സന്ധ്യാസമയങ്ങളിൽ വീട്ടിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുക എന്നത് ഹൈന്ദവാചാരപ്രകാരമുള്ള കാര്യമാണ്. ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്കിന്റെ ചുവടുഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണുവിനെയും മുകൾ ഭാഗം ശിവനെയും നാളം ലക്ഷ്മിയെയും പ്രകാശം സരസ്വതിയെയും നാളത്തിലെ ചൂട് പാർവതിയെയും സൂചിപ്പിക്കുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും നിലവിളക്ക് സ്ഥിരമായി കത്തിക്കാൻ കഴിഞ്ഞില്ല എങ്കിൽ അത് ദോഷമുണ്ടാക്കും എന്ന് വിശ്വസിക്കുന്നവരാണ് നിരവധിപേർ. എന്നാൽ സാഹചര്യം നിമിത്തം വിളക്ക് കൊളുത്തുന്നത് മുടങ്ങിയാല്‍ ഈശ്വരകോപമോ ദോഷമോ വരില്ല. കൂടാതെ വിളക്ക് തെളിക്കുന്നത് മുടങ്ങിയശേഷം പിന്നീട് തിരി തെളിക്കുമ്പോൾ ക്ഷമാപണമന്ത്രം ചൊല്ലിയാൽ മതിയാകും എന്നാണ് ആചാര്യന്മാർ പറയുന്നത്
‘ഓം കരചരണകൃതം വാ കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർവമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ’
തന്റെ കൈകൾ, കർമം, ചെവി, കണ്ണുകൾ, മനസ് എന്നിങ്ങനെയുള്ള അവയവങ്ങൾ കൊണ്ട് അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾ ക്ഷമിക്കണം എന്നാണ് മേൽപ്പറഞ്ഞ ക്ഷമാപണ മന്ത്രം കൊണ്ട് അർത്ഥമാക്കുന്നത്. നിലവിളക്ക് കത്തിക്കുന്നതിൽ വന്ന തടസത്തിന് പുറമേ, അന്നേ ദിവസം ചെയ്ത എല്ലാവിധ തെറ്റുകളും ക്ഷമിക്കുക എന്ന അർത്ഥത്തിലായാണ് ഈ മന്ത്രം ചൊല്ലുന്നത്.
നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുന്നു എന്നതിൽ കാര്യമില്ല. ഇത്തരത്തിൽ വിളക്ക് തെളിക്കുന്നതിന്റെ പ്രാധാന്യവും മഹത്വവും ഉൾക്കൊണ്ടു വേണം വിലക്ക് തെളിക്കാൻ. വിളക്ക് തെളിക്കുമ്പോൾ മനഃശുദ്ധിയും ശരീരശുദ്ധിയും നിർബന്ധമാണ്.തുളസിയിലകൊണ്ടു വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്തിയ ശേഷം വേണം വിളക്ക് വയ്ക്കാൻ. മാത്രമല്ല, വെറും നിലത്ത് വിലക്ക് വയ്ക്കാൻ പാടില്ല. പീഠം, തട്ട് എന്നിവയിൽ വേണം വിളക്ക് വയ്ക്കുവാൻ. നിലവിളക്കിന്റെ ചൈതന്യശ്രോതസ്സിന്റെ ഭാരം ഭൂമീദേവിക്കു നേരിട്ടു താങ്ങാനാവാത്തതിനാലാണ് വെറും നിലത്തു വിളക്ക് വയ്ക്കരുതെന്ന് പറയുന്നത്.സൂര്യോദയത്തിനും അസ്തമയത്തിനും അഞ്ചു മിനിറ്റ് മുൻപേ നിലവിളക്ക് തെളിക്കണം.
ഓട്, വെള്ളി, പിത്തള, സ്വര്‍ണ്ണം എന്നീ ലോഹങ്ങളിൽ നിർമ്മിച്ച നിലവിളക്കുകളാണ് ദിനവും കൊളുത്തേണ്ടത്. നിലവിളക്കിനു മുന്നിലായി ഓട്ടു കിണ്ടിയിൽ ശുദ്ധജലം, പുഷ്പങ്ങൾ, എന്നിവ വയ്ക്കുന്നതും ശ്രേഷ്ഠമായി കണക്കാക്കുന്നു. ഇപ്പോഴും ശുദ്ധമായ സ്ഥലത്ത് വേണം വിളക്ക് സൂക്ഷിക്കുവാൻ. നിലവിളക്കിനുണ്ടാകുന്ന അശുദ്ധി കുടുംബത്തിന്റെ മുഴുവൻ ഐശ്വര്യത്തെ ബാധിക്കും. എല്ലാദിവസവും സന്ധ്യക്ക് മുൻപായി വിളക്ക് കഴുകി വൃത്തിയാക്കണം.കിഴക്ക് ദിക്കിന് അഭിമുഖമായി നിന്ന് വേണം തിരിതെളിയ്ക്കാൻ. ജീവിതത്തിൽ നിന്നും ദുഃഖങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.
കിഴക്കു ദിക്കിലേക്കും പടിഞ്ഞാറു ദിക്കിലേക്കും ഈരണ്ടു തിരികൾ കൂപ്പുകൈയുടെ രീതിയിൽ വേണം വിളക്ക് കൊടുത്തുവാൻ. അഞ്ച് തിരികൾ തെളിയിക്കുന്നത് ഉത്തമമാണ്. ഒറ്റതിരിയിട്ട ദീപം ദോഷഫലമുണ്ടാക്കും. മഹാവ്യാധികൾ വരുത്തും. രണ്ടു തിരിയിട്ട ദീപം ധനലാഭം സൂചിപ്പിക്കുന്നു. അതെ സമയം മൂന്നു തിരികളും നാലു തിരികളുമിടുന്നത് ദാരിദ്ര്യത്തിന് കാരണമാകുമെന്നു പറയപ്പെടുന്നു. എന്നാൽ അഞ്ചുതിരികൾ ഇട്ട് വിളക്ക് കത്തിക്കുന്നത് ശുഭകരമാണ്.
'ചിത് പിംഗല ഹനഹന
ദഹ ദഹ പച പച സർഞ്ജാ ജ്‍ഞാപയ സ്വാഹ'
എന്ന മന്ത്രം വിളക്ക് കൊളുത്തുമ്പോൾ ചൊല്ലുന്നതിലൂടെ ജീവിതത്തിൽ എല്ലാവിധ സമ്പത്തും സമൃദ്ധിയും സൗഖ്യവും കൈവരുമെന്നു വിശ്വസിക്കപ്പെടുന്നു.
English Summary: Significance of lamp lighting and reciting Deepa Mantra