ക്ലോക്കും കലണ്ടറും ഒരിക്കലും വീടിന്റെ ഈ ഭാഗത്ത് തൂക്കരുത്; ഈ ദിക്കിലായാൽ ഇരട്ടി ഭാഗ്യം
Mail This Article
സംഭവങ്ങളുടെ ക്രമത്തെയും അവ തമ്മിലുള്ള ഇടവേളകളെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അളവ് സമ്പ്രദായമാണ് കാലം അഥവാ സമയം. കലണ്ടർ, ഘടികാരം തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് സമയത്തെ നിർണയിക്കുന്നതും അളക്കുന്നതും. വാച്ച്, ക്ലോക്ക് എന്നിവ തെറ്റായി പ്രവർത്തിക്കുന്നതു മൂലവും ശരിയായ ദിശയിൽ വയ്ക്കാത്തതു മൂലവും ഒരു കാര്യവും സമയത്തിന് നടക്കാതെ പോകാൻ സാധ്യതയുണ്ടെന്നാണ് ഫെങ് ഷൂയി പറയുന്നത്. ക്ലോക്ക് പ്രധാന വാതിലിന് അഭിമുഖമായി ഒരിക്കലും വയ്ക്കാൻ പാടില്ല. വടക്കുവശത്തെ ഭിത്തിയിൽ വയ്ക്കുന്നതാണ് ഉത്തമം.
കാലത്തെ ക്രമപ്പെടുത്തിയിരിക്കുന്ന കലണ്ടർ ഒരിക്കലും കതകിൽ തൂക്കാൻ പാടില്ല. അത് ആയുസിനെ കുറയ്ക്കും എന്നാണ് വിശ്വാസം. സമയത്തെയും കാലത്തെയും പ്രതിനിധീകരിക്കുന്ന ഒന്നാണ് കലണ്ടർ .അതിനാൽ ഇത് സ്ഥാപിക്കുന്ന ദിശക്കനുസരിച്ചു ഫലങ്ങൾ വ്യത്യസ്തമായിരിക്കും. കിഴക്കു ഭാഗത്തേക്ക് സ്ഥാപിക്കുന്നത് ശുഭഫലങ്ങൾ പ്രധാനം ചെയ്യും. വളർച്ചയെയും വിജയത്തെയും കുറിക്കുന്ന ഭാഗമാണിത്. സൂര്യോദയ ചിത്രം ആലേഖനം ചെയ്ത കലണ്ടർ ആണെങ്കിൽ ഭാഗ്യം ഇരട്ടിക്കുമെന്നാണ് വിശ്വാസം. കുബേരന്റെ ദിക്കാണ് വടക്കുഭാഗം. വടക്കുഭാഗത്തേക്ക് സ്ഥാപിച്ചിരിക്കുന്ന കലണ്ടറിനു അടുത്തായി പച്ച നിറത്തിലുള്ള ചിത്രങ്ങളോ വെള്ളചാട്ടമോ വിവാഹചിത്രമോ വയ്ക്കുന്നത് സദ്‌ഫലങ്ങൾ നൽകും. ഊർജത്തിന്റെ സ്വാഭാവിക പ്രസരണമുള്ള ഭാഗമാണ് പടിഞ്ഞാറ് . ബിസിനസ് സംബന്ധമായ ഉയർച്ചക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് കലണ്ടർ തൂക്കുന്നത് ഉത്തമമാണ്. അഭിവൃദ്ധിക്കായി വ്യാപാരസ്ഥാപങ്ങളിൽ പടിഞ്ഞാറേ ദിശയിലേക്കു വേണം കലണ്ടർ സ്ഥാപിക്കാൻ .
തെക്കു ഭാഗത്തേക്ക് തിരിഞ്ഞു കലണ്ടർ തൂക്കുന്നതു ദൗർഭാഗ്യമാണെന്നാണ് പറയുന്നത്. ധനാഗമനത്തിനു തടസ്സം സൃഷ്ടിക്കും, കൂടാതെ ഗൃഹനാഥനെ പലരീതിയിലുള്ള രോഗങ്ങൾ അലട്ടിക്കൊണ്ടിരിക്കും. പൊതുവെ പറഞ്ഞാൽ തെക്കുഭാഗം ഒഴിച്ച് ബാക്കി ദിശകളിലേക്ക് കലണ്ടർ സ്ഥാപിക്കാവുന്നതാണ്. ഓരോ ഭാഗത്തിനും ഓരോ ഫലങ്ങളാണെന്നേയുള്ളു. കലണ്ടറിൽ ക്രൂരമൃഗങ്ങൾ, ദുഃഖചിത്രങ്ങൾ ഒന്നും പാടില്ല. ഇത് നെഗറ്റീവ് ഊർജത്തിന് കാരണമാകും. ഭവനത്തിലേക്ക് വരുന്ന പോസിറ്റീവ് ഊർജത്തെ തടസ്സപ്പെടുത്തുന്നതിനാൽ പ്രധാന വാതിലിൽ നിന്ന് കാണത്തക്കരീതിയിൽ ഒരിക്കലും കലണ്ടർ സ്ഥാപിക്കരുത്. ഭിത്തിയിൽ തൂക്കുന്നതാണ് നന്ന്. കതകിനു പുറകിലായോ ജനൽപ്പടിയിലോ കലണ്ടർ സ്ഥാപിക്കുന്നത് ഒഴിവാക്കുക.