മഹാദേവന് പ്രധാനമായ പ്രദോഷവും ഭഗവാന്റെ തിരുനാളായ തിരുവാതിരയും ചേർന്ന് വരുന്നു . അന്നേ ദിവസം വ്രതാനുഷ്ഠാനത്തോടെ ഭഗവാനെ ഭജിക്കുന്നതിലൂടെ സകലപാപങ്ങളും നീങ്ങി സർവൈശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം. കൂടാതെ ദേവന്മാർ ഉണർന്നിരിക്കുന്ന ഉത്തരായണ കാലത്തു വരുന്ന ഈ സവിശേഷ വ്രതാനുഷ്ഠാനം നാലിരട്ടി ഫലദായമത്രെ. സന്ധ്യയ്ക്ക് ത്രയോദശി വരുന്നത് 2023 ഫെബ്രുവരി 02 വ്യാഴാഴ്ചയാണ് . അതിനാൽ പ്രദോഷവ്രതം അനുഷ്ഠിക്കേണ്ടത് ഈ ദിനത്തിലാണ്.
ഉപവാസത്തോടെയാണ് പ്രദോഷം അനുഷ്ഠിക്കേണ്ടത്. പ്രദോഷ ദിവസം പ്രഭാതസ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപന ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. പകല്‍ ഉപവസിക്കുകയും ഭക്തിപൂർവം പഞ്ചാക്ഷരീ മന്ത്രം ജപിക്കുകയും വേണം.വൈകുന്നേരം കുളിച്ച് ശരീര മനഃ ശുദ്ധിയോടെ ശിവക്ഷേത്രത്തിലെത്തി കൂവള മാല സമർപ്പിച്ചു ശിവപൂജയിൽ പങ്കെടുക്കുകയും ചെയ്യുക. അതിനു ശേഷം പാരണയോടുകൂടി വ്രതസമാപ്തി വരുത്താം.
പ്രദോഷസന്ധ്യയിൽ പാർവതീ ദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ഭഗവാൻ ആനന്ദ നടനം ആടുമെന്നാണ് വിശ്വാസം . ഈ സമയത്തു കൈലാസത്തില്‍ സകല ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ട്. ഈ സമയത്തെ ഭജനത്തിലൂടെ മഹാദേവനും പാർവതീ ദേവിയും മാത്രമല്ല എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും എന്നാണ് വിശ്വാസം.