കർമ പുണ്യത്തിന്റെ കടാക്ഷമായി നട തുറന്നു; ആദ്യപൂജയുടെ അനുഭൂതിയിൽ ശബരിമല മേൽശാന്തി

Mail This Article
ആദ്യപൂജയുടെ അനുഭൂതിയിലാണു പുതിയ മേൽശാന്തി പി.എൻ.മഹേഷ്. ജന്മപുണ്യമായി ലഭിച്ച അയ്യപ്പ പൂജാ നിയോഗത്തിലേക്ക് ആദ്യ ചുവടുമായി പുലർച്ചെ 2.45ന് തിരുനട തുറക്കാനായി ഇറങ്ങി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ പാദം തൊട്ടുതൊഴുത് അനുമതി വാങ്ങിയാണ് സോപാനത്തേക്കു നീങ്ങിയത്. പരികർമികളോടൊപ്പം ശ്രീകോവിലിനു പ്രദക്ഷിണംവച്ചു. സോപാനത്തിൽ എത്തി അയ്യപ്പനെ സാഷ്ടാങ്കം നമസ്കരിച്ചു. തിരുനടയിൽ കർപ്പൂരം കത്തിച്ച് കർമ പുണ്യത്തിന്റെ കടാക്ഷമായി നട തുറന്നു. ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ചു അയ്യപ്പസ്വാമിയെ ഭക്തജന സാന്നിധ്യം അറിയിച്ചു. തുടർന്ന് നിർമാല്യത്തിനായി ഉടയാട നീക്കി. അഭിഷേകം ചെയ്ത് പ്രസന്ന പൂജയ്ക്കായി ഒരുക്കി.
ഓരോ ചടങ്ങുകളും എങ്ങനെ വേണമെന്നു തന്ത്രി കൃത്യമായി പറഞ്ഞു തന്നതിനാൽ പ്രയാസം ഉണ്ടായില്ലെന്ന് അദ്ദേഹം ഓർക്കുന്നു. നെയ്യഭിഷേകം തുടങ്ങി കുറെ കഴിഞ്ഞപ്പോൾ പരികർമികൾക്ക് അവസരം നൽകി ശ്രീകോവിലിനു പുറത്തിറങ്ങി. അപ്പോഴേക്കും ഭക്തരുടെ വലിയ കൂട്ടമാണ് ദർശനത്തിനായി കാത്തുനിന്നത്. പിന്നെ വീണ്ടും ഉഷഃപൂജയ്ക്കായി ശ്രീകോവിലിൽ. രക്ഷസ് പൂജയും കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ 8.40 ആയി. ‘അൽപം സമയം കൂടുതൽ എടുത്തു. കുഴപ്പം ഒന്നുമില്ലല്ലോ.’ തന്ത്രിയോട് അഭിപ്രായം ചോദിച്ചു. ഇല്ലെന്നു മറുപടി കിട്ടിയതോടെ പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ മന്ത്രി കെ.രാധാകൃഷ്ണൻ എത്തി. പിന്നെ കുറേനേരം മന്ത്രിക്ക് ഒപ്പം സംസാരിച്ചിരുന്നു.
കളഭാഭിഷേകത്തോടെ ആയിരുന്നു ഇന്നലെ ഉച്ചപൂജ നടന്നത്. ഒരുമണിക്ക് ക്ഷേത്രനട അടച്ചെങ്കിലും ഭക്ഷണം കഴിഞ്ഞപ്പോഴേക്കും 2.30 ആയി. ഒരു മണിക്കൂർ വിശ്രമിച്ചു. അപ്പോൾ വൈകിട്ട് നട തുറക്കാനുള്ള സമയമായി. വേഗം കുളിച്ച് അതിനു തയാറെടുത്തു. ദീപാരാധന, അത്താഴ പൂജ എന്നിവയും ചിട്ട പ്രകാരം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
ഭക്ഷണവും ചുക്കുവെള്ളവും വിതരണം ചെയ്ത് മന്ത്രി
ശബരിമല തീർഥാടകർക്ക് ഭക്ഷണവും ചുക്കുവെള്ളവും വിതരണം ചെയ്തു ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ തീർഥാടനത്തിന്റെ ഭാഗമായി. വഴിയിൽ കണ്ട തീർഥാടകരോട് ശബരിമലയിലെ ക്രമീകരണങ്ങളെപ്പറ്റി ചോദിച്ചാണ് മന്ത്രി മലകയറിയത്. പിന്നെ എല്ലായിടവും നോക്കി നടന്നു തീർഥാടന ഒരുക്കങ്ങളും വിലയിരുത്തി. അതിനു മുൻപ് ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപത്തിൽ എത്തിയ മന്ത്രി തീർഥാടകർക്ക് ഭക്ഷണം വിളമ്പി. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, എംഎൽഎമാരായ പ്രമോദ് നാരായണൻ, കെ.യു.ജനീഷ് കുമാർ എന്നിവർക്ക് ഒപ്പമാണ് ഭക്ഷണ വിതരണം നടത്തിയത്.ഭക്തനെ ഭഗവാനായി കാണുന്ന മഹത്തായ സങ്കൽപമാണ് എന്നെ ശബരിമലയിലേക്ക് കൂടുതൽ അടുപ്പിച്ചതെന്നു മന്ത്രി പറഞ്ഞു. ഇവിടെ പണക്കാരനും പാവപ്പെട്ടവനും എന്നുള്ള വേർതിരിവില്ല. ജാതിമത ഭേദം ഇല്ലാതെ ആർക്കും വന്നു ദർശനവും വഴിപാടും നടത്താം. ഇത് വലിയ സങ്കൽപമാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപത്തിന്റെ തീർഥാടന കാലത്തെ പ്രവർത്തന ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. രാവിലെ 6.30 മുതൽ 11 വരെ ഉപ്പുമാവും കിഴങ്ങുകറിയും ചായയും. 12 മുതൽ നാലുവരെ പുലാവും സാലഡും അച്ചാറും ഉൾപ്പെടുന്ന ഉച്ചഭക്ഷണം. വൈകിട്ട് 6.30 മുതൽ കഞ്ഞി ലഭിക്കും. ഒരേ സമയം 5000 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ട്.