അയ്യപ്പൻ എല്ലാകാലത്തും ഞങ്ങളുടെ കുടുംബത്തിന്റെ നായകൻ; ശബരിമലയിൽ പോകുന്നത് 14 വർഷങ്ങൾക്ക് ശേഷം: മനോജ് കെ. ജയൻ

HIGHLIGHTS
  • മാളികപ്പുറത്തിന്റെ ഷൂട്ടിങ്ങിന്റെ സമയത്താണ് 14 വർഷങ്ങൾക്കിപ്പുറം ഞാൻ ശബരിമലയ്ക്ക് പോകുന്നത്
  • പമ്പ വരെ എത്തിയിട്ട് അയ്യപ്പന്റെ ദീപാരാധന കാണാതെ മടങ്ങാനും തോന്നിയില്ല
  • കറുത്ത വസ്ത്രമണിഞ്ഞ് മുദ്രയും അണിഞ്ഞ് ചെരുപ്പിടാതെ മല നടന്നു കയറി
manoj-k-jayan-on-sabarimala
മനോജ് കെ. ജയൻ
SHARE

മകരവിളക്ക് എന്ന് പറഞ്ഞാൽ എന്റെ കുട്ടിക്കാലമാണ് എനിക്ക് ഓർമ്മ വരുന്നത്. ഞങ്ങളുടെ കുടുംബത്തിന് വയരെയധികം ആത്മബന്ധം ഉള്ള ഒരു ദൈവമാണ് അയ്യപ്പൻ. എല്ലാകാലത്തും ഞങ്ങളുടെ കുടുംബത്തിന്റെ നായകൻ അയ്യപ്പൻ തന്നെയാണ്. അയ്യപ്പസ്വാമിയുടെ കടാക്ഷം കൊണ്ടാണ് അച്ഛനുൾപ്പടെയുള്ളവർ അത്രയും ഔന്നത്യത്തിൽ എത്തിയത്. അന്നത്തെ കാലത്ത് അയ്യപ്പസ്വാമിയെപ്പറ്റിയുള്ള പാട്ടുകളിലൂടെ അവർക്ക് ഒരുപാട് പ്രചാരവും കിട്ടിയിട്ടുണ്ട്.

ആദ്യകാലങ്ങളിൽ അയ്യപ്പനുവേണ്ടി പാടിയതും സംഗീതം ചെയ്തതുമായ ഒരുപാട് പാട്ടുകൾ അച്ഛന്റേതും കൊച്ചച്ചന്റേതുമായിരുന്നു എന്നു പറയുന്നതിൽ അഭിമാനമുണ്ട്. പിന്നീടാണ് ഭക്തിഗാനം, അല്ലെങ്കിൽ ആ രംഗത്തേക്ക് ആളുകൾ കൂടുതലായി കടന്നുവരുന്നത്. എന്റെ അറിവ് ശരിയാണെങ്കിൽ ദാസേട്ടനെ കൊണ്ടും പി. ജയചന്ദ്രൻ ചേട്ടനെ കൊണ്ടുമൊക്കെ അക്കാലത്ത് അച്ഛൻ പാട്ടുകൾ പാടിപ്പിച്ചിട്ടുണ്ട്. 'ശ്രീശബരീശ ദീനദയാലാ' എന്ന് തുടങ്ങുന്ന ഭക്തിഗാനം പി ജയചന്ദ്രനെ കൊണ്ടും 'ദർശനം പുണ്യ ദർശനം' എന്നത് ദാസേട്ടനെ കൊണ്ടുമാണ് അച്ഛൻ ആദ്യമായി പാടിപ്പിച്ചത്. അതേപോലെയുള്ള ആയിരക്കണക്കിന് ഗാനങ്ങളാണ് അന്ന് ഉണ്ടായിരുന്നത്. ആ ഗാനങ്ങളുടെയെല്ലാം ഭംഗി അതിൽ തുളുമ്പിയിരുന്ന ഭക്തി രസം ആണെന്ന് തോന്നിയിട്ടുണ്ട്.

മകരവിളക്കിന് തിരുവാഭരണം എഴുന്നള്ളിച്ചു കൊണ്ടുവരുമ്പോൾ മലയിലിരുന്ന് അച്ഛനും കൂട്ടരും പാട്ടുകൾ പാടിയിരുന്ന ഒരു ഓർമ്മയെനിക്കുണ്ട്. 

ഞാനന്ന് തീരെ കുട്ടിയായിരുന്നു. ആ സമയത്ത് ഒന്ന് രണ്ട് തവണ അവർക്കൊപ്പം ഇരുന്ന ഓർമ്മയുണ്ട്. അന്നത് വലിയൊരു ചടങ്ങ് ആയിരുന്നു. മകരവിളക്കിന്റെ അന്ന് ഉച്ചയ്ക്ക് തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്ന സമയത്ത് തന്നെ ആരംഭിക്കുന്ന  ആ ചടങ്ങ് പതിനെട്ടാം പടി കയറി, തിരുവാഭരണം അയ്യപ്പനെ അണിയിക്കുന്നതുവരെ തുടർന്നിരുന്നു. മണിക്കൂറുകളോളം നിർത്താതെ പാടിക്കൊണ്ടിരിക്കും. വളരെ എനർജറ്റിക് ആയിട്ടുള്ള ഭക്തിയുടെ പാരമ്യത്തിൽ എത്തുന്ന വരികളും സംഗീതവും ചേർന്ന ഗാനങ്ങളാണ് അന്ന് അവിടെ ആലപിച്ചിരുന്നത്. സിനിമയിലേത് പോലെ ഗ്ലാമറൈസ് ചെയ്യാത്ത ഭക്തിയുടെ പാട്ടുകളായിരുന്നു അവയെല്ലാം. പച്ച മനുഷ്യന്റെ മനസ്സിൽ നിന്നു വരുന്ന അടിച്ചേൽപ്പിക്കുന്ന ഭക്തിയുടെ സംഗീതവും വരികളുമായിരുന്നു അവയൊക്കെയും. അങ്ങനെയുള്ള പാട്ടുകൾ ഭക്തജനങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്ത്, അവരും അച്ഛന്റെ കൂടെ നിന്ന് പാടുന്നതും കണ്ടിട്ടുണ്ട്. എന്നാൽ ഇന്ന് അത് ഞങ്ങളുടെ തലമുറയിലെ ആർക്കും തുടരാൻ പറ്റിയില്ല എന്നത് ഒരു നഷ്ടവും സങ്കടവുമായി തോന്നുന്നുണ്ട്. 

vishnu-sasisankar-manoj-k-jayan
‘മാളികപ്പുറം’ സിനിമയുടെ ചിത്രീകരണത്തിനിടെ വിഷ്ണു ശശി ശങ്കറും മനോജ് കെ.ജയനും.

ഈ അടുത്ത സമയത്ത് മാളികപ്പുറത്തിന്റെ ഷൂട്ടിങ്ങിന്റെ സമയത്ത് ആണ് 14 വർഷങ്ങൾക്കിപ്പുറം ഞാൻ ശബരിമലയ്ക്ക് പോകുന്നത്. ഷൂട്ടിംഗ് തുടങ്ങിയപ്പോൾ മുതൽ വ്രതത്തിലും ആയിരുന്നു. പമ്പയിൽ ഷൂട്ടിങ് നടക്കുമ്പോൾ ഇടവേളയിൽ അവിടെ നിന്നും മലയിലേക്ക് പോകാം എന്ന് തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഒഫീഷ്യലായി ആരെയും അറിയിച്ചിരുന്നുമില്ല. പമ്പ വരെ എത്തിയിട്ട് അയ്യപ്പന്റെ ദീപാരാധന കാണാതെ മടങ്ങാനും തോന്നിയില്ല. പിന്നെ പെട്ടെന്ന് ഇരുമുടി തയാറാക്കാൻ നിന്നില്ല. കാരണം അതിനു നിന്നാൽ ദീപാരാധന തൊഴൽ നടക്കില്ല എന്നും തോന്നി. അങ്ങനെ കറുത്ത വസ്ത്രമണിഞ്ഞ് മുദ്രയും അണിഞ്ഞ് ചെരുപ്പിടാതെ മല നടന്നു കയറി.  മണ്ഡലകാലം തുടങ്ങുന്നതിനു മുൻപ് ആയതുകൊണ്ട് തന്നെ വളരെ മോശം റോഡും ആയിരുന്നു. ഇത്രകാലം ആയതുകൊണ്ട് അയ്യപ്പൻ തന്ന ഒരു ചെറിയ ശിക്ഷ ആയിട്ടാണ് ആ റോഡിലെ കല്ലിന്റെ കാഠിന്യം അനുഭവപ്പെട്ടത് എന്നു ഞാൻ കണക്കാക്കുന്നു. തിരിച്ചിറങ്ങാനും ചെരുപ്പ് ഉപയോഗിച്ചില്ല. യാത്രയിലുടനീളം അയ്യൻ ആയിരുന്നു മനസ്സിൽ. പിന്നെ വരാനിരിക്കുന്ന സിനിമയെക്കുറിച്ചുള്ള പ്രാർഥനയും. എന്നാൽ ഒരു കലാകാരൻ എന്ന നിലയിൽ മലയിൽ എത്തിയപ്പോൾ എനിക്ക് കിട്ടിയ സ്വീകരണം വളരെ വലുതായിരുന്നു.

Content Summary: Actor Manoj K Jayan on Sabarimala Ayyappan, Temple Visit, Makaravilakku and Malikappuram Movie

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS