ADVERTISEMENT

ക്ഷിപ്രകോപിയും ഭക്തരിൽ ക്ഷിപ്രപ്രസാദിയുമാണ് മഹാദേവൻ. അതിനാൽ ശിവക്ഷേത്ര ദർശനം നടത്തുമ്പോൾ വളരെയധികം ശ്രദ്ധയും ചിട്ടയും പാലിക്കണം. ഹൈന്ദവ വിശ്വാസപ്രകാരം പൂർണതയുടെ ദേവനാണ് മഹാദേവൻ. അതിനാൽ ഭഗവാനു പൂർണ പ്രദക്ഷിണം പാടില്ല എന്നാണ് വിശ്വാസം.

ശ്രീകോവിലിൽ നിന്നുള്ള ഓവിലൂടെ ഒഴുകുന്ന ധാരാജലം ഭഗവാന്റെ ജടയിൽ നിന്ന് ഉത്ഭവിക്കുന്ന ഗംഗാദേവിയായി സങ്കൽപ്പിക്കപ്പെടുന്നു. ഈ ഓവ് മറികടക്കാതെ പ്രദക്ഷിണം ചെയ്യുമ്പോൾ ബലിക്കല്ലുകൾ എപ്പോഴും ഭക്തന്റെ വലതു ഭാഗത്തു വരുന്ന രീതിയിൽ ആവണം എന്നാണ് ചിട്ട. പ്രദക്ഷിണം വച്ച് ഓവിനരികെ എത്തുമ്പോൾ ശ്രീകോവിലിന്റെ താഴികക്കുടം നോക്കി പ്രാർഥിക്കണം. ശേഷം അപ്രദക്ഷിണമായി തിരികെ നടന്ന് ഓവിന്റെ മറുഭാഗത്തെത്തുമ്പോൾ ഒരു പ്രദക്ഷിണം പൂർത്തിയാകും.

ശിവവാഹനമായ നന്ദികേശനെ വണങ്ങിയ ശേഷം മാത്രമേ പഞ്ചാക്ഷരീ ജപത്തോടെ ഭഗവാനു മൂന്നു പ്രദക്ഷിണം പാടുള്ളു. മഹാദേവന് ഏറ്റവും പ്രധാനമായ വഴിപാടാണ് ജലധാര. മാസത്തിലൊരിക്കലെങ്കിലും പേരിലും നാളിലും ജലധാര സമർപ്പിച്ചു പ്രാർഥിക്കുന്നത് സർവദുരിതശാന്തി വരുത്തും.

വെറുംകയ്യോടെ ക്ഷേത്രദർശനം ഒഴിവാക്കണമെന്നാണ് പറയപ്പെടുന്നത്. നാം നമ്മെത്തന്നെ ഭഗവാനിൽ സമർപ്പിക്കുന്നതിന് പ്രതീകമാണ് വഴിപാടുകൾ. ശിവക്ഷേത്ര ദർശനം നടത്തുമ്പോളെല്ലാം ഒരുപിടി കൂവളത്തിലകളോ കൂവളമാലയോ സമർപ്പിക്കുക.

ശിവശക്തീ സങ്കൽപത്തിലുള്ള പ്രാർഥന അതീവ ഫലദായകമാണ്. ഭഗവാന്റെ പ്രതിഷ്ഠയ്ക്ക് പിന്നിലായി പാർവതീദേവിയെ സങ്കൽപ്പിച്ചു പിൻവിളക്ക് സ്ഥാപിച്ചിട്ടുണ്ട്. ഈ വിളക്കിനു പിന്നിലായി കണ്ണാടികൾ കൂടിച്ചേർത്തു പുഷ്‌പാകൃതിയിൽ പ്രഭ സ്ഥാപിച്ചിട്ടുണ്ടാവും. ഈ പ്രഭയിൽ പിൻവിളക്കിലെ ജ്വാല അനേകം ജ്വാലകളായി പ്രതിഫലിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും.ദർശനത്തിന്റെ പൂർണഫലം ലഭിക്കണമെങ്കിൽ പാർവതീദേവിയെ സങ്കൽപ്പിച്ചു പിൻവിളക്കിൽ എണ്ണകൂടി സമർപ്പിച്ചു പ്രാർഥിക്കണം എന്നാണ് ചിട്ട. മംഗല്യസിദ്ധി, ദീർഘമാംഗല്യം, ഭാര്യാ- ഭർതൃഐക്യം എന്നിവയാണു പിൻവിളക്കു വഴിപാടിന്റെ ഫലം. ദർശനശേഷം പ്രസാദം വാങ്ങി കുറച്ചു നേരം പഞ്ചാക്ഷരിജപിച്ചു ക്ഷേത്രത്തിലിരിക്കുക.

മൃത്യുഞ്ജയ മന്ത്രം, ശിവ പഞ്ചാക്ഷര സ്തോത്രം എന്നിവ ജപിക്കുന്നതും ഇരട്ടിഫലദായകമാണ്. ക്ഷേത്രത്തിൽ നിന്ന് ഇറങ്ങുന്നതിനു മുൻപായി ക്ഷമാപണ മന്ത്രം ചൊല്ലി നമസ്കരിക്കുക.

ക്ഷമാപണ മന്ത്രം
ഓം കരചരണകൃതം വാ കായജം കർമ്മജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർവമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ

അർഥം - കൈകാലുകൾ കൊണ്ടും ബലം, കർമ്മം എന്നിവയാലും കണ്ടതും കേട്ടതിനാലും മനസ്സുകൊണ്ടും വാക്കുകൊണ്ടും ഹിതവും അഹിതവുമായി ചെയ്തുപോയ അപരാധങ്ങളുണ്ടെങ്കിൽ ക്ഷമിച്ചാലും ഭഗവാനേ ശ്രീ മഹാദേവ ശംഭോ.

English Summary:

What are the rituals in Shiva Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com