളത്തിൽ തുള്ളിച്ച് അനുഗ്രഹീതരാകുന്നു.

valamchuzhy-devi-temple-08
സ്ത്രീകള്‍ ദേവിക്ക് നേദ്യം അർപ്പിക്കുന്ന വലഞ്ചുഴി പൊങ്കാല

പച്ചപ്പാളയിൽ പ്രകൃത്യാ ഉള്ള നിറങ്ങൾ കൂട്ടിച്ചേർത്ത് വരച്ചുണ്ടാക്കുന്ന വിവിധ ദേവതകളാണ് പടയണി കോലങ്ങൾ. മീനഭരണി നാളിൽ രാവ് പുലരുന്നതുവരെ നടക്കുന്ന കോലം തുള്ളലിൽ തേങ്ങ മുറിച്ച് ആ വർഷത്തെ ഫലം പറയുന്നതോടെയാണ് ചടങ്ങുകൾ പൂർത്തിയാവുന്നത്.

ഒരു കാലത്ത് ക്ഷേത്രത്തിന്റെ വകയായി ഉണ്ടായിരുന്ന നിലങ്ങളിലെ വിഭവങ്ങൾ ഉപയോഗിച്ച് നടത്തിവന്നിരുന്നതായ ഭരണിസദ്യ ഇന്നും വിപുലമായി കൊണ്ടാടപ്പെടുന്നു. മേടമാസത്തിലെ ഭരണി നാളിൽ നടത്തപ്പെടുന്ന "ഭരണിസദ്യ"യിൽ ദേവിയോടൊപ്പം ദേവാദിദേവകളും എത്തുമെന്നാണ് ഭക്തരുടെ വിശ്വാസം. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഈ ഭരണിസദ്യ വഴിപാടായും ഭക്തർ നടത്താറുണ്ട്.

പൗർണമി നാളിൽ ഈ ക്ഷേത്രത്തിൽ ഭജനമിരുന്നാൽ ആഗ്രഹസാഫല്യം ലഭിക്കുമെന്നാണ് ഭക്തർ അനുഭവങ്ങളിലൂടെ പറയുന്നത്. സർവരോഗ നിവാരിണിയായ അമ്മയുടെ തിരുനാമം ഉരുവിട്ടുകൊണ്ട് ഭജനമിരിക്കുന്നതാണ് "പൗർണമി ഭജനം."

valamchuzhy-devi-temple-05
കുംഭമാസത്തിലെ ഭരണിനാളിൽ പൊങ്കാല സമർപ്പിക്കുന്ന ഭക്തർ

വിഷു ദിവസം അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മറ്റ് രണ്ട് ക്ഷേത്രങ്ങളിലെ ദേവതമാരായ താഴൂർ ഭഗവതി, കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമി എന്നിവരോടൊപ്പം കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തി പുലർച്ചെ വിഷുക്കൈനീട്ടം വാങ്ങിക്കൊണ്ട് മടങ്ങിപ്പോകുന്ന സങ്കൽപം ഇന്നും നടന്നു വരുന്നു.

കേരളത്തിൽ ഒരു കാലത്ത് മാരകമായി പടർന്നു പിടിച്ച വസൂരി പോലെയുള്ള മാരകരോഗങ്ങൾക്ക് ഇന്നും "വിത്തും കലവും" സമർപ്പിക്കുന്നത് ഒരു വഴിപാടായി നടത്തപ്പെടുന്നു.

സർപ്പദോഷപരിഹാരത്തിനായി തുലാം മാസത്തിലെ ആയില്യം നാളിൽ "നൂറും പാലും" വഴിപാട് ഭക്തർക്ക് ഏറെ വിശ്വാസദായകമാണ്.

14 കരകളിലായി നിവസിക്കുന്ന അമ്മയുടെ ഭക്തരെ സന്ദർശിച്ച് പറ സ്വീകരിക്കുന്ന പതിവും ക്ഷേത്രത്തിൽ ഉണ്ട്. അന്‍പൊലി, നാണയപ്പറ തുടങ്ങിയ വിശേഷാൽ വഴിപാടുകളും നടത്തപ്പെടുന്നുണ്ട്.

valamchuzhy-devi-temple-04
അച്ചൻ കോവിലാർ ഈ ക്ഷേത്രത്തെ വലംവെച്ച് കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്നു.

പത്തനംതിട്ട നഗരത്തിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരം മാത്രമാണുള്ളത്.

ക്ഷേത്രത്തിന്റെ മേൽവിലാസം:

വലഞ്ചുഴി ദേവീക്ഷേത്രം

മല്ലശ്ശേരി പി. ഒ.

പത്തനംതിട്ട

കേരളം – 689646

ഫോൺ : 0468 2333100


ലേഖകൻ 

സുനിൽ വല്ലത്ത്

94474 15140 

Content Summary : Significance of Valamchuzhy Devi Temple

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS