പൂച്ചയെ സ്വപ്നം കാണാറുണ്ടോ? പൂച്ച കടിക്കുന്നത് സ്വപ്നം കണ്ടാൽ സൂക്ഷിക്കുക
Mail This Article
സ്വപ്നങ്ങൾ ഉപബോധമനസ്സിലെ ചിന്തകളുടെയും വരാനിരിക്കുന്ന കാലത്തിന്റെയുമൊക്കെ സൂചകങ്ങളാണ്. പലരും സ്വപ്നങ്ങളെ അത്ര കാര്യമായി എടുക്കാറില്ല. സ്വപ്നങ്ങളിൽ കാണുന്ന ഓരോ കാര്യത്തിനും വ്യത്യസ്ത തലങ്ങളിലുള്ള അർത്ഥങ്ങളുണ്ട്. പൂച്ചയെ ആണ് സ്വപ്നത്തിൽ കാണുന്നത് എങ്കിൽ അത് നിങ്ങളുടെ സ്വഭാവത്തെയാണ് പൊതുവായി സൂചിപ്പിക്കുന്നത്. നായകളെപ്പോലെ ഇണക്കി വളർത്തുന്നയാണെങ്കിലും പൂച്ചകൾ പൊതുവേ ഉടമസ്ഥരോട് അത്ര കൂറ് വച്ചുപുലർത്തുന്നവയല്ല. നിങ്ങളുടെ വ്യക്തിത്വം വിമർശിക്കപ്പെടുന്നുണ്ടെന്നും ചിലരെങ്കിലും നിങ്ങളോട് വെറുപ്പ് വച്ചുപുലർത്തുന്നുണ്ടെന്നുമുള്ള സൂചനയാണ് ഈ സ്വപ്നം നൽകുന്നത്.
വ്യത്യസ്ത സാഹചര്യങ്ങളിൽ പൂച്ചയെ സ്വപ്നം കാണുന്നതിന്റെ വ്യാഖ്യാനങ്ങൾ
∙ വിവാഹം കഴിക്കാത്ത വ്യക്തിയാണ് പൂച്ചയെ സ്വപ്നം കാണുന്നതെങ്കിൽ വൈകാരിക തലത്തിലുള്ള പ്രശ്നങ്ങളെയോ ശാശ്വതമല്ലാത്ത ഒരു ബന്ധത്തെയോ ആണ് അത് സൂചിപ്പിക്കുന്നത്. വിവാഹിതരായ സ്ത്രീകൾ പൂച്ചയെ സ്വപ്നം കാണുന്നത് വിവാഹ ബന്ധത്തിലും പൊതുജീവിതത്തിലുമുള്ള വിരസതയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു.
∙ വൃത്തിയുള്ള പൂച്ചയെയാണ് സ്വപ്നം കാണുന്നതെങ്കിൽ എല്ലാ കാര്യങ്ങളും നന്നായി നടക്കുമെന്നും ഭാഗ്യം തേടിയെത്തുമെന്നുമാണ് അത് സൂചിപ്പിക്കുന്നത്. നേരെമറിച്ച് വൃത്തിയില്ലാത്ത പൂച്ചയാണ് സ്വപ്നത്തിൽ വരുന്നതെങ്കിൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
∙ പൂച്ചയെ പിടികൂടുന്നതായിയാണ് സ്വപ്നമെങ്കിൽ വീട്ടിൽ കള്ളൻ കയറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പായി അതിനെ കണക്കാക്കാം. പൂച്ചയെ ഉപദ്രവിക്കുന്നതാണ് സ്വപ്നം എങ്കിൽ ചതിപ്രയോഗങ്ങളിൽ നിന്നും നിങ്ങൾ രക്ഷ നേടുമെന്നും ചതിക്കുഴികൾ വേഗത്തിൽ തിരിച്ചറിയാനാവുമെന്നുമാണ് അത് അർത്ഥമാക്കുന്നത്. എന്നാൽ അകാരണമായി പൂച്ചയെ മർദ്ദിക്കുന്നതാണ് സ്വപ്നമെങ്കിൽ കൂടുതൽ സഹിഷ്ണുത കാണിക്കണമെന്ന ഓർമപ്പെടുത്തലാണത്.
∙പൂച്ചയെ വളർത്തുന്നതാണ് സ്വപ്നം കാണുന്നതെങ്കിൽ അത് ശുഭസൂചകമാണ്. സമ്പത്ത് നിങ്ങളെ തേടിയെത്തുകയും അസുഖങ്ങൾ വിട്ടൊഴിയുകയും ചെയ്യും.
∙ പൂച്ച കടിക്കുന്നത് സ്വപ്നം കണ്ടാൽ നിങ്ങൾക്ക് ചുറ്റും മിത്ര ഭാവത്തിൽ ശത്രുക്കളുണ്ടെന്ന് മനസ്സിലാക്കാം. എന്നാൽ പൂച്ച കടിക്കാൻ ശ്രമിക്കുന്നത് മാത്രമാണ് സ്വപ്നമെങ്കിൽ നിങ്ങൾക്ക് പ്രവർത്തന മേഖലയിൽ ശക്തനായ എതിരാളി ഉണ്ടെന്നും കാലക്രമേണ വിജയം കൈവരിക്കാനാവുമെന്നുമാണ് അതിന്റെ സൂചന.
∙ ചത്ത പൂച്ചയാണ് സ്വപ്നത്തിൽ വരുന്നതെങ്കിൽ നിങ്ങൾ മാനസികമായി തളർന്നിരിക്കുന്നു എന്നാണ് വ്യാഖ്യാനം. എന്തെങ്കിലും കാര്യങ്ങളിൽ നിന്നും പിന്തിരിയാനാവാത്ത വിധത്തിൽ നിങ്ങൾ അടിമപ്പെട്ടുപോയി എന്ന സൂചനയും ഇത് നൽകുന്നുണ്ട്.
∙ ഗർഭവതിയായ സ്ത്രീ പൂച്ച കരയുന്നത് സ്വപ്നം കണ്ടാൽ പുറത്തു പോകുന്ന സമയത്ത് അതീവ ജാഗ്രത പാലിക്കണം എന്ന ഓർമപ്പെടുത്തലാണത്.
∙ പൂച്ച സംസാരിക്കുന്നതായാണ് സ്വപ്നം കാണുന്നതെങ്കിൽ നിങ്ങളുടെ എതിരാളി അധികം വൈകാതെ നിങ്ങളെ എതിരിടാൻ ശ്രമിക്കുമെന്നും ആ സാഹചര്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നുമാണ് സൂചന. വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവരാണ് സംസാരിക്കുന്ന പൂച്ചയെ സ്വപ്നം കാണുന്നതെങ്കിൽ നിലവിലെ സാഹചര്യങ്ങൾ വിപരീതമാണെന്നും ശ്രദ്ധയോടെ നിക്ഷേപങ്ങൾ നടത്തി നഷ്ടം വരാതെ നോക്കണമെന്നും സൂചിപ്പിക്കുന്നു.
English Summary: Dreaming of Cats? You're Not Alone