ഉത്തർപ്രദേശിൽ ഗംഗാനദിയുടെ പടിഞ്ഞാറൻ തീരത്തായി ഏകദേശം ആറ് കിലോമീറ്ററിലധികം നീളത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് ബനാറസ്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും അഹമ്മദാബാദ് വഴിയാണ് വാരണാസി എയർ പോർട്ടിൽ എത്തിയത്. അവിടെ നിന്നും കാശിയിലേക്ക് ബസ്സിൽ ആയിരുന്നു യാത്ര. നാൽപ്പതു പേരടങ്ങുന്ന സംഘമാണ് ഞങ്ങളുടേത്. കേരളത്തിൽ നിന്നും പല പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ യാത്ര സംഘടിപ്പിക്കുന്ന ടീമിലാണ് ഞാനും ചേർന്നത്.

രാത്രി വിശ്രമത്തിന് ശേഷം രാവിലെ അവിടെ നിന്നും അലഹാബാദ് പ്രയാഗ് രാജിലേക്ക് തിരിച്ചു. മാഘമേളയുടെ തിരക്കു കാരണം ബസ് കുറെ ദൂരം ചെന്നപ്പോൾ മുന്നോട്ടു പോകുന്നത് പോലീസ് തടഞ്ഞു. പിന്നെ ഓട്ടോ റിക്ഷയിലായിരുന്നു യാത്ര. ആയിരക്കണക്കിന് ടെന്റുകൾ. പതിനായിരങ്ങൾ ഇഴഞ്ഞു നീങ്ങുന്ന കാഴ്ച. യമുനാനദി തീരത്ത് എത്തിച്ചേർന്നു. തുടർന്ന് ബടേ ഹനുമാൻ ക്ഷേത്രവും സന്ദർശിച്ചു. അതിന് ശേഷം ശ്രീ ആലോപി ശക്തി പീഠം സന്ദർശിച്ചു. ഇവിടെയാണ് സതിദേവിയുടെ വലത് കൈ അറ്റു വീണത് എന്നാണ് വിശ്വാസം.

യമുനയുടെ തീരത്തെ വഞ്ചികളിലൊന്നിൽ കയറി ത്രിവേണീ സംഗമത്തിലേക്ക് പുറപ്പെട്ടു. അവിടെ നദിക്ക് ഏതാണ്ട് ഒരു കിലോമീറ്റർ വീതിയും ത്രിവേണി സംഗമ സ്ഥലത്ത് നാല് കിലോമീറ്റർ വീതിയും ആണ്. പലരും അവിടെ ഇറങ്ങി സ്നാനം ചെയ്തു. തിരിച്ച് റൂമിൽ എത്തി.
അടുത്ത ദിവസം കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ഹിന്ദുക്കളുടെ പ്രധാനപെട്ട തീർഥാടന കേന്ദ്രമാണ് ഈ ക്ഷേത്രം. ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് പന്ത്രണ്ട് ജ്യോതിർ ലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. മഹാദേവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീന കാലം മുതൽക്കേ ഈ ക്ഷേത്രം ഹൈന്ദവ വിശ്വാസവുമായും ശിവപുരാണങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെ മരണാനന്തര കർമ്മങ്ങൾ നടത്തിയാൽ പരേതർക്ക് മോക്ഷം ലഭിക്കുമെന്നും ശിവലോക പ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വാസം.

ഓൺലൈനിൽ ദർശനത്തിന് ബുക്ക് ചെയ്തതിനാൽ വലിയ തിരക്കില്ലാതെ ദർശനം സാധ്യമായി. ചെറിയ ഒരു ശിവലിംഗം. മനോഹരമായ സാളഗ്രാമ ശിലയാണത്. അൽപം ചരിവുള്ള വിഗ്രഹത്തിൽ ചെറിയ ചില പാടുകൾ കാണാം. മുഖ്യ ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്തായി ജ്ഞാനവാപി അഥവാ അറിവിന്‍റെ കിണർ സ്ഥിതി ചെയ്യുന്നു. അതിനടുത്ത് നന്ദി വടക്കോട്ട് തിരിഞ്ഞു അതായത് പുറത്തേക്ക് നോക്കി ഇരിക്കുന്നു. തെക്ക് കിഴക്ക് ദിക്കിൽ അന്നപൂർണയുടെ പ്രതിഷ്ഠയോടൊപ്പം കുബേരനേയും കാണാം. ഗണപതിയും സുബ്രഹ്മണ്യനും ഉപദേവന്മാരാണ്. സംക്രാന്തിയും ശിവരാത്രിയും ഇവിടെ വിശേഷ ദിവസങ്ങൾ ആണ്.

വെളുപ്പിന് 2.30ന് ക്ഷേത്രം തുറക്കുന്നു. മൂന്നു മുതല്‍ നാലുമണി വരെ മംഗള ആരതിയാണ്. ടിക്കറ്റെടുത്തവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. നാലുമണിമുതല്‍ 11 മണി വരെ ദര്‍ശന സമയം. 11.30 മുതല്‍ 12 മണി വരെ മധ്യാഹ്ന ഭോഗ് ആരതി. തുടര്‍ന്ന് 12 മുതല്‍ സന്ധ്യയ്ക്ക് ഏഴ് മണി വരെ എല്ലാവര്‍ക്കും ദര്‍ശനം നടത്താന്‍ കഴിയും. ഏഴ് മണി മുതല്‍ 8.30 വരെ വൈകുന്നേരത്തെ സപ്ത ഋഷി ആരതി ഉണ്ടായിരിക്കും. രാത്രി ഒന്‍പത് വരെ പിന്നെയും എല്ലാവര്‍ക്കും ദര്‍ശനം നടത്താന്‍ കഴിയും. ഈ സമയത്ത് ശ്രിംഗാര്‍ ആരതി ഉണ്ടാകും. ഒന്‍പത് മണിക്ക് ശേഷം പുറത്ത് നിന്ന് ദര്‍ശനം നടത്താം. രാത്രി 10.30ന് ശയന ആരതി തുടങ്ങുന്നു.11 മണിക്ക് ക്ഷേത്രം അടയ്ക്കും. വിശ്വനാഥക്ഷേത്രവും വിശാലാക്ഷിക്ഷേത്രവും വിശ്വപ്രസിദ്ധമാണ്. 108 ശക്തി പീഠങ്ങളിൽ ഒന്നാണ് ഈ പാർവതി ക്ഷേത്രം. ഇവിടെയും ഞങ്ങൾ ദർശനം നടത്തി.

ദർശനം കഴിഞ്ഞ് പുറത്തിറങ്ങി പ്രധാനമന്ത്രി നരേന്ദ്രമോഡി ഈയിടെ ഉദ്ഘാടനം ചെയ്ത ഇടനാഴിയിൽ കൂടി ഞങ്ങൾ ഗംഗയുടെ തീരത്തേക്ക് ഇറങ്ങി. വരുണ നദിയുടെയും അസി നദിയുടെയും ഇടയിൽ ഉള്ള സ്ഥലമായതിനാൽ ഇതിനെ വാരണാസി എന്ന് അറിയപ്പെടുന്നു.
കാശി എന്നതിന് പ്രകാശമാനം എന്നും അർഥമുണ്ട്. ബനാറസ് എന്നാൽ മധുര പലഹാരങ്ങൾ ഉണ്ടാക്കുന്ന സ്ഥലം എന്നാണ് അർഥം. വിശ്വനാഥ ക്ഷേത്രമിരിക്കുന്ന കരയിൽ മാത്രമാണ് ഗംഗാസ്നാനം നടത്തുന്നതും പിതൃ തർപ്പണവും എല്ലാം ചെയ്യുന്നത്. പുഴയുടെ അക്കരെ ചില വഞ്ചിക്കാർ കൊണ്ടുപോയി ആക്കുമെങ്കിലും വ്യാസന്റെ ശാപം കിട്ടിയ സ്ഥലം ആയതിനാൽ അവിടേക്ക് ആരും പോകാറില്ല.

സമയം സന്ധ്യയോട് അടുത്തു. ഞങ്ങൾ ഗംഗാ തീരത്ത് എത്തിച്ചേർന്നു.വലിയ ബോട്ടിൽ കയറി പല കടവുകളും കണ്ട് മുന്നോട്ടു നീങ്ങി. ദേശാടന പക്ഷികൾ ഗംഗയിൽ പറന്നുനടക്കുന്നു. മണികർണികയിലും ഹരിശ്ചന്ദ്രഖട്ടിലും ചിതകൾ എരിയുന്നുണ്ടായിരുന്നു. 6.30 മുതൽ 7.30 വരെ ദീപാരാധന നേരത്താണ് ഗംഗാ ആരതി. ആയിരക്കണക്കിന് ആളുകൾ അതിനായി തയാറായിരുന്നു. രണ്ട് സ്ഥലത്തായി അഞ്ചു പേർ വീതം മന്ത്രങ്ങൾ ജപിക്കാൻ തുടങ്ങി. ആളുകൾ ഓരോ തട്ടത്തിൽ പൂക്കളും നടുക്ക് നെയ് തിരി വിളക്ക് കത്തിച്ചു നിന്നു. ആരതിയുടെ ഭാഗമായി അവയൊക്കെ നദിയിലൊഴുക്കി.വീതികുറഞ്ഞ ഭാഗത്ത് കൂടി ഒരു പാലം കടന്നു പോകുന്നത് കാണാം.താഴെ കൂടി ട്രയിൻ മേലേ കൂടി ബസ്സും ഒരേ സമയം പോകുന്ന പാലം ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചതാണ്.

ഹോട്ടലിൽ നിന്നും ഓട്ടോ റിക്ഷയിൽ ആണ് ഇവിടെയ്ക്ക് വന്നത്. വീണ്ടും ഓട്ടോയിൽ തന്നെ കാലഭൈരവ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. വാരാണസിയുടെ കാവൽദൈവമായ കാല ഭൈരവനും ഇവിടെ പ്രത്യേക ക്ഷേത്രമുണ്ട്. ഇവിടത്തെ ഏറ്റവും പഴയ ശിവക്ഷേത്രങ്ങളിലൊന്നായ കാലഭൈരവ മന്ദിർ വിശ്വേശ്വർഗഞ്ചി ലെ അഥവാ വാരണാസി ഭരോനാഥിൽ സ്ഥിതി ചെയ്യുന്നു. കാല എന്ന വാക്കിന്റെ അർഥം മരണം അഥവാ സമയം എന്നാണ്. കാലഭൈരവൻ എന്നാൽ മരണത്തിന്റെയും സമയത്തിന്റെയും ഭയം അകറ്റുന്നവൻ എന്നാണ്. കാലഭൈരവനെ മരണം പോലും ഭയക്കുന്നു എന്നാണ് വിശ്വാസം.

അടുത്ത പ്രഭാതത്തിൽ കാശിയിൽ വിശ്വനാഥ ക്ഷേത്രത്തിന് അടുത്ത് ഗംഗാ സ്നാനം ചെയ്തു തീരത്ത് പിതൃക്കൾക്ക് ബലി ഇട്ടു. വളരെ വിശദമായി തന്നെ അത് ചെയ്തു. പിന്നീട് ദുർഗ്ഗാ ക്ഷേത്രം സന്ദർശിച്ചു. സങ്കടമോചന ഹനൂമാൻ ക്ഷേത്രത്തിലും പോയി. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ അടുത്തുള്ള ബിർള മന്ദിർ സന്ദർശിച്ചു. ഭക്ഷണം കഴിച്ച ശേഷം ഗയയിലേക്ക് യാത്ര തിരിച്ചു.

പ്രഭാതത്തിൽ വിഷ്ണു പാദക്ഷേത്രവും ബുദ്ധഗയാക്ഷേത്രവും സന്ദർശിച്ചു. സിദ്ധാർത്ഥൻ ബോധോദയം ലഭിച്ചു ശ്രീബുദ്ധനായി മാറിയ വൃക്ഷം കെട്ടുപോയി അവിടെ പുതുതായി നട്ട ഒരു ആൽമരം വളർന്നു വലുതായി നിൽക്കുന്നുണ്ടായിരുന്നു. ഫൽഗുനി നദി തീരത്ത് ആണ് ക്ഷേത്രം. ചിലരൊക്കെ വിഷ്ണു പാദത്തിൽ ബലിയിടുന്നുണ്ടായിരുന്നു. ഉച്ചഭക്ഷണ ശേഷം തിരിച്ചു വാരണാസിയിലേക്ക്. അടുത്തദിവസം രാവിലെ കാപ്പികുടി കഴിഞ്ഞു ഞങ്ങൾ അവിടത്തെ ചില ബുദ്ധ വിഹാരങ്ങൾ സന്ദർശിച്ചു.
പിന്നീട് കുറച്ച് ഷോപ്പിങ്ങനായി ഇറങ്ങി പലരും ബനാറസ് സിൽക്ക് സാരികളും മധുര പലഹാരങ്ങളും കരകൗശല വസ്തുക്കളും എല്ലാം വാങ്ങി. വൈകിട്ട് 8 മണിയുടെ ട്രെയിനിൽ എറണാകുളത്തേക്ക് തിരിച്ചു.88 തവണ കാശി ദർശനം നടത്തിയ കാശിനാഗപ്പൻ എന്ന് കോയമ്പത്തൂർകാരനെ പരിചയപ്പെട്ടു.108 തവണ ദർശനം നടത്തണം എന്ന് അദ്ദേഹം ആഗ്രഹി ക്കുന്നു. മൂന്നാം ദിവസം വൈകിട്ട് 10 മണി കഴിഞ്ഞു ഞങ്ങൾ ആലുവായിൽ ഇറങ്ങി.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
Content Summary : Significance of Kashi Vishwanath Temple