ADVERTISEMENT

എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് മേതല ഗ്രാമത്തിലാണ് അയ്യായിരത്തിലധികം വർഷം പഴക്കമുള്ള കല്ലിൽ ഭ​ഗവതി ക്ഷേത്രം. സ്ഥിതി ചെയ്യുന്നത് . അത്യപൂർവ്വ നിർമിതിയാൽ ആരെയും അതിശയിപ്പിക്കുന്ന ഒരു ക്ഷേത്രമാണിത്. മാതൃദൈവമായ ദുർഗാ ഭഗവതിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. 

kallil-bhagavati-temple-ancient-wonder10
പടുകൂറ്റൻ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിലേക്കെത്തുവാൻ 120 പടികൾ കയറണം. ചിത്രം∙ജിനു ജോസ്

28 ഏക്കറോളം വരുന്ന വനത്തിനുള്ളിലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം, ഒമ്പതാം നൂറ്റാണ്ടിൽ ജൈനന്മാർ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. ​​ചരിത്രപരമായി പരിശോധിച്ചാൽ ഗുഹാക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നത് ജൈനന്മാരുടെ കാലത്താണ്. ആര്യാധിപത്യ കാലത്തോടെ ജൈനക്ഷേത്രത്തിന് മേൽ അധിനിവേശമുണ്ടാവുകയും തുടർന്ന് ക്ഷേത്രം ബ്രാഹ്മണീകരിക്കപ്പെട്ടുവെന്നുമാണ് കണ്ടെത്തലുകൾ. ജൈനമതത്തിലെ യക്ഷിയായ പദ്മാവതിയെയാണ് ഇവിടെ ഭഗവതിയായി പ്രതിഷ്ഠിച്ചത് എന്ന് കരുതപ്പെടുന്നു. ജൈനമതത്തിലെ പാർശ്വനാഥന്റെയും മഹാവീരന്റെയും വിഗ്രഹങ്ങളാണ് ശിവന്റെയും വിഷ്ണുവിന്റെയും വിഗ്രഹങ്ങളായി മാറിയതെന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

kallil-bhagavati-temple-ancient-wonder8
ആനപ്പന്തലിനെ താങ്ങി നിർത്തുന്ന കരിങ്കൽ തൂണുകൾ അധുനിക എൻജിനീയറിങ് വൈദഗ്ധ്യത്തെപ്പോലും അതിശയിപ്പിക്കും. ചിത്രം∙ജിനു ജോസ്

ഒരു പടുകൂറ്റൻ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിലേക്കെത്തുവാൻ 120 പടികൾ കയറണം. കല്ലിൽ തീർത്ത ഈ ഒാരോ പടികൾ താണ്ടുമ്പോഴും കാലങ്ങൾ പിന്നിലേക്ക് സഞ്ചരിക്കുന്നത് പോലെയാണ്. പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ അല്ല അതിനുമപ്പുറം ആയിരക്കണക്കിന് കൊല്ലങ്ങൾക്ക് മുൻപ് പണികഴിപ്പിച്ച ഒരു മഹാത്ഭുതം കൂടിയാണ് ഈ കൽപ്പടവുകൾക്ക് മുകളിലുള്ളത്.

kallil-bhagavati-temple-ancient-wonder9
ഭഗവതിയെ പ്രദക്ഷിണം വയ്ക്കുന്ന ഭക്തർ ശ്രീകോവിൽ സ്ഥിതി ചെയ്യുന്ന കല്ലിനെയും കൂടിയാണ് പ്രദക്ഷിണം വയ്ക്കുന്നത്. ചിത്രം∙ജിനു ജോസ്

ക്ഷേത്രത്തിന്റെ കവാടം കടക്കുന്നിടം മുതൽ പാറകൾ നിറഞ്ഞ വഴിയും ചെറിയ കാടുകളും കാണാം. മുകളിലേക്കു ചെല്ലും തോറും കൂറ്റൻ പാറക്കല്ലുകളാണ് വരവേൽക്കുക. ശ്രീകോവിലിലേക്കുള്ള പടികളത്രയും കരിങ്കല്ലിൽ തീർത്തതാണ്. പടികൾ കയറിച്ചെല്ലുമ്പോൾ ഒരു ആനപ്പന്തലുണ്ട്. ഇതിനെ താങ്ങി നിർത്തുന്ന കരിങ്കൽ തൂണുകൾ അധുനിക എൻജിനീയറിങ് വൈദഗ്ധ്യത്തെപ്പോലും അതിശയിപ്പിക്കും. പ്രദക്ഷിണവഴിയിലെല്ലാം കല്ലുകൾ പാകിയിരിക്കുന്നു. ശ്രീകോവിലിനു മുന്നിലെ നമസ്ക്കാരമണ്ഡം മേൽക്കൂരയടക്കം പൂർണമായും കരിങ്കല്ലിൽ തീർത്തതാണ്. ഭഗവതി ഇരുന്നരുളുന്ന ശ്രീകോവിൽ ഒരു പടുകൂറ്റൻ ഗുഹയ്ക്കുള്ളിലാണ്.

ഗുഹാക്ഷേത്രമായതിനാൽത്തന്നെ പതിവ് ക്ഷേത്രങ്ങളിലേതുപോലെ പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിനു പിന്നിൽ ചെന്ന് ദർശനം നടത്താൻ ഇവിടെ സാധിക്കയില്ല. ഭഗവതിയെ പ്രദക്ഷിണം വയ്ക്കുന്ന ഭക്തർ ശ്രീകോവിൽ സ്ഥിതി ചെയ്യുന്ന കല്ലിനെയും കൂടിയാണ് പ്രദക്ഷിണം വയ്ക്കുന്നത്. ഈ ക്ഷേത്രത്തെക്കുറിച്ചുള്ളൊരു ഐതിഹ്യം ഇങ്ങനെയാണ്. ഒരിക്കൽ കാടിനുള്ളിൽ എത്തിച്ചേർന്ന ആളുകൾ അസാമാന്യ സൗന്ദര്യമുള്ള ഒരു സ്ത്രീയെ കണ്ടു. കല്ലുകൊണ്ട് അമ്മാനമാടി കളിക്കുന്ന അവരുടെ അടുത്തു ചെന്നു കാണുവാൻ പോയപ്പോഴേക്കും അവർ അവിടെ നിന്നും അപ്രത്യക്ഷയായി. ദേവി ചൈതന്യമുള്ള ആ സ്ത്രീ കല്ലിൽ ഭഗവതി ആയിരുന്നു എന്നാണ് വിശ്വാസം. ദേവി കളിച്ചപ്പോൾ മുകളിലേക്കു പോയ കല്ല് ക്ഷേത്രത്തിന്റെ മേൽക്കൂരയായി മാറിയെന്നും താഴേക്ക് വന്നത് ഇരിപ്പിടമായി എന്നുമാണ് വിശ്വാസം.

kallil-bhagavati-temple-ancient-wonder6
ഗുഹാക്ഷേത്രമായതിനാൽ പതിവ് ക്ഷേത്രങ്ങളിലേതുപോലെ പ്രദക്ഷിണം ചെയ്ത് ദർശനം നടത്താൻ ഇവിടെ സാധിക്കുകയില്ല. ചിത്രം∙ജിനു ജോസ്

പാറയ്ക്കു മുകളിലാണ് ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും വി​ഗ്രഹങ്ങൾ. ഗണപതി, ശാസ്താവ്, കരിനാഗയക്ഷി എന്നീ ഉപദേവതാ സാന്നിധ്യവുമുണ്ട്. വലിയമ്പലത്തിനു വെളിയിലായി വടക്ക് കിഴക്കേ മൂലയിൽ പടിഞ്ഞാറേക്ക് ദർശനമായി 9 പ്രതിഷ്ഠകളുണ്ട്. ഇവിടുത്തെ പ്രധാനപ്പെട്ട രണ്ട് നേർച്ചകളാണ് കല്ല് നേർച്ചയും ചൂൽ നേർച്ചയും. സ്ത്രീകൾക്ക് മുടി വളരുവാനും പുരുഷന്മാർക്ക് കുടുംബത്തിലെ അസ്വസ്ഥതകൾ മാറാനുമാണ് ചൂൽ നേർച്ച നടത്തുന്നത്. ഓല കൊണ്ട് ചൂൽ നിർമിച്ച് ക്ഷേത്രത്തിൽ സമർപ്പിക്കുന്നതാണ് ചൂൽ നേർച്ച.പാതി വഴിയിൽ മുടങ്ങിയ വീടുപണി പൂർത്തിയാകുവാനാണ് കല്ല് നേർച്ച നടത്തുന്നത്. പണി നടക്കുന്ന വീട്ടിൽ നിന്നും കല്ലുകൾ ക്ഷേത്രത്തിലെത്തിച്ച് ഭഗവതിയെ ദർശിച്ചാൽ ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാകും എന്നാണ് വിശ്വാസം. കല്ലിൽ ഭവതി ക്ഷേത്രത്തിലേക്കുള്ള യാത്ര ചരിത്രത്തിലേക്കുകൂടിയുള്ളൊരു യാത്രയാണ്. ആയിരക്കണക്കിനാണ്ടുകൾക്കപ്പുറത്തേക്കുള്ളൊരു അദ്ഭുത പ്രയാണം.

kallil-bhagavati-temple-ancient-wonder4
പാറയ്ക്കു മുകളിലാണ് ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും വി​ഗ്രഹങ്ങൾ. ഗണപതി, ശാസ്താവ്, കരിനാഗയക്ഷി എന്നീ ഉപദേവതാ സാന്നിധ്യവുമുണ്ട്. ചിത്രം∙ജിനു ജോസ്
English Summary:

Kallil Bhagavati Temple: A Majestic Rock-Cut Marvel in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com