ADVERTISEMENT

സൂര്യൻ ധനുരാശിയിൽനിന്നു മകരം രാശിയിലേക്കു കടക്കുന്ന സമയം അഥവാ ദിവസമാണ് മകരസംക്രമം എന്നറിയപ്പെടുന്നത്. 'ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്' എന്ന സന്ദേശമാണ് മകരസംക്രമം നൽകുന്നത് . ധനുരാശിയില്‍ നിന്ന് മകരം രാശിയിലെക്കുള്ള സൂര്യന്റെ പ്രവേശനത്തിനെ മകരസംക്രമം എന്ന് പറയുന്നു.

 

നിരയനഗണിത രീതി അനുസരിച്ച് ദക്ഷിണായനം പൂര്‍ത്തിയാക്കി ഉത്തരായണം ആരംഭിക്കുന്നത് ഈ ദിനത്തില്‍ ആണ്. ഉത്തരായണ കാലം സദ്‌കര്‍മ്മങ്ങള്‍ക്ക് ഉചിതമായ കാലം ആണ്. സൂര്യന്റെ നേര്‍രശ്മികള്‍ ഭാരതത്തില്‍ പതിക്കുന്നത് ഉത്തരായണകാലഘട്ടത്തില്‍ ആണ്.

 

വസന്ത ഋതുവിനെ സ്വാഗതം ചെയ്യുന്ന കാലമാണിത്. ഉത്തരായണ കാലം ശുഭകാലമാണ്. ഈ ആറുമാസത്തില്‍ മരിക്കുന്നവര്‍ ബ്രഹ്മത്തെ പ്രാപിക്കും എന്നാണൊരു വിശ്വാസം.മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പന്‍ ശബരിമലയിലെ വിഗ്രഹത്തില്‍ ലയിച്ചത് മകരസംക്രാന്തി ദിവസമാണെന്നും മഹിഷീ വധത്തിന്റെ ആഹ്‌ളാദസൂചകമായാണ് പൊന്നമ്പലമേട്ടില്‍ ആദ്യം മകരജ്യോതി തെളിയിച്ചതെന്നുമാണ് ഒരു ഐതിഹ്യം. അയ്യപ്പന്റെ ജനനം മകരസംക്രമ ദിനത്തില്‍ ആയിരുന്നുവെന്ന് മറ്റൊരു വിശ്വാസം. രണ്ട് മാസത്തെ ശബരിമല തീർത്ഥാടനകാലത്തിന് സമാപനമായി സംക്രമദിവസം ശബരിമലയില്‍ മകരവിളക്ക് ദർശനം.

 

മകരസംക്രമം പുണ്യമുഹൂര്‍ത്തമായതെങ്ങനെ?

 

ധനുമാസത്തിലെ അവസാന ദിവസവും ശനിയാഴ്ചയും ഒത്തുചേര്‍ന്ന ദിനമാണ് അയ്യപ്പന്റെ ജനനം എന്നാണ് വിശ്വാസം. അതിനാലാണ് മകരസംക്രമദിനവും ശനിയാഴ്ചകളും ഉത്രം നാളും കൃഷ്ണപക്ഷ പഞ്ചമിയും അയ്യപ്പ ആരാധനയ്ക്ക് ഏറ്റവും ഉത്തമദിനങ്ങളായി കരുതപ്പെടുന്നത്. പന്തളമഹാരാജാവായ രാജശേഖരന്‍ ശബരിമലക്ഷേത്രം നിര്‍മ്മിക്കുവാന്‍ ആരംഭിച്ചത് വൃശ്ചികം ഒന്നിനാണ്. ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കി സൂര്യന്‍ മകരലഗ്നത്തില്‍ സംക്രമിച്ച ശനിയാഴ്ചയില്‍; കൃഷ്ണപക്ഷപഞ്ചമിയില്‍ ഉത്രം നക്ഷത്രത്തില്‍ ഭാര്‍ഗ്ഗവരാമന്‍ ഭൂതനാഥനെ പ്രതിഷ്ഠിച്ചു എന്ന് ഭൂതനാഥോപാഖ്യാനത്തിലും കാണാം. മകരവിളക്കാണു ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. മകരസംക്രമദിവസത്തിനു രണ്ടുദിവസം മുന്‍പ് മുതല്‍ വിശേഷാല്‍ ശുദ്ധിക്രിയകള്‍ സന്നിധാനത്ത് ആരംഭിക്കുന്നു. പ്രാസാദശുദ്ധിക്രിയകള്‍, ഹോമങ്ങള്‍, ബിംബശുദ്ധിക്രിയകള്‍(ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം)എന്നിവയെല്ലാം വിധിപ്രകാരം നടത്തുന്നു. പന്തളംവലിയകോയിക്കല്‍ ക്ഷേത്രത്തില്‍സൂക്ഷിച്ചിരിക്കുന്ന അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ മകരസംക്രമ ദിനത്തില്‍ ശബരിമലയില്‍എത്തിക്കുന്നു. തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണു മകരസംക്രമദിനത്തിലെ ദീപാരാധന. മകരസംക്രമപൂജയില്‍ അയ്യപ്പനു അഭിഷേകംചെയ്യാനുള്ള നെയ്യ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ സമര്‍പ്പണമാണ്. അതിനാല്‍ കവടിയാര്‍ കൊട്ടാരത്തില്‍നിന്നു കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യുകൊണ്ടാണ് അയ്യപ്പന് അഭിഷേകം നടത്തുന്നത്. തിരുവാഭരണങ്ങള്‍ ഭഗവാന് ചാർത്തി ദീപാരാധന നടത്തുന്നതോടെ കിഴക്കന്‍ ചക്രവാളത്തില്‍ മല നിരകൾക്ക് മുകളിലായി ദിവ്യജ്യോതി തെളിയും. ആകാശത്ത് മകര നക്ഷത്രവും കാണാം.

 

മകരവിളക്കിന് വീട്ടിൽ നിലവിളക്ക് തെളിച്ച് ശരണഘോഷം മുഴുക്കുന്നത് ഉത്തമം.

Content Summary : Importance of Makara Sankramam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com