ADVERTISEMENT

ഓണം മലയാളിക്ക് ഒത്തുചേരലിന്റെ നാളുകൾ കൂടിയാണ്. ഇല്ലായ്മകളെല്ലാം മറന്ന് ഓണനാളുകൾ സന്തോഷത്തിന്റേതാക്കാൻ എല്ലാവരും തയാറാകുന്നതാണ് ഓണത്തെ ആഹ്ലാദ കാലമാക്കുന്നത്. അത്തം മുതൽ തിരുവോണം വരെയുള്ള 10 ദിവസങ്ങളാണ് ഓണനാളുകൾ. അത്തം പത്തിന് തിരുവോണം. ‘കാണം വിറ്റും ഓണം ഉണ്ണണമെന്നാണു’ പഴമൊഴി. ഓണമുണ്ണാൻ കാണം വിൽക്കാനും തയാറാകുന്ന പാരമ്പര്യമാണു മലയാളിയുടേത്. കേരളത്തിനകത്തും പുറത്തുമുള്ളവർ മാത്രമല്ല വിദേശത്തുള്ളവരും ഓണത്തിന് എത്തി സദ്യയൊരുക്കി ആഘോഷിക്കും. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഓണമുണ്ട്. മലയാളിയുടെ മനസ്സിൽ ഓണ ഓർമകൾ നിറഞ്ഞുനിൽക്കുന്നതിനാൽ മലയാളിയുള്ളിടത്തെല്ലാം ഓണമുണ്ട്. 

 

സമൃദ്ധിയുടെ നാളുകൾ

വിളവെടുപ്പിന്റെയും വിളയിറക്കലിന്റെയും നാളുകൾ കൂടിയാണ് ഓണം. കൊയ്യാൻ പാകത്തിലായ നെല്ലും കൊയ്തൊഴിഞ്ഞ പാടങ്ങളിൽ നടീലിനുള്ള തയാറെടുപ്പും ന‍ടക്കുന്ന കാലം. ഓണത്തിനു മുൻപു കൊയ്ത പാടങ്ങൾ ഓണനാളുകളിൽ ഉഴുതു പാകപ്പെടുത്തിയിട്ടാൽ ‍ഓണം കഴിഞ്ഞാൽ നടീൽ ആവാം. കർക്കടകത്തിലെ ക്ഷാമത്തിന് ഓണക്കൊയ്ത്തു കഴിയുന്നതോടെ പരിഹാരമാകും. കർഷക കുടുംബങ്ങളിലെ പത്തായങ്ങൾ നിറയുന്ന കാലം. ആവശ്യത്തിനു സൂക്ഷിച്ചശേഷം മിച്ചം വരുന്ന നെല്ല് വിറ്റു കിട്ടുന്ന പണം കർഷകർക്ക് ഓണച്ചെലവിനു സഹായമാണ്. ഓണത്തിനു നേന്ത്രക്കായയ്ക്കു വലിയ പ്രാധാന്യമാണുള്ളത്. നാടൻ നേന്ത്രക്കായ്ക്ക് ഓണക്കാലത്തു രുചിയും വിലയും കൂടും. കായ വറുത്തതും ശർക്കര ഉപ്പേരിയും നേന്ത്രപ്പഴം വേവിച്ചതും കൂടി ഉണ്ടെങ്കിൽ ഓണസദ്യ പൂർണമാകും. 

ഓണത്തപ്പൻ മലയാളികൾക്ക് വെറുമൊരു സങ്കൽപമല്ല, ദൈവികചൈതന്യം കൂടിയാണ്. തൃക്കാക്കരയപ്പനെ സങ്കൽപിച്ച് ഒരുക്കുന്ന ഓണത്തപ്പന് പൂജ ചെയ്താണ് തിരുവോണം ആരംഭിക്കുന്നതു തന്നെ. മുറ്റത്തും വീട്ടുപടിക്കലും ഓണത്തപ്പനെ പ്രതിഷ്ഠിച്ചു മഹാബലിയെ വരവേൽക്കണമെന്നാണ് സങ്കൽപം. അത്തം മുതൽ ഓണം വരെ വീടുകളുടെ മുൻപിൽ പൂക്കളാണ് നിറഞ്ഞു നിൽക്കുന്നത്. ശേഷം തിരുവോണം മുതൽ പൂരുരുട്ടാതി വരെ ഓണത്തപ്പന്മാരും സ്ഥാനം പിടിക്കും. ഒന്ന്, മൂന്ന്, അഞ്ച് എണ്ണം എന്ന രീതിയിലാണ് ഓണത്തപ്പന്മാരെ മുറ്റത്ത് വയ്ക്കുന്നത്. കളിമണ്ണ് ഉപയോഗിച്ചാണ് ഓണത്തപ്പനെ നിർമിക്കുക. സാധാരണ മണ്ണ് ശിൽപങ്ങൾ ചുട്ടെടുക്കുന്നത് പോലെ ഓണത്തപ്പനെ ചുടാറില്ല. വെയിലത്തു വച്ച് ഈർപ്പം മുഴുവൻ വലിഞ്ഞ് ഉണക്കുകയാണ് പതിവ്. ഉണക്കാൻ വയ്ക്കുന്നതിനോടൊപ്പം അതിൽ ഇഷ്ടിക പൊടിച്ചുണ്ടാക്കിയ ചുവന്ന നിറവും പൂശും. രണ്ടു മാസം മുൻപേ ഓണത്തപ്പന്റെ പണികൾ തുടങ്ങും. പാരമ്പര്യമായി വ്രതം നോറ്റാണ് ഉണ്ടാക്കാൻ തുടങ്ങുന്നത്. 

ഓണത്തിന് എന്തൊക്കെയാണു ചടങ്ങുകൾ, ആചാരങ്ങൾ...?

അതെല്ലാം അറിയാൻ നമ്മുടെ പഴമയിലേക്കൊന്നു തിരിഞ്ഞുനോക്കിയാൽ മതി.

അത്തം പത്തോണം

ഓണത്തിനു പത്തു നാൾ മുൻപ് അത്തം തൊട്ട് മുറ്റത്തു പൂക്കളമൊരുക്കി ആഘോഷം തുടങ്ങി. ഓണം കഴിഞ്ഞ് പതിനാറാം നാൾ വരുന്ന മകം വരെ ഓണം ആഘോഷിക്കും. അത്രയ്ക്കു കഴിഞ്ഞില്ലെങ്കിലും ഓണം കഴിഞ്ഞ് അഞ്ചു നാൾ കൂടി രേവതി വരെയെങ്കിലും ഓണാവേശം എത്തിച്ചിരുന്നു. ഇപ്പോൾ സർക്കാരിന്റെ കണക്ക് അനുസരിച്ചാണെങ്കിലും ഉത്രാടം തുടങ്ങി നാലു നാൾ ഓണം തന്നെ. നടുമുറ്റത്ത് പൂത്തറയുണ്ടാക്കി അതിലാണു പൂവിടുന്നത്. പൂത്തറയില്ലെങ്കിൽ മുറ്റത്തു വട്ടത്തിൽ ചാണകം മെഴുകി അതിൽ പൂവിടുന്നു.

തുമ്പയാണ് മുൻപിൽ

പൂക്കളത്തിൽ തുമ്പപ്പൂവിനാണു പ്രാധാന്യം. തൂവെള്ളത്തുമ്പപ്പൂ ലാളിത്യത്തിന്റെയും തെളിമയുടെയും പരിശുദ്ധിയുടെയുമൊക്കെ പ്രതീകമാണ്. ആദ്യദിവസം തുമ്പപ്പൂ മാത്രം ഉപയോഗിച്ചു പൂവിടുന്ന രീതി  ചിലയിടങ്ങളിലുണ്ട്.  ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള ഓരോ ഇനം പൂക്കൾ കൂടി ഉൾപ്പെടുത്തും. ഓണപ്പുലരിയിൽ പത്തു തരത്തിലുള്ള പൂക്കൾ കൊണ്ടായിരിക്കും പൂക്കളം. പാടത്തും തൊടിയിലും നിന്നു പറിച്ചെടുക്കുന്ന പൂക്കൾ കൊണ്ടാണു പൂക്കളം തീർത്തിരുന്നത്.

ഓണത്തലേന്ന് ഉത്രാടപ്പാച്ചിൽ

ഓണനാളുകളിലെ ഏറ്റവും തിരക്കേറിയ ദിവസം ഉത്രാടമാണ്. അന്ന് തൃക്കാക്കരയപ്പനെ ഒരുക്കണം. ഓണസദ്യയ്ക്കു വേണ്ട പച്ചക്കറികൾ അരിഞ്ഞുവയ്ക്കണം. പുത്തനുടുപ്പുകൾ തയാറാക്കിവയ്ക്കണം. വീട്ടിലെല്ലാവർക്കും തിരക്കോടു തിരക്ക്! ശരിക്കുമൊരു ഉത്രാടപ്പാച്ചിൽ!

പൂർവികർക്കും ഓണം

ഓണസദ്യയൊരുക്കി എല്ലാ വിഭവങ്ങളിൽ നിന്നും അൽപം വീതമെടുത്ത്, കുടുംബത്തിലെ മൺമറഞ്ഞുപോയ പൂർവികരെ സങ്കൽപിച്ചു സമർപ്പിക്കുന്ന ആചാരവും ചിലയിടങ്ങളിലുണ്ട്. ചിലയിടങ്ങളിൽ ഓണത്തലേന്ന് ഈ ‘വച്ചുകൊടുക്കൽ’ ചടങ്ങു നടത്തും.

പൂവിളിയാണ് പൊന്നോണം...

പാടവരമ്പിലും തൊടിയിലുമുള്ള തുമ്പയും മുക്കുറ്റിയും തിരുതാളിയും കാക്കപ്പൂവുമൊക്കെ പറിക്കുമ്പോഴാണ് പൂവിളി.  പൊന്നോണത്തിന്റെ വിളി. പൂക്കൂടകളുമായി പൂ പറിക്കാൻ പോകുന്നതിനു കൂട്ടുകാരികളെ വിളിക്കുന്നതിൽത്തന്നെ ഓണക്കളിയുടെ ആവേശം നിറയുന്നു. 

'പൂ പറിക്കാൻ പോര്ണോ

പോര്ണോമ്പടി രാവിലേ...

ആരേ നിങ്ങൾക്കാവശ്യം

ആവശ്യമ്പടി രാവിലേ...' എന്നു തുടങ്ങുന്നതാണ് ഈ കളിയുടെ വായ്ത്താരി.

തുമ്പി തുള്ളൽ

ഓണക്കോടിയുടുത്ത് കുട്ടികൾ വട്ടത്തിൽ നിന്നുള്ള കളിയാണിത്. നടുവിൽ ഒരു കുട്ടി പൂക്കുല പിടിച്ചു നിൽക്കും. ഈ കുട്ടിയെ പാട്ടുപാടി തുള്ളിക്കണം. അതാണു കളിയുടെ രീതി.

'എന്തേ തുമ്പീ തുള്ളാത്തൂ, തുമ്പിതുള്ളാത്തൂ...

പൂവു പോരാഞ്ഞോ പൂക്കില പോരാഞ്ഞോ

എന്തേ തുമ്പീ തുള്ളാത്തൂ...' എന്നിങ്ങനെ പാട്ടു പാടിയാണു തുമ്പിയെ തുള്ളിക്കുന്നത്.

പൂമുഖത്ത് തൃക്കാക്കരയപ്പൻ

നടുമുറ്റത്തു പൂക്കളമൊരുക്കി മാവേലിത്തമ്പുരാനെ വരവേൽക്കുന്ന മലയാളി പൂമുഖത്ത് തൃക്കാക്കരയപ്പനെ വച്ചു പൂജിക്കുന്നത് സാക്ഷാൽ വാമനമൂർത്തിയെയാണ്. ഗൃഹനാഥൻ തന്നെ തൃക്കാക്കരയപ്പനു പൂജയും നിവേദ്യവും സമർപ്പിക്കും.

അടുക്കളയിൽ സദ്യയൊരുക്കം

ഓണാഘോഷത്തിലെ പ്രധാന ഇനം ഓണസദ്യ തന്നെ. സദ്യയില്ലാതെ എന്ത് ഓണം? പതിനാറു കൂട്ടം കറികളെങ്കിലും വേണമെന്നാണു നാട്ടുനടപ്പ്! അത്രയുമില്ലെങ്കിലും അഞ്ചാറു കൂട്ടം കറികളെങ്കിലും നിർബന്ധം. കുത്തരിച്ചോറിനൊപ്പം സാമ്പാർ, അവിയൽ, എരിശേരി, കാളൻ, ഓലൻ, പച്ചടി, കിച്ചടി, മാങ്ങക്കറി, നാരങ്ങക്കറി, പുളിയിഞ്ചി, വറുത്തുപ്പേരി, വച്ചുപ്പേരി, പപ്പടം, പഴം, പ്രഥമൻ തുടങ്ങിയവയെല്ലാം നാക്കിലയിൽ നിരക്കണം.

ഓണക്കളികൾ പലതരം

സദ്യയുണ്ടുകഴിഞ്ഞാൽ പിന്നെ  കളികളാണ്. കൈക്കൊട്ടിക്കളി, തുമ്പിതുള്ളൽ, ചെമ്പഴുക്കാക്കളി, ഊഞ്ഞാലാട്ടം തുടങ്ങി ഓണത്തല്ല് വരെ ഒട്ടേറെ ഓണവിനോദങ്ങളുണ്ട്.

കൈക്കൊട്ടിക്കളി

നിലവിളക്കു കത്തിച്ചുവച്ച് അതിനു ചുറ്റും പാട്ടിന്റെ താളത്തിനൊത്തു ചുവടു വച്ച് സ്ത്രീകൾ കളിക്കുന്ന ലാസ്യനൃത്തമാണു തിരുവാതിരക്കളി. സെറ്റ് മുണ്ടും വേഷ്ടിയുമാണു വേഷം.  തിരുവാതിരക്കളിപ്പാട്ടുകൾ ധാരാളമുണ്ട്. ഉത്തരാസ്വയംവരം ആട്ടക്കഥയിലെ 'വീര വിരാടകുമാര വിഭോ', രുക്മാംഗദചരിതത്തിലെ 'കല്യാണാംഗിയണിഞ്ഞീടും.', ദുര്യോധനവധത്തിലെ 'മമതാ വാരിരാശേ മാതുലാ' തുടങ്ങിയവയെല്ലാം കൈക്കൊട്ടിക്കളിപ്പാട്ടായി ഉപയോഗിക്കാറുണ്ട്. കൈക്കൊട്ടിക്കളിക്കു വേണ്ടി മാത്രമായി രചിച്ച പാട്ടുകളുമുണ്ട്. ഒരാൾ ഒരു വരി പാടും, മറ്റുള്ളവർ അതേറ്റുചൊല്ലുന്നതാണു രീതി. കൈകൾ പരസ്പരം കൊട്ടി കളിക്കുന്നതു കൊണ്ടാണു കൈക്കൊട്ടിക്കളി എന്ന പേരു വന്നത്. വീട്ടമ്മമാരുടെ മാനസികോല്ലാസത്തിനു വേണ്ടിയാണ് ഓണനാളുകളിൽ കൈക്കൊട്ടിക്കളി കളിച്ചിരുന്നത്. 

Content Highlights: Onam | Tradition |  Rituals | Onam Kerala | Festival | Manorama Astrology | Astrology News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT