നൂഡിൽസ്, സ്റ്റിക്കി റൈസ്, ചോപ്‌സൂയി;വ്യത്യസ്തം കൊൽക്കത്ത കാളീമന്ദിറിലെ പ്രസാദം!
Mail This Article
സാംസ്കാരികസമന്വയമാണ് ഭാരതത്തെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളിൽ ഒന്ന്. ഇതിന് പ്രത്യക്ഷ ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഒരു ക്ഷേത്രമുണ്ട് ബംഗാളിലെ കൊൽക്കത്തയിൽ. ഹിന്ദു ദേവതയായ കാളിക്കു സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം പക്ഷേ അറിയപ്പെടുന്നത് ചൈനീസ് കാളി മന്ദിർ എന്നാണ്. ചൈന ടൗൺ, താംഗ്രയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പേരു പോലെ തന്നെ ഇവിടെ ക്ഷേത്രം നിർമിച്ച് കാളീപൂജ നടത്തുന്നത് കൊൽക്കത്തയിൽ താമസം ഉറപ്പിച്ച ചൈനീസ് സമൂഹമാണ്. ചൈനക്കാരാണ് നടത്തിപ്പുകാരെങ്കിലും ബംഗാളികൾ ഉൾപ്പെടെയുള്ള കാളീഭക്തർ ഇവിടെ പതിവായി എത്തുന്നുണ്ട്. ചൈനീസ് താൽപര്യങ്ങൾക്കും മൂല്യബോധത്തിനും അനുസൃതമായ പ്രസാദമാണ് ഇവിടെ കാളീമാതാവിന് സമർപ്പിക്കുന്നത്. അതായത് കൊൽക്കത്തയിലെ ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയാൽ പ്രസാദമായി നൂഡിൽസ്, സ്റ്റിക്കി റൈസ്, ചോപ്‌സൂയി എന്നിവ ലഭിക്കുമെന്നർഥം.
കൊൽക്കത്തയിൽ താമസമുറപ്പിച്ച ചൈനക്കാരുടെ മൂന്നാം തലമുറയിൽപ്പെട്ട ജോൺ ചെങ് ആണ് ക്ഷേത്രത്തിന്റെ പരിപാലകൻ. ക്ഷേത്രപരിപാലനം ആരംഭിക്കുന്നതിന് മുമ്പ് ചെങ് ബുദ്ധമതമായിരുന്നു പിന്തുടർന്നിരുന്നത്. കാളീമാതാവിന്റെ ഉപാസകനായ ശേഷം ചെങ് സ്വയം വിശേഷിപ്പിക്കുന്നത് ചൈനീസ് ഹിന്ദു എന്നാണ്. ഹിന്ദുദേവതയാണെങ്കിലും ആചാരങ്ങളിൽ പക്ഷേ ചൈനീസ് സ്വാധീനം പ്രകടമാണ്. വിഗ്രഹത്തിന് ചുറ്റും ധൂപം ഉഴിയുന്നതിന് പകരം ഇവിടെ വശങ്ങളിലേക്ക് ചലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ചൈനയിൽ ചുവപ്പ് ശുഭകരമായ നിറമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിൽ ചുവന്ന ധൂപവർഗ്ഗങ്ങളും ഉപയോഗിക്കുന്നുണ്ട്. ഹിന്ദുക്കളുടെ വിശ്വാസത്തോടും ആചാരത്തോടമുള്ള ബഹുമാനം നിലനിർത്തി ഈ കാളീക്ഷേത്രത്തിലെ ചൈനീസ് ഭക്തർ ബീഫ് കഴിക്കുന്നത് ഉപേക്ഷിച്ചവരാണ്.
ക്ഷേത്രം എങ്ങനെ നിർമിക്കപ്പെട്ടു എന്നതിനെക്കുറിച്ച് പല വിവരണങ്ങളുണ്ട്. ചൈനാ ടൗണിലെ ഒരാൾ ഒരു സ്വപ്നം കണ്ടതിനെത്തുടർന്നാണ് ക്ഷേത്രനിർമാണം നടന്നതെന്നാണ് ഒരു കഥ. ചൈനീസ് സമുദായം മുഴുവൻ ഈ സ്വപ്നത്തിനൊപ്പം നിന്ന് ക്ഷേത്രനിർമാണം പൂർത്തിയാക്കുകയായിരുന്നത്രേ. ഒരു ചൈനീസ് ആൺകുട്ടിക്ക് ഗുരുതരമായ രോഗം ബാധിച്ച് ചികിത്സകളോട് പ്രതികരിക്കുന്നത് നിർത്തിയെന്നും അവനെ ഒരു മരത്തിന്റെ ചുവട്ടിൽ രണ്ട് കറുത്ത കല്ലുകൾ കൊണ്ട് നിർമിച്ച ബലിപീഠത്തിലെത്തിച്ചെന്നുമാണ് മറ്റൊരു ഐതിഹ്യം. നാട്ടുകാർ കാളീമാതാവിന്റെ സങ്കൽപത്തിൽ ആരാധിച്ചിരുന്ന ആ വൃക്ഷച്ചുവട്ടിലെ ശിലകൾക്കു മുന്നിൽ കുട്ടിയുടെ മാതാപിതാക്കൾ പ്രാർഥന നടത്തുകയും അവൻ സുഖം പ്രാപിക്കുകയും ചെയ്തെന്നാണ് കഥ. അതിന് ശേഷമാണ് ചൈനീസ് കാളീക്ഷേത്രം നിർമിക്കപ്പെട്ടതെന്നും പറയപ്പെടുന്നു. എന്തായാലും കാളീമാതാവിനോടുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതീകവും ഒപ്പം സാംസ്കാരിക ബഹുസ്വരതയ്ക്ക് ഉദാഹരണവുമാണ് കൊൽക്കത്തയിലെ ഈ ചൈനീസ് കാളി മന്ദിർ.