18 ദേവീദേവന്മാരുടെ പ്രതിഷ്ഠ; ഉദ്ദിഷ്ടകാര്യസാധ്യത്തിനും ശത്രുദോഷ പരിഹാരത്തിനും കുറുമ്പത്തൂർ ചന്ദനക്കാവ് ക്ഷേത്രം

Chandanakkavu-18
SHARE

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തിരുനാവായ്ക്കും പുത്തനത്താണിയ്ക്കുമിടയിൽ കുറുമ്പത്തൂർ ദേശത്താണ് ചന്ദനക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

Chandanakkavu-16
ക്ഷേത്രത്തിൽ നടന്ന സപ്‌താഹം

അതിപുരാതനവും അതിപ്രശസ്തവുമായ ഈ ക്ഷേത്രവും പരിസരവും പ്രകൃതി രമണീയമായ ഒരു പുണ്യഭൂമിയാണ്. വലിയ വൃക്ഷങ്ങളും ചെറിയ സസ്യലതാദികളാലും വള്ളിപ്പടർപ്പുകളാലും സമ്പന്നമായ ഒരു പ്രദേശം. കാനനഭംഗി നിറഞ്ഞു നിൽക്കുന്ന പ്രശാന്ത സുന്ദരമായ ഈ കാവിനുള്ളിൽ നനാവിധ പക്ഷികളും ചെറിയ ചെറിയ ജീവജാലങ്ങളും പുൽച്ചെടികളും എല്ലാം നിറഞ്ഞു നിൽക്കുന്നതിനാൽ അതിമനോഹരമായ ഒരു അനുഭവമാണ്. ചന്ദനമരങ്ങളുടെ ആധിക്യം വളരെ പണ്ടു മുതൽ തന്നെ ഉണ്ടായിരുന്നതിനാലാണ് ഈ ക്ഷേത്രത്തിന് ചന്ദനക്കാവ് എന്ന പേര് ലഭിച്ചത്. 

Chandanakkavu-06
ക്ഷേത്രത്തിൽ നടന്ന കളമെഴുത്തും പാട്ടും

∙ 18 ദേവീദേവന്മാരുടെ പ്രതിഷ്ഠ

ഗുരുപവനപുരേശനെ ഉപാസിക്കുകയും ശ്രീമദ് നാരായണീയം രചിക്കുകയും ചെയ്ത ശ്രീ മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ കുടുംബത്തിന് പൂർവീകമായി അവകാശപ്പെട്ട സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ക്ഷേത്രസമുച്ചയമാണ് ഇത്. പണ്ടുകാലത്ത് വേദാധ്യാപനത്തിന് പേരുകേട്ട ക്ഷേത്രമായിരുന്നു. പണ്ഡിത ശ്രേഷ്ഠനായ ശ്രീ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് വേദാധ്യാപനം നടത്തിയത് ഇവിടെയാണ്. ഈ ക്ഷേത്രഭൂമിയിൽ 18 ദേവീദേവന്മാരുടെ പ്രതിഷ്ഠകളാണുള്ളത്. മേൽപ്പത്തൂർ ഭട്ടതിരിപ്പാട് മച്ചിൽ വെച്ച് ആരാധിച്ചിരുന്ന ദേവിയെ അദ്ദേഹം വാതരോഗം പിടിപെട്ട് ഗുരുവായൂർക്ക് നാരായണീയ രചനയ്ക്കു പോകുന്നതിനു മുന്നോടിയായി ചന്ദനക്കാവിൽ ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം. 

Chandanakkavu-14
സപ്‌താഹത്തിന്റെ സന്നിധിയിൽ കുചേലനും കൃഷ്ണനുമായി വേഷം ധരിച്ചവർ

∙ ഭദ്രകാളി സങ്കല്‍പം

ഭദ്രകാളി സങ്കൽപത്തിലാണ് ചന്ദനക്കാവ് ഭഗവതി. ദേവിയുടെ കൂടെ അതേ പീഠത്തിൽ ഇടതുഭാഗത്ത് യവനീക്ഷൻ എന്ന ശൈവശണിയും കുടി കൊള്ളുന്നു. ഈ ക്ഷേത്രമതിലകത്തു തന്നെ രണ്ട് ചെറിയ ശ്രീകോവിലുകളിലായി കാരായ ഭഗവതിയും ഗർഭരക്ഷാംബികയായ ഈറ്റില്ലത്തമ്മയും കുടികൊള്ളുന്നു.

Chandanakkavu-05
ക്ഷേത്രത്തിലെ പൂജാ വേള

∙ ഒരേ ശ്രീകോവിലിൽ 5 പ്രതിഷ്ഠകൾ

ചന്ദനക്കാവിലെ ഗണപതി ക്ഷേത്രത്തിലായിരുന്നു പണ്ട് വേദപഠനം നടത്തിയിരുന്നത്. ഈ ഗണപതിക്ഷേത്രത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്, ഒരേ ശ്രീകോവിലിനകത്ത് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികളും വിഘ്നേശ്വരനും വിദ്യാരൂപിണിയായ സരസ്വതിയുമടക്കം 5 പ്രതിഷ്ഠകളുണ്ട്. 

Chandanakkavu-19
ഭദ്രകാളി സങ്കൽപത്തിലാണ് ചന്ദനക്കാവ് ഭഗവതി.

∙ മേൽപ്പത്തൂർ ഭട്ടതിരിപ്പാട് വരച്ച ചിത്രങ്ങൾ

വട്ടശ്രീകോവിലിനുള്ളിൽ ചതുർബാഹുവായ വൈകുണ്ഠനാഥനാണ് പ്രതിഷ്ഠ. ഈ ശ്രീകോവിലിന്റെ ഭിത്തിയിലാണ് മേൽപ്പത്തൂർ ഭട്ടതിരിപ്പാട് വരച്ച ഗണപതിയുടെയും ഗരുഡാരൂഢനായ കൃഷ്ണന്റെയും ചിത്രങ്ങൾ. നിത്യനിവേദ്യങ്ങളും പൂജകളുമടക്കമാണ് 18 പ്രതിഷ്ഠകൾ. പിന്നെ അയ്യപ്പ പ്രതിഷ്ഠയും ശ്രീമൂലസ്ഥാനം എന്നറിയപ്പെടുന്ന വള്ളിക്കാവിലമ്മയുടെ പ്രതിഷ്ഠയും മുൻപ് ഒരേ ശ്രീകോവിലിൽ ഉണ്ടായിരുന്ന സുബ്രഹ്മണ്യന് ഒരു ശ്രീകോവിലും വേട്ടയ്ക്കൊരു മകൻ, കീഴേക്കാവിലെ ദേവിയ്ക്ക് മറ്റൊരു ശ്രീകോവിലുമായി പണിത രണ്ടു ചെറിയ ക്ഷേത്രങ്ങളുണ്ട്. 

Chandanakkavu-04
ദേവിക്ക് സമർപ്പിച്ച താലപ്പൊലി മഹോത്സവം

∙ പ്രതിഷ്ഠാദിനം, കളംപാട്ട്, താലപ്പൊലി

മീന മാസത്തിലെ ഉത്രം നാളിലാണ് ചന്ദനക്കാവിലമ്മയുടെ പ്രതിഷ്ഠാദിനം. അന്നു തന്നെയാണ് കളംപാട്ട് കുറയിടുന്നതും. മേൽപ്പത്തൂർ ഇല്ലപ്പറമ്പിൽ പോയി അവകാശിയായ മറവഞ്ചേരി നമ്പൂതിരി പുണ്യാഹ ശുദ്ധി വെള്ളരിപൂജ കഴിഞ്ഞു വന്നു വേണം പാട്ട് കുറയിടാൻ. 6 മാസത്തിലേറെ വരുന്ന വഴിപാടാണ് കളംപാട്ട്. പാട്ടിന് അവസാനം ദേവിക്ക് താലപ്പൊലി മഹോത്സവം. ഉത്സവത്തലേന്ന് ശബ്ദനാദം മുഴക്കുന്നതോടെ ഉത്സവം ആരംഭിക്കുകയായി. ഉത്സവദിവസം പുലർച്ചെ എരുതകൊട്ട്. അതിനുശേഷം ക്ഷേത്രചടങ്ങുകളും. വൈകുന്നേരം പുറത്തെ വെളിച്ചപ്പാട്, പൂതൻ, മറ്റു വരവുകൾ, തിടമ്പെഴുന്നെള്ളിപ്പ് പിറ്റേന്ന് പുലർച്ചെ കുറ വലിക്കുന്നതോടെ പാട്ടിന് വിരാമമായി. 

Chandanakkavu-08
ഉത്സവ വേളയിൽ ദേവിയുടെ എഴുന്നെള്ളിപ്പ്

∙ മറ്റു വിശേഷദിവസങ്ങൾ

ഗണപതിക്ഷേത്രത്തിൽ ഇടവമാസത്തിലെ അത്തം, അയ്യപ്പക്ഷേത്രത്തിൽ ഇടവമാസത്തിലെ തിരുവോണം, സുബ്രഹ്മണ്യൻ, കീഴേക്കാവിലമ്മ, വേട്ടയ്ക്കൊരു മകൻ, മേടത്തിലെ ചിത്തിരയും പ്രതിഷ്ഠാദിനമായി കൊണ്ടാടുന്നു. കർക്കടകത്തിൽ മഹാഗണപതിഹോമവും നവരാത്രിയ്ക്ക് എഴുത്തിനിരുത്തലും. പുസ്തകപൂജ, അഷ്ടമിരോഹിണി ഉൾപ്പെടുന്ന ആഴ്ചയില്‍ സപ്താഹം, മണ്ഡലമാസക്കാലത്ത് അയ്യപ്പന് ചുറ്റുവിളക്ക് എന്നിവയും ക്ഷേത്ര തന്ത്രികൾ അടക്കമുള്ള വേദപണ്ഡിതന്മാരുടെ വേദമന്ത്രങ്ങളാൽ ഭക്തിസാന്ദ്രമായി ലക്ഷാർച്ചനയോടുകൂടി മകര പത്ത് ഉത്സവവും അതിഗംഭീരമായി ആഘോഷിക്കുന്നു. 

Chandanakkavu-02
മീന മാസത്തിലെ ഉത്രം നാളിലാണ് ചന്ദനക്കാവിലമ്മയുടെ പ്രതിഷ്ഠാദിനം

∙ വഴിപാടുകൾ

അഭീഷ്ടസിദ്ധിക്ക് കളംപാട്ട്, ഉദ്ദിഷ്ടകാര്യസാധ്യത്തിനും ശത്രുദോഷ പരിഹാരത്തിനും ഗുരുതി. മംഗല്യപൂജ, ഗർഭരക്ഷാപൂജ, സന്താനപൂജ, വിദ്യാപൂജ എന്നിവയും നടന്നു വരുന്നു. ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ് ഈറ്റില്ലത്തമ്മ. സുഖപ്രസവസിദ്ധി, സല്‍സന്താനലബ്ധി, ഗർഭരക്ഷ എന്നിവയ്ക്കെല്ലാം ഈ ദേവിയെ ശരണം പ്രാപിച്ചാൽ ഫലം ഉറപ്പെന്നാണ് വിശ്വാസം

Chandanakkavu-03
പണ്ഡിത ശ്രേഷ്ഠനായ ശ്രീ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് വേദാധ്യാപനം നടത്തിയത് ഇവിടെയാണ്

ക്ഷേത്രത്തിന്റെ വിലാസം:

ശ്രീചന്ദനക്കാവ് ഭഗവതി ക്ഷേത്രം

ചന്ദനക്കാവ് പി. ഒ.

കുറുമ്പത്തൂർ വഴി – തിരുനാവായ

തിരൂർ താലൂക്ക്

മലപ്പുറം ജില്ല

ഫോൺ: 0494– 2601717

9633221517

ലേഖകൻ

സുനിൽ

(ലേഖകന്റെ ഫോൺ നമ്പർ : 9447415140)

Content Summary :  Significance of Chandanakkavu Temple in Kurumbathur Malappuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA