ADVERTISEMENT

പുതിയ വസ്ത്രം ധരിക്കാൻ നാളും ദിവസവുമൊക്കെ നോക്കണോ? ഇഷ്ടമുള്ളപ്പോഴൊക്കെ വസ്ത്രം വാങ്ങുകയും അതു ധരിക്കുകയും ചെയ്യുന്നവരാണേറെയും. എന്നാൽ പുതുവസ്ത്രം ധരിക്കുന്നതിനുമുണ്ട് നല്ല ദിവസങ്ങളും നാളുകളും. തിങ്കളാഴ്ച പുതിയ വസ്ത്രം ധരിച്ചാൽ ഗുണദോഷ സമ്മിശ്രമാണ് ഫലം. ചൊവ്വാ ദിവസം പുതു വസ്ത്രം ധരിക്കുന്നതിന് അനുയോജ്യമല്ല. ബുധൻകോടി ഉടൻ കോടി എന്നാണ് ചൊല്ല്. ബുധനാഴ്ച പുതിയ വസ്ത്രം ധരിച്ചാൽ ഉടൻ തന്നെ പുതുവസ്ത്രങ്ങൾ ലഭിക്കുമെന്ന് സാരം. വ്യാഴാഴ്ചയും പുതുവസ്ത്രമണിയാൻ അത്യുത്തമമാണ്. വെള്ളിയാഴ്ച പുതുവസ്ത്രം ധരിച്ചാൽ ആടമേൽ ആടാം എന്നാണ്. വെള്ളിയാഴ്ച പുതിയ വസ്ത്രം അണിഞ്ഞാൽ ഉടൻ തന്നെ ധാരാളം പുതുവസ്ത്രങ്ങൾ ലഭിക്കും എന്നാണ് വിശ്വാസം.

 

പുതിയ വസ്ത്രങ്ങൾ ആദ്യമായി ധരിക്കുന്ന ദിവസത്തെ നക്ഷത്രത്തെ ആസ്പദമാക്കിയുള്ള ഒരു ഫല പ്രവചനരീതിയും പൗരാണിക ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. ഇതനുസരിച്ചുള്ള ഫലങ്ങൾ ഇതാണ്. അശ്വതി ദിവസം പുതിയ വസ്ത്രം ധരിച്ചാൽ തുടർന്ന് വളരെയധികം വസ്ത്രങ്ങൾ ലഭിക്കും. ഭരണി നാളിൽ പുതിയ വസ്ത്രം ധരിച്ചാൽ വസ്ത്രനാശമാണ് ഫലം. കാർത്തിക ദിവസം പുത്തൻ വസ്ത്രം ധരിച്ചാൽ വസ്ത്രം തീപിടിക്കാൻ സാധ്യതയുണ്ട്. രോഹിണി നാളിൽ പുതുവസ്ത്രം ധരിച്ചാൽ ധനവർധനവും മകയിരം നാളിൽ പുതിയ വസ്ത്രം ധരിച്ചാൽ എലിയുടെ ഉപദ്രവം ഉണ്ടാകും. തിരുവാതിരയിൽ ധരിച്ചാൽ മരണഭയം, മരണവാർത്ത എന്നിവയോ മരണമോ ആണ് ഫലം.

 

പുണർതം നാളിൽ ധരിച്ചാൽ ശുഭകരമായ വാർത്തകളും ശുഭകർമ പ്രാപ്തിയും ലഭിക്കും. പൂയം നാളിൽ ധരിച്ചാൽ ധനലാഭം ഉണ്ടാകും. ആയില്യം നാളിൽ പുതുവസ്ത്രം ധരിച്ചാൽ വസ്ത്രനാശവും മകം നാളിൽ ധരിച്ചാൽ മരണ സംബന്ധമായ വിഷയങ്ങളും പൂരത്തിൽ ധരിച്ചാൽ രാജഭയവും ഉത്രം നാളിൽ നവവസ്ത്രം ധരിച്ചാൽ ധനലാഭവും ഫലം. അത്തം നാളിൽ പുതുവസ്ത്രം ധരിച്ചാൽ ധനലാഭവും ചിത്തിര നാളിൽ ശുഭകരമായ കാര്യപ്രാപ്തിയും ചോതി നാളിൽ മൃഷ്ടാന്നഭോജനവും വിശാഖം നാളിൽ പൊതുജനപ്രീതിയുമാണ് ഫലം.

 

അനിഴം നാളിൽ നവവസ്ത്രം ധരിച്ചാൽ ബന്ധുക്കളുടെ ആനുകൂല്യവും ബന്ധുസമ്മേളനങ്ങളും സൽക്കാരവും തൃക്കേട്ട ദിവസം ധരിച്ചാൽ വസ്ത്രനാശവും മൂലം നാളിൽ ജലഭയവും ജലത്തിൽ നിന്ന്‌ അപകടവും ഫലം. ‌പൂരാടം നാളിൽ പുതുവസ്ത്രം ധരിച്ചാൽ രോഗം വരാനോ രോഗവാർത്ത കേൾക്കാനോ ഔഷധങ്ങൾ സേവിക്കാനോ ഇടയാകും. ഉത്രാടം നാളിൽ പുതുവസ്ത്രം ധരിച്ചാൽ മൃഷ്ടാന്നഭോജനം, സദ്യ എന്നിവയും തിരുവോണദിവസം ധരിച്ചാൽ നേത്രങ്ങൾക്കു രോഗവും അവിട്ടം നാളിൽ ധരിച്ചാൽ ധാന്യങ്ങളുടെ ലാഭവും ചതയം നാളിൽ വിഷവസ്തുക്കൾ കൊണ്ടുള്ള ഉപദ്രവവും ഫലം. പൂരുരുട്ടാതി നാളിൽ നവവസ്ത്രം ധരിച്ചാൽ ജലം മൂലം അപകടം, ജലഭയം എന്നിവ ഉണ്ടാകും. ഉത്തൃട്ടാതി നാളിൽ സന്താന ജനനമോ അതു സംബന്ധമായ വിശേഷകാര്യങ്ങൾ കേൾക്കാനോ ഇടവരും. രേവതി നാളിൽ കോടിവസ്ത്രം ധരിച്ചാൽ രത്നാഭരണലാഭം ഉണ്ടാകും.

 

വിശേഷാവസരങ്ങളിൽ ഈ വിഷയം കാര്യമാക്കേണ്ടതില്ല. ദാനം കിട്ടിയ വസ്ത്രം ധരിക്കാനും സമ്മാനമായി കിട്ടുന്ന വസ്ത്രം ധരിക്കാനും (പൊന്നാട ചാർത്തൽ), വിവാഹാദിവിഷയങ്ങൾ സംബന്ധമായ വസ്ത്രധാരണത്തിനും ഈ വിഷയം പരിഗണിക്കേണ്ടതില്ല. പുതുവസ്ത്രങ്ങൾ ധരിച്ച ദിവസം തന്നെ കീറിയാൽ അശുഭം ആണ്. പുതിയ വസ്ത്രങ്ങൾ ധരിക്കുമ്പോൾ നാൾ കൂടി നോക്കുന്നതു നന്നായിരിക്കും. 

 

പുതുവസ്ത്രം വാങ്ങാൻ നല്ല ദിവസം തിങ്കൾ, ബുധൻ വ്യാഴം വെള്ളി എന്നിവയാണ്. പുതുവസ്ത്രം വാങ്ങാൻ ഉത്തമമായ നക്ഷത്രങ്ങൾ അശ്വതി, രോഹിണി, പുണർതം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, ഉത്രാടം, ഉത്തൃട്ടാതി, രേവതി എന്നിവയാണ്. നാളും തീയതിയും ചേർന്നു വന്നാൽ വളരെ ഉത്തമം. ഉദാഹരണം: വെള്ളിയാഴ്ചയും രേവതി നക്ഷത്രവും ചേർന്നു വരുന്ന ദിവസം ഉത്തമമാണ്.  സ്ത്രീകൾക്ക് പുതുവസ്ത്രം ധരിക്കാൻ വെള്ളിയാഴ്ചയും വ്യാഴാഴ്ചയും ബുധനാഴ്ചയും അത്യുത്തമമാണ്.

 

English Summary: Auspicious Days to Wear New Clothes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com