ADVERTISEMENT

ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ ആനയോട്ടം.!! മത്സരങ്ങൾക്കൊന്നും ഈ സന്നിധിയിൽ സ്ഥാനമില്ല.. എങ്കിലും പൗരാണികമായ ഒരാചാരം...മഹനീയമാണത്. ആ സുദിനത്തിനുമുണ്ട്.ചില ചിട്ടകൾ..വ്യവസ്ഥകൾ

കൊടിയേറ്റം സുദിനത്തിൽ നൂറ്റാണ്ടുകളായി നടന്നുവരുന്ന ചടങ്ങ്. അന്ന് രാവിലത്തെ ശീവേലിക്ക് ആന പതിവില്ല. ക്ഷേത്രപരിസരത്തൊന്നും ആനകളെ കൊണ്ട് വരില്ല. അതൊരു വ്രതനിഷ്ഠയുടെ ഭാഗമാണ്.

ഉച്ചയ്ക്ക് നട അടച്ചശേഷമാണ് ആനയോട്ടം. ആദ്യം ഓടിവന്ന ആനയെ സ്വീകരിക്കുന്ന ചടങ്ങുമുണ്ട്. അതിനുമുന്നോടിയായി ശംഖനാദത്തിന്റെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കണ്ടിയൂർപട്ടത്ത് നമ്പീശൻ എന്ന ഗുരുവായൂർ ക്ഷേത്രത്തിന്റെ പൗരാണിക കാലഘട്ടത്തിലെ പട്ടോലകാര്യസ്ഥൻ ആനവിചാരിപ്പുകാരനായ മാതേമ്പാട്ട് നമ്പ്യാർക്ക് ആനകൾക്കുള്ള കുടമണികൾ പ്രാർത്ഥനയോടെ എടുത്ത് നൽകുന്ന ചടങ്ങുണ്ട്. ആനയോട്ടത്തിൽ ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ ഒട്ടുമിക്ക ആനകളും പങ്കെടുക്കുക പതിവാണ്. ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ കേശവനും,പത്മനാഭനും പങ്കെടുക്കാറുണ്ടങ്കിലും രാമൻകുട്ടിയോ, കുട്ടിശ്ശങ്കരനോ ആണ് അധികവും ആനയോട്ടത്തിൽ ആദ്യം ഓടിയെത്തുക പതിവ്. കാരണം ഈ ഗജവീരന്മാർ ആനയോട്ട ചടങ്ങുകളുടെ ചിട്ടവട്ടങ്ങൾ വളരെ ഹൃദിസ്ഥമാക്കിയ ഗജപുംഗവന്മാരായിരുന്നു. രാമൻകുട്ടിയും,കുട്ടിശ്ശങ്കരനും... പങ്കെടുത്ത ആനയോട്ടത്തിൽ ഒരിക്കൽ അതായത് ഒരു 4 പതിറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1979  മാർച്ച് 9 നു നടന്ന ആനയോട്ടത്തിൽ 25 ൽ അധികം ഗുരുവായൂരപ്പന്റെ ആനകൾ മഞ്ജുളാൽ തറയിൽ ഓട്ടത്തിൽ പങ്കെടുക്കാൻ അണിനിരന്നു. ക്ഷേത്രത്തിൽ നാഴികമണി 3 അടിച്ചു. ആനകൾക്കുള്ള മണികളുമായി ആനക്കാർ മഞ്ജുളാൽ തറയിലേക്ക് ഓടിയെത്തി. ഓടാനുള്ള സിഗ്നൽ കിട്ടി.......ആനകൾ ഓടിത്തുടങ്ങി. പതിവുപോലെ രാമൻകുട്ടി തന്നെ മുന്നിൽ. ഇതുകണ്ടപ്പോൾ  ദേവസ്വം ഗജസമ്പത്തിലെ വീരശൂരപരാക്രമിയെന്ന വിശേഷണമുള്ള രവീന്ദ്രനും ഒരു മോഹം....ഒന്നാമതെത്തിയാലോ...  പത്ത് ദിവസത്തെ പ്രത്യേക പരിഗണന...ക്ഷേത്രത്തിൽവരുന്നവരുടെ ആരാധനാകഥാപാത്രമാവുക..ഭഗവാന്റെ നിവേദ്യങ്ങൾ....ശ്രീഭൂതബലിയും,ശീവേലിയും...ഓട്ടപ്രദക്ഷിണവും....ഒട്ടും ആലോചിച്ച് സമയം കളഞ്ഞില്ല. ആവേശമായി ,ഹരമായി...ആർപ്പുവിളികളായി.ആവേശഭരിതരായി കുട്ടികളും,ചെറുപ്പക്കാരും ഒപ്പം കൂടി.രാമൻകുട്ടിയുടേയും,കുട്ടിശ്ശങ്കരന്റേയും ഒപ്പത്തിനൊപ്പം രവീന്ദ്രനും ആനയോട്ടത്തിൽ ഉത്സാഹഭരിതനായി.ചാവക്കാട് രവീന്ദ്രബസ്സ് സർവീസ് ഉടമയുടെ സമർപ്പണം... ഗുരുവായൂരപ്പന്റെ ഗജപരിപാലനത്തിൽ തിളപ്പിച്ച പാലും,കഞ്ഞിയും കഴിച്ച് വളർന്നു വന്ന ആനക്കുട്ടി...അതെ, ഗുരുവായൂരപ്പന്റെ സന്നിധിയിൽ 4 വയസ്സു പ്രായമുള്ളപ്പോൾ 1954 മെയ് 5 ന് എത്തിയ രവീന്ദ്രൻ... ഒരിക്കലെങ്കിലും ഗുരുവായൂരപ്പന്റെ ആനയോട്ടചടങ്ങിൽ ഓടിയെത്തി ഒന്നാമനാകണമെന്നും ആഗ്രഹിച്ചുവോ എന്നറിയില്ല. ആനയോട്ടം ആരംഭിച്ചു.ഒന്നാമനായി ഓടിയ രാമൻകുട്ടി എന്നയുവകോമളൻ

guruvayur-anayottam-02

... കിഴക്കെ ഗോപുരം കടന്നു പിന്നിൽ ഒട്ടും വിട്ടുകൊടുക്കാതെ രവീന്ദ്രൻ ഓടിയെത്തിയത്ത് ഭക്തജനങ്ങളേയും ആനപ്രേമികളെയും അത്ഭുതപ്പെടുത്തി. ഒരുപ്രദക്ഷിണം കഴിയാൻ കൊടിമരത്തറയിലെത്തിയ രാമൻകുട്ടിയെ രവീന്ദ്രൻ തള്ളനീക്കിയോ എന്നൊരു സംശയം.... രവീന്ദ്രൻ രണ്ടാംപ്രദക്ഷിണത്തിന് മുന്നോട്ട് കടന്നു .രവീന്ദ്രന് നിലതെറ്റിയോ എന്നൊരു സംശയം..സംഭവം ഗൗരവമായി. സ്വതന്ത്രമായ ഒരു ഓട്ടത്തിന് സ്വാതന്ത്ര്യം കിട്ടിയ രവീന്ദ്രൻ ഇടഞ്ഞു. മതിൽക്കകത്ത് കുറച്ചുനേരം പരിഭ്രാന്തി സൃഷ്ടിച്ചു. ഭക്തജനങ്ങളും മറ്റും നാലുപാടും ഓടി. ഉത്സവപന്തലിലെ തേക്കിൻകാലുകൾ ചിലതെങ്കിലും ഇളക്കി മറിച്ചു.തട്ടിയുംമുട്ടിയും പലർക്കും  പതിനെട്ടോളം പേർക്ക് ചെറിയ പരിക്കുകൾ പറ്റി. കൂടുതൽ എന്തെങ്കിലും സംഭവിക്കും മുമ്പ് പ്രഗൽഭരും വിദഗ്ധരുമായ ദേവസ്വം ആനക്കാർ രവീന്ദ്രനെ വളരെ സമർത്ഥമായി  കൂച്ചുവിലങ്ങിട്ടു. ബന്ധനസ്ഥനാക്കി. അങ്ങനെ ആനയോട്ടത്തിൽ ഒന്നാം സ്ഥാനം ലഭിക്കാനുള്ള രവീന്ദ്രന്റെചിരകാല മോഹം വൃഥാവിലായി.. എന്ന് മാത്രമല്ല ഈ സംഭവം ആനയോട്ട ചടങ്ങിന് ചരിത്രത്തിൽ ആദ്യമായി സംഭവിച്ച ഒരുഅനിഷ്ട സംഭവമായി വ്യാഖ്യാനിക്കപ്പെട്ടു . ഉത്സവത്തിനിടയിൽ 1959 ൽ ബാലകൃഷ്ണനും,1971 ൽ രാമചന്ദ്രനും ഇടഞ്ഞിട്ടുണ്ടെങ്കിലും ആനയോട്ടത്തിൽ ആന കൈവിട്ട സംഭവം...ആന ഇടഞ്ഞോടിയ കഥ ആർക്കും ഓർമ്മയിലില്ല. ആദ്യ അനുഭവമായിരുന്നു. ഫലമോ അടുത്തവർഷം മുതൽ അതായത് 1980 ലെ ഉത്സവം മുതൽ ചരിത്രപാധാന്യമുള്ള ഗുരുവായൂർ ആനയോട്ടത്തിന് മനസ്സില്ലാമനസ്സോടെ ആദ്യമായി നിയന്ത്രണം ഏർപ്പെടുത്തി.ആനകളെ വിദഗ്ധ വെറ്റിനറി ഡോക്ടർമാർ പരിശോധിക്കണമെന്നും നിബന്ധനകൾ വന്നു.

   മറ്റു നിയന്ത്രണങ്ങൾ അതിങ്ങനെയായിരുന്നു .....ആനയോട്ടംകാണാനും, കൂടെ ഓടാനും വർദ്ധിച്ചു വരുന്ന ഭക്തജനത്തിരക്ക് പരിഗണിച്ച് ആനയോട്ടത്തിൽ പങ്കെടുക്കുന്ന ഗുരുവായൂരപ്പന്റെ എല്ലാ ആനകളും മഞ്ജുളാൽ തറയിൽ നിന്നും ക്ഷേത്രം ഗോപുരം വരെ ഓടാനും ആദ്യം വരുന്ന 5 ആനകളെ മാത്രം ക്ഷേത്രം മതിൽക്കകത്തേക്ക് പ്രവേശിപ്പിക്കാനും ,ക്ഷേത്രത്തിനകത്ത് പതിവുള്ള കീഴ്ക്കട ആചാരപ്രകാരം 7 പ്രദക്ഷിണം പൂർത്തിയാക്കാനും തടസ്സമില്ലാതെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാത്രവുമല്ല കിഴക്കെ നടയിൽ രണ്ടു ഭാഗവും ബാരിക്കേഡുകൾ കെട്ടാനും നടപടികളായി.പോലീസിന്റെ കാര്യക്ഷമമായ കരുതലും സുരക്ഷക്ക് ഏർപ്പാട് ചെയ്തു.ഗുരുവായൂർ ഉത്സവത്തിന് 1980 വരെയും ആനയോട്ടത്തിന് പങ്കെടുക്കുന്ന ആനകളെല്ലാം ക്ഷേത്രത്തിൽ പ്രവേശിക്കുമായിരുന്നു. ഓരോ ആനയുടേയുംകൂടെ ഉത്സാഹത്തോടെ ചെറുപ്പക്കാരായ നാട്ടുകാരും കുട്ടികളും  ഓടുമായിരുന്നു. അതൊന്നും ഒരുപ്രശ്നവുമായിരുന്നില്ല. എത്ര എത്ര ആനയോട്ടം...

    പിന്നീട് ഭക്തജനത്തിരക്ക് ഏറിയതോടെ പല ഘട്ടങ്ങളിലായി ഭക്തജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഗുരുവായൂർ ദേവസ്വത്തിനും പോലീസ് ഡിപ്പാർട്ട്മെന്റിനും സംയുക്തമായി ആനയോട്ടത്തിന്  നിയന്ത്രണങ്ങൾ കൂടുതൽ ഏർപ്പെടുത്തേണ്ടിവന്നു. എന്നിരുന്നാലും ആനയോട്ടം എന്ന പൗരാണികമായ ചടങ്ങിനും,ആചാരത്തിനും മങ്ങലേൽക്കത്തവിധം വളരെ ശ്രമകരമായ വിധം ഗുരുവായൂരപ്പന്റെ ഉത്സവത്തിന് മുന്നോടിയായിട്ടുള്ള ആനയോട്ടം  ആവേശമായി ചരിത്രത്തിൽ രേഖപ്പെടുത്തുന്നു.

 

സമ്പാദകൻ : രാമയ്യർ   പരമേശ്വരൻ,

റിട്ട. മാനേജർ, 

ഗുരുവായൂർ ദേവസ്വം

 

കടപ്പാട്: ഗുരുവായൂര്‍ ദേവസ്വം ഫെയ്‌സ്ബുക്ക് പേജ്

Content Summary : About Guruvayur Anayottam in 1979

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com