ADVERTISEMENT

പാറകളിലൂടെ ചിതറിത്തെറിച്ചൊഴുകുന്ന വെള്ളത്തുള്ളികൾ. തെളിനീരൊഴുകുന്ന അരുവിൽ നീന്തിത്തുടിക്കുന്ന പരൽമീനുകൾ. നനുത്ത കാറ്റിലൂടെ ഒഴുകിയെത്തുന്ന കർപ്പൂരഗന്ധം. പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവും പൊഴിഞ്ഞു വീഴുന്ന ഇലച്ചാർത്തുകളും ചിരിച്ചു നിൽക്കുന്ന കാട്ടുപൂക്കളും. പറഞ്ഞുവരുന്നത് പ്രകൃതിയുടെ സൗന്ദര്യവും ഭക്തിയുടെ നിറവും ഒത്തുചേർന്ന മനോഹരമായ അരുവിക്കൽ ശ്രീ ശിവ സുബ്രഹ്മണ്യ ക്ഷേത്രത്തെക്കുറിച്ചാണ്. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പഞ്ഞായത്തിലെ കളത്തൂരിലാണ് ഈ മനോഹര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

മഴക്കാലത്ത് ക്ഷേത്രപരിസരം സമ്മാനിക്കുന്നത് മനസ്സിൽനിന്നു മായാത്ത കാഴ്ചയാണ്. ഈ സമയത്ത് ഇവിടേക്ക് സന്ദർശകരുടെ പ്രവാഹമാണ്. ക്ഷേത്രത്തിനു തൊട്ടു മുന്നിലൂടെ നിറഞ്ഞൊഴുകുന്ന അരുവിയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ക്ഷേത്രത്തിനു മുന്നിലായി മനോഹരമായ വെള്ളച്ചാട്ടവുമുണ്ട്. ഈ അരുവി മുറിച്ചു കടന്നുവേണം ക്ഷേത്രമതിൽക്കെട്ടിനകത്തേക്ക് പ്രവേശിക്കാൻ. അരുവി കടന്ന് കൽപ്പടവുകൾ കയറി ക്ഷേത്ര മുറ്റത്തെ കൽവിളക്കിനു മുന്നിലെത്തിയാൽ കൈകൾ കൂപ്പി പാതിയടഞ്ഞ മിഴികളുമായി തൊഴുതു നിൽക്കുന്ന ഭക്തർ.

aruvikal-shri-shiva-subramania-temple4
ചിത്രം∙ സംപ്രീത് സുകുമാരൻ

സ്വയംഭൂവായ മഹാദേവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇരട്ട ശ്രീകോവിലാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. സുബ്രഹ്മണ്യ സ്വാമിക്കും ഇവിടെ തുല്യ പ്രാധാന്യമാണുള്ളത്. നെയ്‌വിളക്കും ധാരയുമാണ് പ്രധാന വഴിപാടുകൾ. നാലമ്പലത്തിനുള്ളിൽ ഗണപതി പ്രതിഷ്ഠയുമുണ്ട്. വിവാഹ തടസ്സം മാറാനും ഉദ്ദിഷ്ടകാര്യസിദ്ധിക്കുമായി ഗണപതി സ്വാമിക്ക് തുടർച്ചയായി 7 വെള്ളിയാഴ്ചകളിൽ ഒറ്റയപ്പ നിവേദ്യം സമർപ്പിച്ചാൽ മതിയെന്നാണ് ഭക്തരുടെ വിശ്വാസം.

മഹാദേവനെ തൊഴുതിറങ്ങിയാൽ പത്നീപുത്രസമേതനായി അനുഗ്രഹമരുളുന്ന ശാസ്താവിനെ വണങ്ങാം. പത്നി പ്രഭയ്ക്കും പുത്രൻ സത്യകനും ഒപ്പമാണ് ഇവിടെ ശാസ്താവിന്റെ പ്രതിഷ്ഠ. സമീപത്തായി നാഗദൈവങ്ങളുമുണ്ട്. യക്ഷിയമ്മയെയും ഭദ്രകാളിയെയും വണങ്ങി സുബ്രഹ്മണ്യ സ്വാമിക്കരിലെത്താം. പഞ്ചാമൃതവും പാലഭിഷേകവും ഒറ്റ നാരങ്ങാ മാലയുമാണ് സുബ്രഹ്മണ്യ സ്വാമിയുടെ നടയിലെ പ്രധാന വഴിപാടുകൾ. ഷഷ്ഠി, പ്രദോഷ ദിവസങ്ങൾക്കും ഇവിടെ ഏറെ പ്രാധാന്യമുണ്ട്.

Aruvikkal Sree Shiva Subrhamanya swami Temple
ചിത്രം∙ സംപ്രീത് സുകുമാരൻ

മഴക്കാലമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. മഴ കനത്താൽ ക്ഷേത്ര മുറ്റത്തും നാലമ്പലത്തിനുള്ളിലും വെള്ളമെത്താറുണ്ട്. ക്ഷേത്രത്തിനു മുന്നിലൂടെ അരുവി ഒഴുകുന്നതുകൊണ്ടാണ് അരുവിക്കൽ എന്ന പേര് ലഭിച്ചതെ‌ന്നാണ് ഐതിഹ്യം. വെള്ളച്ചാട്ടത്തിന് അടിയിലായി ഒരു ഗുഹ ഉള്ളതായും പഴമക്കാർ പറയപ്പെടുന്നു. ശിവരാത്രി, കർക്കടക വാവ് ദിവസങ്ങളിലാണ് ഇവിടെ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. വാവ് ദിനത്തിൽ ബലിതർപ്പണത്തിനായും നൂറുകണക്കിനു ഭക്തർ എത്താറുണ്ട്.

പ്രകൃതി ഒരുക്കിയ മനസ്സ് കുളിർപ്പിക്കുന്ന കാഴ്ച കാണാനും ചിത്രങ്ങളും വിഡിയോകളും പകർത്താനുമായി നിരവധിയാളുകളാണ് ഇപ്പോൾ ഇവിടേക്കെത്തുന്നത്.അരുവിക്കൽ മഹാദേവനെ തൊഴുതു മടങ്ങുമ്പോൾ മനസ്സിൽ വിശുദ്ധിയുടെ ചന്ദനഗന്ധവും ഭക്തിയുടെ നൈർമല്യവും മാത്രം...

aruvikal-shri-shiva-subramania-temple2
ചിത്രം∙ സംപ്രീത് സുകുമാരൻ

അരുവിക്കലേക്കുള്ള വഴി
കോട്ടയം ഭാഗത്തുനിന്നു വരുന്നവർക്കു വെമ്പള്ളി വടക്കേ കവല കഴിഞ്ഞ് ഇടത്തേക്കു തിരിഞ്ഞാൽ ക്ഷേത്രത്തിൽ എത്താം. മൂവാറ്റുപുഴ ഭാഗത്തു നിന്നു വരുന്ന സന്ദർശകർ കുര്യം ജംക്‌ഷനിൽനിന്നു വലത്തേക്കു തിരിയണം.എറണാകുളം ഭാഗത്തുനിന്ന് എത്തുന്നവർ കോതനല്ലൂരിൽനിന്ന് ഇടത്തേക്കു തിരിയണം. എല്ലാ റോഡുകളിലും ദിശാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലമാണ് അരുവിക്കൽ യാത്രയ്ക്ക് ഏറ്റവും യോജിച്ചത്.

English Summary:

Discover the Tranquil Beauty of Aruvikkal Shri Shiva Subramania Temple, Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com