ADVERTISEMENT

ശ്രീകൃഷ്ണ ഭഗവാൻ ഭീമസേനന് ഉപദേശിച്ചു കൊടുത്ത വ്രതമാണ് നിർജലാ ഏകാദശി. മറ്റുളളവരെ പോലെ എല്ലാ ഏകാദശിയും തനിക്ക് എടുക്കാൻ സാധിക്കില്ല അതിനൊരു പോംവഴി പറഞ്ഞു തരുമോയെന്ന് ഭീമൻ ചോദിച്ചു. അപ്പോൾ ഒറ്റ ഏകാദശി കോണ്ട് ഒരു വർഷത്തെ മുഴുവൻ ഏകാദശിയും എടുത്താലുളള ഫലം ലഭിക്കുന്ന ഈ വ്രതം ഭഗവാൻ ശ്രീ കൃഷ്ണൻ ഭീമന് ഉപദേശിച്ചു കൊടുത്തു. 2024 ജൂൺ 18നാണ് ഈ വർഷത്തെ നിർജാല ഏകാദശി. ഏകാദശി ജൂൺ 17 ന് പുലർച്ചെ 4:44 ന് ആരംഭിച്ച് ജൂൺ 18 ന് രാവിലെ 6:25 ന് അവസാനിക്കും. 

ജ്യേഷ്ഠ മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിയാണ് നിർജലാ ഏകാദശി. ജലപാനമില്ലാത്ത വ്രതത്തിൽ നിന്നാണ് ഈ ഏകാദശിക്ക് നിർജലാ എന്ന പേര് ലഭിച്ചത്. ഇത് ഏറ്റവും കഠിനവും ഒരു വർഷത്തെ 24 ഏകാദശികളിൽ ഏറ്റവും പവിത്രമായി കണക്കാക്കുന്നതുമാണ്. ശരിയായി ആചരിക്കുകയാണെങ്കിൽ, വർഷത്തിലെ എല്ലാ ഏകാദശികളും ആചരിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും പ്രതിഫലദായകവും പുണ്യം നൽകുന്നതുമായ ഏകാദശിയാണിതെന്ന് വിശ്വസിക്കുന്നു.

സാധാരണ എകാദശി നാളിൽ പൂർണ ഉപവാസം അനുഷ്ഠിക്കണം. ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ദ്വാദശി ദിവസം ഭക്ഷണ വിതരണം നടത്തുകയും വേണം. ഏകാദശിയുടെ തലേന്ന് ദശമി ദിവസം മുതൽ വ്രതം തുടങ്ങും. അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവൂ. എകാദശി നാളിൽ രാവിലെ മൂന്ന് മണി മുതല്‍ ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂർണ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളിൽ തുളസീ തീർഥമോ വെള്ളമോ അരിയാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം.

ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ഏകാദശി ദിവസം ധാന്യങ്ങൾ ഒഴിവാക്കി പഴങ്ങൾ കഴിക്കാം. ക്രമേണ പഴങ്ങൾ ഉപേക്ഷിച്ച് വെള്ളം മാത്രം കഴിക്കാം. പിന്നെ വെള്ളവും ഉപേക്ഷിക്കാം. ഒടുവിൽ മരണത്തിനിരയായാൽ വിഷ്ണുപദം പൂകാമെന്നും വിശ്വസിക്കപ്പെടുന്നു. ഏകാദശി പുരാണ കഥകൾ അനുസരിച്ച് ഒരു ദേവിയാണ് ഏകാദശീ ദേവി. ഈ ദേവി വിഷ്ണുവിൽ നിന്നും ഉദ്ഭവിച്ചതാണ്. ഇത് സംബന്ധിച്ചുള്ള കഥ ഇങ്ങനെയാണ്.

ബ്രഹ്മദേവൻ സൃഷ്ടിച്ച അസുരനാണ് താലജംഘൻ. അദ്ദേഹത്തിന്റെ മകൻ മുരൻ. ഇരുവരും ചന്ദ്രാവതി പുരിയിലായിരുന്നു താമസം. അവർ ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്രപദം തട്ടിയെടുക്കുകയും ചെയ്തപ്പോൾ ദേവന്മാർ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവൻ അവരെ വിഷ്ണുന്റെ അടുത്തേക്ക് അയച്ചു. ദേവന്മാർ വിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചപ്പോൾ വിഷ്ണുവിൽ നിന്ന് സുന്ദരിയും അതീവ ശക്തി ശാലിനിയുമായ ഒരു ദേവി ഉദ്ഭവിച്ചു. അന്ന് ഏകാദശി ദിവസം ആയതു കൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു.

ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടതെന്നു ചോദിച്ചപ്പോൾ സ്വന്തം പേരിൽ ഒരു വ്രതം ഉണ്ടാകണമെന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണമെന്നും അത് അനുഷ്ഠിക്കാത്തവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു.

അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്. വിഷ്ണുവിൽനിന്നും ഉദ്ഭവിച്ച ദേവി മുരനെ കൊന്നതുകൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത്.സാധാരണ ഏകാദശിയിൽ നിന്നും നിർജലാ ഏകാദശിയെ വിഭിന്നമാക്കുന്നത് ഒരു ആഹാരവും കഴിക്കാൻ പാടില്ലെന്നതും ഒപ്പം വെള്ളവും കുടിക്കാൻ പാടില്ലെന്നുള്ളതാണ്. വ്രതം എടുക്കുന്ന ദിവസങ്ങളിൽ പകലുറങ്ങാൻ പാടില്ല. നാരായണീയം, ഹരിനാമകീർത്തനം, വിഷ്ണു സഹസ്ര നാമം തുടങ്ങിയവ പാരായണം ചെയ്ത് ഭക്തിയോടെ ഭഗവാനെ ഭജിക്കാം.

English Summary:

Nirjala Ekadashi: Significance of the Strictest Hindu Fasting Ritual

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com